Asianet News MalayalamAsianet News Malayalam

തൂലികയെ പടവാളാക്കി ബ്രിട്ടീഷുകാരോട് പടപൊരുതിയ സുബ്രഹ്മണ്യ ഭാരതി - സ്വാതന്ത്ര്യസ്പർശം|India@75

വീറുറ്റ സ്വാതന്ത്ര്യമസമര സേനാനി, അതുല്യനായ കവി, ധീരനായ പത്രാധിപർ, സാമൂഹിക വിപ്ലവകാരി... എന്നിങ്ങനെ സുബ്രഹ്മണ്യ ഭാരതിയുടെ വിശേഷണങ്ങൾ തീരുന്നില്ല

First Published Jun 6, 2022, 10:11 AM IST | Last Updated Jun 6, 2022, 11:50 AM IST

വീറുറ്റ സ്വാതന്ത്ര്യസമരസേനാനി, അതുല്യനായ കവി, ധീരനായ പത്രാധിപർ, സാമൂഹ്യവിപ്ലവകാരി, ബഹുഭാഷാപണ്ഡിതൻ, വേദജ്ഞാനി , .  സുബ്രഹ്മണ്യ ഭാരതിയെപ്പോലെ ഈ വിശേഷണങ്ങൾക്കൊക്കെ അർഹർ അധികമില്ല.  

പത്തൊമ്പതാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിൽ ജനനം. എന്നിട്ടും മതസൗഹാർദ്ദം, സ്ത്രിസ്വാതന്ത്ര്യം എന്നീ ആധുനിക മൂല്യങ്ങനങ്ങളിൽ അദ്ദേഹം അടിയുറച്ചുനിന്നു. സുബ്രഹ്മണ്യ ഭാരതി എന്ന ഭാരതീയാർ ഇന്ത്യൻ നവോഥാനത്തിന്റെ അഭിമാനസ്തംഭം ആകുന്നത് അങ്ങിനെയാണ്.  

1882 ൽ തിരുനെൽവേലിക്കടുത്ത് എട്ടയാപുരത്ത് ആയിരുന്നു  സുബ്രഹ്മണ്യന്റെ ജനനം. കുട്ടിയായിരിക്കുമ്പോൾ തന്നെ കവിതയിലും സംഗീതത്തിലും കഴിവ് തെളിയിച്ച സുബ്രഹ്മണ്യന് പതിനൊന്ന് വയസ്സിൽ എട്ടയാപുരത്തെ രാജാവ് സമ്മാനിച്ച പദവിയാണ് "ഭാരതി".  വാഗ്ദേവതയാൽ  അനുഗ്രഹീതൻ എന്നർത്ഥം. കൗമാരത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഭാരതി സംസ്കൃതം അടക്കം വിവിധ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, ഫ്രഞ്ച്, അറബി എന്ന ഭാഷകളിലും പ്രാവീണ്യം നേടി. പതിമൂന്നാം  വയസ്സിലായിരുന്നു ഏഴുവയസ്സുകാരി ചെല്ലമ്മയുമായി വിവാഹം.    

ഉപരിപഠനത്തിന് കാശിയിലെത്തിയ ഭാരതി വേദങ്ങളിലും പുരാണങ്ങളിലും ആകൃഷ്ടനായി. ഒപ്പം അക്കാലത്ത് ഉയർന്നുവന്ന ദേശീയപ്രസ്ഥാനത്തിലും. 1901 ൽ തമിഴ്‌നാട്ടിൽ മടങ്ങിയെത്തി മധുരയിൽ തമിഴ് അധ്യാപകനായി ജീവിതമാരംഭിച്ചപ്പോൾ  പത്രപ്രവർത്തനം. പത്രം  സ്വദേശിമിത്രൻ. സ്വാമി വിവേകാനന്ദന്റെ ശിഷ്യ സിസ്റ്റർ നിവേദിതയുടെ  ശിഷ്യനായി. സ്വദേശിപ്രസ്ഥാനവും ബാലഗംഗാധര തിലകനും  ഒക്കെ അദ്ദേഹത്തിനു വഴിവെളിച്ചമായി. കോൺഗ്രസ്സിന്റെ സമ്മേളനങ്ങളിൽ പങ്കുകൊണ്ടു.  സുറത്ത് സമ്മേളനത്തിൽ പങ്കെടുത്തത് കപ്പലോട്ടിയ തമിഴൻ എന്ന  വി ഓ ചിദംബരം പിള്ളയ്‌ക്കൊപ്പം.  തമിഴിൽ വിജയ, ബാലഭാരതം, ഇംഗ്ലീഷിൽ ഇന്ത്യ എന്ന  ദേശീയവാദപ്രസിദ്ധീകരണങ്ങൾ ഭാരതി ആരംഭിച്ചു. ഒപ്പം തമിഴ് കാവ്യലോകത്ത് ആധുനികതയുടെയും ദേശീയതയുടെയും ധാരകൾ ഉദ്ഘാടനം ചെയ്‌തെ കവിതകൾ രചിച്ച്. 

പത്രാധിപരായ വാരികയുടെ  ഉടമസ്ഥനെ ബ്രിട്ടീഷ് പോലീസ്  അറസ്റ് ചെയ്തപ്പോൾ  ഭാരതി ഫ്രഞ്ച് അധീനതയിലായിരുന്ന പോണ്ടിച്ചെറിയിലേക്ക് കടന്നു. അവിടെ നിന്ന് തുടർന്നും വിവിധ പ്രസിദ്ധീകരണങ്ങൾ ഇറക്കി. അവയ്ക്ക് ബ്രിടീഷ് സർക്കാർ നിരോധനം ഏർപ്പെടുത്തി. പോണ്ടിച്ചെരിക്കാലത്ത് തീവ്രദേശീയനേതാക്കളായിരുന്ന  അരവിന്ദ ഘോഷ്, ലാലാ ലജ്പത് റായി തുടങ്ങിയവരുമായി ഭാരതീയാർ അടുത്ത ബന്ധം പുലർത്തി. അതിനിടെ വേദങ്ങൾ, പതഞ്ജലിയുടെ യോഗാസൂത്രം, ഭഗവദ് ഗീത എന്നിവ തമിഴിൽ വിവർത്തനം ചെയ്തു. ദേശീയതയും പൗരാണികപാരമ്പര്യവും ഒക്കെ ലയിച്ച ഭാരതിയാരുടെ സുപ്രധാന കാവ്യങ്ങങ്ങളായ കുയിൽ പാട്ടും, കണ്ണൻ പാട്ടും പാഞ്ചാലിയിൻ ശപഥവും രചിച്ചു. 

1918 ൽ പോണ്ടിച്ചേരിയിൽ നിന്ന് തമിഴ്‌നാട്ടിൽ കാൽ കുത്തിയ ഉടൻ അദ്ദേഹം അറസ്റ് ചെയ്യപ്പെട്ടു. മോചിതനായശഷം മദിരാശിയിൽ നിന്ന് സ്വദേശിമിത്രൻ പുനരാരംഭിച്ചു. അപ്പോഴേക്കും ദാരിദ്ര്യവും അനാരോഗ്യവും അലട്ടിയ ഭാരതീയർക്ക്  ഒരു ക്ഷേത്രത്തിലെ ആനയുടെ കുത്തേറ്റു. 1921 ൽ അദ്ദേഹം അന്തരിച്ചു. ഭാരതിയാരുടെ മരണശഷം അദ്ദേഹത്തിന്റെ കൃതികളെല്ലാം പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ചെല്ലമ്മയുടെ ഭഗീരഥപ്രയത്നം മൂലമായിരുന്നു.