ഒരു തീവണ്ടി സര്‍വ്വീസ് നിര്‍ത്തുമ്പോള്‍ ആളുകള്‍ കരയുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?

By അനൂപ് പിള്ളFirst Published Apr 2, 2018, 4:44 PM IST
Highlights
  • കൊല്ലം - ചെങ്കോട്ട മീറ്റര്‍ഗേജ് പാതയിലെ അവസാന യാത്ര
  • പാത ബ്രോഡ് ഗേജ് ആകുമ്പോള്‍ ഏഴു വര്‍ഷം പഴക്കമുള്ള ഓര്‍മ്മകള്‍

ആ വാർത്ത വരുന്നു

അന്ന് ഞാൻ പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ്. ഞങ്ങൾ കൊല്ലം ജില്ലക്കാരുടെ വികാരമായ കൊല്ലം - ചെങ്കോട്ട പാത ബ്രോഡ്ഗേജാക്കി മാറ്റുന്നതിനായി അടയ്ക്കാൻ പോവുന്നുവെന്ന വാർത്ത എന്‍റെ കാതുകളിലെത്തുന്നത് ഒരു ഓണക്കാലത്താണ്. ഓണാഘോഷത്തിനുളള പൂവ് ലാഭത്തിൽ വാങ്ങണമെങ്കിൽ അക്കാലത്ത് തെങ്കാശിയിൽ പോയാൽമതി. അങ്ങനെ ഒരു തെങ്കാശി യാത്രയ്ക്കിടയിലാണ് ആ വാര്‍ത്ത എന്‍റെ അടുത്ത് വരുന്നത്. ചെങ്കോട്ട പാസഞ്ചർ ട്രെയിനിന്‍റെ ജനാലയിലൂടെ പുറത്തെ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന്‍റെ എത്രകണ്ടാലും മതിവരാത്ത വനസൗന്ദര്യം നോക്കിയിരിക്കുമ്പോൾ, പച്ചക്കറിയും പലചരക്കുമെടുക്കാന്‍ സ്ഥിരമായി തമിഴ്നാട്ടിൽ പോയി വരുന്ന കൊട്ടാരക്കരയിലെ പേരോർമയില്ലാത്ത ഒരു ചേട്ടനാണ് സർവ്വീസ് വരുന്ന 'കൊല്ലം' നിര്‍ത്താൻ പോവുകയാണെന്ന് പറഞ്ഞത്.

 

ഇനിയിപ്പോ എന്ത് ചെയ്യാനാ... റോഡിലൂടെ കൊണ്ടുവന്ന് വിറ്റാൽ മൊതലാവുമെന്ന് തോന്നുന്നില്ല.

അയാളുടെ വാക്കുകൾ ഇന്നും എന്‍റെ മനസ്സിലുണ്ട്.

ആ വാക്കുകളിലുണ്ടായിരുന്നു കൊല്ലം - ചെങ്കോട്ട പാത അടയ്ക്കാൻ പോകുന്നതിലുള്ള ഒരു ശരാശരി കൊല്ലം ജില്ലക്കാരന്‍റെ ആശങ്ക. അത് വെറും ആശങ്കയായിരുന്നില്ല. പണ്ട് നാട്ടിലെ ചില മൂപ്പെത്തിയവർ പറയുന്നത് കേട്ടിട്ടുണ്ട് കൊല്ലത്തേക്ക് ഐശ്വര്യവും വികസനവും കൊണ്ടുവരുന്നത് രണ്ട് പേരാണെന്ന്...!

ഒന്ന് കൊല്ലം - ചെങ്കോട്ട റെയിൽ പാതയും, രണ്ടാമത്തെത് കല്ലടയാറും

കൊല്ലം ജില്ലയുടെ മലയോര മേഖലയെ കൊല്ലം നഗരവുമായി ബന്ധിപ്പിക്കുന്ന കൊല്ലംകാരുടെ അഭിമാനപാത ആവശ്യ സാധനങ്ങളുടെ വിലകൂടാതെ കൊല്ലം ജില്ലയേയും പരിസര പ്രദേശങ്ങളെയും എല്ലാ അടിയന്തരഘട്ടങ്ങളിലും അതുവരെ സഹായിച്ചുപോന്നിരുന്നു.

