പുത്തന്‍ വണ്ടിക്ക് തകരാറോ? മാറ്റി കിട്ടാന്‍ എന്തൊക്കെ ചെയ്യണം? അറിയേണ്ടതെല്ലാം!

By Web TeamFirst Published Feb 4, 2020, 12:14 PM IST
Highlights

കേസ് കൊടുക്കുണ്ടെങ്കിൽ, ജയിക്കാൻ കണക്കാക്കി കൊടുക്കണം. വെറുതെ മനുഷ്യന്റെ സമയവും പണവും നഷ്ടപ്പെടുത്തുന്ന പരിപാടിയായിപ്പോവരുത്. അതിന് എന്തൊക്കെ വേണ്ടിവരും?

അടുത്തിടെ ഒരു വാഹന ഉടമ പറഞ്ഞ പരാതി ഇപ്രകാരമാണ്, "ആറു മാസമേ ആയുള്ളൂ പുതിയ SUV വാങ്ങിയിട്ട്. വാങ്ങി വണ്ടി പുറത്തേക്ക് ഇറക്കി വീട്ടിലേക്ക് ഓടിച്ചു വന്ന അപ്പോൾ മുതൽ ചെറിയ മിസ്സിംഗ് തോന്നിയിരുന്നു. അതൊക്കെ പറഞ്ഞുകൊണ്ട് പല തവണ സർവീസ് സെന്ററിൽ കയറിയിറങ്ങി. പറഞ്ഞ പ്രശ്നങ്ങൾ ഒന്നും ഇന്നുവരെ ശരിയാക്കിത്തന്നിട്ടില്ല അവർ. വണ്ടി മാറ്റിത്തരാനും അവർ തയ്യാറാകുന്നില്ല. ഇനി കൺസ്യൂമർ കോർട്ട് തന്നെ ശരണം. ചുമ്മാ കൈവീശി പോയാൽ പോരല്ലോ കോടതിയിലേക്ക്. എന്തൊക്കെ തെളിവാണ് കേസിനൊപ്പം വെക്കേണ്ടത് എന്നൊന്ന് പറഞ്ഞുതരുമോ?" 

ന്യായമായ കാര്യം. പണ്ടാരോ പറഞ്ഞ പോലെ, കേസ് കൊടുക്കുണ്ടെങ്കിൽ, ജയിക്കാൻ കണക്കാക്കി കൊടുക്കണം. വെറുതെ മനുഷ്യന്റെ സമയവും പണവും നഷ്ടപ്പെടുത്തുന്ന പരിപാടിയായിപ്പോവരുത്. അതിന് എന്തൊക്കെ വേണ്ടിവരും?

ഏറ്റവും ആദ്യം തന്നെ വേണ്ട തെളിവ് ജോബ് കാർഡുകളുടെ കോപ്പിയാണ്. നമ്മൾ ആദ്യമായി പരാതി പറഞ്ഞു സർവീസ് സെന്ററിൽ കയറ്റിയ അന്ന് തൊട്ടിങ്ങോട്ട് എത്ര തവണ ഡീലർ വണ്ടിയിൽ കൈവെച്ചോ, അന്ന് അവർ എന്തൊക്കെ ചെയ്തോ, അതിന്റെയൊക്കെ തെളിവുകൾ അവർ തന്നെ ഒപ്പിട്ടു തന്നിട്ടുള്ള വിലപ്പെട്ട രേഖകളാണ് ഈ സർവീസ് റെക്കോർഡുകൾ അഥവാ ജോബ് കാർഡുകൾ. കാർ വാങ്ങിച്ച അടുത്ത ദിവസം, അല്ലെങ്കിൽ അടുത്തയാഴ്ച മുതൽ വണ്ടിക്ക് നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് ഡീലർ തന്നെ സമ്മതിച്ചു തരുന്ന തെളിവുകളാണവ. അത് ആദ്യം കരുതുക. 

