ആനവണ്ടിക്കേസില്‍ കര്‍ണാടകയെ കുടുക്കിയത് സിഐഡി നസീറും ഷീലയുടെ ഇന്‍റലിജന്‍സും!

By Web TeamFirst Published Jun 5, 2021, 4:06 PM IST
Highlights

കര്‍ണാടകയുമായുള്ള കേസില്‍ കേരളത്തെ ജയിപ്പിച്ചത് അരനൂറ്റാണ്ട് പഴക്കമുള്ള മലയാളത്തിലെ ആദ്യ റോഡ് മൂവി

ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും എംബ്ലവും  മാത്രമല്ല 'ആനവണ്ടി' എന്ന പേരും കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ചു കൊണ്ട്  കഴിഞ്ഞ ദിവമാണ് ട്രേഡ് മാർക്ക്‌ ഓഫ് രജിസ്ട്രി ഉത്തരവിറക്കിയത്. കര്‍ണ്ണാടകയുടെ ട്രാന്‍സ്‍പോര്‍ട്ട് കോര്‍പ്പറേഷനെ തറപറ്റിച്ചാണ് കെഎസ്ആര്‍ടിസി എന്ന പേര് സംസ്ഥാനം സ്വന്തമാക്കിയത്. ഇനി ഈ പേര് കര്‍ണ്ണാടകയുടെ പൊതുഗതാഗത സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. 

(കെഎസ്‍ആര്‍ടിസി - ഫയല്‍ചിത്രം)

എന്നാല്‍ ഈ ഉത്തരവിനെതിരെ കര്‍ണ്ണാടകം രംഗത്തെത്തിക്കഴിഞ്ഞു. കെഎസ്ആർടിസിയെന്ന പേര് മാറ്റില്ലെന്ന് കർണാടകം. തങ്ങളുടെ ഹർജിയില്‍ അന്തിമവിധിയൊന്നും ഇതുവരെ വന്നിട്ടില്ലെന്നും, കേരളത്തിന്‍റെ അവകാശവാദങ്ങൾ വസ്തുതാപരമായി തെറ്റാണെന്നും കർണാടക പറയുന്നത്. ട്രേഡ്‍മാർക്ക് രജിസ്ട്രിയുടെ വിധി ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കെഎസ്ആർടിസിയെന്ന പേര് തുടർന്നും ഉപയോഗിക്കും. ഇതിന് നിയമപരമായി യാതൊരു തടസവുമില്ലെന്നാണ് കേരളത്തിന്‍റെ അവകാശവാദങ്ങൾ നിഷേധിച്ചുകൊണ്ട് കർണാടക ആർടിസി എംഡി നിരത്തുന്ന വാദങ്ങള്‍.

(ചിത്രം - കര്‍ണാടക ആര്‍ടിസി)

എന്നാല്‍ കെഎസ്ആർടിസി എന്ന പേര് കർണാടകത്തിന് വിട്ടു നല്‍കാനാകില്ലെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാക‍ർ ആവർത്തിക്കുന്നു. വരുമാനത്തെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. നയപരമായി വിഷയം കർണാടകത്തെ അറിയിക്കുമെന്നും ആവശ്യമെങ്കില്‍ സെക്രട്ടറി തലത്തിലും മന്ത്രിതലത്തിലും ചർച്ച നടത്തുമെന്നും ബിജു പ്രഭാകർ പറയുന്നു. ഇനി ഈ സംഭവങ്ങള്‍ അവിടെ നില്‍ക്കട്ടെ. പല കേസുകളും തോല്‍ക്കുന്ന കേരളവും കെഎസ്‍ആര്‍ടിസിയും ഈ കേസില്‍ ജയിച്ചതിനു പിന്നില്‍ ഒരു സിനിമാക്കഥയുണ്ട്. അത് അരനൂറ്റാണ്ട് പഴക്കമുള്ള 'കണ്ണൂര്‍ ഡീലക്സ്' എന്ന മലയാളത്തിലെ ആദ്യ റോഡ് മൂവിയുടെ കഥയാണ്. ഈ സിനിമയും കെഎസ്‍ആര്‍ടിസിയുടെ കേസും തമ്മില്‍ എന്ത് ബന്ധമെന്ന് ചിലര്‍ ചിന്തിക്കുന്നുണ്ടാകും. ആ കഥകളിലേക്ക് വരുന്നതിന് മുമ്പ് ഈ സിനിമാക്കഥ ആദ്യം കേള്‍ക്കാം.

