Asianet News MalayalamAsianet News Malayalam

ദേശീയബോധത്തിന് ഊറ്റം പകർന്ന ഫുട്ബോൾ ക്ലബ്-മോഹൻബ​ഗാൻ, സ്വാതന്ത്ര്യസ്പർശം|India@75

ഇന്ത്യയുടെ ദേശീയപ്രസ്ഥാനത്തിനു  ആവേശം പകർന്ന ചരിത്രം കൂടിയുണ്ട് മോഹൻ ബഗാന്.  ബംഗാളി നവോഥാനകാലത്ത് 1889 ആഗസ്ത് 15നു കൊൽക്കത്തയിലെ  മൂന്ന് പ്രഭു  കുടുംബങ്ങൾ ചേർന്ന ആരംഭിച്ച മോഹൻ ബഗാന്റെ ആദ്യ പ്രസിഡന്റ് 1914 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായ ഭുപേന്ദ്രനാഥ് ബോസ് ആയിരുന്നു

First Published Jun 2, 2022, 10:03 AM IST | Last Updated Jun 2, 2022, 10:03 AM IST

ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെയും ആദ്യ ഫുട്ബാൾ ക്ലബ്ബാണ് കൊൽക്കത്തയിലെ പ്രശസ്തമായ മോഹൻബഗാൻ.  133 വര്ഷം പഴക്കമുണ്ടായിട്ടും ഇന്നും ഇന്ത്യയിലെ ഒന്നാം നിരയിൽ തുടരുന്ന  ക്ളബ്ബാണിത്.  2019ൽ മോഹൻ ബഗാൻ 130 വയസ്സ് പൂർത്തിയാക്കിയപ്പോൾ ലോകത്തെഏറ്റവും പഴക്കമുള്ള ക്ലബുകളുടെ സംഘടനായ ക്ലബ് ഓഫ് പയനിയഴ്സ്ൽ അംഗത്വം ലഭിച്ചു.   

എന്നാൽ ഇന്ത്യയുടെ ദേശീയപ്രസ്ഥാനത്തിനു  ആവേശം പകർന്ന ചരിത്രം കൂടിയുണ്ട് മോഹൻ ബഗാന് .  ബംഗാളി നവോഥാനകാലത്ത് 1889 ആഗസ്ത് 15 നു കൊൽക്കത്തയിലെ  മൂന്ന് പ്രഭു  കുടുംബങ്ങൾ ചേർന്ന ആരംഭിച്ച മോഹൻ ബഗാന്റെ ആദ്യ പ്രസിഡന്റ് 1914 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായ ഭുപേന്ദ്രനാഥ് ബോസ് ആയിരുന്നു. തുടക്കം മുതൽ ദേശീയ മത്സരരംഗത്ത് മുന്നേറിയ മോഹൻ ബഗാന്റെ ചരിത്രപ്രസിദ്ധമായ നേട്ടം 1911 ലായിരുന്നു.  അക്കൊല്ലം ജൂലൈ 29 നു ഇംഗ്ലണ്ടിലെ പ്രമുഖമായ ഈസ്റ്റ് യോർക്ക്‌ഷെയർ റെജിമെൻറ് എന്ന വെള്ളക്കാരുടെ ക്ലബ്ബിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപ്പിച്ച് ഐ എഫ് എ  ഷീൽഡ് കയ്യടക്കിയത് ഇന്ത്യയാകെ ആഘോഷത്തിന് തിരികൊളുത്തി.  ആദ്യമായിരുന്നു ഇന്ത്യക്കാരുടെ ഒരു ടീ൦  ഈ ട്രോഫി കയ്യടക്കുന്നത്. ഇന്ത്യ അടക്കിഭരിക്കുന്ന ബ്രിട്ടീഷുകാരുടെ ടീമിനെ തന്നെ  മുട്ടുകുത്തിച്ചത് ദേശീയബോധത്തിനും ഇന്ത്യക്കാരുടെ ആത്മവിശ്വാസത്തിനും വലിയ ഊർജ്ജം നൽകി. ഇന്ത്യൻ ഹോക്കി ടീ൦ ആദ്യമായി ഒളിമ്പിക്സിൽ സ്വർണം കരസ്ഥമാക്കുന്നതിനു 17 വര്ഷം മുമ്പായിരുന്നു ഇന്ത്യയ്ക്ക് വെള്ളക്കാരെ തോൽപ്പിക്കാനാവുമെന്ന്  തെളിയിച്ച ഈ വിജയം.   ദേശീയ പ്രസ്ഥാനത്തിന് ലഭിച്ച വലിയ പ്രചോദനമായി ഈ വിജയം. 

ശിബ്‌ദാസ് ഭാദുരി ആയിരുന്നു  ചരിത്രവിജയം നേടിയ ബഗാന്റെ ക്യാപ്റ്റൻ. ആദ്യ ഗോളടിച്ച് മുന്നിലെത്തിയ യോർക്ക്‌ഷെയർ ടീമിനെതിരെ സമനിലഗോൾ നേടുകയും വിജയം നേടിക്കൊടുത്ത അഭിലാഷ് ഘോഷിന്റെ രണ്ടാം ഗോളിന് അവസരമൊരുക്കുകയും ചെയ്തത് ലെഫ്റ്റ് ഔട്ട് കളിച്ച  ഭാദുരി ആയിരുന്നു. ശിബ്‌ദാസിന്റെ മൂത്ത സഹോദരൻ ബിജയദാസ് ഭാദുരിയും ടീമിലെ പ്രമുഖതാരമായിരുന്നു.  ഭാദുരി സഹോദരന്മാരുടെ വേഗവും പന്തടക്കവും ഒത്തിണക്കവുമായിരുന്നു ടീമിന്റെ മുഖ്യശക്തി.  

2003 ൽ ശിബ്‌ദാസ് ഭാദുരിക്ക് മോഹൻ ബഗാൻ രത്ന എന്ന മരണാനന്തരബഹുമതി  പ്രഖ്യാപിക്കപ്പെട്ടു.  പിന്നീട്   ആ ടീമിലെ പതിനൊന്നു പേർക്കും ഈ മരണാനന്തരബഹുമതി നൽകി.   അമരന്മാരായ പതിനൊന്ന് പേർ എന്ന അർത്ഥം വരുന്ന "അമർ ഏകദൊച്ച്" എന്നാണ്  ബഗാന്റെ ഈ ടീ൦  പിന്നെ വിശേഷിപ്പിക്കപ്പെട്ടത്.  നഗ്നപാദരായാണ് ഇവരെല്ലാവരും അന്ന് കളിച്ചത്.   ഈ അഭിമാനകരമായ വിജയത്തിന്റെ ഓർമ്മക്കായി എല്ലാ വർഷവും ജൂലൈ  29 നു മോഹൻ ബഗാൻ  ദിനമായി ആഘോഷിക്കപ്പെടുന്നു.