തന്നെ ബലാത്കാരം ചെയ്ത പുരുഷനോടുള്ള പ്രതികാരം, അവളുടെ ചിത്രങ്ങളിലെ 'ചോര'യുടെ കഥ!

By Web TeamFirst Published Apr 21, 2022, 3:53 PM IST
Highlights

എന്നാല്‍, കോടതി അവളെ വീണ്ടും ഉപദ്രവിക്കുകയാണുണ്ടായത്. ജെന്‍റിലെസ്‍കി പറഞ്ഞത് സത്യമാണോ എന്നറിയാനായി കോടതി അന്നത്തെ പല പീഡനമുറകളും അവളുടെമേല്‍ ഉപയോഗിച്ചു. അപ്പോഴെല്ലാം ടാസി നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ നോക്കിനില്‍ക്കെ അവള്‍ അലറിക്കൊണ്ടിരുന്നു, 'ഞാന്‍ പറഞ്ഞത് സത്യമാണ്, അത് സത്യമാണ്, അത് സത്യമാണ്...'

ബറോക് യുഗത്തിലെ അറിയപ്പെടുന്ന കലാകാരിയാണ് ഇറ്റാലിയന്‍ ചിത്രകാരിയായ ആർട്ടമേസ്യാ ജെന്‍റിലെസ്‍കി(Artemisia Gentileschi). നിശബ്‍ദവും മനോഹരവുമായ ചിത്രങ്ങള്‍ക്ക് പകരം ചോരയൊഴുകുന്നതും ശബ്‍ദിക്കുന്നതും വയലന്‍സുള്ളതുമായിരുന്നു അവളുടെ ചിത്രങ്ങള്‍. തന്നെ ബലാത്സംഗം ചെയ്‍ത പുരുഷനരടക്കമുള്ളവര്‍ക്കെതിരെ നടത്തിയ തുറന്നുപറച്ചിലും പ്രതികരണവുമായിരുന്നു ആ ചിത്രങ്ങളെല്ലാം. തന്‍റെ അധ്യാപകനാല്‍ പതിനെട്ടാമത്തെ വയസ്സിലാണ് ജെന്‍റിലെസ്‍കി ബലാത്കാരം ചെയ്യപ്പെടുന്നത്. എന്നാല്‍, 1612 -ല്‍ ഏഴ് മാസത്തെ വിചാരണയ്ക്ക് ശേഷം അയാളെ വെറുതെ വിടുകയാണുണ്ടായത്. ഇതോടെ ജെന്‍റിലെസ്‍കി അവളുടെ ജീവിത്തിലുടനീളം വരയ്ക്ക് പ്രാധാന്യം നല്‍കി. തുടര്‍ന്നുള്ള കാലങ്ങളിലെല്ലാം അവള്‍ വരച്ചു. അത് ചരിത്രത്തിലെ തന്നെ ശ്രദ്ധേയവും അക്രമാസക്തവുമായ വരകളായി മാറി. 

ആരാണ് ആർട്ടമേസ്യാ ജെന്‍റിലെസ്‍കി? 1953 ജൂലൈ എട്ടിനാണ് ജെന്‍റിലെസ്‍കി ജനിച്ചത്. പിതാവ് ഒരാസിയോയില്‍ നിന്നാണ് അവള്‍ വര പരിശീലിച്ചത്. റോമില്‍ വളര്‍ന്ന ഒരു കുട്ടിയെന്ന നിലയില്‍ കരവാജിയോയുടെ ചിത്രങ്ങള്‍ കണ്ടും ഇഷ്‍ടപ്പെട്ടുമാണ് അവള്‍ വളര്‍ന്നത്. ജെന്‍റിലെസ്‍കിയുടെ കുടുംബസുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. അച്ഛനെയും മകളെയും അവരുടെ വരയും കാണാനായി അദ്ദേഹം ഇടയ്ക്കെല്ലാം അവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. അങ്ങനെ അച്ഛനിലൂടെയും സുഹൃത്തുക്കളിലൂടെയും അവള്‍ വരയെ അടുത്ത് പരിചയപ്പെട്ടു. 1612 -ല്‍ ജെന്‍റിലെസ്‍കിയുടെ പിതാവ് തന്നെ തന്‍റെ മകള്‍ വരയില്‍ ഏറെ കഴിവുള്ളവളാണെന്നും അവള്‍ക്ക് പകരക്കാരില്ലെന്നും പറഞ്ഞിരുന്നു. അതേവര്‍ഷം തന്നെ ഒരാസിയോ അവള്‍ക്കായി ഒരു അധ്യാപകനെയും നിയമിച്ചു. അഗസ്റ്റിനോ ടാസ്സി എന്നായിരുന്നു അയാളുടെ പേര്. എന്നാല്‍, ആ ദുഷ്‍ടന്‍ അവളെ ബലാത്സംഗം ചെയ്‍തു. 

