ലോക ഫോട്ടോഗ്രഫി ദിനം സ്‌പെഷ്യൽ: ഫിദൽ കാസ്ട്രോയുടെ പേഴ്‌സണൽ ഫോട്ടോഗ്രാഫർ ആൽബർട്ടോ കോർദയുടെ ചിത്രങ്ങൾ ...

By Babu RamachandranFirst Published Aug 19, 2020, 5:21 PM IST
Highlights

ആൽബെർട്ടോ കോർഡയുടെ കഴിവുകൾ തിരിച്ചറിഞ്ഞ ഫിദൽ കാസ്ട്രോ അദ്ദേഹത്തെ തന്റെ പേഴ്‌സണൽ ഫോട്ടോഗ്രാഫറായി നിയമിച്ചു. 

ഇന്ന് ഓഗസ്റ്റ് 19. ലോക ഫോട്ടോഗ്രഫി ദിനം. ഇന്ന് വായിക്കാം, പത്രാധിപർ തിരിച്ചയച്ച ചെഗുവേരയുടെ ചിത്രം യുവാക്കളുടെ ഹരമായ കഥ... 

1960 മാർച്ച് 4 -  രാവിലെ 9 മണിയോടെ ക്യൂബയിലെ ഹവാനാ ഹാർബറിൽ ബെൽജിയത്തിലെ ആൻറ്വാർപ്പിൽ നിന്നും വന്ന 'ലാ കുബ്‌ർ' എന്ന ഫ്രഞ്ച് ചരക്കുകപ്പൽ നിശ്ശബ്ദം അടുത്തു. ഡോക്കിലെ കയറ്റിറക്കു തൊഴിലാളികൾ കപ്പലിൽ കൊണ്ടുവന്ന 76 ടൺ വരുന്ന ചരക്ക് ഇറക്കിക്കൊണ്ടിരിക്കുകയായിരുന്നു.  സാധാരണക്കാരായ പോർട്ട് തൊഴിലാളികളായിരുന്നു സാധനം ഇറക്കിക്കൊണ്ടിരുന്നത്. അവർക്കറിയാത്ത ഒരു കാര്യമുണ്ടായിരുന്നു. അവർ ഇറക്കിക്കൊണ്ടിരുന്ന പെട്ടികളിലുണ്ടായിരുന്നത് ഫിദൽ കാസ്ട്രോയുടെ സൈന്യത്തിന് വേണ്ടി രഹസ്യമായി കടത്തിക്കൊണ്ടുവന്ന സ്ഫോടകവസ്തുക്കളായിരുന്നു എന്ന കാര്യം. 

സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലുണ്ടാവുന്ന പിഴവുകൾ പണ്ടേക്കുപണ്ടേ നിരവധി സ്ഫോടനങ്ങൾക്ക്  നിമിത്തമായിട്ടുണ്ട്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഇത്തരത്തിലുള്ള കാർഗോയുടെ കാര്യത്തിൽ അന്നത്തെ ഹവാനാ ഹാർബറിലും വ്യക്തമായ നിയമങ്ങൾ നിലവിലുണ്ടായിരുന്നു. സ്ഫോടകവസ്തുക്കൾ കൊണ്ടുവരുന്ന കപ്പൽ ഹാർബറിന്റെ ഒത്ത നടുക്ക് നിർത്തിയിട്ട്, അതിൽ നിന്നും തികഞ്ഞ അവധാനതയോടെ സ്ഫോടകവസ്തുക്കളടങ്ങിയ കാർഗോ ചെറിയ ഫ്ലാറ്റ് ബെഡ് കാർഗോ ബാർജിലേക്ക് മാറ്റണം. എന്നിട്ട് ആ ബാർജിൽ മാത്രമേ മെയിൻ ഡോക്കിൽ കാർഗോ അടുപ്പിക്കാവൂ. അവിടെ നിന്നും ആ കാർഗോ ഇറക്കുന്നതിനും വ്യക്തമായ നിയമങ്ങളുണ്ടായിരുന്നു. 

