പാക്കിസ്ഥാന്‍ ഇനിയും വിറയ്ക്കും, കാരണം ഇന്ത്യയുടെ ഈ വജ്രായുധം ചൈനീസല്ല!

By Web TeamFirst Published Feb 26, 2019, 6:14 PM IST
Highlights

ഇതാ ഇന്ത്യ 'വജ്ര' എന്ന് ഓമനപ്പേരിട്ടിരിക്കുന്ന മിറാഷ് പോര്‍ വിമാനങ്ങളുടെ ചില പ്രത്യകതകള്‍. 

ഇന്ത്യയുടെ അപ്രതീക്ഷിത തിരിച്ചടിയില്‍ അക്ഷരാര്‍ത്ഥത്തില്‍ വിറച്ചിരിക്കുകയാണ് പാക്കിസ്ഥാനും അതിര്‍ത്തിയിലെ ഭീകരക്യാമ്പുകളും. രാജ്യത്തിന്‍റെ കരുത്തില്‍ അഭിമാനത്തിന്‍റെ നെറുകിലാണ് ഇപ്പോള്‍ ഓരോ രാജ്യസ്‍നേഹിയും. ഇന്ത്യന്‍ സൈന്യത്തിനൊപ്പം തോളോടുതോള്‍ ചേര്‍ന്നുനിന്ന് രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തിയത് മിറാഷ് യുദ്ധവിമാനങ്ങളാണ്. ഇന്ത്യ 'വജ്ര' എന്ന് ഓമനപ്പേരിട്ടിരിക്കുന്ന മിറാഷിനൊപ്പം സുഖോയ് യുദ്ധ വിമാനങ്ങളും ഇന്നത്തെ പ്രത്യാക്രമണത്തില്‍ പങ്കാളികളായി. പന്ത്രണ്ട് വിമാനങ്ങള്‍ നാല് ഗ്രൂപ്പുകളായി തിരഞ്ഞാണ് പാക് അധീന കാശ്മീരിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഈ മിറാഷ് വിമാനങ്ങളുടെ ചില പ്രത്യകതകള്‍ എന്തെന്ന് നോക്കാം.

1.  ഇന്ത്യയുടെ വജ്ര
ഫ്രാന്‍സിലെ ദസോള്‍ട്ട് ഏവിയേഷനാണ് മിറാഷിന്റെ നിര്‍മാതാക്കള്‍. 23 ദശലക്ഷം ഡോളറിന് 1984 ജൂണിലാണ് ദസോള്‍ട്ട് എവിയേഷനില്‍ നിന്നും ഇന്ത്യ മിറാഷ് വിമാനങ്ങള്‍ വാങ്ങുന്നത്. 1985 മുതല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ മിറാഷിന് വജ്ര എന്നാണ് ഇന്ത്യൻ വ്യോമസനേ ഇട്ടിരിക്കുന്ന പേര്. ജലന്ദറിലെ അദംപൂര്‍ എയര്‍ഫോഴ്സ് സ്റ്റേഷനാണ് ആസ്ഥാനം. അമ്പതോളം മിറാഷ് 2000 നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. 

2. കാര്‍ഗിലിലെ കുന്തമുന
1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യൻ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ് 2000. കാര്‍ഗിലിന് ശേഷം ഇതാദ്യമായാണ്‌ വ്യോമസേന ആക്രമണത്തിന് മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. 

3. ഭാരവാഹക ശേഷി
ലേസര്‍ ഗൈഡഡ് ബോംബുകള്‍, ന്യൂക്ലിയാര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന മിറാഷിന് 6.3 ടണ്‍ ഭാരം വാഹിക്കാനുള്ള ശേഷിയുണ്ട്. 14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവും 9.13 മീറ്റര്‍ വിങ്‌സ്പാനുമാണ് മിറാഷിനുള്ളത്. മിറാഷ് 2000 ത്തിന് പുറമേ,  ആധുനിക സംവിധാനങ്ങളുള്ള  മിറാഷ് 2000H സിംഗിള്‍ സീറ്റര്‍, മിറാഷ് 2000TH ട്വിന്‍ സീറ്റര്‍ എന്നീ രണ്ട് പതിപ്പിലുള്ള മിറാഷ് 2000 ഇന്ത്യയുടെ കൈവശമുണ്ട്. 

