'കൊല്ലെടാ' ബസുകള്‍ക്കിത് ചക്കരക്കുടം; ചങ്കുരുകി ഈ ബസുകളും യാത്രികരും!

By Web TeamFirst Published Jan 16, 2020, 2:43 PM IST
Highlights

സുരേഷ് കല്ലട ബസിലെ യാത്രികരായ യുവാക്കളെ ബസ് മുതലാളിയുടെ ഗുണ്ടകള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവമാണ് ഈ സാഹചര്യത്തില്‍ പല യാത്രികരും ചൂണ്ടിക്കാട്ടുന്നത്. 

തിരുവനന്തപുരം: ആഡംബര ബസുകൾക്ക് പെര്‍മിറ്റും മാനദണ്ഡങ്ങളുമൊക്കെ ഒഴിവാക്കി നിരത്തുകള്‍ തുറന്നുനല്‍കാനുള്ള  കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് വന്‍കിട സ്വകാര്യബസ് ഉടമകള്‍ കയ്യടിക്കുമ്പോള്‍ ചങ്കിടിപ്പോടെ ഒരു കൂട്ടം യാത്രികരും കെഎസ്‍ആര്‍ടിസിയും ഇടത്തരം സ്വകാര്യ ബസുടമകളും. പെർമിറ്റില്ലാതെ ഓടാൻകഴിയുന്ന വിധത്തിൽ കേന്ദ്രമോട്ടോർവാഹന നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം നടപ്പിലായാല്‍ കുത്തകയാക്കുന്ന റൂട്ടുകളില്‍ വന്‍കിട സ്വകാര്യ ബസുടമകളുടെ കൊള്ളയാകും നടക്കുക എന്ന ആശങ്കിയലാണ് ഒരുവിഭാഗം യാത്രക്കാര്‍. 

ഓര്‍മ്മയില്ലേ 'കൊല്ലെടാ' ആക്രോശങ്ങള്‍?
സുരേഷ് കല്ലട ബസിലെ യാത്രികരായ യുവാക്കളെ ബസ് മുതലാളിയുടെ ഗുണ്ടകള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവമാണ് ഈ സാഹചര്യത്തില്‍ പല യാത്രികരും ചൂണ്ടിക്കാട്ടുന്നത്. ഈ സംഭവത്തോടെയാണ് അന്തര്‍സംസ്ഥാന ബസുകളുടെ വന്‍ നിയമലംഘനങ്ങള്‍ പുറംലോകം അറിയുന്നത്.  2019 ഏപ്രിൽ 21-നായിരുന്നു സുരേഷ് കല്ലട ഗ്രൂപ്പിന്റെ തിരുവനന്തപുരം - ബംഗളൂരു ബസിലെ യാത്രക്കാരെ ജീവനക്കാരും ഗുണ്ടകളും ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറംലോകം അറിയുന്നത്. തുടര്‍ന്ന് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തിറങ്ങി. 

പക്ഷേ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചതുള്‍പ്പെടെ തുടര്‍ന്നും പുതിയ അക്രമങ്ങള്‍ നടത്തി കല്ലട ബസുകാര്‍ തന്നെ സര്‍ക്കാരിനെ വെല്ലുവിളിച്ചു. പണിമുടക്കും നടത്തി. ഇപ്പോള്‍ ഈ ബസുകള്‍ക്കെതിരെയുള്ള പരിശോധനകളെല്ലാം ഏറെക്കുറേ നിലച്ചമട്ടാണ്. ഈ സാഹചര്യത്തില്‍ പുതിയ നിയമം കൂടി നടപ്പിലായാല്‍ ഇത്തരം ബസുടമകളെയും ഗുണ്ടകളായ ജീവനക്കാരെയും കയറൂരി വിടുന്നതിന് സമാനമാണെന്ന ഭീതിയിലാണ് ഭൂരിഭാഗം യാത്രികരും. നിലവിലെ നിയമം വച്ചുപോലും ഈ ബസുകളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ കേന്ദ്രത്തിന്‍റെ പുതിയ നിയമം കൂടി നടപ്പിലായാല്‍ എന്താകും അവസ്ഥ എന്നാണ് ഈ യാത്രിക്കാര്‍ ചോദിക്കുന്നത്. 