എന്നാൽ അന്നേദിവസം ഇതൊന്നും തന്നെ പാലിക്കപ്പെട്ടില്ല. സുരക്ഷാചട്ടങ്ങൾ പാലിക്കുന്നത് പോയിട്ട്, സാധനങ്ങൾ ഇറക്കുന്ന തൊഴിലാളികളോട് അവർ ഇറക്കുന്ന സാധനങ്ങൾ എന്തെന്നുള്ള വിവരം പോലും വെളിപ്പെടുത്തിയിരുന്നില്ല. ആ രഹസ്യത്തിന് പക്ഷേ, അധികം ആയുസ്സുണ്ടായില്ല. സാധനങ്ങൾ ഇറക്കുന്ന ജോലി പാതിവഴിയെത്തിയതേയുണ്ടായിരുന്നുള്ളൂ.  ഉച്ച തിരിഞ്ഞ് 3.00 മണി നേരം. ക്യൂബയെ മൊത്തം വിറപ്പിച്ച ഒരുഗ്രൻ സ്ഫോടനം നടന്നു. കപ്പലിന്റെ ഒരു ഭാഗം പൊളിഞ്ഞ് തെറിച്ചുപോയി. കാർഗോ കൈകാര്യം ചെയ്തു കൊണ്ടിരുന്ന ചുമട്ടുതൊഴിലാളികളിൽ പലരും പൊട്ടിത്തെറിയിൽ മരണപ്പെട്ടു. ആളിക്കത്തുന്ന തീ കപ്പലിനെ വിഴുങ്ങി. 


'ലാ കുബ്‌ർ സ്ഫോടനം നടന്ന ഉടൻ' 

സംഭവം നടന്നതിനുപിന്നാലെ അഗ്നിശമന സേനയുടെ വാഹനങ്ങളും ആംബുലൻസുകളും പോർട്ടിൽ വന്നു നിറഞ്ഞു. നൂറുകണക്കിന് ക്യൂബൻ അപകടരക്ഷാസൈനികർ സ്ഫോടനം നടന്നിടത്തുനിന്നും ആളുകളെ രക്ഷപ്പെടുത്താനും തീയണയ്ക്കാനും കൂടുതൽ സ്ഫോടകവസ്തുക്കളിലേക്ക് തീ പടരാതിരിക്കാനും ഒക്കെ പരിശ്രമിച്ചുകൊണ്ടിരിക്കെ, ഏകദേശം 4.00 മണിയോടെ നേരത്തെ നടന്നതിന്റെ ഇരട്ടി തീവ്രതയോടെ അടുത്ത സ്ഫോടനമുണ്ടായി. പിന്നെ ഒന്നിന് പിന്നാലെ ഒന്നായി നിരവധി സ്‌ഫോടനങ്ങൾ. പൊട്ടിത്തെറിയിൽ പല കഷ്ണങ്ങളായി മുറിഞ്ഞുപോയ കപ്പൽ മുങ്ങിത്താണു. തീ തന്നെത്താൻ അണഞ്ഞു. കപ്പൽ ജീവനക്കാരും, കയറ്റിറക്കു തൊഴിലാളികളും, രക്ഷാപ്രവർത്തകരും, പോലീസുകാരും മറ്റുമായി നൂറോളം പേർക്ക് ജീവാപായമുണ്ടായി. നൂറുകണക്കിനുപേർക്ക് ഗുരുതരമായ പരിക്കുകൾ പറ്റി. 

ക്യൂബയിലെ ഫിദൽ കാസ്ട്രോ ഭരണകൂടം അമേരിക്കയുടെ നിരന്തര നിരീക്ഷണത്തിനു വിധേയമായിക്കൊണ്ടിരുന്ന കാലമായിരുന്നു.  സിഐഎയും  മറ്റും പിന്നാലെയുണ്ട് എന്ന ഭീതിയാണ്  ഇത്തരത്തിൽ രഹസ്യമായ ഒരു 'ഓഫ്-ലോഡിങ്ങ്' ഓപ്പറേഷൻ സംഘടിക്കാൻ കാസ്‌ട്രോയെ പ്രേരിപ്പിച്ചത്. എന്നാൽ രഹസ്യം സൂക്ഷിക്കുന്ന തിരക്കിൽ പ്രാഥമികമായ 'എക്സ്പ്ലോസീവ് സേഫ്റ്റി' മുൻകരുതലുകൾ പാലിക്കാതിരുന്നത് അദ്ദേഹത്തിന് വിനയായി. സംഭവത്തിൽ സിഐഎയുടെ കറുത്ത കരങ്ങളുണ്ട് എന്നൊരു ആരോപണം കാസ്ട്രോ ഉയർത്തിയെങ്കിലും, അമേരിക്ക അതിനെ ശക്തിയുക്തം നിഷേധിച്ചു. 

