സണ്‍ വൈസറിലും അല്‍ഗോരിതം; കാഴ്‍ച മറയില്ല, വലിച്ചു താഴ്‍ത്തേണ്ട!

By Web TeamFirst Published Jan 16, 2020, 10:02 AM IST
Highlights

നിലവിലെ സണ്‍വൈസറുകള്‍ക്ക് പകരം വിര്‍ച്വല്‍ വൈസറുകളുമായാണ് ബോഷ് രംഗത്തെത്തിയിരിക്കുന്നത് 

സൂര്യപ്രകാശം കണ്ണിലടിക്കാതിരിക്കാന്‍ വയ്ക്കുന്ന സണ്‍വൈസറുകള്‍ കാഴ്‍ച മറയ്ക്കുന്ന ദുരനുഭവത്തിന് ഇരയാകാത്ത ഡ്രൈവര്‍മാര്‍ അപൂര്‍വ്വമായിരിക്കും. ഇതുമൂലം നിരവധി അപകടങ്ങളും സംഭവിക്കുന്നുണ്ട്.

ഇപ്പോള്‍ ഈ പ്രശ്‍നത്തിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ജര്‍മന്‍ എന്‍ജിനീയറിംഗ് & ടെക്‌നോളജി കമ്പനിയായ ബോഷ്.  നിലവിലെ സണ്‍വൈസറുകള്‍ക്ക് പകരം വിര്‍ച്വല്‍ വൈസറുകളുമായാണ് ബോഷ് രംഗത്തെത്തിയിരിക്കുന്നത്. ലാസ് വേഗാസില്‍ നടന്ന ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ബോഷ് തങ്ങളുടെ വിര്‍ച്വല്‍ വൈസര്‍ അവതരിപ്പിച്ചത്.

അല്‍ഗോരിതങ്ങളെ അടിസ്ഥാനമാക്കിയാണ് ബോഷിന്‍റെ ഈ സണ്‍ വൈസറിന്‍റെ പ്രവര്‍ത്തനം. സുതാര്യമായ എല്‍സിഡി ഡിസ്‌പ്ലേയും കാമറയും ഉള്‍പ്പെടുന്നതാണ് ഈ വിര്‍ച്വല്‍ വൈസര്‍ സംവിധാനം. ഒരേസമയം സൂര്യപ്രകാശം നേരിട്ട് കണ്ണില്‍ പതിക്കുന്നത് തടയുകയും റോഡിലെ ഡ്രൈവറുടെ കാഴ്ച്ച മറയ്ക്കാതിരിക്കുകയും ചെയ്യും ബോഷിന്റെ വിര്‍ച്വല്‍ വൈസറിന്‍റെ പ്രവര്‍ത്തനം ഇങ്ങനെയാണ്. 

ഡ്രൈവറെ അഭിമുഖീകരിക്കുന്ന ഒരു ക്യാമറയാണ് ഇതിന്‍റെ പ്രധാനഭാഗം. ഈ കാമറയില്‍ പതിയുന്ന ചിത്രത്തില്‍ നിന്നും കൃത്രിമബുദ്ധി (എഐ) ഡ്രൈവര്‍ ഇരിക്കുന്നയിടം കണ്ടെത്തും. കണ്ണുകള്‍, മൂക്ക്, വായ എന്നിവയെല്ലാം മുഖത്ത് എവിടെയാണെന്ന് ഉറപ്പുവരുത്തുന്നതിനും കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നു. 

തുടര്‍ന്ന് ഡ്രൈവറുടെ കാഴ്ച്ച അല്‍ഗോരിതം വിശകലനം ചെയ്യും. തുടര്‍നടപടിയെന്ന നിലയില്‍, ഡ്രൈവറുടെ കണ്ണില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കാതെ നോക്കുന്നതിന് എല്‍സിഡി ഡിസ്‌പ്ലേയില്‍ ആ ഭാഗത്തുമാത്രം ഇരുണ്ടതാക്കും. ഡിസ്‌പ്ലേയുടെ ബാക്കിഭാഗം അപ്പോഴും സുതാര്യമായിരിക്കും. അതുകൊണ്ടുതന്നെ ഡ്രൈവറുടെ റോഡിലെ കാഴ്ച്ച മറയില്ല.

പുതിയ വിര്‍ച്വല്‍ സണ്‍വൈസര്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ കാഴ്ച്ചയും യാത്രാ സുരക്ഷയും നല്‍കും. ഈ വൈസര്‍ പ്രചാരത്തിലാകുന്നതോടെ ഇക്കാരണത്താലുള്ള റോഡപകടങ്ങളുടെ എണ്ണം കുറയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.  സാധാരണ സണ്‍വൈസര്‍ ക്രമീകരിക്കുന്നതിന്റെ ആവശ്യകതയും ഇതോടെ ഡ്രൈവര്‍മാര്‍ക്ക് ഒഴിവാക്കാമെന്ന് വിര്‍ച്വല്‍ വൈസറിന്റെ സ്രഷ്ടാക്കളിലൊരാളായ ജേസണ്‍ സിങ്ക് പറയുന്നു. 

click me!