4. ലേസര്‍ ബോംബുകള്‍
ലേസര്‍ ഗൈഡഡ് ബോംബുകളുപയോഗിച്ച് കൃത്യതയോടെ ലക്ഷ്യസ്ഥാനം തക‍ര്‍ക്കാനാകും എന്നതാണ് ഈ ഫ്രഞ്ച് നിര്‍മ്മിത പോര്‍ വിമാനത്തിന്‍റെ സവിശേഷത. ലേസര്‍ ഗൈഡഡ് ബോംബുകള്‍ വര്‍ഷിക്കുന്ന ഇന്ത്യയുടെ പക്കലുള്ള ചുരുക്കം ചില പോര്‍വിമാനങ്ങളിലൊന്നാണ് മിറാഷ് 2000. ഇസ്രയേലില്‍ നിന്നാണ് ലേസര്‍ ഗൈഡഡ് ബോംബുകള്‍ ഇന്ത്യ സ്വന്തമാക്കിയത്. പിന്നീട് ഡിആര്‍ഡിഒ വികസിപ്പിച്ചു. 450 കിലോ വരെയുള്ള ബോബുകള്‍ 9 കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ വര്‍ഷിക്കാം

5. ബോംബ് ശേഖരം
ആയിരം കിലോ ബോംബ് ഓരോ പോര്‍ വിമാനത്തിലും ശേഖരിച്ച് വയ്ക്കാൻ സാധിക്കും. ആണവായുധങ്ങളും മിറാഷ് വിമനങ്ങളില്‍ ഉപയോഗിക്കാനാകും.  വെളിച്ചമില്ലാത്ത സ്ഥലത്ത് ശത്തുവിനെ കൃത്യമായി കണ്ടെത്തി ബോംബ് വര്‍ഷിച്ച് മിന്നല്‍വേഗത്തില്‍ മിറാഷ് തിരികെയെത്തും. 

6. അത്യാധുനിക സൗകര്യങ്ങള്‍
നൈറ്റ് വിഷന്‍ സൗകര്യമുള്ള ഗ്ലാസ് കോക്പിറ്റ്, മള്‍ട്ടി മോഡ് മള്‍ട്ടി ലെയേര്‍ഡ് റഡാര്‍, ഇന്റഗ്രേറ്റഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് തുടങ്ങിയ നിരവധി അത്യാധുനിക സൗകര്യങ്ങള്‍ മിറാഷിലുണ്ട്. നാലാംതലമുറ ജെറ്റ് ഫൈറ്റായ മിറാഷിന് സ്‌നേക്മ M53P2 ടര്‍ബോഫാന്‍ എന്‍ജിനാണ് കരുത്ത് പകരുന്നത്. 

7. മിന്നല്‍ വേഗത
വായുവിലൂടെ മണിക്കൂറില്‍ 2336 കിലോമീറ്ററാണ് മിറാഷിന്റെ പരമാവധി വേഗത. ഇന്ത്യയ്ക്ക് പുറമേ ഫ്രാന്‍സ്, ബ്രസീല്‍, ഖത്തര്‍, ഈജിപ്ത്, ഗ്രീസ്, തായ്‌വാന്‍, പെറു, യുഎഇ എന്നീ രാജ്യങ്ങള്‍ നിലവില്‍ മിറാഷ് പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 

8. അമേരിക്കയുടെ എഫ് 16 വിറയ്ക്കും
പാകിസ്ഥാന് അമേരിക്ക നിര്‍മ്മിച്ച് നല്‍കിയ എഫ് 16 എഫ് 18 യുദ്ധവിമാനങ്ങളേ നന്നായി പ്രതിരോധിക്കാനാകും എന്നതാണ് മിറാഷ് 2000ന്‍റെ ഏറ്റവും വലിയ പ്രത്യേക. ഇന്നത്തെ ആക്രമണത്തിന് വ്യോമസേന മിറാഷിനെ തെരഞ്ഞെടുത്തതും എഫ് 16 ന്‍റെ പ്രത്യാക്രമണ സാധ്യത മുന്നില്‍ കണ്ടാണ്.

click me!