ഈ സംഭവത്തിൽ രക്തസാക്ഷികളായ നൂറോളം പേരുടെ മരണാന്തര ചടങ്ങുകൾ  ക്യൂബൻ പത്രമായ 'റെവല്യൂഷനു'വേണ്ടി കവർ ചെയ്യാൻ വേണ്ടി ചെന്നതായിരുന്നു അന്നത്തെ പ്രസിദ്ധ ഫോട്ടോഗ്രാഫറായ ആൽബെർട്ടോ കോർഡ. ഫിദൽ കാസ്ട്രോയുടെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫറായിരുന്നു അന്ന് അദ്ദേഹം. റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന തന്റെ അച്ഛന്റെ 35 mm കൊഡാക്ക് കാമറയിൽ സ്വന്തം കാമുകിയുടെ ചിത്രം പിടിച്ച് തുടങ്ങിയതായിരുന്നു ഫോട്ടോഗ്രഫിയിലെ ആൽബെർട്ടോയുടെ പരീക്ഷണങ്ങൾ. സ്വന്തം തെറ്റുകളിൽ നിന്നും പാഠങ്ങൾ പഠിച്ച് ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ വളരെപ്പെട്ടെന്ന് തന്നെ അദ്ദേഹം പ്രസിദ്ധനായി. ഫോട്ടോഗ്രാഫിയും സുന്ദരികളായ സ്ത്രീകളുമായിരുന്നു ആൽബെർട്ടോയുടെ പ്രധാനകമ്പങ്ങൾ. അതു രണ്ടും തന്നെ അധികം അധ്വാനം കൂടാതെ തരപ്പെടുന്ന ഫാഷൻ ഫോട്ടോഗ്രഫിയിലേക്ക് അദ്ദേഹം താമസിയാതെ തിരിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് ക്യൂബയിലെ അറിയപ്പെടുന്ന ഫാഷൻ ഫോട്ടോഗ്രാഫർമാരിൽ ഒരാളായി മാറി അദ്ദേഹം. 

'ആൽബർട്ടോ കോർഡ എന്ന വിപ്ലവ ഫോട്ടോഗ്രാഫർ' 

പക്ഷേ, അക്കാലത്തെ മറ്റുള്ള ഫാഷൻ ഫോട്ടോഗ്രാഫർമാരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന ഒരു ശീലമുണ്ടായിരുന്നു. അദ്ദേഹത്തിന് കൃത്രിമമായ ലൈറ്റിങ്ങ് തീരെ ഇഷ്ടമല്ലായിരുന്നു. 'യാഥാർഥ്യത്തെ പരിഹസിക്കുന്ന' ഒന്നാണ് കൃത്രിമ വെളിച്ചമെന്ന് അദ്ദേഹം കരുതി. തന്റെ സ്റ്റുഡിയോയിൽ സ്വാഭാവികമായ വെളിച്ചത്തിൽ കൃത്യമായ കോമ്പോസിഷനും ഫ്രേമിങ്ങും കണ്ടെത്തി അദ്ദേഹം അതുല്യമായ ബ്ളാക്ക് ആൻഡ് വൈറ്റ് പോർട്രെയ്റ്റ് ഫോട്ടോഗ്രാഫുകൾ സൃഷ്ടിച്ചു.   തന്റെ സമകാലീനരായ ക്യൂബൻ ഫോട്ടോഗ്രാഫർമാർ പരിശീലിച്ചു പോന്ന ഭാവനാശൂന്യമായ മാതൃകകളിൽ നിന്നും വേറിട്ട് നിന്നു ആൽബെർട്ടോയുടെ ഫ്രേയ്മുകൾ. 'കോർബ സ്റ്റുഡിയോ' എന്നത് ഒരു ആർട്ട് സ്റ്റുഡിയോ ആയി മാറി. 