മീറ്റര്‍ഗേജിന്‍റെ അന്ത്യയാത്ര

ഒരു ചെറു കണ്ണീർകണമായി അന്നത്തെ ആ ദിനം ഇന്നുമുണ്ട് എന്‍റെ കണ്‍മുന്‍പില്‍. കൊല്ലം -ചെങ്കോട്ട രാജവീഥിയിലൂടെയുള്ള മീറ്റർഗേജ് ട്രെയിനിന്‍റെ അന്ത്യയാത്ര...

ട്രെയിനിന്‍റെ ഇരിക്കാവുന്ന ഇടങ്ങളിലൊക്കെ മലയാളിയും തമിഴനും കയറിയിരുന്നു. പല മലയാളികളെയും ''വാങ്കെ അണ്ണേ" എന്ന് പറഞ്ഞ് തെങ്കാശിക്കാർ കൈപിടിച്ച് കയറ്റുന്ന കാഴ്ച്ച എന്നിൽ അഭിമാനമുളവാക്കി. ട്രെയിനിന്‍റെ കമ്പികളിൽ പോലും തൂങ്ങിനിന്ന തമിഴ് സഹോദരങ്ങളെ വീണുപോവാതെ കെട്ടിപ്പിടിച്ച മലയാളികളുടെ കാഴ്ച്ച ഇടയ്ക്കിടെ മുല്ലപെരിയാർ പ്രശ്നമുണ്ടാവുമ്പോൾ ഇരു സംസ്ഥാനങ്ങളും ഓർക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.

മാധ്യമ പ്രവർത്തകർ തങ്ങളുടെ ക്യാമറകളുപയോഗിച്ച് ചറപറാ 'ക്ലിക്കി'ക്കൊണ്ടേയിരുന്നു. അന്ന് സെല്‍ഫി ഭ്രമം നാട്ടില്‍ പരന്നിട്ടില്ലാത്തതിനാല്‍ ആ കലാരൂപം യാത്രയ്ക്കിടയിലെങ്ങും കാണാന്‍ സാധിച്ചില്ല. ട്രെയിൻ ഓടിത്തുടങ്ങിയതോടെ ആവേശവും പാട്ടും ആര്‍പ്പ് വിളികളും ഉച്ചസ്ഥായിയിലായി. ഒടുവിലെത്തെ യാത്ര ചോദിച്ച് ട്രെയിൻ പുനലൂർ സ്റ്റേഷൻ വിടുമ്പോൾ എല്ലാരുടെയും മുഖത്ത് നിരാശ കലർന്ന വിഷാദഭാവം അതിനിടയിൽ ചിലർ കരയുന്നുണ്ടായിരുന്നു. സമാന്തരമായി കടന്നു പോകുന്ന പാളങ്ങൾക്ക് മുകളിലൂടെ ചൂളം വിളിച്ച് പായുന്ന ആ "ഇരുമ്പ് പെട്ടികളുടെ കൂട്ടത്തിന്" രണ്ട് സംസ്കാരം പുലരുന്ന രണ്ട് ഭാഷ സംസാരിക്കുന്ന ഒരു ജനതയുടെ മനസ്സിൽ ഏറ്റവും ഉയർന്ന സ്ഥാനമുണ്ടെന്ന് രാജ്യത്തെ കാണിച്ചുകൊടുത്ത നിമിഷങ്ങളായിരുന്നു അത്.

അറിയാതെയാണെങ്കിലും എന്‍റെ കണ്ണിൽ നിന്നും ചെറുചൂടുള്ള കണ്ണീർ കണങ്ങൾ പൊഴിഞ്ഞുവീണുപോയി. ആ ജനതയുടെ വികാരം കണ്ട് മനസ്സലിഞ്ഞാവാം 2010 സെപ്റ്റംബര്‍ 19 ന് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സര്‍വ്വീസിന് റെയില്‍വേ ഒരു ദിവസം കൂടി ആയുസ്സ് നീട്ടി നല്‍കി സെപ്റ്റംബര്‍ 20 ന് അവസാനിപ്പിച്ചത്. ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര ചെയ്യുന്നത് കുറ്റകരമല്ലാത്ത ദിനങ്ങളായിരുന്നു അത്. അത്യാവേശത്തിന്‍റെ പരകോടിയിലും ഇടയക്ക് കമ്പാര്‍ട്ടുമെന്‍റുകളിലും പുറത്തും ഒരു വിലാപയാത്രയുടെ മരണനിശബ്ദത ട്രെയിനിനൊപ്പം സഞ്ചരിച്ച നിമിഷങ്ങള്‍.

