കൂകൂകൂകൂം തീവണ്ടി, ചക്രമില്ലാ തീവണ്ടി, ചീറിപ്പായും തീവണ്ടി ഇത് ചൈനക്കാരുടെ തീവണ്ടി!

By Web TeamFirst Published Jan 20, 2021, 10:09 AM IST
Highlights

ചക്രങ്ങളില്ലാത്ത ട്രെയിനുമായി ചൈന. വേഗത മണിക്കൂറിൽ 620 കിലോമീറ്റർ

മണിക്കൂറിൽ 620 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള പുതിയ അതിവേഗ ട്രെയിനുമായി ചൈന. സൗത്ത്‌വെസ്റ്റ് ജിയോങ്‌ടോങ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ അതിവേഗ ട്രെയിന്‍ വികസിപ്പിച്ചെടുത്തതെന്നും ട്രെയിന്റെ പ്രോട്ടോടൈപ്പാണ് ചൈന ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ട്രെയിനിന് ചക്രങ്ങളില്ല. പകരം കാന്തങ്ങളുടെ സഹായത്തോടെയാണ് ഇത് ട്രാക്കിലൂടെ പായുക. മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ ട്രെയിന്‍ എന്നാണ് ഈ സാങ്കേതികവിദ്യയുടെ പേര്. ഹൈ-ടെമ്പറേച്ചര്‍ സൂപ്പര്‍കണ്ടക്ടിങ്ങ് ടെക്‌നോളജിയെ അടിസ്ഥാനമാക്കിയാണ് ഇതിന്‍റെ പ്രവര്‍ത്തനം.  ഇത് ട്രെയിൻ കാന്തിക ട്രാക്കുകളിൽ പൊങ്ങിക്കിടക്കുന്നതായി തോന്നിപ്പിക്കുകയും വേഗതയേറിയതും ഘർഷണരഹിതവുമായ യാത്ര അനുവദിക്കുകയും ചെയ്യുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ട്രെയിനിന്‍റെ ഈ 69 അടി പ്രോട്ടോടൈപ്പ് ബുധനാഴ്‍ചയാണ് അനാച്ഛാദനം ചെയ്‍തത്. സൂപ്പര്‍കണ്ടക്ടര്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഈ ട്രെയിന്‍ പരമ്പരാഗത ട്രെയിനുകളെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ സില്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. കാന്തത്തിന്റെ സഹായത്തോടെ ട്രാക്കിലൂടെ നീങ്ങുന്നതിനാല്‍ വളരെ പെട്ടെന്ന് തന്നെ ഉയര്‍ന്ന വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് ചൈന അവകാശപ്പെടുന്നത്. മാത്രമല്ല ചക്രങ്ങള്‍ ഉപയോഗിച്ചുള്ള ട്രെയിനില്‍ അനുഭവപ്പെടുന്ന ഘര്‍ഷണം ഇതില്‍ ഉണ്ടാവില്ലെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്. 

എന്നാല്‍ പുതിയ ട്രെയിന്‍ പ്രവർത്തനക്ഷമമാകുന്നതിന് കുറച്ച് സമയമെടുക്കും. അടുത്ത മൂന്ന് മുതൽ പത്ത് വർഷത്തിനുള്ളിൽ ഇത് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.

നഗരങ്ങൾ തമ്മിൽ അതിവേഗ ബന്ധം സ്ഥാപിക്കാനുള്ള ചൈനയുടെ പദ്ധതിയുടെ ഭാഗമാണ് പുതിയ ട്രെയിൻ. നിലവില്‍ 620 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതായത് ഇത്തരമൊരു ട്രെയിന്‍ ലണ്ടനും പാരീസും തമ്മിലുള്ള യാത്രാ സമയം വെറും 47 മിനിറ്റായി കുറയ്ക്കും. ഭാവിയില്‍ ഈ ട്രെയിനിന് 800 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!