ആൽബെർട്ടോയുടെ കഴിവുകൾ തിരിച്ചറിഞ്ഞ ഫിദൽ കാസ്ട്രോ അദ്ദേഹത്തെ തന്റെ പേഴ്‌സണൽ ഫോട്ടോഗ്രാഫറായി നിയമിച്ചു. അവർക്കിടയിൽ പ്രതിഫലത്തെപ്പറ്റിയുള്ള ചർച്ചകളോ ഔദ്യോഗികമായ കോൺട്രാക്ടുകളോ ഒന്നുമുണ്ടായിരുന്നില്ല. അവർ തമ്മിൽ 'മുതലാളി-തൊഴിലാളി' ബന്ധവും ആയിരുന്നില്ല. അദ്ദേഹം എടുത്ത ഓരോ ചിത്രവും ക്യൂബൻ വിപ്ലവത്തിന്റെ തന്നെ അടയാളങ്ങളായി മാറി. അങ്ങനെ ഫാഷൻ ഫോട്ടോഗ്രാഫിയിൽ കുത്തഴിഞ്ഞ ജീവിതവും നയിച്ചുകൊണ്ടിരുന്ന ആൽബെർട്ടോയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായാണ് ക്യൂബൻ വിപ്ലവം കടന്നുവന്നത്. വിപ്ലവത്തിന്റെ വിജയം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിയെയും മാറ്റിമറിച്ചു. 1959 -ൽ തുടങ്ങിയ 'റവൊല്യൂഷൻ' എന്ന പത്രം അന്നത്തെ ക്യൂബയിലെ ഭാവനാശീലരായ ഫോട്ടോഗ്രാഫർമാർക്ക് കാര്യമായ സ്‌പേസ് തന്നെ വാഗ്ദാനം ചെയ്തപ്പോൾ ആൽബെർട്ടോയും  അതിനെ തന്റെ നിയോഗമായി കണക്കാക്കി അത് രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. 

'മരപ്പാവയേന്തിയ പെൺകുഞ്ഞ്', എന്ന പ്രസിദ്ധമായ കോർഡാ ഫോട്ടോഗ്രാഫ് 

അങ്ങനെ തന്റെ മുപ്പതാമത്തെ വയസ്സിൽ, നേതാക്കളുടെ ചിത്രങ്ങളും കാമറയിൽ പകർത്തിക്കൊണ്ട് വിപ്ലവത്തോടൊപ്പം തോളോട് തോൾ ചേർന്ന് പൊയ്ക്കൊണ്ടിരിക്കെയാണ് തന്റെ പ്രസിദ്ധമായ ' മരപ്പാവയേന്തിയ പെൺകുഞ്ഞ്' എന്ന ചിത്രം അതെന്റെ കാമറയിൽ പകർത്തുന്നത്. ദാരിദ്ര്യത്തിന്റെ പടുകുഴിയിലമർന്ന ജീവിതം ഒരു പാവക്കുട്ടിയെപ്പോലും തരാൻ കൂട്ടാക്കാതിരുന്നപ്പോൾ  പറമ്പിൽ നിന്നും കളഞ്ഞുകിട്ടിയ ഒരു മരക്കഷ്ണത്തെ പാവക്കുട്ടിയെന്ന് സങ്കൽപ്പിച്ച് നെഞ്ചോട് ചേർത്ത് നിൽക്കുന്ന ആ കുഞ്ഞ്, തെല്ലൊന്നുമല്ല ആൽബെർട്ടോയെ വേദനിപ്പിച്ചത്. അന്ന് ക്യാമറയിലേക്ക് പടർന്ന കണ്ണീർത്തുള്ളികൾ വിപ്ലവത്തിന്റെ കൂടെ നടന്ന്  സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെ പോരാടണം എന്ന് ആൽബെർട്ടോയെ ഓർമ്മിപ്പിച്ചു.  അദ്ദേഹം അന്നുമുതൽ വിപ്ലവ നേതാക്കളുടെ ചിത്രങ്ങൾ പകർത്താൻ തുടങ്ങി.  

