Latest Videos

മാസികയില്‍ അയാളൊരു നഗ്നചിത്രം കണ്ടു, പിന്നീട് അതൊരു കരുത്തനായി റോഡിലിറങ്ങി!

By Web TeamFirst Published May 15, 2020, 12:07 PM IST
Highlights

അന്ന് കളർ ഫോട്ടോകോപ്പിയർ മെഷീൻ ഇറങ്ങിയകാലമാണ്. ഗലൂസിയുടെ ഓഫീസിലും ഒരെണ്ണമുണ്ടായിരുന്നു. മാഗസിനിൽ അച്ചടിച്ചുവന്ന ആ ചിത്രം ഫോട്ടോകോപ്പി എടുത്തു അദ്ദേഹം

തൊണ്ണൂറുകളിൽ ഇറങ്ങിയ ഒരു മോഡൽ ബൈക്ക്, ഇന്നും വിപണിയിൽ പുതിയ വേരിയന്റുകൾ ഇറക്കി സജീവമായി തുടരുക. ആലോചിക്കാൻ തന്നെ പ്രയാസമാകും അത്. ഇന്ത്യയിൽ ഒരു പക്ഷേ ആ ഫീൽ തരുന്നത് നോർമൽ സെഗ്മന്റിൽ ഉള്ള സ്‌പ്ലെൻഡർ മാത്രമായിരിക്കും. എന്നാൽ, പ്രീമിയം സ്പോർട്സ് ബൈക്കുകൾ പ്ലാസ്റ്റിക് ബോഡിയുടെ ആഡംബരത്തിൽ മുങ്ങി പുറത്തിറങ്ങിയിരുന്ന എൺപതുകളുടെ അവസാനത്തിൽ, ഹോണ്ട ഹറിക്കെയ്ൻ പോലുള്ള 'ബൾക്കി' ബൈക്കുകൾ അരങ്ങുവാണിരുന്ന കാലത്ത്  അവതരിപ്പിക്കപ്പെട്ട 'നേക്കഡ്' ഡിസൈൻ വലിയ വിപ്ലവകരമായ ഒന്നായിരുന്നു. ഇന്ന് 'ഡുക്കാട്ടി മോൺസ്റ്റർ' എന്നറിയപ്പെടുന്ന ആ ബൈക്കിന്റെ ഡിസൈനിനു പിന്നിൽ ഒരു രസകരമായ കഥയുണ്ട്.

 

 

മോൺസ്റ്ററിന്റെ ഡിസൈൻ സങ്കൽപം ഉദിച്ചത് ഇറ്റാലിയൻ ഡിസൈനറായ മിഗ്വേൽ ഗലൂസിയുടെ തലച്ചോറിലാണ്. അദ്ദേഹം അന്ന് ഹോണ്ടയ്ക്കുവേണ്ടി കാറുകൾ ഡിസൈൻ ചെയ്തുകൊണ്ടിരുന്ന കാലമാണ്. കാർ ഡിസൈൻ അദ്ദേഹത്തെ ബോറടിപ്പിക്കാൻ തുടങ്ങിയിരുന്നു. ഡിസൈനിൽ തുടങ്ങി, ടെസ്റ്റിംഗ്, അപ്പ്രൂവൽ സ്റ്റേജുകൾ കഴിഞ്ഞ് സേഫ്റ്റി ക്ലിയറൻസ് ഒക്കെ കിട്ടി പുറത്തിറങ്ങുമ്പോഴേക്കും പത്തുവര്ഷമെങ്കിലും കഴിയുമായിരുന്നു അന്ന്. അങ്ങനെ ആകെ മനംമടുത്ത് ഗലൂസി ഇരുന്ന കാലത്താണ് ഹോണ്ടയുടെ മേധാവിയായിരുന്ന സോയിച്ചിറോ ഹോണ്ടക്ക് ഇറ്റലിയിൽ ഒരു ബൈക്ക് ഡിസൈൻ സ്റ്റുഡിയോ തുടങ്ങണം എന്ന മോഹമുദിക്കുന്നത്. ഇറ്റലിയിൽ നിന്നുള്ള പല കമ്പനികളും മോട്ടോർ ബൈക്ക് രംഗത്ത് മുന്നേറ്റം നടത്തിക്കൊണ്ടിരിക്കെ, അതിന്റെ രഹസ്യം ഇറ്റലിയിൽ തന്നെ ഡിസൈൻ സ്റ്റുഡിയോ തുറന്ന് എങ്ങനെയും പഠിച്ചെടുക്കുക എന്നതായിരുന്നു ഹോണ്ടയുടെ ഉദ്ദേശ്യം. 1987 -ൽ ആ ലാബിലെ ലീഡ് ഡിസൈനറായിട്ടാണ് ഗലൂസി മിലാനിലെത്തുന്നത്.

