Asianet News MalayalamAsianet News Malayalam

രാജ്യം കണ്ട ഏറ്റവും ധീരനായ രക്തസാക്ഷി-ഭ​ഗത് സിങ്|സ്വാതന്ത്ര്യസ്പർശം|India@75

ഭഗത് സിങ് സ്വന്തമായി അഭിഭാഷകനെ ഏർപ്പെടുത്താതെ സ്വയം കേസ് വാദിച്ചു. പക്ഷേ വധശിക്ഷ റദ്ദാക്കാന്‍ കോടതി തയ്യാറായില്ല.  1931 മാര്‍ച്ച് 23ന് ഇൻക്വിലാബ്  സിന്ദാബാദ് മുഴക്കി ഭഗത് സിങ്ങും രാജ് ഗുരുവും സുഖ്ദേവും തൂക്കുമരത്തിലേക്ക് നടന്നു

First Published Jul 29, 2022, 9:36 AM IST | Last Updated Jul 29, 2022, 9:36 AM IST

1928 ലാഹോര്‍ സ്റ്റേഷന്‍. പാശ്ചാത്യ വേഷം ധരിച്ച ഒരു ഇന്ത്യന്‍ യുവാവും ഭാര്യയും ഹൗറയിലേക്കുള്ള തീവണ്ടിയിൽ കയറുന്നു. യുവാവിന്റെ കയ്യിൽ ഉറങ്ങുന്ന ഒരു കുട്ടിയുണ്ട്. അവരുടെ പെട്ടികളുമായി മറ്റൊരു യുവാവും. ഒരു ദിവസത്തെ യാത്രയ്ക്ക് ശേഷം എല്ലാവരും ലക്നൗവില്‍ ഇറങ്ങി.  ഇവരെ തെരഞ്ഞുകൊണ്ട് വ്യാപകമായി വല വിരിച്ചിരുന്ന ബ്രിട്ടീഷ് പോലീസിന്റെ സമർത്ഥമായി കബളിപ്പിച്ച ആ മൂവർ സംഘത്തിൽപെട്ടിരുന്നത് ഭഗത് സിങ്, വേലക്കാരനായി അഭിനയിച്ചത് സുഖ്‌ദേവ്, ഭഗത് സിംഗിന്റെ ഭാര്യയായി വന്നത് മറ്റൊരു സഹപ്രവർത്തക ദുർഗാവതി.    

ഇന്ത്യയുടെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തിലെ ഏറ്റവും പ്രമുഖനായ രക്തസാക്ഷി ആരെന്നത്തിൽ രണ്ട് പക്ഷമില്ല. അതാണ് സാക്ഷാൽ ശഹീദ് ഭഗത് സിങ്. പഞ്ചാബിലെ സിന്ധിൽ ദേശീയവാദികളുടെ കുടുംബത്തിൽ ജനിച്ച ഭഗത് സിങ് കുട്ടിയായിരിക്കുമ്പോൾ തന്നെ വിപ്ലവപ്രവർത്തകനായി. തീവ്രദേശീയ നേതാവ് ലാലാ ലജ്പത് റായ് സ്ഥാപിച്ച ലാഹോറിലെ നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു ഭഗത് സിങ്ങും കൂട്ടുകാരും. കോൺഗ്രസിന്റെ അഹിംസാവാദത്തിനോട് വിയോജിച്ച ഇവർ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ രൂപീകരിച്ചു. തീവ്രദേശീയവാദം, മാര്‍ക്സിസം, അരാജകവാദം തുടങ്ങിയവയൊക്കെയായിരുന്നു അസോസിയേഷന്‍റെ പ്രമാണങ്ങള്‍.