'ഫിദൽ കാസ്ട്രോ നികിതാ ക്രൂഷ്‌ചേവുമൊത്ത് '

വളരെയധികം സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ സാധിച്ച ഒരു വിപ്ലവ ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം. സ്വന്തമായ ഒരു ഗതിവേഗത്തിൽ മാത്രമേ അദ്ദേഹം ജോലി ചെയ്തിരുന്നുള്ളൂ. അദ്ദേഹത്തിന് മേലെ ഒരു ഡെഡ് ലൈനും കൊണ്ടുവരാനോ അദ്ദേഹത്തെ സമ്മർദ്ദത്തിൽ ആഴ്ത്താനോ ഒരിക്കലും ആരും ശ്രമിച്ചില്ല.  അമേരിക്കയിലും സോവിയറ്റ് യൂണിയനിലും മറ്റും ഫിദലിന്റെ കൂടെ സഞ്ചരിച്ച് അദ്ദേഹം നിരവധി ചരിത്രപ്രധാനമായ ഫോട്ടോകൾ എടുക്കുകയുണ്ടായി. അത്തരത്തിലൊന്നായിരുന്നു പിൽക്കാലത്ത് സോവിയറ്റ് യൂണിയനിലെ കൊസാകസ്‌ പ്രവിശ്യയിലെ റിറ്റ്സാ തടാകക്കരയിൽ വെച്ച് ഫിദൽ കാസ്ട്രോയും നികിതാ ക്രൂഷ്‌ചേവും ചേർന്നുള്ള ചിത്രം. ഇക്കാലത്ത് ഫിദലിനെ നിരവധി ചിത്രങ്ങൾ ആൽബർട്ടോ എടുത്തുകൂട്ടി. അദ്ദേഹത്തിന്റെ ചിത്രങ്ങളെ രഹസ്യമായി ഇഷ്ടപ്പെട്ടിരുന്ന ഫിദലാണെങ്കിൽ ഫോട്ടോ എടുക്കുമ്പോഴൊന്നും അതിനെ എതിർത്തുമില്ല. 

1960 മാർച്ച് 5 ന് ൃ വൈകുന്നേരം ഹവാനയിലെ കോളൺ സെമിത്തേരിയിൽ  സംഘടിപ്പിച്ച, നൂറുപേരുടെ മരണാനന്തര ചടങ്ങുകളിലും വമ്പിച്ച പ്രകടനത്തിലും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത് അന്നത്തെ ഫിദൽ സർക്കാരിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഏർണസ്റ്റോ ചെഗുവേരയായിരുന്നു. അമേരിക്കയുടെ തീവ്രവാദപ്രവർത്തനങ്ങളെ അതി ശക്തമായി വിമർശിച്ചുകൊണ്ട് ഒരുഗ്രൻ പ്രസംഗം തന്നെ അന്ന് ചെഗുവേര അവിടെ നടത്തി. ആ ചടങ്ങിനിടെ ആൽബർട്ടോ  കോർഡ, താൻ ജോലി ചെയ്തിരുന്ന പത്രമായ 'റെവല്യൂഷനു' വേണ്ടി പകർത്തിയ തന്റെ ലെയ്‌ക്ക M2 കാമറയിലെ 90mm ലെൻസിലൂടെ, കൊഡാക്ക് പ്ലസ് എക്സ് പാൻ ഫിലിമിലാണ് ഈ ചിത്രം പകർത്തിയത്. അന്നത്തെ റാലിയിൽ പങ്കെടുത്ത ഫ്രഞ്ച് തത്വചിന്തകരും കടുത്ത ചെഗുവേര ആരാധകരുമായിരുന്ന ഴാങ്ങ് പോൾ സാർത്ര്, സിമോൺ ദി ബൂവേ എന്നിവരുടെ ചിത്രങ്ങളും അന്ന് ആൽബർട്ടോ തന്റെ കാമറയിൽ പകർത്തി. 