പതിനെട്ടാമത്തെ വയസിലാണ് അധ്യാപകനാല്‍ ജെന്‍റിലെസ്‍കി ബലാത്സംഗം ചെയ്യപ്പെടുന്നത്. “അയാളെന്നെ കട്ടിലിന്റെ അറ്റത്തേക്ക് വലിച്ചെറിഞ്ഞു, നെഞ്ചിൽ ഒരു കൈകൊണ്ട് പിടിച്ചുതള്ളി, തുടകള്‍ അടുപ്പിച്ചുപിടിക്കാതിരിക്കാനായി തുടകൾക്കിടയിൽ അയാളുടെ മുട്ടുകുത്തി” ഏഴുമാസത്തെ വിചാരണയ്ക്കിടെ ജെന്‍റിലസ്‍കി സാക്ഷ്യപ്പെടുത്തി. “എന്റെ വസ്ത്രങ്ങൾ ഉയർത്തി,  നിലവിളിക്കാതിരിക്കാൻ അയാളെന്‍റെ വായില്‍ ഒരു തൂവാല വായിൽ വച്ചു” എന്നും അവര്‍ പറയുകയുണ്ടായി. ടാസിയില്‍ നിന്നും നേരിടേണ്ടിവന്ന അതിക്രമങ്ങളോരോന്നും കോടതിയില്‍ അവളെണ്ണിപ്പറഞ്ഞു. 'അയാളെ ഞാന്‍ കൊന്നേനെ' എന്നും അവള്‍ കോടതിയില്‍ പറയുകയുണ്ടായി. പക്ഷേ, ടാസി അവളെ കോടതിയില്‍ വിശേഷിപ്പിച്ചത് 'വേശ്യയായ സ്ത്രീ' എന്നാണ്. 

എന്നാല്‍, കോടതി അവളെ വീണ്ടും ഉപദ്രവിക്കുകയാണുണ്ടായത്. ജെന്‍റിലെസ്‍കി പറഞ്ഞത് സത്യമാണോ എന്നറിയാനായി കോടതി അന്നത്തെ പല പീഡനമുറകളും അവളുടെമേല്‍ ഉപയോഗിച്ചു. അപ്പോഴെല്ലാം ടാസി നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ നോക്കിനില്‍ക്കെ അവള്‍ അലറിക്കൊണ്ടിരുന്നു, 'ഞാന്‍ പറഞ്ഞത് സത്യമാണ്, അത് സത്യമാണ്, അത് സത്യമാണ്...'

''അയാളുടെ മുഖം ഞാൻ മാന്തിപ്പറിച്ചു. കയ്യിൽ തടഞ്ഞ അയാളുടെ മുടി പിച്ചിയെടുത്തു. അതൊന്നും വകവെക്കാതെ അയാൾ വീണ്ടും എന്നെ ബലമായി പ്രാപിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതിനെ തടുക്കാനുള്ള ശ്രമത്തിനിടെ ഞാനയാളുടെ ലിംഗത്തെ എന്റെ കൈകൾകൊണ്ട് വരിഞ്ഞു ഞെരിച്ചു. അങ്ങനെയൊരു ചെറുത്തുനിൽപ്പ് നടത്താൻ എനിക്കെങ്ങനെ സാധിച്ചുവെന്നറിയില്ല, അപ്പോൾ നടന്ന പരാക്രമത്തിനിടയിൽ അയാളുടെ ജനനേന്ദ്രിയത്തിൽ നിന്ന് ഒരു ചീള് മാംസം തന്നെ ഞാൻ വലിച്ചുപറിച്ചെടുത്തു.'' എന്നും അവള്‍ പറഞ്ഞു. എന്നാല്‍, വിചാരണയിലുടനീളം പീഡിപ്പിക്കപ്പെട്ടത് ജെന്‍റിലെസ്‍കി ആയിരുന്നു. ഒരാള്‍പോലും ടാസിയെ അങ്ങനെ നിര്‍ത്തി ചോദ്യം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയോ പരിഗണിക്കുകയോ ചെയ്‍തിരുന്നില്ല. വിചാരണ കഴിഞ്ഞു. അയാളെ കോടതി വെറുതെ വിടുകയാണുണ്ടായത്.

