നീറ്റിലിറക്കിയത് ഒരു പ്രധാനമന്ത്രീ പത്നി, മാമോദീസ മുങ്ങി ഇന്ത്യയിലെത്തി, ഇനി ഹോട്ടലാകാനോ വിരാടിന്‍റെ വിധി?!

By Web TeamFirst Published May 10, 2019, 5:12 PM IST
Highlights

ഒരുകാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തെ അടക്കി ഭരിച്ചിരുന്ന ഇന്ത്യയുടെ ഈ കടല്‍രാജാവിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? ഇപ്പോള്‍ എവിടെയാണ് ഐഎന്‍എസ് വിരാട്? 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തോടെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഐഎന്‍എസ് വിരാട് എന്ന യുദ്ധക്കപ്പല്‍. എന്താണ് ഐഎന്‍എസ് വിരാട്? ഒരുകാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തെ അടക്കി ഭരിച്ചിരുന്ന ഇന്ത്യയുടെ ഈ കടല്‍രാജാവിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? ഇപ്പോള്‍ എവിടെയാണ് ഐഎന്‍എസ് വിരാട്? രണ്ട് നാവിക സേനകളെ സേവിച്ച ഈ കടല്‍രാജാവിന്‍റെ കഥകള്‍ അറിയാം.

പഴക്കമുള്ള എയര്‍ക്രാഫ്റ്റ് ക്യാരിയര്‍
ഒരു കാലത്ത് ബ്രിട്ടീഷ് റോയല്‍ നാവിക സേനയുടെ ഭാഗമായിരുന്നു ഈ കപ്പല്‍. പിന്നീട് ഇന്ത്യ വാങ്ങുകയായിരുന്നു. അങ്ങനെ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ക്യാരിയര്‍ ആയി മാറി ഐഎന്‍എസ് വിരാട്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള എയര്‍ക്രാഫ്റ്റ് ക്യാരിയറും ഇതുതന്നെയാണ്. 

നീറ്റിലിറക്കിയത് ചര്‍ച്ചിലിന്‍റെ ഭാര്യ
1953 ഫെബ്രുവരി 16ന് ബ്രിട്ടിഷ്‌ പ്രധാനമന്ത്രി വിന്‍സ്‌റ്റണ്‍ ചര്‍ച്ചിലിന്റെ ഭാര്യ ലേഡി ക്ലെമന്റൈന്‍ ആണ് ഈ കപ്പല്‍ നീറ്റിലിറക്കിയത്‌. 

ആദ്യനാമം എച്ച്.എം.എസ്. ഹെംസ് 
പരീക്ഷണയോട്ടങ്ങള്‍ക്കു ശേഷം 1959 നവംബർ 18-ന് ബ്രിട്ടീഷ് റോയൽ നാവികസേനയുടെ വിമാനവാഹിനി കപ്പലായി ഈ കപ്പല്‍ ആദ്യമായി കമ്മിഷൻ ചെയ്യപ്പെട്ടു. എച്ച്.എം.എസ്. ഹെംസ് എന്നായിരുന്നു റോയൽ നാവികസേന നല്‍കിയ പേര്. 

മാമോദീസ മുങ്ങി ഇന്ത്യയിലേക്ക് 
1985 വരെ ബ്രിട്ടീഷ് റോയൽ നാവികസേനയുടെ ഭാഗമായിരുന്നു ഈ കപ്പൽ. 1986 ഏപ്രിലിൽ ഇന്ത്യൻ നാവികസേന ഹെംസിനെ വാങ്ങിച്ചു. ഏകദേശം 442 കോടി രൂപയ്‌ക്കാണു കപ്പല്‍ ഇന്ത്യ സ്വന്തമാക്കുന്നത്. 1986 ഏപ്രില്‍ 24ന് ഐഎന്‍എസ് വിരാട് എന്ന പേര് ഇന്ത്യ നല്‍കി.

കടല്‍രാജാവ്
പൂര്‍ണമായും ശീതീകരിച്ച, എല്ലാ ഓപ്പറേഷന്‍സും റിമോട്ട്‌ കണ്‍ട്രോളില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന, ലോകത്തെ ആദ്യകപ്പലായിരുന്നു ഇത്. 27,000 ടണ്‍3 ഭാരം വഹിക്കാനും 300 സീഹാരിയർ എയർക്രാഫ്‌റ്റുകളുമായി സഞ്ചരിക്കാനുമുള്ള ശേഷി വിരാടിനുണ്ട്. നൂറ്റമ്പതോളം ഓഫിസർമാരും ആയിരത്തിയഞ്ഞൂറോളം നാവികരും വിരാടിന്‍റെ ഭാഗമായി. 

വെള്ളം ചതിച്ചു
1993-ൽ വിരാടിന്‍റെ എഞ്ചിൻ മുറിയിൽ വെള്ളം കയറിയതിനെത്തുടർന്ന് രണ്ടുവർഷത്തോളം ഇത് സർവീസിലില്ലായിരുന്നു. പിന്നീട് 1995-ൽ പുതിയ സെർച്ച് റഡാർ സ്ഥാപിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും സർവീസിലെത്തുകയായിരുന്നു. 1999 - 2001 കാലത്ത് കപ്പലിനു വിപുലമായ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 

55 വര്‍ഷത്തെ സേവനം
ഇന്ത്യന്‍ നാവികസേനയില്‍ 30 വര്‍ഷവും ബ്രിട്ടീഷ് സേനയില്‍ 25 വര്‍ഷവും വീതം ആകെ 55 വര്‍ഷത്തോളം പ്രവര്‍ത്തിച്ച വിരാടിന് ഇപ്പോള്‍ 60 വയസോളമുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ജോലി അവസാനിപ്പിച്ചത്. 

ഇനി മ്യൂസിയമോ അതോ ഹോട്ടലോ?
വിരാടിനെ മ്യൂസിയമോ ആഡംബര ഹോട്ടലോ ആക്കാനാണ് തീരുമാനമെന്ന് ഇടക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. മ്യൂസിയമാക്കാനാണ് നാവികസേനയ്ക്ക് താല്‍പര്യമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആന്ധ്രപ്രദേശ് ടൂറിസത്തിന്റെ കീഴിൽ ഹോട്ടലാക്കി മാറ്റാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. ഏകദേശം 1500 മുറികളുള്ള ലക്ഷ്വറി ഹോട്ടലാക്കിയാണ് ഐഎൻഎസ് വിരാടിനെ മാറ്റുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒടുവില്‍ ലഭിക്കുന്ന വാര്‍ത്തകള്‍ അനുസരിച്ച് മഹാരാഷ്‍ട്ര സര്‍ക്കാരിന്‍റെ കീഴില്‍ ആഡംബര ഹോട്ടലാകാന്‍ വിരാട് തയ്യാറെടുക്കുകയാണെന്നും സൂചനകളുണ്ട്. ഇക്കാര്യം കേന്ദ്ര പ്രതിരോധ മന്ത്രാലയും തത്വത്തില്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


 

click me!