നെഞ്ചിടിച്ച് കെഎസ്ആര്‍ടിസിയും ഇടത്തരം ബസുടമകളും
പുതിയ നിയമം കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുമേഖലാ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെയും ഇടത്തരം സ്വകാര്യ ബസ് സര്‍വ്വീസുകളുടെയുമൊക്കെ അന്ത്യത്തിനു തന്നെ കാരണമായേക്കുമെന്നും ആശങ്ക ഉയരുന്നുണ്ട്. കെഎസ്ആർടിസിക്കു മാത്രമായി ഓടാൻ അനുവദിച്ച ദേശസാത്കൃത സ്‌കീമിനും പുതിയ നീക്കം ഭീഷണിയാകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആർടിസിയുടെ ദിവസ വരുമാനത്തിന്റെ സിംഹഭാഗവും നൽകുന്നത് 1200 ദീർഘദൂര ബസുകളാണ്. ഇവയുടെ വരുമാനം കുറഞ്ഞാൽ കരകയറുക അസാധ്യമാകും. 

നിലവില്‍ സംസ്ഥാനത്തിനുള്ളിൽ ദീർഘദൂര ബസുകൾ ഓടിക്കണമെങ്കിൽ നിശ്ചിത കിലോമീറ്ററുകൾക്കുള്ളിൽ ബസ് സ്റ്റാൻഡും യാത്രക്കാർക്ക് വിശ്രമസൗകര്യവും വേണം. ഇതിന് കെഎസ്ആർടിസിക്കു മാത്രമാണു കഴിയുക. എന്നാല്‍ പുതിയ ഭേദഗതിയിലൂടെ കെഎസ്ആർടിസിയെ സംരക്ഷിക്കാൻ സംസ്ഥാനസർക്കാർ നടപ്പാക്കിയ ഈ ഫ്ളീറ്റ് ഓണർ നിയമത്തെ അനായാസം മറികടക്കാന്‍ വന്‍കിട സ്വകാര്യബസുടമകള്‍ക്ക് സാധിക്കും. 

പുതിയ ഭേദഗതിയോടെ അന്തര്‍ സംസ്ഥാന പാതകളിൽ ഓടുന്ന സ്വകാര്യബസുകൾക്കെല്ലാം സംസ്ഥാനത്തിനുള്ളിലും ഓടാനാകും. ഏസി ബസുകൾ എന്ന നിബന്ധനയുള്ളതിനാൽ സംസ്ഥാനത്തെ സ്വകാര്യ സ്റ്റേജ് ക്യാരേജുകൾക്ക് ഈ നിയമം പ്രയോജനപ്പെടില്ല. ബസ് ബോഡി കോഡിലെ മാനദണ്ഡം നിർബന്ധമാക്കിയിരിക്കുന്നതിനാൽ മിനി ബസുകൾക്കും ട്രാവലറുകൾക്കുമൊന്നും ഈ ആനുകൂല്യം ലഭിക്കുകയുമില്ല. ഫലത്തില്‍ സംസ്ഥാനത്തെ ഇടത്തരം ബസുടമകള്‍ക്ക് വന്‍തിരിച്ചടിയാകും പുതിയ നിയമം. 

കീശ കീറുന്ന നേട്ടം
പുതിയ നിയമം മികച്ച യാത്രാസൗകര്യം ലഭിക്കുമെന്ന് വാദിക്കുന്ന യാത്രക്കാരുമുണ്ട്. എന്നാല്‍ നിരക്കിന്‍റെ പേരില്‍ നടക്കുന്ന കടുത്ത കൊള്ളയെക്കുറിച്ച് ഇവര്‍ ബോധവാന്മാരല്ലെന്ന് മറുവിഭാഗം പറയുന്നു. അന്തര്‍സംസ്ഥാന പാതകളിലെ സ്വകാര്യ ആഡംബര ബസുകൾക്ക് അംഗീകൃതടിക്കറ്റ് നിരക്കില്ല. തിരക്കിനനുസരിച്ച് കൂട്ടിയും കുറച്ചുമാണ് അവർ ടിക്കറ്റ് തുക ഈടാക്കുന്നത്. നിലവിൽ ഇവരെ സർക്കാർ നിയന്ത്രിക്കുന്നത്  പെർമിറ്റില്ലാതെ ഓടുന്നതിന്റെ പേരിൽ കേസെടുത്തും മറ്റുമാണ്. എന്നാല്‍ പെർമിറ്റ് ആവശ്യമില്ലെന്നുവന്നാൽ ഈ ബസുകളുടെ മേല്‍ സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്നും പറയുന്ന പണം നല്‍കി സഞ്ചരിക്കേണ്ടി വരുമെന്നും ആശങ്കപ്പെടുന്നവര്‍ ഏറെയാണ്. അത്യാവശ്യത്തിന് സഞ്ചരിക്കേണ്ട സാധരാണക്കാരെയാകും ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും യാത്രികര്‍ പറയുന്നു. 

