മറയൂര്‍ മധുരവും മുനിയറകളും

By ഡോ സന്ധ്യ ജയകുമാര്‍First Published Jan 14, 2017, 3:08 PM IST
Highlights

യാത്രകള്‍ എന്നെന്നും എനിക്ക് ഹരമായിരുന്നു. കാണാന്‍ പോകുന്ന കാഴ്ചകളും അനുഭവങ്ങളും എന്നെ വല്ലാതെ ത്രസിപ്പിച്ചിരുന്നു. യാത്രയും ജീവിതവും ഒന്നല്ലേ എന്ന ചോദ്യം ഇന്നും മനസ്സില്‍ ഉത്തരം കിട്ടാ ചോദ്യം ആയി അവശേഷിക്കുന്നു. ജീവിതത്തിന്റെയും യാത്രയുടെയും  ആകസ്മികതകള്‍, അപ്രത്യാശിതങ്ങള്‍ ആയ ഗതിവിഗതികള്‍ എല്ലാം പലപ്പോഴും കതുകത്തോടെയും ചിലപ്പോഴെങ്കിലും ഞെട്ടലോടെയും നോക്കിക്കണ്ടിട്ടുണ്ട്. ഇത്തവണ ഗംഭീരമായ തയ്യാറെടുപ്പുകളോടെ തുടങ്ങിയ യാത്ര വ്യക്തിപരമായ കാരണങ്ങളാല്‍ അപ്രതീക്ഷിതമായി അവസാനിപ്പിച്ചപ്പോള്‍ ആശ്വാസം ആയിരുന്നു.

കലങ്ങിമറിഞ്ഞ മനസ്സോടെ ഇരിക്കുമ്പോഴാണ് പതിവുപോലെ കുടുംബ സുഹൃത്തായ പീതാംബരന്റെ ചോദ്യം ‘ഒരു യാത്ര പോയാലോ ‘എന്ന്. ഒന്നും ആലോചിച്ചില്ല, എവിടെയ്ക്കെന്നു ചോദിച്ചില്ല, പെട്ടിയും എടുത്ത് കുടുംബസമേതം  കാറില്‍ കയറി ഇരുന്നു. ആനച്ചാലില്‍ പീതാംബരന്റെ സുഹൃത്ത് പുതുതായി തുടങ്ങുന്ന റിസോര്‍ട്ടിലേയ്ക്ക്. ചെങ്കുളം ഡാമിന്റെ തൊട്ടടുത്തായി ശാന്തസുന്ദരമായ ചെങ്കുത്തായ പ്രദേശം. ഞങ്ങള്‍ ആണ് ആദ്യ താമസക്കാര്‍. പാചകക്കാരി നാട്ടുകാരി മുനിയമ്മ. ആദ്യ ദിനം തന്നെ പുട്ടും സ്വാദിഷ്ടമായ കടലക്കറിയും വിളമ്പി ഞങ്ങളെ വീഴ്ത്തി.

അലക്ഷ്യമായി തേയിലത്തോട്ടങ്ങളിലൂടെ യാത്ര. അതായിരുന്നു ആദ്യ ദിനത്തിലെ കാര്യപരിപാടി. ട്രാഫിക് ബോര്‍ഡ് നോക്കി ടോപ്‌ സ്റ്റേഷന്‍ കണ്ടു,നേരെ വച്ച് പിടിച്ചു.

തേയിലച്ചെടികളുടെ ഇടയില്‍ പഴുത്ത ഓറഞ്ചുകളും പേറി തണുപ്പിലും തല ഉയര്‍ത്തി  നില്ക്കുന്ന മരങ്ങള്‍. വഴിയരികില്‍ ഓറഞ്ചുകൂടകളുമായി കച്ചവടക്കാര്‍.

ഫ്രഷ്‌ ഓറഞ്ച് നുണഞ്ഞ് വഴിയോരത്തിരുന്നു വിശ്രമിക്കാനാഞ്ഞ എന്നെ ഒരു കച്ചവടക്കാരന്‍ തുറിച്ചുനോക്കി. കാര്യമറിയാതെ ഒന്ന് ചുറ്റും നോക്കിയപ്പോള്‍ ആണ് കണ്ടത് , ഇരിക്കാന്‍ തുനിഞ്ഞ കോണ്ക്രീറ്റ് തറയില്‍ ഒരു ശൂലവും വിഗ്രഹവും ക്ലാവ് പിടിച്ച വിളക്കും. ശരിക്കും പെട്ടുപോയേനെ.

