പുതിയ പദ്ധതികളുമായി ടൊയോട്ട

By Web TeamFirst Published Jun 17, 2020, 2:46 PM IST
Highlights

പുതുതായി കാർ വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്കും, കാർ പരിപാലിക്കുന്നവർക്കുമായാണ് പുതിയ ഇഎംഐ പദ്ധതി നടപ്പിലാക്കുന്നത്. 

കൊച്ചി: ഉപഭോക്തൃ ആവശ്യം പരിഗണിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ പുതിയ സേവന പദ്ധതികൾ പ്രഖ്യാപിച്ചു. ഫ്ലെക്സിബിൾ ഇഎംഐ സൗകര്യങ്ങൾ,  ടൊയോട്ട ഒഫീഷ്യൽ വാട്സ്ആപ്പ് എന്നിങ്ങനെ രണ്ട് പുതിയ പദ്ധതികളാണ് ടൊയോട്ട നടപ്പിലാക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

പുതുതായി കാർ വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്കും, കാർ പരിപാലിക്കുന്നവർക്കുമായാണ് പുതിയ ഇഎംഐ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടൊപ്പം ടൊയോട്ടയുടെ പുതിയ ഒഫീഷ്യൽ വാട്സ്ആപ്പ്  ഉപഭോക്താക്കളുമായി തടസ്സങ്ങളില്ലാത്ത ആശയവിനിമയം സാധ്യമാക്കും.

പുതിയ പേയ്‌മെന്റ് സൗകര്യത്തിലൂടെ ഉപഭോക്താക്കൾക്ക് പുതിയ വാഹനം സ്വന്തമാക്കുമ്പോഴോ, മെയ്ന്റനൻസ് ചെയ്യുമ്പോഴോ മൂന്ന് മാസം, ആറു മാസം,  ഒൻപത് മാസം എന്നിങ്ങനെ പല തവണകളായി പണമടക്കാം. ഈ പദ്ധതിയിൽ കുറഞ്ഞ പലിശ നിരക്ക്, പ്രത്യേക കേസുകളിൽ 100ശതമാനം പ്രൊസസ്സിങ് ഫീ ഒഴിവാക്കൽ എന്നിവയും ലഭ്യമാകും.

പുതുതായി സമാരംഭിച്ച ടൊയോട്ട ഔദ്യോഗിക വാട്ട്‌സ്ആപ്പ് സേവനം ഉപഭോക്താക്കൾക്കും  പൊതുജനങ്ങൾക്കും ലഭ്യമാകാൻ  8367683676 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ അല്ലെങ്കിൽ  'ഹായ്' എസ്എംഎസ് നൽകിയാൽ മതിയാകും. ഇതിലൂടെ വാഹനവുമായി സംബന്ധിക്കുന്ന അന്വേഷണങ്ങൾ,  പ്രതികരണങ്ങൾ എന്നിവ എളുപ്പത്തിൽ ലഭ്യമാകും. കൂടാതെ വാട്ട്‌സ്ആപ്പ് വഴി ഉപയോക്താക്കൾക്ക് പുതിയ കാർ വാങ്ങലുകൾ, നിലവിലുള്ള വാഹനങ്ങൾ വിൽക്കുക,  വാങ്ങുക അല്ലെങ്കിൽ കൈമാറ്റം ചെയ്യുക, സർവീസ് അപ്പോയിന്റ്മെന്റ് ബുക്ക്‌ ചെയ്യുക, ബ്രേക്ക്ഡൗൺ സേവനങ്ങൾക്കായുള്ള അഭ്യർത്ഥന അല്ലെങ്കിൽ സേവനങ്ങളെക്കുറിച്ചുള്ള ഫീഡ്ബാക്ക് എന്നിവയെ സംബന്ധിച്ച വിശദാംശങ്ങൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാകും.

ഈ പ്രയാസകരമായ സമയത്ത് പിന്തുണച്ച എല്ലാ ഉപഭോക്താക്കൾക്കും ആത്മാർത്ഥമായി നന്ദി പറയുന്നതായും ഉപഭോക്താക്കൾക്ക് പ്രഥമ സ്ഥാനം നൽകുന്ന ഒരു ബ്രാൻഡെന്ന നിലയിൽ ഈ നിർണ്ണായക സാഹചര്യത്തിൽ ഉപഭോക്താക്കളുടെ  സുഗമമായ സേവനത്തിനായി  പ്രത്യേക സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും ടൊയോട്ട കിർലോസ്‌കർ മോട്ടോർ,  സെയിൽസ് ആൻഡ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

കൊവിഡ് 19 പ്രതിസന്ധി കാലഘട്ടത്തിൽ ഉപഭോക്തൃ ആത്മവിശ്വാസം പുന:സ്ഥാപിക്കുന്നതിനായി കസ്റ്റമർ കണക്റ്റ് പ്രോഗ്രാമിലൂടെ കമ്പനി എക്സ്സ്റ്റെൻഡഡ്‌  വാറന്റി, സൗജന്യ അറ്റകുറ്റപ്പണി സേവനം, റോഡ് സൈഡ് അസിസ്റ്റന്റ്സ്, സ്മൈൽസ് പ്രീ-പെയ്ഡ് മെയിന്റനൻസ് പാക്കേജ് തുടങ്ങിയ നിരവധി സേവന പാക്കേജുകൾ അവതരിപ്പിച്ചതായും കമ്പനി അറിയിച്ചു. അതിനോടൊപ്പം ടൊയോട്ട കിർലോസ്കർ മോട്ടോറിന്റ സെയിൽസ് വിഭാഗം 360ഡിഗ്രി പ്രോഡക്റ്റ് റിവ്യൂ നൽകികൊണ്ട് പൂർണമായും ഡിജിറ്റൽവത്കരിച്ചു. ഉപഭോക്താക്കളുടേയും,  ജീവനക്കാരുടെയും സുരക്ഷക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും, പദ്ധതികളും നടപ്പിലാക്കിവരുന്നതായും കമ്പനി വ്യക്തമാക്കി.  

click me!