നാളെയില്ലല്ലോ അണ്ണാ... നാളെമുതല്‍ എന്ത് ചെയ്യും...?

ഒരു ചെറുപ്പക്കാരന്‍ പലതവണ ഇത് തന്നേടെപ്പമുളള മുതിര്‍ന്ന ആളോട് ചോദിക്കുന്നത് കേട്ടു.

"ഞാന്‍ ആദ്യമായിട്ടാണ്... ഇത്രയും അതിശയകരമാണ് ഈ ട്രെയിന്‍ യാത്രയെന്നറിഞ്ഞിരുന്നില്ല. മുന്‍പ് വരാഞ്ഞത് കഷ്ടമായിപ്പേയി.." കൊല്ലം- ചെങ്കോട്ട റെയില്‍വേ ഗേജ്മാറ്റത്തിന്‍റെ വാര്‍ത്തകണ്ട് കൂട്ടുകാരേടൊപ്പം എറണാകുളത്ത് നിന്ന് ട്രെയിനില്‍ യാത്ര ചെയ്യാനെത്തിയ ചേട്ടന്‍റെ വാക്കുകള്‍ വ്യക്തിപരമായി ഉള്ളില്‍ അഭിമാനം നിറച്ചു. 

നാളെ മുതല്‍ 'ന്‍റെ' ചായ കുടിക്കാന്‍ ആരും വരില്ലല്ലോ... ല്ലോ... ഇനി ചായ വേണമെങ്കില്‍ നിങ്ങളൊക്കെ 'ന്‍റെ' വീട്ടില്‍ വരേണ്ടിവരും. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മീറ്റര്‍ ഗേജ്പാതയില്‍ ചായ വില്‍ക്കുന്ന ചേട്ടന്‍റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. പറഞ്ഞുതീരുംമുന്‍പേ അയാളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു. 
   
പതിമൂന്ന് കണ്ണറപ്പാലവും, ഭഗവതിപുരം സ്റ്റേഷനും


പണ്ട് ട്രെയിൻ പതിമൂന്ന് കണ്ണറ പാലത്തിൽ കയറുമ്പോൾ ഞങ്ങൾ ചെറുപ്പക്കാർക്ക് ആവേശമാണ് കമ്പാർട്ടുമെന്‍റിന്‍റെ വാതിൽ പടിയിൽ നിൽക്കാൻ ഞങ്ങൾ പരസ്പരം തിരക്കുകൂട്ടുകയും മത്സരിക്കുകയും ചെയ്യും. പതിമൂന്ന് കണ്ണറ പാലം കയറുമ്പോൾ ഞങ്ങളുടെ വക കൂവൽ ഉറപ്പാ...

വനത്തിനുള്ളിലെ തുരങ്കപാതയെത്തിയാൽ പിന്നെ ട്രെയിൻ നിശബ്ദമാവും. തുരങ്കപാതയിൽ കൊള്ളക്കാരും കള്ളന്മാരും ഉണ്ടെന്നാണ് നാട്ടിലെ പ്രായമുള്ളവരുടെ നിഗമനം. ഞാൻ കുട്ടിയായിരിക്കുമ്പോൾ പാതയിലൂടെ നടത്തിയ ഒരു യാത്ര ഇന്നും ഓർമ്മയിലുണ്ട്. കൂടെയുണ്ടായിരുന്ന പ്രായമുള്ള ആൾ തുരങ്കപാത തുടങ്ങാറായപ്പോൾ എന്നെ കമ്പാര്‍ട്ട്മെന്‍റിന്‍റെ ജനാല ഭാഗത്ത് നിന്ന് മാറ്റിയിരുത്തി ജനലിന്‍റെ ഷട്ടര്‍ പിടിച്ചിട്ടിട്ട് ഇനി സൂക്ഷിക്കണം എന്ന് പറഞ്ഞു. ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോൾ ചിരിവരുന്നുണ്ട്. 

