Asianet News MalayalamAsianet News Malayalam

വെള്ളക്കാരെ മലർത്തിയടിച്ച ​ഗാമാ ഫയൽവാൻ|സ്വാതന്ത്ര്യസ്പർശം|India@75

മാംസാഹാരികളായ വെള്ളക്കാരെ  കായികശക്തിയിൽ തോൽപ്പിക്കാനാകാത്ത ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ഒരിക്കലും മോചനം സാധ്യമല്ലെന്ന് വിശ്വസിച്ചവർ ധാരാളം. ഈ മിഥ്യാധാരണയെ തകർത്ത് ഇന്ത്യക്കാർക്ക് ആത്മവിശ്വാസം പകരുകയും ദേശീയപ്രസ്ഥാനത്തിനു ആവേശം നൽകുകയും ചെയ്ത ഒരു ഗുസ്തിക്കാരനുണ്ടായിരുന്നു. ഗുലാം മുഹമ്മദ് ബക്ഷ് ബട്ട് എന്ന പ്രശസ്തനായ ഗാമാ ഫയൽ വാൻ.

First Published Jun 19, 2022, 10:27 AM IST | Last Updated Jun 19, 2022, 10:27 AM IST

മാംസാഹാരികളായ വെള്ളക്കാരെ  കായികശക്തിയിൽ തോൽപ്പിക്കാനാകാത്ത ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ഒരിക്കലും മോചനം സാധ്യമല്ലെന്ന് വിശ്വസിച്ചവർ ധാരാളം. ഈ മിഥ്യാധാരണയെ തകർത്ത് ഇന്ത്യക്കാർക്ക് ആത്മവിശ്വാസം പകരുകയും ദേശീയപ്രസ്ഥാനത്തിനു ആവേശം നൽകുകയും ചെയ്ത ഒരു ഗുസ്തിക്കാരനുണ്ടായിരുന്നു. ഗുലാം മുഹമ്മദ് ബക്ഷ് ബട്ട് എന്ന പ്രശസ്തനായ ഗാമാ ഫയൽ വാൻ .

പഞ്ചാബിൽ പാട്യാല മഹാരാജാവിന്റെ കൊട്ടാരം ഗുസ്തിക്കാരനായിരുന്നു ഗാമ. കാശ്മീരിൽ വേരുകളുള്ള ഗുസ്തിക്കാരുടെ കുടുംബത്തിൽ അമൃത്സറിനടുത്ത് 1878ൽ  പിറന്ന ഗാമ ഇന്ത്യക്കുള്ളിൽ വിവിധമത്സരങ്ങളിലൊക്കെ വിജയിയായി പേരെടുത്തു.  ഇന്ത്യയുടെ അഭിമാനമായ  ഗാമയെ 1910 ൽ ലണ്ടനിൽ നടന്ന ജോൺ  ബുൾ ലോക ചാമ്പ്യൻഷിപ്പിൽ അയച്ചത് ബംഗാളിലെ സമ്പന്നനായ ദേശീയവാദി ശരത് കുമാർ മിത്ര. 

പക്ഷെ ലണ്ടനിലെ മത്സരത്തിൽ പങ്കെടുക്കാൻ ആദ്യം ഗാമയ്ക്ക് അനുവാദം കിട്ടിയില്ല. കാരണം ഉയരക്കുറവ്. ആറടിയിൽ താഴെ മാത്രം  ഉയരവും 90 കിലോ തൂക്കവുമുള്ള  ഗാമയ്ക്കെതിരെ അണിനിരന്നിരുന്ന അന്താരാഷ്ട്ര താരങ്ങളൊക്കെ  പടുകൂറ്റന്മാർ. ഗാമ നിരാശനായില്ല. ലണ്ടനിൽ ചില അനൗദ്യോഗിക മത്സരങ്ങൾ സംഘടിപ്പിച്ച് ഒട്ടേറേ വിദേശഗുസ്തിക്കാരെ ഗാമ മലർത്തിയടിച്ച് വാർത്ത സൃഷ്ടിച്ചു. അമേരിക്കൻ ചാമ്പ്യനായ  ബെഞ്ചമിൻ റോളറെയും  വെറും മൂന്ന് മിനിറ്റ് കൊണ്ട് മുട്ടുകുത്തിച്ചപ്പോൾ ഗാമയ്ക്ക് ലോകചാമ്പ്യൻഷിപ്പിൽ ഔദ്യോഗിക പ്രവേശം നൽകപ്പെട്ടു. 