'വിശ്വപ്രസിദ്ധമായ ആ ചെഗുവേരാ ചിത്രം'

ഈ ഫോട്ടോയെപ്പറ്റിയുള്ള ഏറെ രസകരമായ ഒരു  വസ്തുത എന്താണെന്നറിയാമോ..? ഏതാണ്ട് മുപ്പതടിയോളം അകലെ നിന്നുകൊണ്ടാണ് ആൽബർട്ടോ ചെഗുവേരയുടെ രണ്ടു ചിത്രങ്ങൾ അടുപ്പിച്ച് ക്ലിക്ക് ചെയ്തത് . ആ  റോളിൽ തിരശ്ചീനമായി പതിഞ്ഞ  40 - മത്തെ ഫ്രെയിം ആയിരുന്നു ഈ ചിത്രം. പക്ഷേ, ആ ചിത്രത്തിന് ചെറിയൊരു ന്യൂനതയുണ്ടായിരുന്നു.  ചെഗുവേരയുടെ തോളിനു മുകളിലായി ആ പരിസരത്തുനിന്ന മറ്റാരുടെയോ തലയും പെട്ടുപോയി ഫ്രെയിമിൽ. അന്ന് തന്റെ ഫിലിം റോൾ പ്രോസസ്സ് ചെയ്ത് അതിലെ പടമെല്ലാം ആൽബർട്ടോ തന്റെ പത്രത്തിന് അയച്ചുകൊടുത്തു. അതിൽ നിന്നും ഫിദൽ കാസ്‌ട്രോയുടെയും, ഴാങ്ങ് പോൾ സാർത്രിന്റെയും സിമോൺ ദി ബൂവേയുടെയും ചിത്രങ്ങൾ മാത്രമാണ് പത്രം പ്രസിദ്ധീകരണത്തിനെടുത്തത്. ഈ ചിത്രം റിജെക്റ്റ് ചെയ്ത പത്രം അത് തിരിച്ച് അദ്ദേഹത്തിന് തന്നെ അയച്ചുകൊടുത്തു. 

എന്നാൽ വ്യൂഫൈൻഡറിലൂടെ ചെഗുവേരയുടെ ആ ഭാവം മനസ്സിൽ പതിഞ്ഞിരുന്ന കോർഡ അതിന്റെ പാർശ്വഭാഗത്ത് പെട്ടുപോയ ആ തലയെ ക്രോപ്പ് ചെയ്തുകളഞ്ഞ്, വലുതായി ഡെവലപ്പ് ചെയ്ത് തന്റെ മുറിയുടെ ചുവരിൽ പാബ്ലോ നെരൂദയുടെ ചിത്രത്തിനടുത്തായി ഫ്രെയിം ചെയ്ത് തൂക്കി. 

പിന്നീട് കോടിക്കണക്കിന് കോപ്പികളും സ്റ്റെൻസിലുകളും സ്‌ക്രീൻ പ്രിന്റുകളുമായി ലോകമെങ്ങും പ്രചരിച്ചു ചെഗുവേരയുടെ ഈ സുപ്രസിദ്ധ ചിത്രം. തന്റെ സഹോദരങ്ങൾ അമേരിക്കൻ അട്ടിമറിയിൽ കൊല്ലപ്പെട്ടതിന്റെ  ക്രോധവും അമർഷവും വേദനയും  ആ മുഖത്ത് പ്രകടമായിരുന്നുവെന്ന്  ആൽബർട്ടോ പിന്നീടും പലവുരു ഓർത്തെടുത്തിട്ടുണ്ട്. ഈ ഫോട്ടോയെടുക്കുന്ന സമയത്ത്  മുപ്പത്തൊന്നു വയസ്സായിരുന്നു ചെഗുവേരയുടെ പ്രായം. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും പ്രചാരത്തിൽ വന്ന ചിത്രമായി ഇത് മാറി. ഇതിന്റെ കോപ്പികൾ പെയിന്റിംഗ് ആയും, പ്രിന്റൗട്ട് ആയും, ഡിജിറ്റൽ രൂപത്തിലും, എംബ്രോയ്ഡറിയായും, പച്ചകുത്തിയും, സിൽക്ക് സ്‌ക്രീൻ ആയും, ശില്പങ്ങളായും, പെൻസിൽ സ്കെച്ചുകളായും,  എന്നുവേണ്ട,  ടാറിട്ട റോഡും ചുവരും മൊസയ്ക്കും അടക്കമുള്ള  ഒരുവിധം എല്ലാ പ്രതലങ്ങളിലുമായി കോടിക്കണക്കിനു തവണ പുനർനിർമ്മിക്കപ്പെട്ടു. ചിത്രങ്ങളുടെ ചരിത്രത്തിലെ മറ്റേതൊരു ചിത്രത്തേക്കാളും അധികം വട്ടം ഈ ചിത്രം പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ആൽബർട്ടോ കോർഡയുടെ വിഖ്യാതമായ ഈ ചിത്രം ലോകത്തിലെ ഒരുവിധം എല്ലാ ഭാഷകളിലേക്കും കടന്നു കേറിയിട്ടുണ്ട്. അതൊരു ആൽഫാ ന്യൂമെറിക്ക് സിംബലായും, ഹൈറോഗ്ലിഫായും, ഇൻസ്റ്റന്റ് സിംബലായും ഒക്കെ പുനരവതരിച്ചു. ലോകത്തെവിടെ എന്തുവിപ്ലവമുണ്ടായാലും അവിടെ ഒരു ചുവരെഴുത്തായെങ്കിലും ചെഗുവേരയുടെ ഈ രൂപം പ്രത്യക്ഷപ്പെട്ടു.  കടുത്ത കമ്യൂണിസ്റ്റുകാരനും മുതലാളിത്തത്തിന്റെ രൂക്ഷ വിമർശകനുമായ ആൽബെർട്ടോ ഈ ചിത്രത്തിന് ഒരിക്കലും അഞ്ചു കാശ് ആരോടും റോയൽറ്റിയായി ആവശ്യപ്പെട്ടില്ല. 