പതുക്കെ ഒരല്പം അകലെ മാറി ഇരുന്ന് ഓറഞ്ചും കഴിച്ച് തുറിച്ചുനോക്കിയ കച്ചവടക്കാരനെ നോക്കി നന്ദിസൂചകമായി ഒന്ന് ചിരിച്ച് യാത്ര തുടര്‍ന്നു. കറങ്ങിത്തിരിഞ്ഞ്  വൈകുന്നേരം ആയപ്പോഴേക്കും മൂന്നാര്‍ ടൗണില്‍ തിരിച്ചെത്തി. നല്ല തണുപ്പായി. സ്വെറ്ററും മങ്കി ക്യാപ്പും ഒക്കെ ധരിച്ച് കറങ്ങി നടക്കുന്ന ടൂറിസ്റ്റുകള്‍, അവരെ ആകര്‍ഷിക്കാന്‍ ഉച്ചത്തില്‍ വിളിച്ചോതുന്ന വഴിവാണിഭക്കാര്‍. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സ്ഥിരം കാഴ്ചകള്‍. വര്‍ഷാവര്‍ഷങ്ങള്‍ക്കു മുമ്പുള്ള മൂന്നാര്‍ ഓര്‍മ്മകകളില്‍ ഇല്ലാത്ത  കുന്നു കൂടുന്ന മാലിന്യങ്ങളുടെ ആശങ്ക ഉളവാക്കുന്ന നേര്‍ചിത്രം! മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വ്യക്തമായ ആസൂത്രണം ഇല്ലെങ്കില്‍ സമീപഭാവിയില്‍ത്തന്നെ നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മാലിന്യക്കൂമ്പാരങ്ങള്‍ ആകും ,സംശയം വേണ്ട. രാത്രി തണുപ്പില്‍ തണുത്തുറഞ്ഞുപോകും എന്ന് കരുതിയ ഞങ്ങളുടെ ധാരണയെ തെറ്റിച്ചുകൊണ്ട് നല്ല സുഖകരമായ കാലാവസ്ഥയില്‍ ആനച്ചാലിലെ സുഖസുഷുപ്തി!
 
പിറ്റേന്ന് മുനിയമ്മയുടെ സ്വാദിഷ്ടമായ പ്രാതലിനു ശേഷം കാന്തല്ലൂര്‍ യാത്ര. വെറുതെ ഒരു ഡ്രൈവ്‌ എന്നതിനപ്പുറം ഒന്നും തന്നെ പ്ലാന്‍ ചെയ്തിരുന്നില്ല. സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പ്രകൃതി തന്നെ വലിയ ഒരു കാഴ്ച ആണ്,പിന്നെ പ്രത്യേകിച്ച് എന്ത് കാണാന്‍?  വെട്ടിയൊതുക്കിയ തേയിലച്ചെടികള്‍ കോടയില്‍ മുങ്ങിയ മലനിരകളെ പച്ചപുതപ്പിച്ചിരിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും നില്ക്കുന്ന സൂര്യപ്രകാശം. വീതി കുറവെങ്കിലും നല്ല റോഡ്‌, തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങള്‍ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍. ഫ്രെഷ് പേരക്കയും ഓറഞ്ചും കാരറ്റും ഒക്കെ വില്ക്കു ന്ന വഴിവാണിഭക്കാര്‍. പല ഭാഗങ്ങളിലും വന്യജീവികള്‍  ക്രോസ്സ് ചെയ്യുന്ന സ്ഥലങ്ങള്‍ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍. ‍( ഓ ,അത് രാത്രി ആയിരിക്കുമെന്നെ എന്ന് അങ്ങോട്ടും ഇങ്ങോട്ടും ആശ്വസിപ്പിച്ചു).

ഇരവികുളം നാഷണല്‍ പാര്‍ക്ക് പോലുള്ള തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി ഞങ്ങള്‍ മുന്നോട്ട് തന്നെ. തേയിലത്തോട്ടങ്ങളുടെ ഇടയ്ക്ക് കണ്ട ഒരു സ്റ്റാന്റ് ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു. രണ്ടു മരച്ചില്ലകള്‍ ലംബമായും ഒന്ന് തിരശ്ചീനമായും വച്ച് അതില്‍ മൂന്ന് കളര്‍ പെയിന്റ് ചെയ്ത് മാലിന്യങ്ങള്‍ തരം തിരിച്ച് അതില്‍ നിക്ഷേപിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഒരു സ്റ്റാന്റ്. കൃത്യമായ അകലത്തില്‍ ജൈവ – അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കാന്‍ നമ്മെ സഹായിക്കുന്ന ഒരു എളിയ സംരംഭം. ഒറ്റ നോട്ടത്തില്‍ തന്നെ അറിയാം ഈ സംരംഭത്തിന് കോര്‍പ്പറേറ്റ് പ്രയോജകരോ കാര്യമായ ധനസഹായമോ ഇല്ല.