ലോകചാമ്പ്യനായ പോളണ്ടുകാരൻ സ്റ്റാനിസ്ളാവ് സ്ബിസ്‌കോ ആയിരുന്നു ഗാമയുടെ എതിരാളി. പോളണ്ട് താരം  ഉയരത്തിലും തൂക്കത്തിലും ഗാമയെക്കാൾ എത്രയോ മുന്നിൽ. പക്ഷെ ആദ്യ ദിവസം മൂന്നു മണിക്കൂർ പൊരിഞ്ഞ റൗണ്ടിൽ ഗാമ കീഴടങ്ങാതെ പോരാടി. സമനിലയിൽ ആദ്യ ദിവസം അവസാനിച്ചു.  ആരുമറിയാത്ത ഒരു ഇന്ത്യക്കാരനെ കീഴടക്കാനാകാത്ത ലോകചാമ്പ്യന് അത്  വലിയ അഭിമാനക്ഷതമായി. പിറ്റേന്ന് മത്സരത്തിനെത്താതെ  അയാൾ സ്ഥലം വിട്ടു. തുടർന്ന് ലോകചാമ്പ്യനായി ഗാമ പ്രഖ്യാപിക്കപ്പെട്ടു.  ലോക പരമ്പരാഗത ഗുസ്തി ചരിത്രത്തിൽ അന്നുമുതലാണ് ഇന്ത്യ ശ്രദ്ധാകേന്ദ്രമായത്.  ലോകവിജയിയായ ഗാമ ഇന്ത്യൻ ദേശീയബോധത്തിനു വലിയ പ്രചോദനമായി. 

മടങ്ങിവന്ന ഗാമ അന്ന് അജയ്യനായ ഇന്ത്യൻ ചാമ്പ്യനായിരുന്ന ആറടി ഒമ്പത് ഇഞ്ചുള്ള ഭീമാകാരനായ റഹീം ബക്ഷ് സുൽത്താനി വാലയെ മലർത്തിയടിച്ചു. മൂന്നു മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞ ശേഷം നാലാം മത്സരത്തിലായിരുന്നു അത്. ആറടി ഒമ്പത് ഇഞ്ച് ഉയരവും 130 കിലോ തൂക്കവുമുള്ള മഹാഭീമനായിരുന്ന സുൽത്താനി വാലക്കെതിരെ  അഞ്ച് അടി ഒമ്പത് ഇഞ്ച് ഉയരവും 88 കിലോ തൂക്കവും മാത്രമുണ്ടായിരുന്ന  ഗാമ വീറോടെ പോരാടി. നാല് മണിക്കൂർ നീണ്ട പൊരിഞ്ഞ മത്സരത്തിൽ ഗാമ സുൽത്താനി വാലയെ തൂക്കിയെറിഞ്ഞ്  വാരിയെല്ല് പൊട്ടിച്ചു.  

പത്ത് വർഷം മുമ്പ് ലണ്ടനിലെ ലോകചാമ്പ്യൻഷിപ്പിൽ ഗാമയുമായുള്ള മത്സരത്തിൽ നിന്ന് പിന്തിരിഞ്ഞുപോയ പോളണ്ട് താരം സ്ബിസ്‌കോയെ  1920 ൽ പട്യാല  രാജാവ് ക്ഷണിച്ചുവരുത്തി. അന്ന് 50 വയസിലെത്തിയിരുന്ന പോളണ്ട് താരത്തെ ഗാമ വെറും 42 സെക്കന്റ്‌ കൊണ്ട് മലർത്തിയടിച്ചു. അടുത്ത വർഷം സ്വീഡന്റെ ലോകചാംപ്യൻ ജെസി പിറ്റേഴ്‌സണെയും ഗാമ തോൽപിച്ചു.  

വിഭജനത്തെ തുടർന്ന് പാകിസ്ഥാൻ പൗരനായി ഗാമ ഫയൽവാൻ.  പക്ഷെ അക്കാലത്ത് തന്റെ താമസസ്ഥലത്ത് അരങ്ങേറിയ വർഗ്ഗീയസംഘർഷങ്ങളിൽ  ന്യൂനപക്ഷമായ ഹിന്ദുക്കളെ സംരക്ഷിക്കാൻ ഗാമ മുന്നിൽ നിന്നു. 1960 ൽ 82ആം വയസിൽ ഗാമ ഫയൽവാൻ അന്തരിച്ചു. ഗുസ്തിക്കളത്തിൽ വെള്ളക്കാരെ മലർത്തിയടിച്ച ഫയൽവാനും ഉണ്ട് സട കുടഞ്ഞുയർന്ന ഇന്ത്യൻ ദേശീയബോധത്തിൽ  മിന്നുന്ന പങ്ക്.