സിഐഡി നസീറും ഇന്‍റലിജന്‍റ് ഷീലയും
1969ൽ പുറത്തിറങ്ങിയ കണ്ണൂർ ഡീലക്സ് എന്ന സിനിമ മലയാളികള്‍ അത്രയെളുപ്പം മറക്കാനിടയില്ല. തൈപ്പൂയക്കാവടിയാട്ടം, എത്ര ചിരിച്ചാലും, തുള്ളിയോടും തുടങ്ങി ശ്രീകുമാരന്‍ തമ്പി - ദക്ഷിണാമൂര്‍ത്തി കൂട്ടുകെട്ടിന്‍റെ ഹിറ്റ് പാട്ടുകളുമായിട്ടായിരിക്കും ഈ ബസ് പലരുടെയും മനസിലേക്ക് ഓടിയെത്തുന്നത്. വി ദേവന്‍റെ കഥയില്‍, എസ്‍എല്‍ പുരത്തിന്‍റെ തിരക്കഥയില്‍ എബി രാജിന്‍റെ സംവിധാനത്തില്‍ പ്രേംനസീറും ഷീലയും അടൂർ ഭാസിയും തകർത്തഭിനയിച്ച ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ത്രില്ലറാണ് കണ്ണൂർ ഡീലക്സ്. ഒരുപക്ഷേ മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി. ടി ഇ വാസുദേവനായിരുന്നു നിര്‍മ്മാണം.

1969 മെയ് 16 നായിരുന്നു സിനിമയുടെ റിലീസ്. തിരുവനന്തപുരം - കണ്ണൂർ ബസിലെ ഒരു മോഷണവും മറ്റുമായിരുന്നു കഥ. ചേർത്തലയിൽ നടന്ന യഥാർത്ഥ സംഭവമായിരുന്നു മൂലകഥ. വീട്ടുകാർ ഉറപ്പിച്ച നിർബന്ധ വിവാഹം ഒഴിവാക്കാൻ  ജയശ്രീ (ഷീല)എന്ന യുവതി വീടുവിട്ടിറങ്ങുന്നതും കെബി പിള്ള (ജികെ പിള്ള) യുടെ വീട്ടിൽ അഭയം തേടുന്നതും തുടർന്നുണ്ടാകുന്ന സംഭവ പരമ്പരകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

പിള്ളയുടെ കമ്പനിയിൽ അക്കൗണ്ടന്റായി നിയമിക്കപ്പെട്ട ജയശ്രീ (ഷീല) മുതലാളി കോഴിക്കോട്ടെ കൂട്ടാളിക്ക് നൽകാൻ ഏല്‍പ്പിച്ച 25,000 രൂപയുമായി കണ്ണൂർ ഡീലക്സിൽ യാത്ര തിരിക്കുന്നു. കേരളത്തിലെ യാത്രക്കാരുടെ ഒരു പരിഛേദം തന്നെ ഈ ബസിലൂടെ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു. ബിസിനസുകാർ, കച്ചവടക്കാർ തുടങ്ങിയവര്‍. തുളു മലയാളം പറയുന്ന ശങ്കരാടിയുടെ കമ്മത്ത്. ജയശ്രീയെ അനുഗമിക്കുന്ന വില്ലനായി കോട്ടയം ചെല്ലപ്പൻ. കൊല്ലം വരെ യാത്ര ചെയ്യാൻ ഗോപാലകൃഷ്ണൻ (ജോസ് പ്രകാശ് ). ബസ് കണ്ടക്ടറായി നെല്ലിക്കോട് ഭാസ്ക്കരൻ.

