Asianet News MalayalamAsianet News Malayalam

ഇന്ത്യക്കാര്‍ക്ക് വെള്ളക്കാരെ തോല്‍പ്പിക്കാനാകും എന്ന് തെളിയിച്ച ധ്യാന്‍ ചന്ദ് |സ്വാതന്ത്ര്യസ്പര്‍ശം| India@75

ഹോക്കിയിലൂടെ ഭാരതീയരുടെ അഭിമാനം ധ്യാന്‍ ചന്ദ് വാനോളം ഉയര്‍ത്തി. ധ്യാന്‍ ചന്ദിന്റെ പ്രതിഭ കണ്ട് ഹിറ്റ്‌ലര്‍ തന്നെ അമ്പരന്നത് ചരിത്രം

 

രാഷ്ട്രീയീയവും സാംസ്‌കാരിക പ്രവര്‍ത്തനവും മാത്രമല്ല ഒരു ജനതയുടെ ആത്മാഭിമാനത്തിനും പ്രതിരോധത്തിനും ശക്തി പകരുക.  ശാസ്ത്രവും കായികരംഗവുംപോലും സവിശേഷഘട്ടങ്ങളില്‍ ദേശീയബോധത്തിന്റെ ഉണര്‍വിനും വഴിയൊരുക്കാറുണ്ട്. 

ചിന്തയിലും പ്രവൃത്തിയിലും കലയിലും കളിയിലും കായികശേഷിയിലുമൊക്കെ  തങ്ങളേക്കാള്‍ എത്രയോ പിന്നിലാണ് ഇന്ത്യന്‍ ജനതയെന്നതായിരുന്നു ബ്രിട്ടീഷ് അധിനിവേശകരുടെ വിശ്വാസം.  അങ്ങിനെയുള്ള ഒരു കാലഘട്ടത്തിലാണ് ഒളിമ്പിക്‌സ് പോലെയൊരു ആഗോള കായികമത്സരവേദിയില്‍ മൂന്നു തവണ തുടര്‍ച്ചയായി സ്വര്‍ണ്ണം കയ്യടക്കിക്കൊണ്ട് ഇന്ത്യയുടെ ഹോക്കി ടീ0 ലോകത്തെ ഞെട്ടിച്ചതും ഭാരതീയരുടെ അഭിമാനം വാനോളം ഉയര്‍ത്തിയതും.  ആ മഹത്തായ നേട്ടത്തിന്റെ മുഖ്യ ശക്തിയായിരുന്നു ധ്യാന്‍ ചന്ദ്. 1928, 32, 36 വര്‍ഷങ്ങളിലെ ഒളിമ്പിക്‌സുകളിലായിരുന്നു ആ ഹാട്രിക്ക്. മാത്രമല്ല പിന്നീട് 1960 വരെ നടന്ന അഞ്ച് ഒളിമ്പിക്‌സുകളിലും ഹോക്കി സ്വര്‍ണം ഇന്ത്യ കൈവിട്ടില്ല. 


ഒമ്പത് ആംഗ്ലോ ഇന്ത്യക്കാരും ധ്യാന്‍ ചന്ദ് അടക്കം ഏഴ് ഇന്ത്യക്കാരുമായിരുന്ന ടീമില്‍.  ഇന്ത്യയുടെ നായകന്‍ ആകട്ടെ മറ്റൊരു ഐതിഹാസിക കഥാപാത്രം. ഗോത്ര വിഭാഗക്കാരനായ ജയപാല്‍ സിങ് മുണ്ട. ആംസ്റ്റര്‍ഡാമിലേക്കുള്ള വഴി ലണ്ടനില്‍ തങ്ങിയ ഇന്ത്യന്‍ ടീ0 ഇംഗ്ലണ്ടിന്റെ ഒളിമ്പിക് ടീമിനെ തന്നെ ഒരു പ്രദര്ശനമത്സരത്തില്‍ തോല്‍പ്പിച്ചത് വലിയ അട്ടിമറിയും വാര്‍ത്തയും ആയി. ഇതേതുടര്‍ന്ന് ഒളിമ്പിക്‌സില്‍ പങ്കെടുക്കേണ്ടെന്ന് പോലും ഇംഗ്ലണ്ട് തീരുമാനിച്ചു. 

ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യയുടെ കന്നിപ്രവേശമായിരുന്നു ആംസ്റ്റര്‍ഡാമില്‍. 

ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ മാര്‍ച്ച് 28 നു നടന്ന ഫൈനലില്‍ മുപ്പത്തിനായിരത്തിലേറെ വരുന്ന അന്നാട്ടുകാരെ സാക്ഷിനിര്‍ത്തി ആതിഥയരെ തന്നെ   മറുപടി ഇല്ലാത്ത മൂന്നു ഗോളിന് മുട്ടുകുത്തിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ വിജയം.  കടുത്ത പനിയായിട്ടും കളത്തിലിറങ്ങിയ ധ്യാന്‍ അടിച്ചത് ഒരു ഗോള്‍.  ആംസ്റ്റര്‍ഡാമില്‍ ഇന്ത്യ ആകെ അടിച്ചുകയറ്റിയ 29 ഗോളില്‍ പതിനാലും ധ്യാന്‍ ചന്ദിന്റെ വക. 
ആ വിജയം ഇന്ത്യയെ ഇളക്കിമറിച്ചു. ഇന്ത്യക്കാര്‍ക്ക് വെള്ളക്കാരെ തോല്‍പ്പിക്കാനാവും എന്നു തെളിഞ്ഞത് ദേശീയപ്രസ്ഥാനത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ഇന്ത്യന്‍ ടീ0 ആംസ്റ്റര്‍ഡാമിലേക്ക് കപ്പല്‍ കയറുമ്പോള്‍ മൂന്ന് പേര് മാത്രമേ യാത്ര അയക്കാനുണ്ടായിരുന്നുള്ളൂ. മടങ്ങിവന്നപ്പോള്‍ ആയിരങ്ങള്‍. വിജയത്തിനൊപ്പം വിവേചനത്തിന്റെ കയ്പ്പും ആ ഇന്ത്യന്‍ ടീമിനുണ്ടായിരുന്നു. പക്ഷെ ആ ഇന്ത്യന്‍ ടീമിലെ നായകന്‍ മറ്റൊരു ഐതിഹാസിക കഥാപാത്രമായിരുന്നു. അദ്ദേഹമായിരുന്നു ജയ്പാല്‍ സിങ് മുണ്ട.  ചോട്ടാ നാഗ്പൂരിലെ മുണ്ട ഗോത്രവിഭാഗക്കാരന്‍.  അന്ന് ഓക്‌സ്‌ഫോഡില്‍ വിദ്യാര്തഹിയായിരുന്നു ജയ്പാല്‍. സമര്‍ത്ഥനായിരുന്ന അദ്ദേഹത്തെ മിഷനറിമാരാണ് ഐ സി എസ് പാസാകാനുള്ള പരിശീലനപതനത്തിനു ലണ്ടനിലയച്ചത്. അവിടെ നിന്നും ഹോക്കിയും പരിചയിച്ച ജയ്പാല്‍ ആയിരുന്നു ഇന്ത്യന്‍ ടീമിന്റെ നായകന്‍. പക്ഷെ ഓക്‌സ്‌ഫോഡ് അദ്ദേഹത്തിനെ യാത്രയ്ക്ക് അനുവാദം നല്‍കിയില്ല. എന്നിട്ടും കൂട്ടാക്കാതെ അദ്ദേഹം ഇന്ത്യയെ നയിക്കാനെത്തി. 

മാത്രമല്ല തിരികെയെത്തി അദ്ദേഹം  ഐ സി എസ പരീക്ഷ പാസായെങ്കിലും വിലക്ക് ലംഘിച്ചതിന് ശിക്ഷയായി അദ്ദേഹത്തിന് ഒരു വര്ഷം കൂടി പരിശീലനം നിശ്ചയിക്കപ്പെട്ടു. പ്രതിഷേധിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ ജയപാല്‍ ഗോത്രവിഭാഗങ്ങള്‍ക്കെതിരെയുള്ള വിവേചനത്തിനെ പ്രതിരോധിക്കുന്ന പ്രസ്ഥാനം രൂപീകരിച്ചു. പക്ഷെ ടീമിനുള്ളിലെ കടുത്ത വിവേചനത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം പര്യടനം പൂര്‍ത്തിയാക്കാതെ മടങ്ങി. ടീമില്‍ ആംഗ്ലോ ഇന്ത്യക്കാരും ഇന്ത്യക്കാരും തമ്മിലും ഇന്ത്യക്കാരും ഗോത്രവിഭാഗക്കാരുമൊക്കെ തമ്മില്‍ പലതരം സംഘര്‍ഷങ്ങളും നിലനിന്നിരുന്നു. 

1932 ലെ ലോസാഞ്ചലസ് ഒളിമ്പിക്‌സില്‍ ജപ്പാനെ ഒന്നിനെതിരെ പതിനൊന്നു ഗോളിന് തകര്‍ത്തായിരുന്നു ഇന്ത്യയുടെ സ്വര്ണവിജയം. അടുത്തത്  സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ആര്യവംശമഹിമ ലോകത്തിനെ അറിയിക്കാന്‍ നടത്തിയ ബര്‍ലിന്‍ ഒളിമ്പിക്‌സ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധ്യാന്‍ ചന്ദ്.  അനുജന്‍ രൂപ് സിംഗായിരുന്നു മറ്റൊരു താരം. പരിശീലനമത്സരത്തില്‍ ജര്‍മ്മനിയുടെ തോറ്റത് ഇന്ത്യന്‍ ടീമിനെ ഉത്കണ്ഠാകുലരാക്കി. പക്ഷെ മത്സരങ്ങള്‍ ആരംഭിച്ചപ്പോള്‍ ഇന്ത്യ മികവ് തിരിച്ചുപിടിച്ചു ഫൈനലില്‍ ജര്‍മ്മനിയെ തന്നെ തകര്‍ത്തായിരുന്നു സ്വര്‍ണം. ഒന്നിനെതിരെ എട്ടു ഗോള്‍. 31 കാരന്‍ ധ്യാന്‍ ചന്ദിന്റെ തന്നെയായിരുന്നു അതില്‍ ആറും. അലഹബാദുകാരനായ ധ്യാന്‍ ചന്ദിന്റെ പ്രതിഭ കണ്ട് അമ്പരന്ന ഹിറ്റ്ലര്‍ അദ്ദേഹത്തിന് ജര്‍മ്മനിയില്‍ പൗരത്വവും ജോലിയും  വാഗ്ദാനം ചെയ്തുവെന്നും ഇന്ത്യ വിട്ട് താന്‍ ഇല്ലെന്നായിരുന്നു  പ്രതികരണമെന്നും ഒരു കഥയുണ്ട്. അടിമത്തത്തിനെതിരെ പോരാട്ടം ശക്തമാക്കിയിരുന്നു കാലത്തെ ഈ വിജയം ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിനു സമ്മാനിച്ച ഊര്‍ജ്ജം നിസാരമായിരുന്നില്ല