യാതൊരു വകതിരിവും ഇല്ലാതെ സഞ്ചാരികള്‍ തേയിലത്തോട്ടങ്ങളിലെയ്ക്ക് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ശേഖരിക്കാന്‍, ഭാവിതലമുറയ്ക്ക് മാലിന്യമുക്തമായ ഭൂമി  കൈമാറാനായി  പ്രകൃതിസ്നേഹിയായ, തോട്ടം തൊഴിലാളികളുടെ തലയില്‍ ഉദിച്ച ആശയമാണിത്!

ആ സാമൂഹിക പ്രതിബദ്ധതയ്ക്ക്  മനസ്സാ നന്ദി പറഞ്ഞു. ഇത്തരം എളിയ സംരംഭങ്ങള്ക്ക്പ‌ പോലും പുല്ലുവില കല്പ്പി ക്കാതെ അതിനു ചുറ്റും പോലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ധാര്ഷ്ട്യ ത്തെ വേറെന്ത് പേരിട്ട് വിളിക്കാം എന്ന് ആലോചിച്ചു!

വാഹനം  മറയൂര്‍ ചന്ദനക്കാടുകളില്‍ പ്രവേശിച്ചു. വിന്ഡോനഗ്ലാസ്സുകള്‍ താഴ്ത്തി ചന്ദനം മണക്കുന്ന കാറ്റിനെ അകത്തേയ്ക്ക് ആനയിച്ചു. കണ്ണുകള്‍ കാടിനുള്ളില്‍ വീരപ്പന്റെ കൂട്ടാളികളെ തിരഞ്ഞു. നേരമ്പോക്കിനായി കുറെ വീരപ്പന്‍ കഥകള്‍ പറഞ്ഞു. മറയൂര്‍ എത്തിയപ്പോള്‍ ആണ് എന്നാല്‍ പിന്നെ മറയൂര്‍ ശര്‍ക്കര ഉണ്ടാക്കുന്നത് കാണാം ഒപ്പം കുറച്ച് ശര്‍ക്കര വാങ്ങുകയും ചെയ്യാം എന്ന് തീരുമാനിച്ചത്. എന്നാല്‍  ശര്‍ക്കര ഉണ്ടാക്കുന്ന സ്ഥലങ്ങള്‍ അന്വേഷിച്ച് എത്തിയത് മുനിയറകളുടെ മൊട്ടക്കുന്നില്‍. തുറസ്സായ ഒരു പ്രദേശം, അവിടെ ധാരാളം ഗുഹകള്‍ എന്ന് തോന്നിയ്ക്കുന്ന അറകള്‍(chamber). കരിങ്കല്‍ പാളികള്‍ കൊണ്ടുള്ള നാല് ചുമരുകള്‍, മുകളില്‍ ഒറ്റപ്പാളിയില്‍ മേല്‍ക്കൂര. കഷ്ടിച്ച് ഒരു മനുഷ്യന് നീണ്ടുനിവര്‍ന്ന് കിടക്കാനുള്ള ഇടം മാത്രം! B.C3000 നും 14000 നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടത്‌ എന്ന് കരുതുന്ന ഈ മുനിയറകള്‍ മുനിമാര്‍ തപസ്സ് ചെയ്തിരുന്ന ഗുഹകള്‍ ആണെന്ന് കരുതുന്നവര്‍ ഏറെ. ഇവ ശവക്കല്ലറകള്‍ ആയിരുന്നു എന്ന വാദവും നിലവില്‍ ഉണ്ട്. ഏതായാലും ആധികാരികമായ ഒരു പഠനം നടന്നിട്ടില്ല എന്ന് വ്യക്തം.

