Asianet News Exclusive: "പേടിസ്വപ്നങ്ങളേക്കാള്‍ മോശം അവസ്ഥ" ഇസ്രയേലിലെ ഇന്ത്യന്‍ വംശജര്‍ പറയുന്നു
ഒക്ടോബര്‍ ഏഴാം തീയ്യതി ഹമാസ് രക്തരൂക്ഷിത ആക്രമണം നടത്താന്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്നായിരുന്നു ദക്ഷിണ ഇസ്രയേലിലെ കിരിയത് ഗാത്. എന്നാല്‍ ഭീകരാക്രമണം തടയുന്നതില്‍ ഇസ്രയേല്‍ സേന വിജയിച്ചു. ഗാസ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഈ നഗരത്തിലേക്ക് ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനമക്കനവര്‍ സഞ്ചരിക്കുകയും അവിടെ ഏതാനും ഇന്ത്യന്‍ വംശജരുമായി സംസാരിക്കുകയും ചെയ്തു.
ഒക്ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രയേലികള്‍ക്കിടയില്‍ രോഷം പുകയുകയാണ്. ഗാസ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ ആകലെയുള്ള കിരിയത് ഗാതും അന്ന് ആക്രമണ ലക്ഷ്യങ്ങളിലൊന്നായിരുന്നു. നഗരത്തില്‍ പ്രവേശിക്കാതെ അക്രമികളെ തടയാന്‍ ഇസ്രയേലി സേനയ്ക്ക് സാധിച്ചെങ്കിലും ഹമാസ് വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ ഇപ്പോഴും ഇവിടെ പതിച്ചുകൊണ്ടിരിക്കുന്നു.
ഹമാസിന്റെ റോക്കറ്റുകള്‍ പതിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും കിരിയാത് ഗാതില്‍ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകളാണ് അവിടെയെത്തിയ ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് എഡിറ്ററ്‍ അജിത് ഹനമക്കനവര്‍ കണ്ടത്. ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ അത് അവസാനിപ്പിച്ചാല്‍ മാത്രമേ സമാധാനത്തിനുള്ള സാധ്യതകളുള്ളൂ എന്ന് വിശ്വസിക്കുന്ന രണ്ട് ഇന്ത്യന്‍ വംശജരെയും അവിടെ കാണാനായി.
ഹാറുനും ജൂലിയും 1969ലാണ് ഇസ്രയേലിലെത്തിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നിന്നെത്തിയവരാണ് ഇരുവരും. ഒക്ടോബര്‍ ഏഴിന് രാവിലെ 6.30ഓടെ പ്രാര്‍ത്ഥനകള്‍ക്കായി ആരാധാനാലയത്തിലേക്ക് പോകുന്ന സമയത്തായിരുന്നു ആക്രമണ സൂചന നല്‍കിക്കൊണ്ട് സൈറണുകള്‍ മുഴങ്ങിയതെന്ന് ഹറുന്‍ പറയുന്നു. പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി ഉടന്‍ സുരക്ഷിത മുറിയിലേക്ക് മാറി. അല്‍പം കഴിഞ്ഞപ്പോള്‍ പരിസരത്ത് ഒരു റോക്കറ്റ് പതിച്ചു. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കുണ്ടായില്ല.
സമാധാനത്തില്‍ ജീവിക്കാന്‍ സാധിക്കാത്തതിന്റെയും നിരന്തര ആക്രമണ ഭീഷണികളുടെയും മടുപ്പ് ഇരുവരും സംസാരത്തിനിടെ പ്രകടിപ്പിച്ചു. നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണ ജനങ്ങളുടെ മേല്‍ സംഭവിക്കുന്ന ആഘാതങ്ങള്‍ മുന്‍നിര്‍ത്തി തീവ്രവാദികളുടെ ലക്ഷ്യങ്ങളെ അവര്‍ ചോദ്യം ചെയ്തു. സ്ഥിരമായി റോക്കറ്റ് ആക്രമണങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് ഹറൂന്‍ പറഞ്ഞു. ഈ ആക്രമണങ്ങള്‍ക്കിടെ നിരവധി തവണ റോക്കറ്റുകള്‍ പതിക്കുന്നതിന് അദ്ദേഹം സാക്ഷിയായിരുന്നു.
പ്രദേശത്തെ സ്ത്രീകളുടെയും ചെറിയ കുട്ടികളുടെയും അവസ്ഥ സംബന്ധിച്ച് ചോദിച്ചപ്പോള്‍, ആക്രമണം നടന്ന സ്ഥലത്തിന് സമീപം താമസിക്കുന്ന 89 വയസുകാരിയായ അമ്മയുടെ അവസ്ഥ സ്വന്തം അനുഭവത്തില്‍ നിന്ന് ജൂലി വിവരിച്ചു. സൈനികര്‍ വരെ ഉള്‍പ്പെടുന്ന ജൂലിയുടെ കുടുംബത്തിലെ എല്ലാവരും സമാധാനം ആഗ്രഹിക്കുന്നവരാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണയും ഇവര്‍ അഭ്യര്‍ത്ഥിച്ചു. "പേടി സ്വപ്നങ്ങളെക്കാള്‍ മോശമായ അവസ്ഥയാണ്" എന്നാണ് ജൂലി ഇപ്പോഴത്തെ സാഹചര്യത്തെ വിശേഷിപ്പിച്ചത്.