 

 

മോൺസ്റ്ററിന്റെ കഥ തുടങ്ങുന്നത് ഒരു ജാപ്പനീസ് മോട്ടോർസൈക്കിൾ മാഗസിനിലെ സെന്റർ സ്പ്രെഡിൽ നിന്നാണ്. മിഗ്വേൽ ഗലൂസി ഹോണ്ടയ്ക്കുവേണ്ടി CB600F2 പോലുള്ള ബൈക്കുകൾ ഡിസൈൻ ചെയ്തുകൊണ്ടിരുന്ന കാലം. അന്നൊരു ദിവസം ഒരു ജാപ്പനീസ് മോട്ടോർസൈക്കിൾ മാഗസിന്റെ താളുകൾ മറിച്ചുകൊണ്ടിരുന്ന ഗലൂസിയുടെ കണ്ണ് എഞ്ചിനും ഷാസിയും ഒഴികെ മറ്റെല്ലാം അഴിച്ചെടുത്ത ഒരു 'ഡുക്കാട്ടി 851' ബൈക്കിൽ പതിഞ്ഞു. അന്ന് കളർ ഫോട്ടോകോപ്പിയർ മെഷീൻ ഇറങ്ങിയകാലമാണ്. ഗലൂസിയുടെ ഓഫീസിലും ഒരെണ്ണമുണ്ടായിരുന്നു. മാഗസിനിൽ അച്ചടിച്ചുവന്ന ബൈക്കിന്റെ ചിത്രം ഫോട്ടോകോപ്പി എടുത്ത ഗലൂസി ആ നഗ്നമായ ഷാസി യുടെ മോഡൽ അടിസ്ഥാനമാക്കി, അതിന്മേൽ ഒരു ബൈക്കിന് അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം കൂട്ടിച്ചേർത്ത് ഏറെക്കുറെ 'നേക്കഡ്' എന്നുതന്നെ വിളിക്കാവുന്ന ഒരു ബൈക്ക് ഡിസൈൻ വരച്ചുതീർത്തു. അന്ന് പതിവുണ്ടായിരുന്ന പ്ലാസ്റ്റിക് ബോഡി ഡിസൈൻ ഫിലോസഫിയിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള ഒരു 'വിപ്ലവ'ഡിസൈൻ ആയിരുന്നു അത്. 

 

 

