
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുന്നതായി റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍ ക്യാബിന്‍ വേര്‍തിരിക്കുന്ന സംവിധാനം ഒഴിവാക്കാനും ഒപ്പം കണ്ടക്ടര്‍മാര്‍ക്ക് സിംഗില്‍ സീറ്റ് നല്‍കുന്നതും ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് വരുന്നത്. കൊവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തിലാണ് പ്രത്യേക ക്യാബിന്‍ ഒഴിവാക്കുന്നത്.
ക്യാബിന്‍ വേര്‍തിരിക്കുന്നതു മൂലം ഡ്രൈവര്‍മാര്‍ക്കുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഇതൊഴിവാക്കാനുള്ള നീക്കം. ക്യാബിന്‍ വേര്‍തിരിച്ചാല്‍ അവിടേക്കുളള വായു സഞ്ചാരം കുറയുകയും ക്യാബിന്‍ ഭാഗത്തെ ചൂട് വര്‍ധിക്കുവാനും കാരണമായിരുന്നു. ചൂട് കാരണം ഡ്രൈവര്‍മാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായും പരാതി ഉയര്‍ന്നിരുന്നു.
ഇതോടെ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് ഡ്രൈവര്‍ ക്യാബിന്‍ വേര്‍തിരിവ് ഒഴിവാക്കാമെന്ന് ചീഫ് ഓഫീസ് അറിയിപ്പ് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാബിനിലെ വേര്‍തിരിവ് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നുള്ള ജീവനക്കാരുടെ അഭിപ്രായം അനുസരിച്ചാണ് തീരുമാനം. യൂണിറ്റുകളിലെ സാഹചര്യം അനുസരിച്ച് ആവശ്യമെങ്കില്‍ നടപടിക്കാണ് നിര്‍ദ്ദേശം. കൊവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി.
മാത്രമല്ല കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് ഇനി ഒറ്റയാള്‍ സീറ്റും നടപ്പിലാക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ കണ്ടക്ടറുടെ സീറ്റ് യാത്രക്കാരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കുകയാണ് ഒരു ലക്ഷ്യം. മാത്രമല്ല വനിതാ കണ്ടക്ടര്‍മാരുള്ള ബസുകളില്‍ സീറ്റ് പങ്കുവയ്ക്കുന്നത് ജീവനക്കാരുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
മദ്യപര്‍ അടക്കം വനിതാ കണ്ടക്ടര്‍മാരുടെ സമീപം ഇരിക്കുന്നത് ഉപദ്രവമായി മാറുന്നതായി യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മിക്ക ഡിപ്പോകളിലും ഇതിനുള്ള നടപടികള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചില ദീര്‍ഘദൂര സര്‍വീസുകളില്‍ കണ്ടക്ടര്‍മാര്‍ക്ക് ഇപ്പോള്‍ത്തന്നെ സിംഗിള്‍ സീറ്റാണ് നിലവിലുള്ളത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.