തലയ്ക്കുമുകളില്‍ ജ്വലിച്ച്‌ നില്ക്കുന്ന സൂര്യന്‍, ഇടയ്ക്കിടയ്ക്ക് വീശുന്ന തണുത്ത കാറ്റ്, മൗനത്തില്‍ മുങ്ങിയ ശാന്തസുന്ദരമായ പ്രദേശം. മനസ്സില്‍ ദാര്‍ശിനിക ചിന്തകള്‍ പൊട്ടിമുളയ്ക്കാന്‍ അധിക സമയം ഒന്നും വേണ്ട. ഏതായാലും പൊട്ടിമുളച്ച ചിന്തകളെ പടര്‍ന്നു പന്തലിയ്ക്കാന്‍ അനുവദിച്ചില്ല. കുന്നിറങ്ങി. താഴ്വാരത്തില്‍ ഒരു സര്‍ക്കാര്‍ സ്കൂള്. മുറ്റത്തു വലിയ ഒരു തണല്‍ മരം. അതിനു ചുറ്റും തറ കെട്ടിയിട്ടുണ്ട്. അവിടെയിരുന്ന് മൊട്ടക്കുന്നും ആ തുറസ്സായ പ്രദേശവും വീക്ഷിക്കുമ്പോള്‍ മനസ്സില്‍ അവിടത്തെ  കുട്ടികളില്‍, നമ്മുടെ ഭാവി തലമുറയില്‍,  മുനിയറകള്‍ പോലുള്ള പൈതൃകങ്ങള്‍ സംരക്ഷിക്കപ്പെടെണ്ടതാണെന്നുള്ള ഒരു അവബോധം സൃഷ്ടിക്കാന്‍ ഉതകുന്ന ഒരു അന്തരീക്ഷം ആണല്ലോ ഈ സ്കൂളിന് ഉള്ളതെന്ന് വെറുതെ ചിന്തിച്ചുപോയി.

സ്കൂളിന്റെ ഗേറ്റ് കടന്നപ്പോള്‍ മനസ്സില്‍ നീലപ്പാവടയും വെള്ള ഷര്‍ട്ടും ധരിച്ച കൗമാരക്കാരി പലതവണ പിന്തിരിഞ്ഞു നോക്കി.

എന്തിനാണാവോ? മറയൂര്‍ ശര്‍ക്കരയുടെ മാധുര്യം തേടിയായി മുന്നോട്ടുള്ള യാത്ര. വഴിയരികില്‍ ഒരു പലചരക്ക് കടയില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരം അനുസരിച്ച് തലേന്ന് കരിമ്പിന്‍ ലോഡ് പോയിട്ടുണ്ട്,അതുകൊണ്ട് തന്നെ മുന്നോട്ടു പോയാല്‍ ശര്‍ക്കര ഉണ്ടാക്കുന്നത്‌ കാണാന്‍ സാധിക്കുമെന്ന് മനസ്സിലായി.

അധിക ദൂരം പോയില്ല, ഒരു വീടിന് മുന്നില്‍ ഒരു ഷെഡ്‌, അതിനു മുന്നില്‍ കുന്നോളം കരിമ്പിന്‍ ചണ്ടികള്‍, പുക തുപ്പാന്‍ ഉയര്‍ന്നു നില്ക്കുന്ന പുകക്കുഴല്‍. എത്തിപ്പോയി. നേരെ ഷെഡില്‍ ചെന്നു. വലിയ പാത്രത്തില്‍ കരിമ്പിന്‍ ജൂസ് തിളയ്ക്കുന്നു. അതിളക്കിയും ഇടയ്ക്ക് കത്തുന്ന അടുപ്പിലേയ്ക്ക് കരിമ്പിന്‍ ചണ്ടി ഇട്ട് തീ ആളിക്കത്തിയ്ക്കുന്നതില്‍ മുഴുകിയും നിന്നിരുന്ന സ്ത്രീയോട് അനുവാദം ചോദിച്ചുകൊണ്ട് കുറെ നേരം അവിടെ ചുറ്റിപ്പറ്റി നിന്നു. കുറച്ച് ചിത്രങ്ങള്‍ എടുത്തു. മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേകതകള്‍ ചോദിച്ചറിഞ്ഞു. യാതൊരുവിധ കൃത്രിമ സാധനങ്ങളും ചേര്‍ക്കുന്നില്ല എന്ന് അവര്‍ പറഞ്ഞു. രുചിക്കും ഗുണനിലവാരത്തിനും ഏറെ പേരുകേട്ട മറയൂര്‍ ശര്‍ക്കരയുടെ മാധുര്യം  ആ പ്രദേശത്തെ മണ്ണിനോടും   കാലാവസ്ഥയോടും കടപ്പെട്ടിരിക്കുന്നു. കരിമ്പിന്‍ തോട്ടങ്ങളുടെ വിസ്തൃതി കുറഞ്ഞെങ്കിലും ഗുണനിലവാരത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലത്രേ. ഒരു കുടില്‍ വ്യവസായമായ ശര്‍ക്കര നിര്‍മ്മാണം മറയൂര്‍ - കാന്തല്ലൂര്‍ റൂട്ടില്‍ പല വീടുകളോടും ചേര്‍ന്ന്  തകൃതിയായി നടക്കുന്നുണ്ട്.  നമുക്ക് നേരിട്ട് അവരില്‍ നിന്ന് മേടിക്കുകയും ആകാം.