'സ്‌മിർണോഫിനെ കോടതി കയറ്റിയ ചെ പരസ്യം '

ഒരിക്കൽ, ഒരിക്കൽ മാത്രം അദ്ദേഹം ഒരു കമ്പനിയെ ഇതിന്റെ പേരിൽ കോടതി കയറ്റി. സ്മിർണോഫ് എന്ന പ്രസിദ്ധമായ മദ്യവിപണനകമ്പനി തങ്ങളുടെ പരസ്യത്തിൽ ചെഗുവേരയുടെ ഈ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചത് അദ്ദേഹത്തെ ചൊടിപ്പിച്ചു. അന്ന് ആ ചിത്രം സ്മിർണോഫിനു നൽകിയ ലോവ് ലിന്റാസ് എന്ന പരസ്യകമ്പനിയ്ക്കെതിരെ കോടതിയിൽ കേസിനുപോയി ഏകദേശം മുപ്പതുലക്ഷത്തോളം രൂപ നേടിയെടുത്തെങ്കിലും അദ്ദേഹം അതും ക്യൂബയിലെ ആരോഗ്യവകുപ്പിന് സംഭാവന ചെയ്യുകയാണുണ്ടായത്. 

'ജിം ഫിറ്റ്‌സ്‌പാട്രിക് തന്റെ  'സ്റ്റൈലൈസ്ഡ് ചെഗുവേര  ഇമേജി'നൊപ്പം '

1967 -ൽ ഐറിഷ് ആർട്ടിസ്റ്റായ ജിം ഫിറ്റ്‌സ്‌പാട്രിക് ആണ്, ഈ ഫോട്ടോഗ്രാഫിൽ നിന്നും, നമ്മൾ ഇന്ന് പല കൊടികളിലും പോസ്റ്ററുകളിലും ഫ്ളക്സുകളിലുമൊക്കെ കാണുന്ന പോലുള്ള 'സ്റ്റൈലൈസ്ഡ് ഇമേജ് ' സൃഷ്ടിക്കുന്നത്. അന്ന് ചുവപ്പും കറുപ്പും കളർ കോമ്പിനേഷനിൽ പ്രിന്റ് ചെയ്ത ശേഷം നെറ്റിയിലെ മഞ്ഞ നക്ഷത്രം കൈകൊണ്ടു വരച്ചു ചേർക്കുകയാണ് ഫിറ്റ്‌സ്‌പാട്രിക് ചെയ്തത്. എന്നിട്ട് അതിന്റെ ആയിരക്കണക്കിന് കോപ്പികളെടുത്ത് ലണ്ടനിൽ സൗജന്യമായി വിതരണം ചെയ്തു അദ്ദേഹം. ഫിറ്റ്‌സ്‌പാട്രിക് ആഗ്രഹിച്ചപോലെത്തന്നെ ആ ചിത്രം  പിന്നീട് മുയൽക്കുഞ്ഞുങ്ങളെപ്പോലെ പെറ്റുപെരുകി യൂറോപ്പിലെങ്ങും വിപ്ലവത്തിന്റെ പ്രതീകമായി നിറഞ്ഞു. 

