യൂറോപ്യന്‍ സൗന്ദര്യം ആവാഹിച്ച് പുത്തന്‍ വെര്‍ന

By ബൈജു എന്‍ നായര്‍First Published Sep 9, 2017, 1:58 PM IST
Highlights

ഏതാനും വർഷങ്ങൾ അങ്ങനെ പരിക്കില്ലാതെ കടന്നുപോയി. അതിനിടയ്ക്ക് സ്ഥിരം ശത്രുവായ മാരുതിയുടെ മൂശയിൽ 'സിയാസ്' എന്നൊരു മോഡൽ രൂപം കൊണ്ടുവരുന്നുണ്ടായിരുന്നു. സിയാസ് വന്നു. അത് വെർനയ്ക്കുള്ള ആദ്യത്തെ തിരിച്ചടിയായി. തൊട്ടുപിന്നാലെ പുതിയ ഹോണ്ട സിറ്റിയും വന്നു. വിലക്കുറവും സ്ഥലസൗകര്യമായിരുന്നു സിയാസിന്റെ പ്ലസ് പോയിന്റുകളെങ്കിൽ, ഫീച്ചേഴ്‌സും നിർമ്മാണ നിലവാരവുമായിരുന്നു, പുതിയ സിറ്റിയുടെ കൈമുതൽ. ഈ രണ്ടു പുതു മോഡലുകളും എത്തിയതോടെ വെർനയുടെ വില്പന നാമമാത്രമായി.

 

ന്യൂ വെർന
100 കോടി രൂപ മുടക്കിയാണ് ഹ്യുണ്ടായ് പുതിയ വെർന നിർമ്മിച്ചെടുത്തത്. ആഗോളതലത്തിൽ ഇത് അഞ്ചാം ജനറേഷനിൽ പെട്ട വെർനയാണെങ്കിൽ, ഇന്ത്യയിൽ നാലാം ജനറേഷനാണ്. (ആദ്യ വെർന ഇന്ത്യയിലെത്തിയിരുന്നില്ല). പൂർണ്ണമായും പുതിയതാണ് ഈ വെർന. എലാൻട്രയുടെ പ്ലാറ്റ്‌ഫോമിൽ നീളവും വീതിയും വീൽബെയ്‌സും വർദ്ധിപ്പിച്ചാണ് വെർന നിർമ്മിച്ചിരിക്കുന്നത്. പുതിയ എലാൻട്രയുടെ രൂപമെന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. പുതിയ വെർനയുടെ ഓൾ ഇന്ത്യ മീഡിയ ഡ്രൈവ് നടന്നത് കൊച്ചിയിലാണ്. നഗരത്തിൽ നിന്ന് അതിരപ്പള്ളിയിലേക്കായിരുന്നു യാത്ര. ആ യാത്രയിൽ കണ്ടതും കേട്ടതും തുടർന്നു വായിക്കുക.

കാഴ്ച
ഹൈസ്‌ട്രെങ്ത് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെ2പ്ലാറ്റ്‌ഫോമിലാണ് വെർന പടുത്തുയർത്തിയിരിക്കുന്നത്. അങ്ങനെ സുരക്ഷയുടെ കാര്യത്തിൽ മുൻപന്തിയിലായി വെർന. എന്തായാലും കാഴ്ചയിൽ ഒരു ബേബി എലാൻട്രയാണ് വെർന. ഹ്യുണ്ടായ്‌യുടെ പുതിയ വാഹനങ്ങളുടെ സിഗ്‌നേച്ചറെന്നു വിളിക്കാവുന്ന 'കാസ്‌കേഡിങ്'ഗ്രിൽ തന്നെയാണ് വെർനയ്ക്കും കൊടുത്തിരിക്കുന്നത്.