അടുത്തതായി കരുതേണ്ടത് നിങ്ങളും, ഡീലറും തമ്മിൽ നടന്ന എഴുത്തുകുത്തുകളുടെ രേഖകളാണ്. നിങ്ങൾക്ക് നിരന്തരമായ പ്രശ്നങ്ങൾ കൊണ്ട് പൊറുതിമുട്ടി എന്നും ഈ കാറിന് എന്തോ മാനുഫാക്ച്ചറിങ്ങ് പ്രശ്നങ്ങൾ ഉണ്ടെന്നും, മാറ്റി വേറെ കാർ വേണമെന്നും ചൂണ്ടിക്കാണിച്ചു കൊണ്ട് നിങ്ങൾ ഡീലർക്കും, കാർ നിർമ്മാതാക്കൾക്കും അയക്കുന്ന എല്ലാ പരാതികളും കോപ്പിയെടുത്ത് ഫയൽ ചെയ്യുക. ഭാവിയിൽ കോടതിയിൽ പോവാൻ നേരം ഇതൊക്കെ വിലപ്പെട്ട തെളിവുകളാണ്.

രണ്ടാമത്തെ തെളിവ് ഈ രംഗത്തെ ഏതെങ്കിലും വിദഗ്ധന്റെ ഒരു വിലയിരുത്തൽ ആണ്. നിങ്ങളുടെ കയ്യിലുള്ള സർവീസ് രേഖകൾ സഹിതം വാഹനം ഒരു ഓട്ടോമൊബൈൽ എൻജിനീയറുടെ സമക്ഷം ഹാജരാക്കി അയാളെക്കൊണ്ട് വണ്ടി പരിശോധിപ്പിച്ച് എഴുതി വാങ്ങണം ഒരു റിപ്പോർട്ട്. അതിൽ അയാളെക്കൊണ്ട് മാനുഫാക്ച്ചറിങ് ഡിഫക്റ്റ് ആണ് പ്രശ്നമെന്ന് എഴുതി വാങ്ങാൻ സാധിച്ചാൽ അത് കൺസ്യൂമർ കോടതിയിൽ വിലപ്പെട്ട ഒരു തെളിവായി പരിഗണിക്കപ്പെടും.  

2017 -ൽ കോടതിയുടെ പരിഗണനയ്ക്ക് വന്ന ബൽജിത് കൗർ Vs ഡിവൈൻ മോട്ടോർസ് കേസിൽ (Baljeet Kaur Vs Divine Motors, RP NO 1336 of 2017, decided on June 8, 2017), നാഷണൽ കമ്മീഷന്റെ കോർഡിനേറ്റ് ബെഞ്ച് നിരീക്ഷിച്ചത് ഇപ്രകാരമാണ്, ഒരു വാഹനത്തിന് മാനുഫാക്ച്ചറിങ് ഡിഫക്ട് ഉണ്ടെന്ന് ആരോപിക്കുമ്പോൾ അത് തെളിയിക്കേണ്ട ബാധ്യത പരാതിക്കാരനാണ്."ഒരു ഓട്ടോമൊബൈൽ വിദഗ്ധന്റെ എക്സ്പെർട്ട് ഒപ്പീനിയനെക്കാൾ വലിയ എന്തുണ്ട് അക്കാര്യത്തിൽ തെളിവായി?

അതുപോലെതന്നെ, 2018 -ലെ മുഹമ്മദ് ഹസൻ ഖാലിദ് ഹൈദർ Vs ജനറൽ മോട്ടോർസ് ഇന്ത്യാ കേസിലും(Md Hassan Khalid Haidar Vs Gen Motors India Pvt Ltd, RP No 525 of 2018, order dated June 8, 2018) ഉപഭോക്തൃ കോടതിയുടെ നാഴികക്കല്ലായ ഒരു വിധി വന്നിരുന്നു. അതിൽ പരാതിപ്പെട്ടത് വണ്ടി വാങ്ങി പത്തുമാസം കഴിഞ്ഞാണ് എന്ന പേരിൽ നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടിരുന്നു. വണ്ടിക്ക് തകരാർ വന്നത് 25,000   
കിലോമീറ്റർ ഓടിയ ശേഷമാണ് എന്നും, അതുവരെ വന്ന എല്ലാ തകരാറും ഡീലർ തീർത്തു നൽകിയിരുന്നു എന്നും കോടതി പറഞ്ഞു. " മാനുഫാക്ച്ചറിങ് ഡിഫക്റ്റ് പറയണം എന്നുണ്ടെങ്കിൽ വണ്ടി വാങ്ങിച്ച ഉടനെ വേണം പറയാൻ. അല്ലാതെ ആയിരക്കണക്കിന് കിലോമീറ്റർ ഓടി മാസങ്ങൾ പിന്നിട്ട ശേഷമല്ല" കോടതി നിരീക്ഷിച്ചു. 