എന്നാൽ പിൽക്കാലത്ത്, ചെഗുവേരയുടെ അകാലത്തിലുള്ള രക്തസാക്ഷിത്വത്തിന് ശേഷം, ആ ചിത്രത്തിന് കോപ്പിറൈറ്റ് സൂക്ഷിക്കാൻ ആൽബർട്ടോ കോർഡ കാണിച്ച അലസത മുതലെടുത്ത് പെട്ടിക്കടപ്രസ്സുകൾ മുതൽ മൾട്ടിനാഷണൽ കമ്പനികൾ വരെ ഈ ചിത്രം പുനർ നിർമിച്ച് പണം വാരി. 2004-ൽ വാൾട്ടർ സാൽസിന്റെ ചെഗുവേരയുടെ ജീവിതം പ്രമേയമായ പ്രസിദ്ധ ചിത്രം 'മോട്ടോർസൈക്കിൾ ഡയറീസ് '  റിലീസായ ശേഷം യുവാക്കൾക്കിടയിൽ ഈ തരംഗം വീണ്ടും അലയടിച്ചു. അതിനും മുമ്പുതന്നെ 1997  ചെഗുവേരയുടെ അഞ്ചു ജീവചരിത്രങ്ങൾ ഒന്നിച്ചു പുറത്തിറങ്ങിയപ്പോൾ തന്നെ അതിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ആയിടെ ഒരു ബൊളീവിയൻ ജനറലിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് അന്വേഷിച്ചുപിടിച്ച് ബൊളിവിയയിലെ  വാലെഗ്രാൻഡ് എയർ സ്ട്രിപ്പിനടുത്തു നിന്നും ചെഗുവേരയുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെടുത്തതും ചെഗുവേരയേ തരംഗത്തിന് പുതുജീവൻ പകർന്നിരുന്നു. 

'മുണ്ടുടുത്ത ചെഗുവേര' 

ഇവിടെ ഇന്ത്യയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഫേവറിറ്റ് പോസ്റ്റർ ബോയാണ് ഇന്നും ചെഗുവേര. ഒരുകാലത്ത് ചെഗുവേരയുടെ വീരകഥകളിൽ ആകൃഷ്ടരായാണ് കേരളത്തിലെ പരശ്ശതം യുവാക്കൾ കമ്യൂണിസ്റ്റു പോരാട്ടങ്ങളുടെ കനൽവഴികളിലേക്ക് എടുത്തുചാടിയത്. പോസ്റ്ററിലെങ്കിലും ചെഗുവേരയുടെ സാന്നിധ്യമില്ലാതെ  ഇന്നും ഒരു ബ്രാഞ്ച് കമ്മിറ്റി സമ്മേളനം പോലും നടക്കില്ല കേരളത്തിൽ.  നമ്മുടെ വിപ്ലവത്തിന്റെ അനശ്വര രക്തസാക്ഷിയായ സഖാവ് വർഗീസ് അറിയപ്പെടുന്നതും 'കേരള ചെഗുവേര' എന്ന വിളിപ്പേരിലാണ്. ബിനാലെയുടെ  'ഗസ്സ് ഹൂ' കാലത്ത്  മുണ്ടും മടക്കിക്കുത്തി നിൽക്കുന്ന ചെഗുവേരയെ വരെ നമ്മൾ കണ്ടു. ആ ആവേശങ്ങൾക്കൊക്കെ തിരികൊളുത്തിയത് 1960 -ൽ വളരെ അലക്ഷ്യമായി ക്ലിക്ക് ചെയ്ത, പത്രാധിപർ നിരസിച്ച് തിരിച്ചയച്ച,  ചെഗുവേരയുടെ ആ അപൂർവ്വസുന്ദരമായ ചിത്രം തന്നെയായിരുന്നു

click me!