തന്നെ പീഡിപ്പിച്ചയാള്‍ ശിക്ഷയൊന്നും കിട്ടാതെ നടന്നുപോവുന്നത് കണ്ടിട്ടും പക്ഷേ ജെന്‍റിലെസ്‍കി തോറ്റുകൊടുക്കാന്‍ തയ്യാറായില്ല. പിന്നീടുള്ള തന്‍റെ ജീവിതമത്രയും കരുത്തരായ സ്ത്രീകളെ വരയ്ക്കാനായി അവള്‍ ചെലവഴിച്ചു. വിചാരണക്കുശേഷം പിതാവ് അവളുടെ വിവാഹം നടത്തി. പിന്നീട് അവള്‍ റോം വിട്ടു ഫ്ലോറന്‍സിലേക്ക് പോയി. അവിടെ അവള്‍ സ്വന്തം സ്റ്റുഡിയോ തുടങ്ങി. വരയ്ക്കാന്‍ തുടങ്ങി. അവളുടെ വരകളിലുടനീളം അക്രമാസക്തയായി നില്‍ക്കുന്ന ഒരു സ്ത്രീയെ കാണാം. അത് ആ സ്ത്രീയുടെ പ്രതികാരമാണ്. തന്നെ ഉപദ്രവിക്കാനായെത്തുന്നവര്‍ക്ക് അവള്‍ തന്നെ വിധിക്കുന്ന ശിക്ഷയാണ്. 

സൂസന്ന ആന്‍ഡ് ദ എല്‍ഡേഴ്‍സ് എന്ന 1610 -ല്‍ ജെന്‍റിലസ്‍കി ആദ്യമായി വരച്ച ചിത്രത്തില്‍ ഒരു സ്ത്രീയെ ഉപദ്രവിക്കാന്‍ തക്കവണ്ണം നോക്കിനില്‍ക്കുന്ന രണ്ട് പ്രായമായവരെ കാണാം. നായികയുടെ ദുരവസ്ഥയാണ് വില്ലന്മാരിലെ ആനന്ദത്തേക്കാള്‍ ആ ചിത്രത്തില്‍ മുഴച്ചുനില്‍ക്കുന്നത്. എന്നാല്‍, ബലാത്സംഗം നടന്നശേഷം, തന്നെ പീഡിപ്പിച്ചയാള്‍ ശിക്ഷയൊന്നും കിട്ടാതെ രക്ഷപ്പെട്ടശേഷം അവളുടെ ചിത്രങ്ങളിലെ നായികമാര്‍ തിരികെ പ്രതികരിച്ചു തുടങ്ങി. 

തന്‍റെ പെയിന്‍റിംഗിലൂടനീളമവള്‍ സ്ത്രീകളെ ചിത്രീകരിക്കാന്‍ ശ്രമിച്ചു. അതില്‍, ക്ലിയോപാട്ര, മഗ്ദലന മറിയം, പരിശുദ്ധ മറിയം എന്നിവരൊക്കെ പെടുന്നു. ഒപ്പം തന്നെ അവള്‍ തന്നെത്തന്നെയും വരച്ചു. കരുത്തുറ്റ ഒരു ചിത്രകാരിയായാണ് അവള്‍ തന്നെത്തന്നെ അടയാളപ്പെടുത്തിയത്. പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പിലെ തന്നെ അറിയപ്പെടുന്ന ചിത്രകാരിയായി ജെന്‍റിലെസ്‍കി അറിയപ്പെട്ടു. 

പല പ്രധാനപ്പെട്ട ആര്‍ട്ടിസ്റ്റ് അക്കാദമികളിലെയും അംഗമായിരുന്നു അവള്‍. മൈക്കലാഞ്ചലോ വരെ ഉള്‍പ്പെടുന്ന ഒരു സൊസൈറ്റിയിലും അവള്‍ അംഗമായിരുന്നു. അക്കാദമി അംഗത്വം ഒരാള്‍ക്ക് തന്‍റെ ചിത്രം വില്‍ക്കാനും മറ്റും പൂര്‍ണാധികാരം ഉറപ്പിക്കുന്ന ഒന്നായിരുന്നു. പിന്നീടുള്ള കാലം മുഴുവന്‍ അവള്‍ വരച്ചു, സ്വതന്ത്രമായി ജീവിച്ചു. മക്കളുണ്ടായി. അതില്‍ രണ്ടുപേര്‍ പില്‍ക്കാലത്ത് പെയിന്‍റര്‍മാരായി. ഏതായാലും തന്‍റെ ജീവിതത്തിലുടനീളം കലയിലൂടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉറക്കെ ശബ്‍ദിച്ചയാളായിരുന്നു ജെന്‍റിലെസ്‍കി.  

click me!