2019 -ലെ നുസ്സത് Vs ദീദി മോട്ടോർസ് കേസിൽ (Nuzhat Vs Dee Dee Motors, RP No 1053 of 2016, date of the order: December 3, 2019) കോടതി നിരീക്ഷിച്ചത് " നിർമാണ പിഴവുകൾ എന്നത്, വാഹനം വാങ്ങിയ ഉടനെ വരുന്ന, ഡീലറുടെ തുടർച്ചയായ ശ്രമങ്ങളാൽ പരിഹരിക്കപ്പെടാൻ സാധിക്കാതെ പോയ, വാഹനമോടിക്കുന്നതിന് വിഘാതമായി വീണ്ടും വീണ്ടും വരുന്ന തകരാറുകളാണ്" 

എന്തൊക്കെയാണ് ഈ പരിഹരിക്കപ്പെടാതെ നിലനിൽക്കുന്ന പ്രശ്നങ്ങൾ?

കുറഞ്ഞ പിക്കപ്പ്, എഞ്ചിനുള്ളിൽ നിന്ന് വരുന്ന അപശബ്ദം, ക്ലച്ചിന്റെ സ്ലിപ്പിങ്, കാർ ഓടിക്കുന്നതിനിടെ വാതിലുകൾ തുറന്നുപോവുക, ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ " എന്നിങ്ങനെ തുടക്കം മുതൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. പലപ്പോഴും, അത്രക്ക് വാഹന വിദഗ്ധരൊന്നും അല്ലാത്ത സാധാരണ ഉപഭോക്താക്കളുടെ ശ്രദ്ധയിൽ ഇവ പെടുക 'വണ്ടി ഓടിക്കുമ്പോൾ ആകെ ഒരു മിസ്സിംഗ് പോലെ' എന്ന ഒരു തോന്നലിന്റെ രൂപത്തിലാണ്. ഡീലറുടെ അടുത്ത് കൊണ്ടുപോകുമ്പോൾ അവർ എന്തൊക്കെയോ ശരിയാക്കി എന്ന് പറയുകയും, വീണ്ടും വണ്ടിയുമായി റോഡിലേക്കിറങ്ങുമ്പോൾ പഴയ മിസ്സിംഗ് അനുഭവപ്പെടുകയും ഒക്കെ ചെയ്യും. ഈ ഘട്ടത്തിൽ പ്രശ്നത്തെ കൃത്യമായി കണ്ടെത്താൻ ഒരു തേർഡ് പാർട്ടി വിദഗ്ധന്റെ വിശകലനം പ്രയോജനപ്പെടും.  

ഈ വിദഗ്ധന്റെ അഭിപ്രായത്തോട് കാർ നിർമാതാവ് യോജിക്കാതെ വരുമ്പോഴാണ് വിഷയം കോടതി കയറുക. അപ്പോൾ, വളരെ നിർണായകമാകുന്ന തെളിവുകൾ ആദ്യം കമ്പനിയുടെ തന്നെ സർവീസ് സെന്ററിൽ നിന്ന് വണ്ടി നന്നാക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടാക്കിയ ജോബ് കാർഡുകളാകും. ഇതുവരെയുള്ള വ്യവഹാരങ്ങളുടെ ചരിത്രം പരിശോധിച്ചാൽ, കൃത്യമായ തെളിവുകളോടെ ഉപഭോക്തൃ കോടതിയെ സമീപിച്ചാൽ, ഒട്ടുമിക്ക കേസുകളിലും കോടതി ഉപഭോക്താവിന് അനുകൂലമായിട്ടാണ് വിധിച്ചുപോന്നിട്ടുള്ളത്. 

click me!