എത്തിപ്പോയ് 'അപ്പാച്ചെ', ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ 'അസോള്‍ട്ട്' ഹെലികോപ്റ്റർ

Published : Jul 27, 2019, 07:13 PM ISTUpdated : Jul 27, 2019, 09:19 PM IST
എത്തിപ്പോയ് 'അപ്പാച്ചെ', ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ 'അസോള്‍ട്ട്' ഹെലികോപ്റ്റർ

Synopsis

ഇന്ത്യ കാലങ്ങളായി 'അസോൾട്ട് ഓപ്പറേഷനുകൾക്ക് ഉപയോഗിക്കുന്നത് റഷ്യൻ നിർമിത Mi-35 ചോപ്പറുകളാണ്. ഇവയെല്ലാം തന്നെ 'കണ്ടം' ചെയ്യേണ്ട അവസ്ഥയിലായിട്ട് വർഷം ഒരുപാടായിരുന്നു

കഴിഞ്ഞ കുറേ മാസങ്ങളായി പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും നടന്നുകൊണ്ടിരിക്കുന്ന ക്രോസ് ബോർഡർ പ്രകോപനങ്ങൾക്ക് സമയത്തിന് കൃത്യമറുപടി നൽകാൻ ഇനി ഇന്ത്യൻ സൈന്യത്തിന്റെ കയ്യിൽ ഒരുഗ്രൻ ആയുധമുണ്ട്. ബോയിങ്ങ് വിമാനക്കമ്പനി നിർമിക്കുന്ന അപ്പാച്ചെ AH-64 E  ചോപ്പറുകളാണ് പാക്കിസ്ഥാൻ ഭീകരരുടെ നെഞ്ചിടിപ്പേറ്റാനായി ഇന്ത്യൻ സൈന്യത്തോട് ചേരുന്നത്. ഒന്നും രണ്ടുമല്ല 22 എണ്ണത്തിനാണ് സൈന്യം ഓർഡർ കൊടുത്തിരുന്നത്. അതിലെ ആദ്യത്തെ ലോട്ടിന്റെ ഡെലിവറിയാണ്  ഇപ്പോൾ നടന്നിരിക്കുന്നത്. പത്താൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷൻ കേന്ദ്രമാക്കിയായിരിക്കും ഈ 'ഹെവി ഡ്യൂട്ടി കോംബാറ്റ് ചോപ്പറു'കളുടെ ഓപ്പറേഷൻസ്. സെപ്റ്റംബറിലായിരിക്കും ഈ പുതിയ പറക്കുംതുമ്പികളുടെ ഔപചാരികമായ കമ്മീഷനിങ്ങ് ചടങ്ങുകൾ നടത്തുക. 

ഈ അത്യാധുനിക അപ്പാച്ചെ ചോപ്പർ വ്യോമസേനയുടെ ആവനാഴിയിലെത്തുന്നതോടെ ഇന്ത്യൻ സൈന്യത്തിന്റെ ആത്മബലം ഇരട്ടിക്കുമെന്നാണ് പ്രതിരോധവിദഗ്ദ്ധരുടെ അഭിപ്രായം. അത്രയ്ക്ക് മാരകമാണ് ഈ ഹെലിക്കോപ്റ്ററുകളുടെ പ്രഹരശേഷി. ഏതുതരം മിഷനുകൾക്കും ചേരുന്ന രീതിയിലുള്ള ഒരു 'വേർസറ്റയിൽ ഡിസൈൻ ഫിലോസഫി'യാണ് അപ്പാച്ചെയുടേത്.  ഇരുട്ടിലും വെളിച്ചത്തിലും ഒരുപോലെ പ്രവർത്തിക്കാനുതകും വിധത്തിലുള്ള ലേസർ, ഇൻഫ്രാറെഡ് സംവിധാനങ്ങൾ അപ്പാച്ചെയിലുണ്ട്.  എന്നുമാത്രമല്ല, ആകാശത്തുനിന്നും ഭൂമി ലക്ഷ്യമാക്കി കുതിച്ചുപായാൻ കരുത്തുള്ള 'ഹെൽഫയർ' മിസൈലുകളും, 70mm റോക്കറ്റുകളും ഒക്കെ ഘടിപ്പിക്കാനും തൊടുത്തുവിടാനുമാവും ഈ ചോപ്പറുകളിൽ നിന്നും. അതിനു പുറമെ ഓട്ടോമാറ്റിക് പീരങ്കികളും ഇതിൽ സജ്ജമാക്കാൻ സാധിക്കും. 

'ഹെൽ ഫയർ'  മിസൈൽ 

ഇന്ത്യ കാലങ്ങളായി 'അസോൾട്ട് ഓപ്പറേഷനു'കൾക്ക് ഉപയോഗിച്ചുകൊണ്ടിരുന്നത് റഷ്യൻ നിർമിത Mi-35 ചോപ്പറുകളാണ്. ഇവയെല്ലാം തന്നെ നിർമാതാക്കൾ ഉറപ്പുതരുന്ന ആയുസ്സും കഴിഞ്ഞ്, 'കണ്ടം' ചെയ്യേണ്ട അവസ്ഥയിലായിട്ട് വർഷം ഒരുപാടായിരുന്നു. ഒരു അസോൾട്ട് ചോപ്പർ എന്നൊക്കെ വിളിച്ചിരുന്നു എങ്കിലും Mi-35 വിജയകരമായി ഇന്ത്യൻ വ്യോമസേന 'ക്രൂ മൂവ്മെന്റി'ന് വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഈ ഇരട്ടപ്പൈലറ്റ് അപ്പാച്ചെകൾ വരുന്നതോടെ കളി മാറുമെന്നുതന്നെയാണ് വ്യോമസേനയിൽ ഓഫീസർമാർ പ്രതീക്ഷിക്കുന്നത്. 