ഉച്ചയൂണിന്റെ സമയം അതിക്രമിച്ചു. കാന്തല്ലൂര്‍ എത്തുകയും വേണം. വണ്ടി അറിയാതെ സ്പീഡ് എടുത്തു. ‘രേവതിക്കുട്ടി’ എന്ന ചെറിയ ഭക്ഷണശാലയില്‍ നിന്നും ഉടമസ്ഥന്‍ ശശിധരന്റെ സരസമായ സംഭാഷണവും ആസ്വദിച്ചു വിശദമായ ഊണ്. ഇനിയും നിന്നാല്‍ ഇരുട്ടുന്നതിനു മുമ്പ് താമസസ്ഥലത്ത് എത്തുകയില്ല എന്നുറപ്പുള്ളത് കൊണ്ട് കാന്തല്ലൂരിനോട് തത്കാലം വിട പറഞ്ഞു. അവിടത്തെ ആപ്പിള്‍,മാതളം,ഓറഞ്ചുതോട്ടങ്ങള്‍ കാണണം എന്നുണ്ടായിരുന്നു. ഇനിയും പോകണം. കാണണം.

മടക്കയാത്രയില്‍ വഴിയോരത്ത് വാഹനം നിര്‍ത്തി മറുവശത്തെ കാട്ടില്‍ ചാടിക്കളിച്ചിരുന്ന ഒരു പറ്റം കുരങ്ങുകളുടെ മേളം ആസ്വദിച്ചു. ചോക്ലേറ്റിന്റെ മാധുര്യം അകമ്പടിയായി. ഒരു പറ്റം വാനരന്മാര്‍ മരത്തില്‍ നിന്നിറങ്ങി നിരത്തിലൂടെ വലിയ അധികാരത്തില്‍ നടക്കുന്നതും കണ്ണില്‍ പ്പെട്ടു. പിന്നീട് കാണുന്നത് അവന്മാര്‍ നമ്മുടെ വാഹനത്തിന്റെ  ഗ്ലാസ്സില്‍ മാന്തുന്നു, മുരളുന്നു, മുഷ്ടി ചുരുട്ടി ആക്രോശിക്കുന്നു. ഭാഗ്യം ഗ്ലാസ്സുകള്‍ താഴ്ത്തിയിരുന്നില്ല. അല്ലെങ്കില്‍ പൂര്‍വ്വികരുടെ മാന്തും മേടിച്ച് തിരിക്കേണ്ടി വരുമായിരുന്നു.

ചോക്ലേറ്റ് കൊടുക്കാത്തത്തിന്റെ കൊതിക്കെറുവ് ആയിരിക്കും.

സാരമില്ല എന്നാശ്വസിച്ചു. അധികം ഇരുട്ടുന്നതിനു മുമ്പു തന്നെ കൂടണഞ്ഞു. അത്താഴവും പിറ്റേന്നത്തെ പ്രാതലും മുനിയമ്മയുടെ വക തന്നെ. പ്രശാന്തസുന്ദരവും പ്രകൃതി രമണീയവും ആയ ചെങ്കുളം ഡാം കൂടി കണ്ടു. മടക്കം ആരംഭിച്ചു. ഇറക്കം ആയതിനാലാണോ എന്തോ വളരെ പെട്ടെന്ന് തന്നെ വീടെത്തി. തികച്ചും ആകസ്മികം ആയ യാത്രയുടെ മാധുര്യം പേറി അടുത്ത യാത്രയുടെ സ്വപ്നവുമായി ജീവിതത്തിരക്കുകളിലേയ്ക്ക്.

 

click me!