ഒക്ടോബര്‍ 1928. സൈമണ്‍ കമ്മീഷനെതിരെ പ്രകടനം നയിച്ച ലാലാ ലജ്പത് റായിക്ക് കടുത്ത പോലീസ് മര്‍ദ്ദനമേറ്റു. അധികം വൈകാതെ അദ്ദേഹം മരണമടഞ്ഞു. ഇത് രാജ്യത്തെ നടുക്കത്തിലേക്കും രോഷത്തിലേക്കും നയിച്ചു. ലജ്പത് റായുടെ ആരാധകരായിരുന്ന ഭഗത് സിങ്ങും യുവാക്കളും പ്രതികാരം വീട്ടാന്‍ ഉറച്ചു. രണ്ട് മാസം കഴിഞ്ഞ് ‍‍ഡിസംബര്‍ 17ന് ലാഹോറില്‍ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥന്‍ ജോണ്‍ സാന്‍ഡേഴ്സിനെ അവര്‍ പതിയിരുന്നു വെടിവെച്ചു കൊന്നു. പോലീസിനെ കബളിപ്പിച്ച് ഭഗത് സിങ്ങും കൂട്ടുകാരും രക്ഷപ്പെടുകയും ചെയ്തു. അവരെ പിന്തുടര്‍ന്നുവന്ന ഒരു പോലീസുകാരനെ ഭഗത് സിങ്ങിന്‍റെ കൂട്ടുകാരന്‍ ചന്ദ്രശേഖര്‍ ആസാദ് വെടിവെച്ചുകൊന്നു.

1929 ഏപ്രില്‍ 8ന് ഭഗത് സിങ്ങും സഖാവ് ബതുകേശ്വര്‍ ദത്തും ആഞ്ഞടിച്ചു. ദില്ലി നിയമസഭയ്ക്കുള്ളില്‍ അവര്‍ ബോംബേറ് നടത്തി. രണ്ട് ബ്രിട്ടീഷുകാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് സഭയാകെ പുകപടലം വ്യാപിച്ചു. എന്നിട്ടും രക്ഷപ്പെടാതെ ഭഗത് സിങ്ങും ദത്തും പോലീസിന് കീഴടങ്ങി. സാന്‍ഡേഴ്സിന്‍റെ വധം ലാഹോര്‍ ഗൂഢാലോചനകേസ് എന്നറിയപ്പെട്ടു. കേസിലെ 24 പ്രതികളില്‍ ഭഗത് സിങ്ങിനും സുഖ്ദേവിനും രാജ്ഗുരുവിനും വധശിക്ഷ വിധിക്കപ്പെട്ടു. ലാഹോര്‍ കേസ് വിചാരണ ഇന്ത്യയെ  മുഴുവൻ ഇളക്കിമറിച്ചു. ഇവരുടെ സായുധമാർ​ഗത്തോട് യോജിച്ചില്ലെങ്കിലും  ഗാന്ധിജിയും നെഹ്റുവും ജിന്നയും ഒക്കെ ഇവരുടെ വധശിക്ഷക്കെതിരെ രംഗത്ത് വന്നു. ജയിലിൽ 116 ദിവസം ജലപാനം മാത്രം നടത്തി നിരാഹാരസമരം അനുഷ്ഠിച്ചു ഭഗത് സിങ്ങും കൂട്ടുകാരും. ജതിന്‍ ദാസ് എന്ന ഒരു വിപ്ലവകാരി ദീര്‍ഘമായ നിരാഹാര സമരത്തെ തുടര്‍ന്ന് രക്തസാക്ഷിയായി. ഭഗത് സിങ് സ്വന്തമായി അഭിഭാഷകനെ ഏർപ്പെടുത്താതെ സ്വയം കേസ് വാദിച്ചു. പക്ഷേ വധശിക്ഷ റദ്ദാക്കാന്‍ കോടതി തയ്യാറായില്ല.  1931 മാര്‍ച്ച് 23ന് ഇൻക്വിലാബ്  സിന്ദാബാദ് മുഴക്കി ഭഗത് സിങ്ങും രാജ് ഗുരുവും സുഖ്ദേവും തൂക്കുമരത്തിലേക്ക് നടന്നു.  

 മൃതദേഹങ്ങൾ പോലും ബന്ധുക്കൾക്ക് നൽകാതെ ബ്രിട്ടീഷ് പോലീസ് രഹസ്യമായി ദഹിപ്പിച്ച് ഭസ്മം സത്‌ലജ് നദിയിലൊഴുക്കിക്കളഞ്ഞു.