ഇസ്രയേലിനെതിരെ ഹമാസിനെ പിന്തുണയ്ക്കുന്നവരെ മനുഷ്യ വിരുദ്ധരെന്നും ദുഷ്ടരെന്നുമാണ് ജൂലി വിശേഷിപ്പിച്ചത്. നിരപരാധികളായ കുട്ടികള്‍ക്കും ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും ഉള്‍പ്പെടെ ദുരിതം വിതയ്ക്കുന്ന ഹമാസിന്റെ പ്രവൃത്തികളെ അവര്‍ വിമര്‍ശിച്ചു. ഹറൂനും അതിനെ പിന്തുണച്ചു. മനുഷ്യത്വ വിരുദ്ധമാണ് അത്തരം പ്രവൃത്തികളെന്ന് അദ്ദേഹവും കൂട്ടിച്ചേര്‍ത്തു. പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളെ അവര്‍ ന്യായീകരിച്ചു. ഹമാസ് തട്ടിക്കൊണ്ടുപോയവരുടെ സുരക്ഷിതമായ മോചനം അനിവാര്യമാണെന്നും വ്യക്തികളെ പിടിച്ചുവെയ്ക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്ന നടപടികള്‍ ശരിയല്ലെന്നും പ്രതികരിച്ചു.
ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ പലസ്തീനിലെ സാധാരണ ജനങ്ങള്‍ക്കുണ്ടാവുന്ന ദുരിതത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള ഇരകളോട് സഹാനുഭൂതി തന്നെയാണെന്ന് പ്രതികരിച്ച ജൂലി, പക്ഷേ കാര്യങ്ങള്‍ സങ്കീര്‍ണമാണെന്നും നിലപാടെടുത്തു. എതിര്‍ പക്ഷത്തുള്ളവര്‍ ഹമാസിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചാലേ സമാധാനത്തിന് സാധ്യയുള്ളൂ എന്നും അവര്‍ പറഞ്ഞു.
പലസ്തീനിലെ പുതിയ തലമുറ ഹമാസിനെ പിന്തുണയ്ക്കുകയും ഇസ്രയേലിനെതിരായ ശക്തമായ മനോവികാരം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇസ്രയേല്‍ നല്ലതല്ലെന്ന ചിന്ത കുട്ടിക്കാലം മുതല്‍ അവരില്‍ കുത്തിവെയ്ക്കുകയാണെന്ന് ജൂലി പറഞ്ഞു.
സമാധാനത്തിനുള്ള സാധ്യത നേരത്തെ നിലനിന്നിരുന്നെങ്കില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അത് സാധ്യമാവുമെന്ന് തോന്നുന്നില്ലെന്ന് ഇരുവരും പറയുന്നു. ഗാസയിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് പകരം പണം ഉപയോഗിച്ചത് തീവ്രവാദിത്തിന് വേണ്ടിയാണെന്നും അവര്‍ ആരോപിച്ചു.
ഇന്ത്യയില്‍ നിന്നുള്ള നല്ല അനുഭവങ്ങളും ഹറൂന്‍ പങ്കുവെച്ചു. നല്ല നിലയിലായിരുന്നു അദ്ദേഹവും കുടുംബവും ഇന്ത്യയില്‍ കഴിഞ്ഞിരുന്നതെന്നും എപ്പോഴും വീടെന്ന അനുഭവം അവിടം സമ്മാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം എടുത്തുപറഞ്ഞ അദ്ദേഹം അത് മുന്‍നിര്‍ത്തി ഇന്ത്യ ഇസ്രയേലിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയോടുള്ള ഇഷ്ടവും ഇവിടെയുള്ള കുടുംബാംഗങ്ങളെക്കുറിച്ചും ജൂലിയും സംസാരിച്ചു. ഇന്ത്യയും തങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും അതുകൊണ്ടാണ് ഇന്ത്യയുടെ പിന്തുണ തേടുന്നതെന്നും അവര്‍ പറഞ്ഞു.
കുട്ടിക്കാലം ഇന്ത്യയില്‍ ആയിരുന്നതിനാല്‍ ഹിന്ദിയും മറാഠിയും എഴുതാനും സംസാരിക്കാനും കഴിയുമെന്ന് അരുണ്‍ പറഞ്ഞു. ഇംഗീഷിലും പ്രാവീണ്യമുണ്ട്. ഗാസയും കശ്മീരും തമ്മിലും സാമ്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. കശ്മീര്‍ ഇന്ത്യയുടേതാണെന്നത് പോലെ ഗാസ ഇസ്രയേലിന്റേതാണ്. കശ്മീര്‍ ഫയല്‍സ് ചിത്രത്തെക്കുറിച്ചും സംസാരിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇസ്രയേലിലെ ഇന്തോ - ജൂത സമൂഹത്തിന്റെ ആശംസകളും അറിയിച്ചു.