" ഒരു മോട്ടോർസൈക്കിൾ ഭ്രാന്തന്റെ മനസ്സിനുള്ളിൽ ബൈക്ക് എന്നുപറഞ്ഞാൽ, ആകെ വേണ്ടത് ഒരു പെട്രോൾ ടാങ്ക്, ഒരു സീറ്റ്, ഒരു എഞ്ചിൻ" അത്രയും മാത്രമാണ്. അങ്ങനെ ഒരു 'നേക്കഡ്' ബൈക്കിനെക്കുറിച്ചുള്ള തന്റെ ഭ്രാന്തൻ ആശയവും അതിന്റെ പ്രിലിമിനറി സ്കെച്ചുകളും ഗലൂസി പലവട്ടം ഹോണ്ട മാനേജ്‌മെന്റിന് മുന്നിൽ അവതരിപ്പിച്ചു എങ്കിലും അവർ അതൊക്കെ തള്ളി. അദ്ദേഹം, പിന്നീട് ഡുക്കാട്ടിയുടെ മാതൃസ്ഥാപനമായ കാജിവയിൽ (ഡുക്കാട്ടി എൺപതുകളുടെ തുടക്കത്തിൽ പാപ്പരായപ്പോൾ കാസ്റ്റിഗ്ലിയോണി സഹോദരന്മാരുടെ 'കാജിവ' എന്ന സ്ഥാപനം ഡുക്കാട്ടിയെ ഏറ്റെടുക്കുകയാണുണ്ടായത്) ഡിസൈനറായി ചേർന്നപ്പോൾ വീണ്ടും ഈ സങ്കൽപം പൊടി തട്ടിയെടുത്തു.  

കമ്പനിയുടെ ഷെൽഫുകളിൽ വിശ്രമിച്ചിരുന്ന സ്പെയർ പാർട്സുകൾ മാത്രം പ്രയോജനപ്പെടുത്തി ഗലൂസി തന്റെ ആദ്യത്തെ 'നേക്കഡ് ബൈക്ക്' പ്രോട്ടോടൈപ്പ് ഉണ്ടാക്കിയെടുത്തു. ആദ്യമായി അപ്പർ മാനേജ്‌മെന്റിനെ തന്റെ പ്രോട്ടോടൈപ്പ് ഡിസൈൻ കാണിച്ചപ്പോൾ കിട്ടിയ പ്രതികരണം അദ്ദേഹത്തിന് നല്ല ഓർമയുണ്ട്, "ബൈക്കിന്റെ ബാക്കി ഭാഗങ്ങൾ നിങ്ങൾ പിന്നെ കാണിക്കുമായിരിക്കും അല്ലെ?" ബൈക്കിന് പ്ലാസ്റ്റിക് ഫയറിങ്ങുകൾ ഇല്ലാതിരുന്നതാണ് മാനേജർമാരുടെ പരിഹാസം ക്ഷണിച്ചുവരുത്തിയത്. എന്നാൽ, അതുതന്നെയാണ് തന്റെ ബൈക്കിന്റെ പ്രത്യേകത എന്ന് വളരെ പണിപ്പെട്ടാണ് അന്ന് ഗലൂസി അവരെ ബോധ്യപ്പെടുത്തിയത്.

 

 

ഗലൂസിക്ക് ഇങ്ങനെ ഒരു 'കൺസെപ്റ്റ്' അവതരിപ്പിക്കാൻ ഒരുപക്ഷേ സാധിക്കുമായിരുന്നില്ല. അന്നത്തെ ജർമൻ/ജാപ്പനീസ് കമ്പനികൾ വാഹനത്തിന്റെ 'എയ്സ്തെറ്റിക്സ്' അഥവാ സൗന്ദര്യാനുഭൂതി വിട്ടുള്ള ഒരുകളിക്കും മുതിർന്നിരുന്നില്ല. അന്നത്തെ ഒരു ഡിസൈൻ ഫിലോസഫി പ്രകാരം പ്ലാസ്റ്റിക് കൊണ്ട് പടച്ചട്ടകെട്ടാത്ത ഒരു ബൈക്കിനെ സ്പോർട്സ് ബൈക്ക് എന്ന് വിളിക്കാൻ പറ്റില്ലായിരുന്നു. ഇന്നത്തെപ്പോലെ സ്പോർട്സ് ബൈക്കും സിവിലിയൻ ഹൈ പെർഫോമൻസ് ബൈക്കും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതായിട്ടുമില്ല അന്ന്. സ്പോർട്സ് ബൈക്ക് എന്നുവെച്ചാൽ കൃത്യമായും റേസുകൾക്ക് ഉപയോഗിക്കുന്ന എയ്‌റോഡയനാമിക്സ് ഉള്ള  ആകൃതിയോടു കൂടിയ പ്രോ-ബൈക്കുകൾ തന്നെയായിരുന്നു. ആ പെർഫോമൻസ് ഉള്ള ഒരു ബൈക്കിനെ പ്ലാസ്റ്റിക് ഉടയാടകളെല്ലാം ഉരിഞ്ഞെറിഞ്ഞ് നഗ്നമാക്കുക എന്നതിനെപ്പറ്റി ഹോണ്ടയോ, യമഹയോ, കാവസാക്കിയോ, സുസുക്കിയോ ഒന്നും ആലോചിക്കുകപോലും ചെയ്യില്ലായിരുന്നു തൊണ്ണൂറുകളുടെ തുടക്കത്തിൽ.

