വരുന്നൂ പെട്രോളും ഡീസലും വേണ്ടാത്ത സെല്‍റ്റോസ്!

By Web TeamFirst Published Dec 23, 2019, 10:08 PM IST
Highlights

നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്.  

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ ആദ്യവാഹനമാണ് സെല്‍റ്റോസ് എസ്‌യുവി. ഈ വാഹനത്തിന്‍റെ ഇലക്ട്രിക് പതിപ്പ് 2020 ഓടെ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. കിയയുടെ സഹോദരസ്ഥാപനമായ ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹനം കോനയുമായി കരുത്ത് പങ്കിട്ടായിരിക്കും സെല്‍റ്റോസിന്റെ ഇലക്ട്രിക് പതിപ്പ് എത്തുകയെന്നാണ് അഭ്യൂഹങ്ങള്‍. 

39.2 കിലോവാട്ട് ബാറ്ററിയും 134 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കുമേകുന്ന മോട്ടോറുമാണ് കോനയുടെ ഹൃദയം. ഇതിനുപുറമെ, 64 കിലോവാട്ട് ബാറ്ററി നല്‍കിയിട്ടുള്ള കോനയും എത്തിയിട്ടുണ്ട്. 201 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഈ പതിപ്പില്‍ നല്‍കിയിട്ടുള്ളത്. 

ഏഷ്യന്‍ നിരത്തുകളില്‍ മാത്രമായിരിക്കും സെല്‍റ്റോസ് ഇവി എത്തുകയെന്നാണ് പ്രാഥമിക വിവരം. കിയയുടെ ജന്മനാടായ ദക്ഷിണ കൊറിയയിലായിരിക്കും ഇലക്ട്രിക് സെല്‍റ്റോസ് ആദ്യമെത്തുക. ഇതിനുപിന്നാലെ തന്നെ ഇന്ത്യയിലും ചൈനയിലൂം ഈ വാഹനം എത്തിക്കാനാണ് നിര്‍മാതാക്കള്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. നവംബര്‍ മാസം 14005 സെല്‍റ്റോസാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയത്. ഇതോടെ ഇന്ത്യന്‍ നിരത്തുകളില്‍ സെല്‍റ്റോസിന്റെ 40,000 യൂണിറ്റ് എത്തിയെന്ന് കിയ പറയുന്നു.

കിയയുടെ ആദ്യ മോഡല്‍ തന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലാണെന്നതും പ്രത്യേകതയാണ്. ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളാണ് വാഹനത്തിനുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുമുണ്ട്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്‍പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്‍മിഷനുകള്‍. 

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്‍സി, എച്ച്എസി, വിഎസ്എം തുടങ്ങിയവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. ഇതിനൊപ്പം റെയിന്‍ സെന്‍സിങ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പും നിരവധി സെന്‍സറുകളുമുണ്ട്. യുവിഒ കണക്ട് സാങ്കേതികവിദ്യയിലൂടെ 37 ഓളം സ്‍മാര്‍ട്ട് ഫീച്ചറുകളുണ്ട് വാഹനത്തില്‍. നാവിഗേഷന്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, വെഹിക്കിള്‍ മാനേജ്‌മെന്റ്, റിമോട്ട് കണ്‍ട്രോള്‍, കണ്‍വീനിയന്‍സ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് 37 ഫീച്ചറുകള്‍. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. 

കിയയുടെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനവും നിരത്തിലെത്താനുള്ള ഒരുക്കത്തിലാണ്. QYi എന്ന കോഡ് നമ്പര്‍ നല്‍കി നിര്‍മാണം ആരംഭിച്ച ഈ വാഹനം 2020-ന്റെ അവസാന പാദത്തോടെ നിരത്തുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലാറ്റ്‌ഫോം, എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ എന്നിവ ഹ്യുണ്ടായി വെന്യുവില്‍ നിന്ന് കടമെടുത്തായിരിക്കും കിയ QYi എത്തുക. എതിരാളികളികളുടെ ഡിസൈനില്‍നിന്ന് മാറി പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന സ്‌റ്റൈലും സൗകര്യങ്ങളും ഈ വാഹനത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് സൂചനകള്‍.

click me!