Asianet News MalayalamAsianet News Malayalam

ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ കര്‍മ്മവഴികളെ ആവിഷ്‌കരിച്ച 'ശാന്തം, ഈ ശാന്തിമന്ത്രണം'

ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ കര്‍മ്മവഴികളെ ആവിഷ്‌കരിച്ച് ചെറുചിത്രം; കാഞ്ഞിരംപാറ രവിയാണ് 'ശാന്തം, ഈ ശാന്തിമന്ത്രണം' എന്ന ഡോക്യുമെന്ററി ഒരുക്കിയത്.

തിരുവനന്തപുരം: നൂറ്റാണ്ടു തികഞ്ഞ കർമനിരതമായ ജീവിതത്തിനാണ് ഗോപിനാഥൻ നായരുടെ വിയോഗത്തോടെ തിരശീല വീഴുന്നത്. സഹന സമരങ്ങളിലൂടെ പകർന്നു കിട്ടിയ കരുത്തുമായി രാജ്യമെങ്ങും ഗാന്ധിയൻ ആദർശങ്ങളുടെ പ്രചാരണത്തിനായി അദ്ദേഹം സഞ്ചരിച്ചു. അവസാന കാലത്തും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു.

 

1922 ജൂലൈ ഏഴിന് നെയ്യാറ്റിൻകരയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഗാന്ധിജിയെ നേരിൽ കണ്ടത് ഗോപിനാഥൻ നായരുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവമാണ്. വിദ്യാഭ്യാസ കാലത്തു തന്നെ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി. കോളേജ് കാലം മുതൽക്ക് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു.

 

ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഷ്ഠിച്ചു. ഗാന്ധിയൻ സന്ദേശവുമായി രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുണ്ട് അദ്ദേഹം. പഞ്ചാബില്‍ സിഖ് – ഹിന്ദു സംഘര്‍ഷ സമയത്ത് ശാന്തി സന്ദേശവുമായി സന്ദർശിച്ചിരുന്നു. 1951ൽ കെ കേളപ്പന്റെ അധ്യക്ഷതയിൽ രൂപം കൊണ്ട ഗാന്ധി സ്മാരക നിധിയിൽ സ്ഥാപക അംഗമായി. പിന്നീട് ഗാന്ധി സ്മാരക നിധിയുടെ അധ്യക്ഷ സ്ഥാനത്തത്തെി.

 

ഭൂദാനയജ്ഞത്തിന് നേതൃത്വം നൽകിയ വിനോബ ഭാവെയുടെ പദയാത്രയിൽ പങ്കെടുത്തിരുന്നു. ബംഗ്ളാദേശ് കലാപ കാലത്ത് ഇന്ത്യയിലേക്ക് പ്രവഹിച്ച അഭയാർഥികളുടെ ക്യാമ്പുകളിലെത്തി സന്നദ്ധ പ്രവർത്തനം നടത്തി. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ പ്രസിഡന്റായി പ്രവർത്തിച്ചു. അവസാന കാലത്തും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. ഇതൊക്കെയാണ് മാറാട് കലാപ കാലത്ത് പ്രദേശത്ത് സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തെ സർക്കാർ നിയമിച്ചതിന്റെ കാരണവും. എക്കാലവും കേരളം ആദരവോടെ നോക്കിക്കണ്ട, വേദനിക്കുന്ന മനുഷ്യർക്ക് ഒപ്പം നിന്ന സമാധാനത്തിന്റെ സന്ദേശ വാഹകനെയാണ് നഷ്ടമാകുന്നത്.