Asianet News MalayalamAsianet News Malayalam

ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മീര ബെഹൻ|​സ്വാതന്ത്ര്യസ്പർശം|India@75

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞവെച്ച വിദേശികളിൽ പ്രമുഖയാണ് ബ്രിട്ടീഷുകാരി മീര ബെഹൻ. ഗാന്ധിജിയുടെ പ്രിയ ശിഷ്യ,  സന്തതസഹചാരി, സമരസഖാവ്.  34 വർഷം മീര ഇന്ത്യയിൽ കഴിഞ്ഞു

First Published Jun 15, 2022, 10:36 AM IST | Last Updated Jun 15, 2022, 5:15 PM IST

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞവെച്ച വിദേശികളിൽ പ്രമുഖയാണ് ബ്രിട്ടീഷുകാരി മീര ബെഹൻ. ഗാന്ധിജിയുടെ പ്രിയ ശിഷ്യ,  സന്തതസഹചാരി, സമരസഖാവ്.  34 വർഷം മീര ഇന്ത്യയിൽ കഴിഞ്ഞു.  

1892ൽ ലണ്ടനിലെ ഉന്നത കുടുംബത്തിലായിരുന്നു മാഡ്‌ലെയിൻ സ്‌ലെയ്‌ഡിന്റെ ജനനം. അച്ഛൻ ബ്രിട്ടീഷ് റോയൽ നേവിയിൽ റിയർ അഡ്മിറൽ സർ എഡ്മണ്ട് സ്‌ലെയ്ഡ്. അമ്മ ഫ്ലോറൻസ് മാഡ്‌ലെയിൻ. കുട്ടിക്കാലത്തെ മാഡ്‌ലെയ്‌നിന്റെ പ്രണയം ബീഥോവന്റെ സംഗീതത്തോട്. 

ഫ്രഞ്ച് സാഹിത്യകാരൻ റൊമെയ്ൻ റൊളാങ് രചിച്ച ഗാന്ധിയുടെ ജീവചരിത്രം മാഡ്‌ലെയ്‌നിന്റെ ജീവിതം മാറ്റിക്കുറിച്ചു. 1920 കളിൽ തന്നെ  ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ വ്യക്തി എന്ന് ഗാന്ധിയെ വിശേഷിപ്പിച്ചു റൊളാങ്. ഗാന്ധിയുടെ ദർശനത്തിന്റെയും ജീവിതത്തിന്റെയും ആരാധികയായ മാഡ്‌ലെയിൻ ഉടൻ തന്നെ ഗാന്ധിജിക്ക് എഴുതി. തനിക്ക് ഇന്ത്യയിൽ വന്ന് അങ്ങയുടെ ആശ്രമത്തിൽ അന്തേവാസിയാകണം.  തന്റെ ആശ്രമത്തിലെ കടുത്ത നിഷ്ഠകൾ അനുസരിക്കാമെങ്കിൽ വരാമെന്നായിരുന്നു ഗാന്ധിയുടെ മറുപടി. 

1925 നവംബർ 7ന് 33കാരി മാഡ്‌ലെയിൻ അഹമ്മദാബാദിലെ സബർമതി ആശ്രമത്തിലെത്തി. സസ്യാഹാരം, മദ്യനിരോധനം, ബ്രഹ്മചര്യം ഒക്കെ സ്വീകരിച്ചുകൊണ്ട് മാഡ്‌ലെയിൻ വെള്ള ഖാദർ സാരി ധരിച്ച് അന്തേവാസിയായി.  മാഡ്‌ലെയ്ന് മീര എന്ന് ഗാന്ധി നാമകരണം ചെയ്തു. ഹിന്ദിയും ചക്കയിൽ നൂൽ നൂൽപ്പും മീര സ്വായത്തമാക്കി. 

1930ൽ ലണ്ടനിലെ വട്ടമേശസമ്മേളനത്തിൽ മീരയായി ഗാന്ധിജിയുടെ സഹചാരി. തുടർന്ന് നിസ്സഹകരണസമരത്തിൽ പങ്കെടുത്ത്  മീരയും തടവിലായി. 1942ൽ ക്വിറ്റ് ഇന്ത്യ സമരപ്രഖ്യാപനത്തെ തുടർന്ന് ഗാന്ധിക്ക് ഒപ്പം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. അന്ന് പുണെയിൽ ആഗാഖാൻ കൊട്ടാരത്തിൽ വീട്ടുതടങ്കലിലായ ഗാന്ധിക്കും കസ്‌തുർബായ്ക്കും  ഒപ്പമായിരുന്നു മീര.  ആ തടവുകാലത്ത് അന്തരിച്ച കസ്തൂർബായുടെ അവസാനകാലത്തെ ശുശ്രുഷകയായി  മീര. 

ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ലോയ്‌ഡ് ജോർജ്ജ്, വിൻസ്റ്റൺ ചർച്ചിൽ, അമേരിക്കൻ പ്രസിഡണ്ട് ഫ്രാൻക്ലിൻ റൂസെവെൽറ്റ് എന്നിവരെ നേരിട്ട് കണ്ട് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി മീര സംസാരിച്ചു. ആത്മകഥയടക്കം ഗാന്ധിരചനകളുടെ ഇംഗ്ലീഷ് തർജ്ജമകളുടെ ചുമതലക്കാരിയായി. 

ഗാന്ധിവധത്തിനു ശേഷം 11 വർഷം കൂടി ഇന്ത്യയിൽ കഴിഞ്ഞു. അക്കാലം ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരണത്തിനും അവ പ്രാവർത്തികമാക്കാനും  ആയിരുന്നു ജീവിതം. ഛോട്ടാനാഗ്പൂരിലെ ആദിവാസികൾക്ക് വേണ്ടിയും ഹിമാലയത്തിലെ വനനശീകരണത്തിനെതിരെയും  ഗാന്ധിയുടെ ഗ്രാമസ്വരാജ് സ്ഥാപനത്തിനും ഒക്കെയായി മീരയുടെ യത്നങ്ങൾ. അറുപത്തിനാലാം വയസ്സിൽ 1959 ൽ അവർ ഇംഗ്ലണ്ടിലേക്ക് മടങ്ങി. പക്ഷെ പിറ്റേക്കൊല്ലം അവർ ആസ്ട്രിയയ്ക്ക് കുടിയേറി. ഗാന്ധിക്കൊപ്പം മീരയുടെ മറ്റൊരു ആരാധനാമൂർത്തിയായ ബീഥോവന്റെ ഗ്രാമങ്ങളിൽ ജീവിക്കുകയായിരുന്നു ലക്ഷ്യം. 1982ൽ മീര ആസ്ട്രിയയിൽ അന്തരിച്ചു. മരണത്തിന് ഒരു വർഷം മുമ്പ് ഇന്ത്യ സർക്കാർ മീരയ്ക്ക് പദ്മവിഭൂഷൺ പ്രഖ്യാപിച്ചു.