(ചിത്രം - പഴയ കണ്ണൂര്‍ ഡീലക്സ് ബസ്)

യാത്രയ‌്‌ക്കിടെ കള്ളൻ ഗോപാലകൃഷ്ണൻ (ജോസ്‌പ്രകാശ്) ജയശ്രീയുടെ ബാഗ് അടിച്ചു മാറ്റി വഴിക്ക് ഇറങ്ങിപ്പോകുന്നു. ജയശ്രീ കണ്ടക്‌ടറെ (നെല്ലിക്കോട് ഭാസ്‌കരൻ) വിവരം അറിയിച്ചു. പരിശോധിച്ചപ്പോൾ ഒരു യാത്രക്കാരനെ കാണാനില്ല. ബുദ്ധിമാനായ കണ്ടക്ടർ അതിസമർത്ഥമായി ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നു. കണ്ടക്ടറും ഡ്രൈവറും തങ്ങളുടെ റോളുകൾ പരസ്പരം വച്ചു മാറുന്നു. കണ്ണൂർ ബോർഡ് മാറ്റി പകരം തിരുവനന്തപുരം ബോർഡ് വച്ച് വണ്ടി വന്ന വഴിക്ക് തിരിച്ചു വിട്ടു.  അങ്ങനെ കണ്ണൂർ ഡീലക്സ് തിരിച്ച് തിരുവനന്തപുരത്തേയ്ക്ക് യാത്രയായി. പ്രതീക്ഷിച്ച പോലെ ഗോപാലകൃഷ്‍ണൻ റോഡരികിൽ കാത്തുനിന്ന് ബസിന് കൈ കാണിച്ചു. ബോർഡിൽ തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള സർവീസാണെന്ന് ബോധ്യപ്പെട്ടു. ബസിൽ കയറി കുറച്ചു കഴിഞ്ഞപ്പോൾ താൻ കുടുങ്ങിയെന്ന് അയാള്‍ തിരിച്ചറിഞ്ഞു. 

കായംകുളത്തുവച്ച് പൊലീസ് കള്ളനെ അറസ്റ്റ് ചെയ്‌തു. അക്കാലത്ത് ചേർത്തലയിൽ നിന്നും പത്രവാർത്തയായി വന്ന ഒരു യഥാർത്ഥ സംഭവമാണ് ചിത്രത്തിലെ മോഷ്‍ടാവിനെ കുരുക്കാൻ ഉപയോഗിച്ച പദ്ധതി. പക്ഷേ കള്ളനെ കൈമാറിയെങ്കിലും സിനിമ തീര്‍ന്നില്ല. സ്റ്റേഷനിലെ പരിശോധനയിൽ പൊലീസ്  കള്ളനോട്ട് കണ്ടെത്തി. തുടര്‍ന്ന് ബസ് യാത്രികര്‍ അറിയാതെ കള്ള നോട്ട് സംഘാംങ്ങളെ കണ്ടു പിടിയ്ക്കാന്‍ പൊലീസ് ഒരുക്കുന്ന തന്ത്രങ്ങളാണ് പിന്നീട് കണ്ണൂർ ഡീലക്സിനെ ഒരു ത്രില്ലറാക്കുന്നത്. 

(സിനിമയിലെ ഒരു രംഗം)

കള്ളനെ കൈമാറിയ ശേഷം കായംകുളത്തു നിന്ന് വീണ്ടും കോഴിക്കോട്ടേക്ക് തിരിക്കുന്ന ബസിൽ മാനസികാസ്വാസ്ഥ്യമുള്ള ഒരു നമ്പൂതിരിയും (നസീർ) സിൽബന്തി ചന്തുവും (അടൂർ ഭാസി) കയറുന്നു. ഇരുവരും വേഷം മാറിയ സിഐഡികളാണ്. കോഴിക്കോട്ടെത്തിയ അവർ കള്ളനോട്ട് സംഘത്തെ കുടുക്കുന്നു. എന്നാല്‍ വീണ്ടുമൊരു ആന്‍റി ക്ലൈമാക്സോടെയാണ് സിനിമ അവസാനിക്കുന്നത്. ഷീല എന്ന  ജയശ്രീ കേന്ദ്ര ഇന്റലിജൻസ് ഓഫീസറാണെന്ന് കൂടി വെളിപ്പെടുന്നതായിരുന്നു ആ ആന്‍റി ക്ലൈമാക്സ്. മികച്ച പാട്ടുകളും മറ്റുമായി രണ്ടര മണിക്കൂർ ബോറടിപ്പിക്കാത്ത സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു കണ്ണൂര്‍ ഡീലക്സ്. 