പക്ഷേ, ഡുക്കാട്ടി ഒരു ഇറ്റാലിയൻ കമ്പനിയായിരുന്നു. ജർമൻ/ജാപ്പനീസ് കമ്പനികളുടെ ഡിസൈൻ ഫിലോസഫികളുടെ ആലഭാരങ്ങളൊന്നും അതിനെ അലട്ടിയിരുന്നില്ല. ഗലൂസിയുടെ 'തലതിരിഞ്ഞ' ഡിസൈൻ ഒന്ന് പ്രാവർത്തികമാക്കി നോക്കിയാലെന്ത് എന്ന് അന്നത്തെ ഡുക്കാട്ടി മാനേജ്‌മെന്റ് ആലോചിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തിൽ ആദ്യത്തെ പ്രൊഫഷണൽ പ്രോട്ടോടൈപ്പ് നിർമ്മിക്കപ്പെട്ടു. 1992 -ലെ കൊളോൺ മോട്ടോർ ഷോയിൽ ആദ്യമായി ഡുക്കാട്ടി M900 എന്നപേരിൽ ഗലൂസിയുടെ ബൈക്ക് അവതരിപ്പിക്കപ്പെട്ടു. പ്രോട്ടോടൈപ്പിന്റെ നിർമാണം നടക്കുന്ന കാലത്ത് ഈ ബൈക്ക് ഡുക്കാട്ടിയിൽ അറിയപ്പെട്ടിരുന്നത് 'ഇൽ മോസ്‌ട്രോ' എന്നായിരുന്നു. അന്ന് ഇറ്റലിയിലെ കുട്ടികളുടെ കുഞ്ഞു മോൺസ്റ്റർ കളിപ്പാട്ടങ്ങളിൽ നിന്നാണ് ആ പേര് വന്നത്. പിന്നീട് 'മോൺസ്റ്റർ' എന്ന പേര് തന്നെ മതി എന്ന് ഡുക്കാട്ടി മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ ലക്ഷണമൊത്ത 'നേക്കഡ്' ബൈക്ക് ആയിരുന്നു ഡുക്കാട്ടി 'മോൺസ്റ്റർ'.

 

 

പേര് സൂചിപ്പിക്കും പോലെ പ്ലാസ്റ്റിക് ഫയറിങ്ങുകൾ ഒന്നുമില്ലാത്ത അസ്ഥിപഞ്ജരം ഡിസൈൻ. നേരെ നിവർന്നിരുന്ന് ഓടിക്കാൻപോന്ന ആംഗിൾ. ഏറ്റവും നല്ല ഫീച്ചർ ഇതിന്റെ 'സിവിലിയൻ' വേഗതയ്ക്ക് ചേർന്ന രീതിയിലുള്ള എഞ്ചിൻ റീ-ട്യൂണിങ് ആയിരുന്നു. സിവിലിയൻ ട്യൂണിങ് ചെയ്തു എന്നുപറഞ്ഞാൽ, സ്പോർട്സ് ട്രാക്കുകളിൽ ഓടിക്കുമ്പോൾ വേണ്ടതിലും കുറഞ്ഞ വേഗം എത്തുമ്പോൾ തന്നെ ഗിയർ ഷിഫ്റ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ എഞ്ചിൻ ട്യൂൺ ചെയ്തെടുത്തു എന്നർത്ഥം. അങ്ങനെ ചെയ്യുമ്പോൾ വേണ്ടപ്പോൾ വേണ്ടത്ര ടോർക്ക് ലഭിക്കും എന്നായി. അത് റോഡിൽ സഞ്ചരിക്കുമ്പോൾ 'വീലി' അഥവാ ഒരു ടയർ പൊന്തിച്ച്  മറ്റേ ടയറിൽ മാത്രം ഓടിക്കുക പോലുള്ള അഭ്യാസങ്ങൾ കാണിക്കാൻ ഉത്തമമാണ്. ഉയർന്ന ഹാൻഡിൽ ബാറുകൾ, ഫ്രണ്ട് ആക്‌സിലിൽ നിന്ന് ഭാരം പിന്നോട്ട് നീക്കുന്നതിനാൽ, ബ്രേക്കിങ് കുറേക്കൂടി കാര്യക്ഷമായി മാറി. വളവുകൾ വളച്ചെടുക്കാൻ കുറേക്കൂടി എളുപ്പമായി ഈ ബൈക്കിൽ.