പുനലൂരില്‍ നിന്ന് 49 കിലോമീറ്ററുകളാണ് ചെങ്കോട്ടയ്ക്കുളളത്. ഇതിനിടയില്‍ അന്നുണ്ടായിരുന്നത് ഏഴ് റെയില്‍വേ സ്റ്റേഷനുകളാണ്. കൂടാതെ രസകരമായ അഞ്ച് തുരങ്കങ്ങളും. അതില്‍ ഏത് റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും സുന്ദരമെന്ന് ആരോടെങ്കിലും ചോദിച്ചാല്‍ അത് അന്നൊക്കെ വലിയ തര്‍ക്കത്തിലാവും ചെന്ന് അവസാനിക്കുക. എങ്കിലും എന്‍റെ അഭിപ്രായത്തില്‍ ഭഗവതിപുരമാണ് ഏറ്റവും സുന്ദരം, കാരണം ഭഗവതിപുരം മനോഹരമായ ഒരു പെയ്ന്‍റിങ് പോലെയാണ്.  പാതയില്‍ തമിഴ്നാടിന്‍റെ ഭാഗമാണ് ഈ സ്റ്റേഷന്‍. അന്ന് ഭഗവതിപുരം റെയില്‍വേ സ്റ്റേഷനില്‍ നിറയെ മുത്തശ്ശി മരങ്ങളുണ്ടായിരുന്നു. സ്റ്റേഷനിലെ പഴയ റെയില്‍വേ കെട്ടിടവും, മലമടക്കുകളും, മുത്തശ്ശിമരങ്ങളും എത്ര അരാജകവാദിയായ വ്യക്തിയെ പോലും രണ്ട് വരി എഴുതാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. 

 

റെയില്‍വേ മന്ത്രിയുടെ ഓഫീസിലും പാര്‍ലമെന്‍റ് കവാടത്തിലും നിരവധി സിനിമകളിലുമൊക്കെ തന്‍റെതായ ഇടം കണ്ടെത്തിയ താരമാണ് പാതയിലെ പതിമൂന്ന് കണ്ണറ പാലം. പുളളി ചില്ലറക്കാരനല്ല പഴയ ബ്രട്ടീഷ് എഞ്ചിനീയറിംഗ് വൈഭവത്തിന്‍റെ നേര്‍സാക്ഷ്യമാണ്. പതിമൂന്ന് കണ്ണറ പാലത്തിലൂടെ ഇന്ത്യന്‍ റെയില്‍വേയുടെ അല്‍പ്പം വളഞ്ഞുളള യാത്ര ഏതൊരു ക്യാമറമാനെയും ത്രസ്സിപ്പിക്കുന്നതാണ്. കഴുതുരുട്ടി ആറും പഴയ കൊല്ലം - തിരുമംഗലം ദേശീയ പാതയും പതിമൂന്ന് കണ്ണറ പാലവും സഹ്യന്‍റെ മനോഹര മലനിരകളും നിരന്ന് നില്‍ക്കുന്നത് ശരിക്കും നമ്മളില്‍ കാഴ്ച്ചാ വിസ്മയം സൃഷ്ടിക്കും . അരക്കിലോമീറ്ററിലേറെ ദൂരമുളള ആര്യങ്കാവ് - പുളിയറ തുരങ്കമാണ് പാതയിലെ മറ്റൊരു പ്രധാന വിസ്മയം. ഇതിന്‍റെ ഇരുവശത്തും പഴയ തിരുവിതാംകൂര്‍ രാജാധികാരത്തിന്‍റെ ശംഖ് മുദ്രണവുമുണ്ട്. പാത മലനിരകള്‍ കടന്ന് തമിഴ്നാട്ടിലെത്തിയാൽ പിന്നെ സമതലത്തിലെ വയൽക്കാഴ്ച്ചകളാണ് (ചിലപ്പോൾ പണ്ട് നമുക്ക് നഷ്ടമായ കേരളമാണോ ഇതെന്ന് വരെ തോന്നിപ്പോയേക്കാം). നീലഗിരിക്കുന്നുകളിലൂടെയുളള ട്രെയിന്‍ യാത്രയ്ക്ക് തികച്ചും സമാനമാണ് കൊല്ലം - ചെങ്കോട്ട പാതയിലൂടെയുളള ട്രെയിന്‍ യാത്രയും. കാടിനെതൊട്ടറിഞ്ഞ് ചെങ്കോട്ടയ്ക്ക് നടത്തുന്ന യാത്ര ഏതൊരു വ്യക്തിക്കും അവിസ്മരണീയമാവും.

