ഫാന്‍സി നമ്പര്‍ ലേലം; സര്‍ക്കാരിന് അക്കിടി, ഉടമയ്ക്ക് മെഗാ ബമ്പര്‍!

By Web TeamFirst Published Apr 9, 2019, 12:14 PM IST
Highlights

 തിരുവനന്തപുരം ആര്‍.ടി. ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലേലത്തുക.

തിരുവനന്തപുരം: സാധരാണയായി ഫാന്‍സി നമ്പര്‍ ലേലം വിളിയിലൂടെ ലക്ഷങ്ങളുടെ ലാഭമാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. പ്രത്യേകിച്ചും ഒന്നാം നമ്പര്‍ ഉള്‍പ്പെടെയുള്ള ലേലങ്ങള്‍ക്ക് വാശിയേറിയ ലേലം വിളിയാവും പലപ്പോഴും നടക്കുക. അപ്പോള്‍ തുക പിന്നെയും ഉയരും. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെ.എല്‍. 01 സി.എല്‍ 01 എന്ന നമ്പറിനു വേണ്ടി നടന്ന ലേലംവിളി ഉടമയ്ക്ക് ലോട്ടറിയടിച്ച പോലെയായി. വെറും ഒരു ലക്ഷം രൂപയ്ക്കാണ് ഈ ഫാന്‍സി നമ്പര്‍ വിറ്റുപോയത്. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ വത്സലന്‍ ആണ് ആ ഭാഗ്യവാന്‍.

ലേലവ്യവസ്ഥകള്‍ കര്‍ശനമാക്കിയശേഷം തിരുവനന്തപുരം ആര്‍.ടി. ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലേലത്തുകയാണ് ഇത്തവണ കിട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് തൊട്ടുമുമ്പ് കെ.എല്‍ 01 സി.കെ 01 എന്ന നമ്പരിന് വേണ്ടി നടത്തിയ ലേലത്തില്‍ 31 ലക്ഷം രൂപയാണ് സര്‍ക്കാരിന് ലഭിച്ചത് എന്നതാണ് ശ്രദ്ധേയം. 

ഫാന്‍സി നമ്പര്‍ ലേലം വിളി രാജ്യവ്യാപകകേന്ദ്രിത വാഹനരജിസ്ട്രേഷന്‍ സംവിധാനമായ വാഹനിലേക്ക് മാറിയശേഷം ആദ്യമായിട്ടായിരുന്നു ഒന്നാംനമ്പര്‍ ബുക്കുചെയ്യാന്‍ അവസരമുണ്ടായത്. ഇതു തന്നെയാണ് ഉടമയെ തുണച്ചതും. ലേലത്തിനായി അരുണ്‍ മാത്രമാണ് ബുക്ക് ചെയ്‍തിരുന്നത്. അതായത് വെല്ലുവിളിയൊന്നുമില്ലാതെ ലേലം അരുണ്‍ സ്വന്തമാക്കിയെന്ന് ചുരുക്കം.  

തിങ്കളാഴ്ച നടന്ന ഓണ്‍ലൈന്‍ ലേലം ആകെ സര്‍ക്കാരിന് ഫലത്തില്‍ നഷ്‍ടക്കച്ചവടമായി. 98 നമ്പരുകള്‍ ലേലം ചെയ്തപ്പോള്‍ അടിസ്ഥാന വിലയ്ക്ക് പുറമെയായി ലഭിച്ചത് 1.93 ലക്ഷം രൂപ മാത്രം. സി.എല്‍. ശ്രേണിയിലെ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ഉള്‍പ്പെടെ ആവശ്യക്കാര്‍ ഏറെയുള്ള നമ്പരുകളെല്ലാം ലേലം ചെയ്‌തെങ്കിലും സര്‍ക്കാരിന് കാര്യമായ ലാഭമൊന്നും ലഭിച്ചില്ല. സി കെയിലെ 9999 ഉള്‍പ്പെടെയുള്ള നമ്പരുകള്‍ കാര്യമായ മത്സരമില്ലാതെ ലേലത്തില്‍പോയെന്നതും ശ്രദ്ധേയം. 

പുതിയ സോഫ്റ്റ്വേര്‍ സംവിധാനത്തിലേക്ക് മാറുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പമാണ് നമ്പര്‍ ലേലത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പല ഉപഭോക്താക്കള്‍ക്കും ഓണ്‍ലൈന്‍ ലേലത്തിലെ പരിചയക്കുറവും സര്‍ക്കാരിന് നഷ്‍ടക്കച്ചവടമായി. അരുണ്‍ വത്സലന്‍ സ്വന്തമാക്കിയ സി.എല്‍. 01 നുവേണ്ടി മറ്റു ചിലര്‍ രംഗത്തുണ്ടായിരുന്നെങ്കിലും അവര്‍ക്ക് നമ്പര്‍ ബുക്ക് ചെയ്യാന്‍ സാധിച്ചില്ല. 

ഓണ്‍ലൈന്‍ നമ്പര്‍ ബുക്കിങ്ങിനുവേണ്ട പ്രധാന രേഖ താത്കാലിക പെര്‍മിറ്റാണ്. എന്നാല്‍ വാഹന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നിനുമുമ്പ് ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട് മൂവ് എന്ന സോഫ്റ്റ് വെയറില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‍തതാണ് ഇവര്‍ക്ക് വിനയായത്.  സ്മാര്‍ട്ട് മൂവില്‍ വിതരണം ചെയ്ത താത്കാലിക പെര്‍മിറ്റ് വാഹന്‍ സംവിധാനത്തില്‍ ഈ താത്കാലിക പെര്‍മിറ്റ് സ്വീകരിക്കാത്തതിനാലാണ് പലര്‍ക്കും പിന്മാറേണ്ടി വന്നത്. എന്തായാലും പുതിയ സംവിധാനം നിലവില്‍ ഉടമകള്‍ക്ക് ലാഭവും സര്‍ക്കാരിന് നഷ്‍ടക്കച്ചടവടവുമായിരിക്കുകയാണ്. 

click me!