വിപണിയിൽ ഇറങ്ങിയ അന്നുതൊട്ടേ മെഗാ ഹിറ്റായിരുന്നു ഡുക്കാട്ടി മോൺസ്റ്റർ. ആ ഇറ്റാലിയൻ ബൈക്കിന്റെ വൻവിജയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് പിന്നീട് ഹോണ്ട CB600F എന്ന 'നേക്കഡ്' ഡിസൈൻ പുറത്തിറക്കി. ഹോണ്ടയുടെ തന്നെ CBR600F3 എന്ന സ്പോർട്സ് ബൈക്കിൽ നിന്ന് പ്ലാസ്റ്റിക് ഫയറിങ്‌സ് നീക്കം ചെയ്ത്, എഞ്ചിൻ റീട്യൂൺ ചെയ്ത് സിവിലിയൻ സ്വഭാവത്തിലാക്കി രൂപകൽപന ചെയ്തെടുത്തതാണ് അത്. അതുപോലെ തന്നെ സുസുക്കി SV സീരീസ്,യമഹ അന്നത്തെ FZ ബൈക്കുകൾ, കാവസാക്കി തൊണ്ണൂറുകളിലെ Z സീരീസ് ബൈക്കുകളും 'നേക്കഡ്' ഡിസൈനിൽ നിർമിച്ചു വിപണിയിലെത്തിക്കാൻ കാരണമായതും ഡുക്കാട്ടി മോൺസ്റ്റർ തന്നെയാണ്.

 

 

ഇന്ന് മോൺസ്റ്ററിന്റെ ഏറ്റവും പുതിയ മോഡലായ മോൺസ്റ്റർ 1200R ആണ് വിപണിയിലുള്ളത്. തൊണ്ണൂറുകളിലെ അതേ മിനിമൽ ബോഡി, അന്നത്തെ അതേ നഗ്നമായ ട്രെല്ലിസ് ഫ്രെയിം, ട്രാക്ക് ട്യൂൺ ചെയ്ത വി-ട്വിൻ എഞ്ചിൻ എല്ലാം ഈ മോൺസ്റ്ററിനെയും ആകർഷകമാക്കുന്നുണ്ട്. ഇന്ന് പുത്തൻ സാങ്കേതിക വിദ്യകളായ കോർണറിങ് ABS ബോഷ്, ഡുക്കാട്ടി ട്രാക്ഷൻ കൺട്രോൾ തുടങ്ങിയവയും ഈ വേരിയന്റിന്റെ ഭാഗമാണ്.  ടെസ്റ്റാസ്ട്രെറ്റ 11 ഡിഗ്രി ട്വിൻ സിലിണ്ടർ 1198 സിസി 4 വാൽവ്, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഏറ്റവും പുതിയ ഡുക്കാട്ടി മോൺസ്റ്ററിന് കരുത്തുപകരുന്നത്.

click me!