ഉറക്കുന്നതും ഉണര്‍ത്തുന്നതും നമ്മടെ സെങ്കോട്ട

പാതയെക്കെ അടച്ച് കുറച്ച് നാളുകൾക്ക് ശേഷം ഒരു ദിവസം പാതയോട് ചേർന്ന് താമസിക്കുന്ന ഒരു സുഹൃത്തിന്‍റെ വീട്ടിലെത്തി. സംസാരിച്ചിരിക്കെ അവന്‍റെ അപ്പൻ പറഞ്ഞതിൽ നിന്ന് കൊല്ലം - ചെങ്കോട്ട റെയില്‍ പാത എത്രമാത്രം ജനജീവിതത്തെ സ്പർശിച്ചിരുന്നു എന്ന് വ്യക്തമായി.

കുറച്ച് നാൾ മുൻപ് വരെ ഉറക്കുന്നതും ഉണർത്തിയിരുന്നതും നമ്മടെ സെങ്കോട്ടയായിരുന്നു ഇപ്പോൾ അവൻ അങ്ങ് പോയില്ലേ?

ജീവിതചിലവ് കൂടി എന്താ സാധനങ്ങളുടെ വില...

ഇതിപ്പോ രണ്ട് കൊല്ലം കൊണ്ട് തീരുമായിരിക്കാം അല്ലേ മോനേ?

ഈ വാക്കുകളില്‍ നിന്ന് കൊല്ലം ജില്ലയും പരിസരവും അറിഞ്ഞോ അറിയാതെയോ കൊല്ലം - ചെങ്കോട്ട പാതയുടെ സേവനം അനുഭവിച്ചിരുന്നു എന്ന് സാരം. 

രണ്ടല്ല, ഏഴ് കൊല്ലമെടുത്തിരിക്കുന്നു പാത പൂര്‍ത്തിയായി ജനങ്ങള്‍ക്ക് പാതയിലൂടെയുളള തങ്ങളുടെ ട്രെയിന്‍ സർവ്വീസ് തിരിച്ചുകിട്ടാൻ (മധുര ഡിവിഷന്‍റെ ഉറപ്പ് രണ്ട് കൊല്ലമെന്നായിരുന്നു).  പാതാ വികസനത്തിനിടയ്ക്ക്  പതിമൂന്ന് കണ്ണറ പാലം പൊളിക്കുമെന്ന വാർത്ത വന്നത് കൊല്ലം - ചെങ്കോട്ട പാതയെ നെഞ്ചേറ്റിയ ഒരാള്‍ക്കും സഹിക്കാവുന്നതായിരുന്നില്ല. ജനപ്രതിനിധികളടക്കം അനേകര്‍ പ്രശ്നത്തില്‍ ഇടപെട്ടു. ഒടുവില്‍ പാലം പൊളിക്കാതെ തന്നെ ഗേജ് മാറ്റം സാധ്യമാക്കാമെന്ന് റെയില്‍വേ പറഞ്ഞതോടെ പാതയെ വൈകാരികമായി കാണുന്ന ഒരു ജനതയ്ക്ക് ആശ്വാസമായി.