സംസ്ഥാന സര്‍ക്കാരിനും പുതിയ ഭേദഗതി നഷ്‍ടക്കച്ചവടമാകും. നിലവിൽ ഏകദേശം  ആയിരം ബസുകൾ കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കു സർവീസ് നടത്തുന്നുണ്ട്. പെർമിറ്റ് ഇല്ലാതാകുന്നതോടെ കൂടുതൽ എസി ബസുകൾ സംസ്ഥാനന്തര സർവീസും നടത്തും. കേന്ദത്തിന്റെ ഒരു രാജ്യം ഒരു നികുതി എന്ന തീരുമാനം കൂടി നടപ്പിലാകുന്നതോടെ ബസുകൾ കടന്നുപോകുന്ന ഒരോ സംസ്ഥാനത്തും നികുതി നൽകണമെന്ന നിയമവും ഇല്ലാതാകും. ഇപ്പോൾ തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു  പോകുന്ന ബസുകൾ മൂന്നു സംസ്ഥാനങ്ങളിലായി ഒരു ക്വാർട്ടറിൽ ( മൂന്നു മാസം)ഏകദേശം നാലര ലക്ഷം രൂപയോളം നികുതി നൽകുന്നുണ്ട്.

കരട് റെഡി
പുതിയ നിയമത്തിനുള്ള കരട് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇതനുസരിച്ച് 22 സീറ്റുകളിൽ കൂടുതലുള്ള ലക്ഷ്വറി ഏസി ബസുകൾക്ക് സംസ്ഥാനസർക്കാരിന്റെ അനുമതിയില്ലാതെ റൂട്ട് ബസായി ഓടാം.  കുറഞ്ഞതു 22 പുഷ്ബാക് സീറ്റും നാല് എമർജൻസി എക്സിസ്റ്റുകളുമുള്ള എഐഎസ് നിലവാരത്തിലുള്ള ബസുകൾക്കാണു കേന്ദ്രമോട്ടോർ വാഹന മന്ത്രാലയം ഇളവ് അനുവദിച്ചിരിക്കുന്നത്. ബസ് ബോഡി കോഡ് പ്രകാരം കേന്ദ്ര ഉപരിതല മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ആഡംബര ബസുകളെ പെർമിറ്റ് വ്യവസ്ഥ ബാധകമായ സെക്‌ഷൻ 66-ൽനിന്ന് ഒഴിവാക്കുമെന്നാണ് കരടിലുള്ളത്. 

നിലവില്‍ രണ്ടുതരം പെർമിറ്റുകളാണ് ഈ ബസുകൾക്കു ബാധകം. ഒന്ന് റൂട്ട് ബസുകൾക്കുള്ള സ്റ്റേജ് കാരേജും മറ്റേത് കോൺട്രാക്ട്‌ കാരേജും.  നിലവില്‍ സംസ്ഥാനത്തെ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തണമെങ്കില്‍ സ്റ്റേജ് കാര്യേജ് പെർമിറ്റ് വേണമെന്ന നിബന്ധനയാണ് സ്വകാര്യ ലക്ഷ്വറി ബസുകൾക്ക് തടസമാകുന്നത്. റൂട്ട് നിശ്ചയിച്ച് നിരക്ക് പ്രഖ്യാപിച്ച് ഓരോ പോയന്റിൽനിന്നും യാത്രക്കാരെ കയറ്റിക്കൊണ്ടു പോകാനുള്ളതാണ് സ്റ്റേജ് കാര്യേജ് പെർമിറ്റ്.  ഒരു ബസിന് ടിക്കറ്റു നൽകി യാത്രക്കാരെ കൊണ്ടുപോകണമെങ്കിൽ നിലവിലെ നിയമം അനുസരിച്ച് സ്റ്റേജ് കാര്യേജ് പെർമിറ്റ് തന്നെ വേണം. സ്റ്റേജ് കാര്യേജ് പെർമിറ്റിൽ പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്താനുള്ള അധികാരവും സംസ്ഥാനത്തിനുണ്ട്. 