ഒറിജിനല്‍ കണ്ണൂർ ഡീലക്സ്
ഈ സിനിമ ഷൂട്ട് ചെയ്‌തത് കെഎസ്ആർടിസിയുടെ നിത്യഹരിത ബസ് സർവീസായ കണ്ണൂർ ഡീലക്സിലായിരുന്നു.   1967 ൽ കന്നിയാത്ര ചെയ്‍ത ബസിനെ അന്നത്തെ ഗതാഗത മന്ത്രി ഇമ്പിച്ചി ബാവയായിരുന്നു ഫ്‌ളാഗ് ഓഫ് ചെയ്‍തത്. തിരുവനന്തപുരം ഡിപ്പോയിൽ നിന്നായിരുന്നു ആദ്യ സർവീസ്. കണ്ണൂർ ഡിപ്പോ തുടങ്ങിയപ്പോൾ സര്‍വ്വീസ് അങ്ങോട്ട് മാറ്റി. കണ്ണൂരിൽ നിന്ന് വൈകിട്ട് 5.30ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 6ന് തിരുവനന്തപുരത്ത് എത്തും. അവിടെ നിന്ന് വൈകിട്ട് 6.30ന് പുറപ്പെട്ട് പിറ്റേദിവസം  രാവിലെ കണ്ണൂരിൽ. ഏകേദശം അരലക്ഷം രൂപ വരെയാണ് പ്രതിദിന കളക്‌ഷൻ. ഇക്കാലത്തിനിടെ പേരുകേട്ട പല സർവീസുകളും കെഎസ്ആർടിസി അവസാനിപ്പിച്ചു. പക്ഷേ കണ്ണൂർ ഡീലക്സ് നസീറിനെയും ഷീലയെയും പോലെ യാത്രക്കാരുടെ നിത്യ ഹരിത കാമുകിയും കാമുകനുമായി ഇന്നും ഓടിക്കൊണ്ടേയിരിക്കുന്നു. അന്ന് 28 സീറ്റുള്ള ബെൻസ് ബസായിരുന്നെങ്കില്‍ ഇപ്പോൾ ടാറ്റയുടെ ബസാണെന്ന വ്യത്യാസം മാത്രം. 

(കണ്ണൂര്‍ ഡീലക്സ് - വിവിധ കാലങ്ങളില്‍)

കര്‍ണാടകയ്ക്ക് പണി കൊടുത്ത കണ്ണൂര്‍ ഡീലക്സ്
ഇനി ഈ ബസിനും സിനിമയ്ക്കും ട്രേഡ് മാര്‍ക്ക് കേസില്‍ എന്താണ് കാര്യമെന്ന് നോക്കാം. കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ആന വണ്ടി എന്ന പേരും കേരളത്തിന്‌ സ്വന്തമായതിന് പിന്നിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന്റെ കഥയുണ്ട്. കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനും കേരളവും തമ്മിലുള്ള നിയമം പോരാട്ടം തുടങ്ങുന്നത് 2014 മുതലാണ്. 1965ലാണ് കേരളത്തിൽ കെഎസ്ആർടിസി രൂപീകരിക്കുന്നത്. 1970കളില്‍ കർണാടക ട്രാൻസ്പോർട്ട് കോർപറേഷനും രൂപീകരിക്കപ്പെട്ടു.  ചെന്നൈ ട്രേഡ് മാർക്ക്സ് രജിസ്ട്രിയിൽ കർണാടകയും സമാനമായ പേര് രജിസ്റ്റർ ചെയ്‍തു. പക്ഷേ 1965 ൽ രൂപീകരിച്ചെങ്കിലും കാര്യമായ തെളിവുകളൊന്നും കേരളത്തിന്‍റെ കൈവശം ഉണ്ടായിരുന്നില്ല. വാദങ്ങളുടെ ആദ്യ ഘട്ടങ്ങളില്‍ കയ്‍പുനീര്‍ കുടിച്ചെങ്കിലും പഴമയുടെ തെളിവു ഹാജരാക്കുക എന്ന ശ്രമകരമായ ദൗത്യം കെഎസ്ആര്‍ടിസിയുടെ എറണാകുളം ലോ സെക്‌ഷൻ വെല്ലുവിളിയായിത്തന്നെ ഏറ്റെടുത്തു. 

കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനു മുൻപു തന്നെ കേരളത്തിൽ ട്രാൻസ്പോർട്ട് കോർപറേഷൻ നിലവിലുണ്ടെന്നു തെളിയിക്കുകയായിരുന്നു കേസിൽ കെഎസ്ആർടിസിക്കു മുന്നിലുള്ള വലിയ വെല്ലുവിളി. ഇതിന് കേരളത്തെ സഹായിക്കുന്നതിലാണ് കണ്ണൂര്‍ ഡീലക്സ് സിനിമ മുഖ്യ പങ്ക് വഹിച്ചത്. എറണാകുളം ബസ് സ്റ്റാൻഡിലായിരുന്നു ഈ സിനിമയുടെ മുഖ്യ ലൊക്കേഷന്‍. ഒരു കെഎസ്ആർടിസി ബസിനെ ചുറ്റിപ്പറ്റിയുള്ള കഥയായതിനാൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരം വരെയുള്ള കണ്ണൂർ ഡീലക്സ് ബസിലായിരുന്നു സിനിമയുടെ ചിത്രീകരണം. 

അതുകൊണ്ടു തന്നെ കർണാടകവുമായുള്ള കേസിൽ പ്രധാന തെളിവുകളിലൊന്നായി ഈ സിനിമയുടെ സിഡി ഹാജരാക്കി കേരളം. പണ്ട് കാലത്ത് ബസുകളിൽ കെഎസ്ആർടിസി എന്ന് എഴുതാറുണ്ടായിരുന്നില്ല. ട്രാൻസ്പോർട്ട് ബസ് എന്നു മാത്രമാണ് അറിയപ്പെട്ടിരുന്നത്. സിനിമയിൽ രണ്ട് ആനകൾ ചേർന്നുള്ള ലോഗോയും ബസും ബസ് സ്റ്റാന്റ് പരിസരവും വ്യക്തമായി കാണാം. ബസിനുള്ളിലും സ്റ്റാൻഡ് പരിസരങ്ങളിലും ചിത്രീകരിച്ച സീനുകൾക്കു പുറമേ രണ്ട് ആനകൾ ചേർന്ന ലോഗോയും ‘ഡീലക്സ് എക്സ്പ്രസ്’ എന്ന എഴുത്തും സിനിമയിൽ വ്യക്തമാണ്. ഇതൊക്കെ കേരളത്തിന്‍റെ വാദത്തിന് കൂടുതല്‍ കരുത്തു പകര്‍ന്നു. 

(സിനിമയിലെ ഒരു രംഗം)

സിനിമ മാത്രമല്ല, പഴയ തീയതികളും അന്നത്തെ മന്ത്രിമാരുടെ പേരും രേഖപ്പെടുത്തിയ ശിലാഫലകങ്ങളുമൊക്കെ കേസില്‍ കേരളത്തെ സഹായിക്കാനെത്തി. 1965 മുതൽ മലയാളത്തിലെ പല സാഹിത്യ രചനകളിലും ലേഖനങ്ങളിലും കെഎസ്ആർടിസി ബസിനെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്.  വിവിധ ഡിപ്പോകളുടെ ചുവരിലിരുന്ന, 1965 മുതലുള്ള റിട്ടയർമെന്‍റ് പടങ്ങൾ, അരനൂറ്റാണ്ടിലേറെ പഴക്കമുള്ള സാഹിത്യ രചനകളിൽ കെഎസ്ആർടിസി ബസുകളെക്കുറിച്ചുള്ള പരാമർശങ്ങൾ,  മുൻ മന്ത്രിമാരായ ലോനപ്പൻ നമ്പാടന്റെയും ആർ.ബാലകൃഷ്‍ണ പിള്ളയുടെയും പുസ്‍തകങ്ങളിലെ കെഎസ്ആർടിസിയെ കുറിച്ചുള്ള പരാമർശങ്ങള്‍ തുടങ്ങിയവയെല്ലാം തെളിവുകളായി കണ്ണൂര്‍ ഡീലക്സിനൊപ്പം വണ്ടി കയറി ചെന്നൈയിലെ ട്രേഡ് മാർക്ക്‌ ഓഫ് രജിസ്ട്രിയില്‍ സാക്ഷിപറയാനെത്തി.

 (കെഎസ്ആര്‍ടിസി ഫയല്‍ ചിത്രം)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!