അല്‍പ്പം ചരിത്രം

2010 സെപ്റ്റംബര്‍ 20 ന് സര്‍വ്വീസ് അവസാനിപ്പിക്കുമ്പോള്‍ കൊല്ലം - ചെങ്കോട്ട റെയില്‍ പാതയുടെ പ്രായം 106 കടന്നിരുന്നു. 1904 ജൂലൈ ഒന്നിന് 21 ഗണ്‍ സലൂട്ട് ഏറ്റുവാങ്ങി യാത്രതുടങ്ങിയ തീവണ്ടി പിന്നീട് രാജ്യത്തിന്‍റെ സ്വാതന്ത്രലബ്ദിക്കും തുടര്‍ന്നുളള അനവധി ചരിത്ര സംഭവങ്ങള്‍ക്കും സാക്ഷിയായി സഞ്ചാരം തുടര്‍ന്നു. തിരുവതാംകൂറിലെ ആദ്യമീറ്റര്‍ ഗേജ്പാതയായ കൊല്ലം - ചെങ്കോട്ട പാതയെ നിര്‍മ്മിക്കാന്‍  ബ്രട്ടീഷ് ഭരണകൂടം തയ്യാറായതിന്‍റെ ലക്ഷ്യം വ്യാപാരമായിരുന്നു. സഹ്യന്‍റെ വനവിഭവങ്ങളെയും, കൊല്ലത്ത് പണ്ട് യഥോഷ്ടം ലഭിച്ചിരുന്ന കുരുമുളകിനെയും ഇഞ്ചിയേയും കശുവണ്ടിയേയും മദ്രാസ്സിലെത്തിക്കുകയെന്നതായിരുന്നു പാതയുടെ പ്രധാന നിര്‍മ്മാണ ലക്ഷ്യം.

1888നും 1900നും ഇടയ്ക്ക് മീറ്റര്‍ഗേജ് പാത നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍ തൂത്തുക്കുടിയില്‍ നിന്ന് പത്തേമാരി മാര്‍ഗം കൊല്ലത്തെത്തിക്കുകയും അവിടെ നിന്ന് കാളവണ്ടിയിലാണ് പുനലൂരിലേക്കെത്തിച്ചത്.  ഇന്ന് കുന്നുകള്‍ തുരക്കാന്‍ മനുഷ്യ സ്പര്‍ശമില്ലാതെതന്നെ സാധിക്കുന്ന ആധൂനിക യന്ത്ര സംവിധാനങ്ങളുണ്ട്. എന്നാല്‍ അന്നത്തെ സ്ഥിതി അതായിരുന്നില്ല, തുരങ്കങ്ങളുടെ നിര്‍മ്മാണത്തിനിടയ്ക്ക് അനേകം തൊഴിലാളികള്‍ക്കാണ് അന്ന് വനത്തിനുള്ളില്‍ സ്വജീവന്‍ വെടിയേണ്ടിവന്നത്. ഇതില്‍ നിന്നൊക്കെ അന്നത്തെ പാത നിര്‍മ്മാണത്തില്‍ നേരിട്ട പ്രതിസന്ധികള്‍ എത്രമാത്രം വലുതായിരുന്നുവെന്ന് ഊഹിക്കാവുന്നതേയൊളളു.  

സ്വാതന്ത്ര്യശേഷവും ചരക്ക് ഗതാഗതം പാതയിലൂടെ തുടര്‍ന്നു. ഒപ്പം ചെന്നൈ എഗ്മോര്‍ - കൊല്ലം യാത്ര തീവണ്ടിയും. ഈ പഴയ ചരിത്രം തങ്ങള്‍ മറന്നിട്ടില്ലാ എന്ന് തെളിയിക്കുന്നതിനായിരിക്കാം ഇന്ത്യന്‍ റെയില്‍വേ പുതുക്കിപ്പണിത റെയില്‍ പാതയിലൂടെയുളള ആദ്യ സര്‍വ്വീസ് ചെന്നൈക്കടുത്തുളള താമ്പരത്ത് നിന്ന് കൊല്ലത്തേക്കാക്കിയത്. ഏപ്രിലില്‍ പാത ഉദ്ഘാടനം കഴിയുന്നതോടെ പാതയിലെ പ്രധാന സര്‍വ്വീസും താമ്പരം - കൊല്ലം തന്നെയാവും.

ഞാന്‍ തയ്യാറെടുക്കുകയാണ് ഒരുയാത്രയ്ക്ക്, ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം - ചെങ്കോട്ട ബ്രോഡ്ഗേജ് പാതയിലൂടെ ഓര്‍മ്മകളെ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് പ്രകൃതിയോട് ഇണങ്ങിയുളള വൈകാരികയാത്രയ്ക്ക്. 

 

Photo Courtesy: Indian Express, Holidify, Flickriver.com, India Rail info, Themala Eco tourism. 
 

click me!