എന്നാല്‍ കരാര്‍ അടിസ്ഥാനത്തിൽ ഒരു സ്ഥലത്തുനിന്നു യാത്രക്കാരെ കൂട്ടത്തോടെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാനുള്ള കോൺട്രാക്ട് കാര്യേജ് പെർമിറ്റ് മാത്രമാണ് നിലവില്‍ ആഡംബര ബസുകള്‍ക്ക് നൽകുന്നത്.  ഈ പെര്‍മിറ്റ് അനുസരിച്ച് റൂട്ട്, സമയം, പെർമിറ്റ്, ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം സംസ്ഥാനസർക്കാരാണ് നിശ്ചയിക്കുന്നത്. ഈ നിയമത്തില്‍ തന്നെ വെള്ളം ചേര്‍ത്തും വളച്ചൊടിച്ചുമാണ് പല സ്വകാര്യ അന്തര്‍സംസ്ഥാന ബസുകളും സര്‍വ്വീസ് നടത്തുന്നത്. പുതിയ ഭേദഗതി കൂടി നടപ്പിലായാല്‍ ഈ കോൺട്രാക്റ്റ് ക്യാരേജ് ബസുകൾക്ക് അവർ നിശ്ചയിക്കുന്ന റോഡുകളിലൂടെ ഏത് സമയത്തും ഓടാനാകും. കോൺട്രാക്ട്‌ കാര്യേജ് പെർമിറ്റുകളിൽ നിന്നും ആഡംബര ബസുകളെ ഒഴിവാക്കുമ്പോൾ ഇവയെ എങ്ങനെ നിയന്ത്രിക്കുമെന്നതും സംസ്ഥാനങ്ങളെ ആശങ്കയിലാഴ്‍ത്തുന്നു.

എതിര്‍ക്കാന്‍ സംസ്ഥാനങ്ങള്‍, നേരിടാന്‍ കേന്ദ്രം
പുതിയ ഭേഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച ഗതാഗത മന്ത്രി ഏ കെ ശശീന്ദ്രന്‍ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ കരട് വിജ്ഞാപനത്തിനെതിരെ കടുത്ത എതിർപ്പ് കേന്ദ്രത്തെ അറിയിക്കാൻ തീരുമാനമുണ്ടാകും. കരട് ഭേദഗതിക്കെതിരേ 30 ദിവസത്തിനുള്ളിൽ ആക്ഷേപം നൽകണം.  കേന്ദ്രതീരുമാനത്തെ 16 സംസ്ഥാനങ്ങൾ എതിർക്കും എന്നാണ് സൂചന. കെഎസ്ആർടിസിയെപ്പോലെ പൊതുമേഖലയിൽ ട്രാൻസ്‌പോർട്ടിങ് കോർപ്പറേഷനുകളുള്ള സംസ്ഥാനങ്ങൾക്ക് ഭേദഗതി അംഗീകരിക്കാനാകില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽപ്പോലും സ്വന്തം ആർടിസി.കളെ ബാധിക്കുന്ന ഭേദഗതിക്കെതിരേ പ്രതിഷേധം ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  തമിഴ്‌നാട്, കർണാടകം, ഹരിയാണ, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കരട് ഭേദഗതിയെ എതിർക്കാനിടയുണ്ട്.  അതേസമയം വിജ്ഞാപനത്തെ സംസ്ഥാനങ്ങൾ എതിർത്താൽ എങ്ങനെ നേരിടണം എന്ന് ആലോചിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയും ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചിരുന്നു.

click me!