'പ്ലേസ്‌റ്റോര്‍ കുത്തക': ഗൂഗിളിനെതിരേ തലങ്ങും വിലങ്ങും കേസ്, നിയമലംഘനമെന്ന് പരാതി

By Web TeamFirst Published Jul 9, 2021, 8:59 PM IST
Highlights

ആപ്ലിക്കേഷന്‍ വിതരണത്തിലും പ്ലേ സ്‌റ്റോറിലെ പേയ്‌മെന്റുകളിലും കുത്തക പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ച് 36 യുഎസ് സംസ്ഥാനങ്ങള്‍ ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്തു

ആപ്ലിക്കേഷന്‍ വിതരണത്തിലും പ്ലേ സ്‌റ്റോറിലെ പേയ്‌മെന്റുകളിലും കുത്തക പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ച് 36 യുഎസ് സംസ്ഥാനങ്ങള്‍ ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്തു. ഷെര്‍മാന്‍ ആക്റ്റ് എന്നറിയപ്പെടുന്ന ആന്റിട്രസ്റ്റ് നിയമങ്ങളിലെ സെക്ഷന്‍ 1, 2 എന്നിവ ഗൂഗിള്‍ ലംഘിച്ചുവെന്നാണ് മുഖ്യപരാതി. 

സൈഡ്‌ലോഡിംഗ് ആപ്ലിക്കേഷനുകളില്‍ നിന്ന് ഉപയോക്താക്കളെ ഭയപ്പെടുത്തുന്നതിനും ഒഇഎമ്മുകളെ മത്സര ആപ്ലിക്കേഷന്‍ സ്‌റ്റോറുകള്‍ പ്രീലോഡുചെയ്യുന്നതില്‍ നിന്ന് വിലക്കുന്നതിനുമായി ഗൂഗിള്‍ 'സാങ്കേതിക തടസ്സങ്ങളോ തെറ്റായ മുന്നറിയിപ്പുകളോ' അറിയിക്കുന്നുവെന്ന് വാദികള്‍ പറയുന്നു. 

യുഎസിലെ 90% ആന്‍ഡ്രോയിഡ് ഉപയോക്താക്കളും ഗൂഗിള്‍ പ്ലേ സ്‌റ്റോറിനെയാണ് ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്. മറ്റൊരു ആപ്ലിക്കേഷന്‍ സ്‌റ്റോറിനും മാര്‍ക്കറ്റിന്റെ 5% ത്തില്‍ കൂടുതല്‍ വിപണിവിഹിതം ഇല്ല. ഗൂഗിളിന്റെ ആരോപണവിധേയമായ കുത്തക ആപ്ലിക്കേഷന്‍ വിതരണത്തെ മാത്രമല്ല, അതിന്റെ പേയ്‌മെന്റുകള്‍ വാങ്ങുന്ന രീതിയും വിമര്‍ശിക്കപ്പെടുന്നു. ഇതിനു വേണ്ടി ഏകദേശം 30 ശതമാനത്തോളം പേയ്‌മെന്റ് കൈകാര്യം ചെയ്യുന്നതിനു ഫീസ് വാങ്ങുന്നതും പരാതിക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്നു. 

വിപണിയില്‍ നിലനില്‍ക്കുന്ന പേപാല്‍ അല്ലെങ്കില്‍ ബ്രെയിന്‍ട്രീ പോലുള്ള ഇതര പേയ്‌മെന്റ് പ്രോസ്സസ്സറുകള്‍ ഗൂഗിള്‍ പ്ലേ ബില്ലിംഗിനേക്കാള്‍ വളരെ കുറഞ്ഞ നിരക്ക് മാത്രമാണ് ഈടാക്കുന്നത്. അതായത്, വെറും 2.9 ശതമാനവും നിശ്ചിത 30 സെന്റും. മൊബൈല്‍ ഉപകരണ നിര്‍മ്മാതാക്കളുമായുള്ള വിതരണ കരാറുകള്‍, മുന്നറിയിപ്പുകള്‍ ഉള്‍പ്പെടെ സൈഡ്‌ലോഡിംഗ് ആപ്ലിക്കേഷനുകളില്‍ നിന്ന് ഉപയോക്താക്കളെ പിന്തിരിപ്പിക്കാന്‍ ഗൂഗിള്‍ സ്വീകരിക്കുന്ന അഞ്ച് പ്രധാന ഘട്ടങ്ങളും വാദികള്‍ ഉയര്‍ത്തി കാണിക്കുന്നുണ്ട്.

സൈഡ്‌ലോഡിംഗിന്റെ 'അപകടസാധ്യതയെ പെരുപ്പിച്ചു കാണിക്കുന്നു', ഒപ്പം ഒരു കരാറില്‍ ഒപ്പിടാന്‍ ഡെവലപ്പര്‍മാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും കോടതിയില്‍ ഉയര്‍ത്തിക്കാണിക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ഗൂഗിള്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് ചില ബ്ലോഗുകള്‍ പുറത്തു വന്നിട്ടുണ്ട്. 

അതില്‍ ഗൂഗിള്‍ തങ്ങളുടെ ഭാഗങ്ങള്‍ ന്യായീകരിക്കുന്നതല്ലാതെ മറ്റൊന്നും കാണിക്കുന്നില്ല. കോടതിയില്‍ കേസുകള്‍ പരിഗണിക്കുമ്പോള്‍ ഗൂഗിളിന് തിരിച്ചടിയാകുമോയെന്നാണ് ടെക്കികള്‍ നോക്കുന്നത്. സമാനമായ സംഭവം ആപ്പിളിന്റെ കാര്യത്തിലും യുഎസ് കോടതിയില്‍ സംഭവിച്ചിരുന്നു. വന്‍ പിഴയടച്ചാണ് ഇതില്‍ നിന്നും ആപ്പിള്‍ തലയൂരിയത്.

click me!