പോണ്‍ കാണാന്‍ പറ്റാത്ത ഫോണ്‍ വില്‍ക്കണം; അമേരിക്കന്‍ സംസ്ഥാനത്തെ പുതിയ നിയമം

By Vipin PanappuzhaFirst Published Mar 8, 2021, 8:43 PM IST
Highlights

ഒരാള്‍ പുതിയ ഫോണ്‍ അല്ലെങ്കില്‍ ഉപകരണം വാങ്ങുമ്പോള്‍ത്തന്നെ ഫില്‍റ്ററുകള്‍ പ്രവര്‍ത്തക്ഷമമായിരിക്കണം. കുട്ടികളെ പോണ്‍ അടക്കമുള്ളവയില്‍ നിന്നും അകറ്റി നിർത്താന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ ഇതിനെക്കുറിച്ച് ടെക്നോളജിയൊന്നും അറിയാത്ത രക്ഷിതാക്കള്‍ക്ക് വേണ്ടിയാണ് ഈ നിയമം എന്നാണ് സൂസന്‍ പറയുന്നത്.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സംസ്ഥാനമായ യൂട്ട പാസാക്കിയ പുതിയ നിയമമാണ് ടെക് ലോകത്തെ ചര്‍ച്ച വിഷയം. പോണ്‍ കണ്ടന്‍റുകള്‍ അടക്കമുള്ള മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്ന ഫോണുകളും ടാബുകളും മാത്രമേ സംസ്ഥാനത്ത് വില്‍ക്കാന്‍ പറ്റു എന്ന നിയമമാണ് വരാന്‍ പോകുന്നത്. എന്നാല്‍ നിയമത്തിനു വേണ്ട അന്തിമ അംഗീകാരവും ഭരണാധികാരികള്‍ നല്‍കിക്കഴിഞ്ഞുവെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഈ നിയമനിര്‍മാണത്തിന് മുന്നിട്ടിറങ്ങിയത് യൂട്ടയിലെ സൗത് ജോര്‍ഡന്‍ പ്രതിനിധി സൂസന്‍ പള്‍സിഫര്‍ ആണ്. പുതിയ നിയമപ്രകാരം 2022 ജനുവരി 1 മുതല്‍ യൂടായുടെ അധികാര പരിധിയില്‍ വില്‍ക്കുന്ന ഒരോ മൊബൈല്‍ ഡിവൈസിലും ടാബ്‌ലറ്റിലും മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കം കടന്നുവരാതിരിക്കാനുള്ള അഡള്‍ട്ട് കണ്ടെന്റ് ഫില്‍റ്ററുകള്‍ ഉള്‍ക്കൊള്ളിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. 

ഒരാള്‍ പുതിയ ഫോണ്‍ അല്ലെങ്കില്‍ ഉപകരണം വാങ്ങുമ്പോള്‍ത്തന്നെ ഫില്‍റ്ററുകള്‍ പ്രവര്‍ത്തക്ഷമമായിരിക്കണം. കുട്ടികളെ പോണ്‍ അടക്കമുള്ളവയില്‍ നിന്നും അകറ്റി നിർത്താന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ ഇതിനെക്കുറിച്ച് ടെക്നോളജിയൊന്നും അറിയാത്ത രക്ഷിതാക്കള്‍ക്ക് വേണ്ടിയാണ് ഈ നിയമം എന്നാണ് സൂസന്‍ പറയുന്നത്. കുട്ടികളുടെ സ്മാര്‍ട് ഉപകരണങ്ങളില്‍ നിന്ന് മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്കായിരിക്കും പുതിയ മാറ്റം ഏറ്റവും അനുയോജ്യമാകുക ഇവര്‍ പറയുന്നു.

പക്ഷെ പ്രത്യക്ഷത്തില്‍ അല്ലെങ്കില്‍ പോണ്‍ നിരോധിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് എച്ബി72 എന്ന ബില്ല് എന്നതാണ് മറ്റൊരു വാദം. താരതമ്യേന അഭിപ്രായ സ്വതന്ത്ര്യത്തിനും മറ്റും വില നല്‍കുന്ന അമേരിക്കയിലെ ഒരു സംസ്ഥാനം ഇത്തരം നിയമം ഉണ്ടാക്കുന്ന കാര്യമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചയാകുന്നത്. ഇവിടുത്തെ ചില ഭരണകേന്ദ്രത്തിലെ വൃത്തങ്ങള്‍ പോലും പുതിയ നിയമം ഭരണഘടന വിരുദ്ധമാണ് എന്ന നിലപാടിലാണ് എന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ ഇതിന്‍റെ സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിച്ച് എതിര്‍പ്പ് ശക്തമാണ്. ഫോണ്‍ ടാബ് നിര്‍മാതാക്കളോട് ഫില്‍റ്ററുകള്‍ ഓണ്‍ ചെയ്തു വില്‍ക്കാനാണ് നിയമം നിഷ്കര്‍ഷിക്കുന്നത്. അതിനു വേണ്ട സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ വില്‍ക്കുന്ന ഫോണുകളില്‍ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍, കുറച്ചു കാലം കഴിഞ്ഞ് ഇറക്കുന്ന ഫോണുകളില്‍ ഇത് ചെയ്യാന്‍ സാധിച്ചേക്കും. 

ഈ ബില്ല് നിയമമായാല്‍ ആപ്പിള്‍ അടക്കമുള്ള ഫോണ്‍ നിര്‍മാതാക്കള്‍ അതിലെ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് മറ്റൊരു യൂടാ സെനറ്ററായ ജെയ്ക് ആന്‍ഡെറെഗ് പറയുന്നത്. ബില്ലിന്റെ ഉദ്ദേശശുദ്ധിയൊക്കെ നല്ലതാണെങ്കിലും അതു പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. നമ്മള്‍ ഈ ബില്ല് പാസാക്കിയാല്‍ അതൊരു നല്ല സന്ദേശമായിരിക്കും കൊടുക്കുക എന്ന് ഇദ്ദേഹത്തിന് അഭിപ്രായമുണ്ട്.

അതേ സമയം പോണ്‍ നിരോധനം പോലുള്ളവ എങ്ങനെ നടപ്പിലാക്കും എന്ന് ആലോചിക്കുന്ന ചില രാജ്യങ്ങള്‍  യൂടാ മുന്നോട്ടുവയ്ക്കുന്ന പുതിയ നിയമത്തിന്‍റെ വഴി പിന്തുടരാന്‍ സാധ്യതയുണ്ടെന്നാണ് ടെക് നിരീക്ഷകർ‌ പറയുന്നത്. അതേ സമയം നിയമപരമായും സാങ്കേതികപരമായും ബില്ല് നടപ്പിലാകുന്നില്‍ ചില പ്രശ്നങ്ങളുണ്ട്. ഇത്തരത്തിലുള്ള നിയമം അഞ്ച് അമേരിക്കന്‍ സ്റ്റേറ്റുകള്‍ കൂടി പാസാക്കിയെങ്കില്‍ മാത്രമെ അത് നടപ്പിലാക്കാനാകൂ എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, അതൊരു നല്ല കാര്യമാണെന്നും തങ്ങള്‍ക്ക് ബില്ലിലെ കുറവുകള്‍ പരിഹരിക്കാന്‍ വേണ്ടത്ര സമയം ലഭിക്കുമെന്നും, മിക്കവാറും വര്‍ഷങ്ങള്‍ തന്നെ ലഭിച്ചേക്കുമെന്നുമാണ് മറ്റൊരു സെനറ്ററായ ടോഡ് വെയ്‌ലെര്‍ പ്രതികരിച്ചത്. 

click me!