ഇന്ത്യൻ എയർ ഫോഴ്‌സിന്റെ ഭാവി ആവശ്യങ്ങൾ കൂടി മുന്നിൽ കണ്ടുകൊണ്ട് വളരെ 'കസ്റ്റമൈസ്‌ഡ്‌' ആയിട്ടാണ് ഈ ചോപ്പറുകൾ ബോയിങ്ങ് അവരുടെ അരിസോണയിലെ ഫാക്ടറിയിൽ നിർമിച്ചിരിക്കുന്നത്. ശത്രുസങ്കേതങ്ങളോട് അധികം അടുക്കാതെ തന്നെ അവയുടെ ചിത്രങ്ങൾ എടുക്കാനും, എടുത്ത ചിത്രങ്ങൾ ബേസിലേക്ക് അയക്കാനും ഒക്കെയുള്ള കഴിവുണ്ട് ഈ കോപ്റ്ററുകൾക്ക്. ഉപഗ്രഹചിത്രങ്ങൾ സ്വീകരിക്കാനുള്ള സംവിധാനങ്ങളും ചോപ്പറിൽ സജ്ജമാക്കിയിട്ടുണ്ട്. ഇങ്ങനെ ആയുധനിയന്ത്രണത്തിൽ റിമോട്ട് നെറ്റ്വർക്കിങ് സംവിധാനങ്ങൾ ചോപ്പറിലുള്ളത് ഭാവിയിലെ പോരാട്ടങ്ങളിൽ ഏറെ സാദ്ധ്യതകൾ തുറക്കുമെന്ന പ്രതീക്ഷയുമുണ്ട്. 

ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലിക്കോപ്റ്റർ

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം, 2015  സെപ്റ്റംബറിലാണ് 22  അപ്പാച്ചെ AH 64E അസോൾട്ട് ചോപ്പറുകൾക്കും, 15  ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലിക്കോപ്റ്ററുകൾക്കും ചേർത്ത് 2.2 ബില്യൺ ഡോളറിന്റെ കരാർ ഒപ്പുവെച്ചത്. അപ്പാച്ചെ ചോപ്പറുകളുടെ ആദ്യസാമ്പിൾ കഴിഞ്ഞ മെയിൽ അരിസോണയിലെ ഫാക്ടറിയിൽ വച്ചുനടന്ന ചടങ്ങിൽ ഇന്ത്യക്ക് കൈമാറിയിരുന്നു.  ആ കരാർ പ്രകാരം ഇന്ത്യക്ക് ജൂലൈ മാസം ഡെലിവെർ ചെയ്യാനിരുന്ന ആദ്യ ബാച്ചിലെ നാല് അപ്പാച്ചെകളാണ് ഇപ്പോൾ വന്നിറങ്ങിയിരിക്കുന്നത്. അമേരിക്കൻ സൈന്യത്തിന് എണ്ണൂറിലധികം അപ്പാച്ചെ അസോൾട്ട് ചോപ്പറുകളുണ്ട്. ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും ഒക്കെ അമേരിക്കൻ ഓപ്പറേഷനുകൾക്ക് ശക്തി പകർന്നത് ഇതേ അപ്പാച്ചെകളാണ്. ഇസ്രായേൽ സൈന്യത്തിന്റെ കയ്യിലും നാല്പതിലധികം അപ്പാച്ചെകളുണ്ട്. 

'അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെകളുടെ ഒരു മാസ്സ് ലാൻഡിംഗ്' 

ഇന്ത്യയുടെ ഈ അപ്പാച്ചെ ഡീൽ ഒരു 'ഹൈബ്രിഡ് ഡീൽ' ആണ്. അതായത് അപ്പാച്ചെ ഹെലിക്കോപ്റ്റർ നമുക്ക് തരുന്നത് ബോയിങ്ങും, അതിനു വേണ്ട അത്യാധുനിക ആയുധങ്ങൾ, റഡാറുകൾ, ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങൾ എന്നിവ അതിൽ ഘടിപ്പിക്കുന്നത് അമേരിക്കൻ ഗവണ്മെന്റുമാണ്.   

 

അപ്പാച്ചെ AH-64 E'യുടെ സാങ്കേതികമായ വിശദാംശങ്ങൾ താഴെ പറയും പ്രകാരമാണ്. 

നീളം : 58.17  അടി. 
ഉയരം : 15.24  അടി.
വിങ്ങ് സ്പാൻ : 17.15  അടി.
ഗ്രോസ് വെയ്റ്റ് : 6838  കിലോഗ്രാം. 
വെർട്ടിക്കൽ ക്ലൈംബ് റേറ്റ് : 2800 അടി/സെക്കൻഡ്,
പരമാവധി വേഗം : 279  കിമി/മണിക്കൂർ. 
 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ടാറ്റയുടെ ഇവി തരംഗം: 2026-ൽ മൂന്ന് പുതിയ മോഡലുകൾ
ഹോണ്ട സിറ്റിയും ഹ്യുണ്ടായി വെർണയും തമ്മിൽ: ആരാണ് മികച്ചത്?