ഗ്രില്ലിനു ചുറ്റും, കൂടാതെ സ്‌പോക്കുകളിലുമെല്ലാം ക്രോമിയത്തിന്റെ തിളക്കമുണ്ട്. ഹെഡ്‌ലാമ്പ് കണ്ണെഴുതിയതുപോലെ, നീണ്ടു സുന്ദരമായി നിലകൊള്ളുന്നു, ഈ പ്രൊജക്ടർ ഹെഡ്‌ലാമ്പിനു താഴെ ഭംഗിയുള്ള ഡേ ടൈം റണ്ണിങ് ലാമ്പ്. ശില്പഭംഗിയുള്ള ബമ്പറിൽ ക്രോമിയം സ്ലോട്ടിനുള്ളിൽ, ക്രോമിയം പൊതിഞ്ഞ ഫോഗ് ലാമ്പുകൾ. എയർഡാമെന്നു പറയാനൊന്നുമില്ല. ഒരു ചെറു ഗ്യാപ്പ് മാത്രം. ബോണറ്റ് ചെരിഞ്ഞിറങ്ങുന്നു. ഉള്ളിൽ നിന്നുള്ള വിസിബിലിറ്റി വളരെ കൂടുതലാണെന്ന് പുറമേ നിന്നേ ഊഹിക്കാം.

സൈഡ് പ്രൊഫൈലിൽ തനി യൂറോപ്യൻ ഡിസൈൻ ഭംഗി ആസ്വദിക്കാം. ക്രോമിയം വിൻഡോ ലൈനും ക്രോമിയം ഡോർ ഹാൻഡ്‌ലും സുന്ദരം. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ അതിസുന്ദരം. കൂപ്പെകളുടേതു പോലെയാണ് റൂഫ്‌ലൈൻ. അതും തനി യൂറോപ്യൻ തന്നെ. പിൻഭാഗം അതിമനോഹരമാണ് അതിനുകാരണം ആ 'സ്‌ട്രെച്ച്ഡ്' ടെയ്ൽ ലാമ്പാണ്. അതിലെ എൽഇഡി ലൈറ്റുകൾ രാത്രിയിൽ മറക്കാനാവാത്ത കാഴ്ച സമ്മാനിക്കുന്നു. ബൂട്ട് ഗേറ്റിന്റെ ലിപ് അല്പം ഉയർന്നു നിൽക്കുന്നു. വലിയ ബമ്പറിൽ, താഴെ റിഫ്‌ളക്ടറുകളും ബ്ലാക്ക് ക്ലാഡിങും.

ചുരുക്കിപ്പറഞ്ഞാൽ, ഭൂതകാല മോഡലുകളുമായി പുലബന്ധം പോലുമില്ല പുതിയ വെർനയ്ക്ക്. ഇവൻ തനി യൂറോപ്യനാണ്.

ഉള്ളിൽ
ഉൾഭാഗത്തു കയറുമ്പോൾ തീർത്തും പുതിയ ഒരു മോഡലിൽ കയറുന്ന ഫീൽ ലഭിക്കില്ല. അക്കാര്യത്തിൽ തികച്ചും 'ഹ്യുണ്ടായ്' തന്നെയാണ് വെർനയും. എന്നാൽ പഴയ വെർനയുമായി ഡാഷ്‌ബോർഡിനൊന്നും സാമ്യമില്ല. തന്നെയുമല്ല പഴയ വെർനയിലെ ബീജ് ഇന്റീരിയർ ബ്ലാക്ക്-ബീജ് ഇന്റീയറിന് വഴി മാറിയിട്ടുമുണ്ട്. എന്നാൽ മെത്തത്തിലുള്ള ലേഔട്ടും ഡിസൈനുമൊക്കെ തനി ഹ്യുണ്ടായ് ശൈലിയിൽ തന്നെയാണ്. ക്രെറ്റ, എലാൻട്ര, എലീറ്റ് ഐ20 എന്നിവയുടെയൊക്കെ പല ഘടകങ്ങളും വെർനയിലുണ്ട്. വളരെ 'നീറ്റാ'യാണ് ഉൾഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ ബഹളങ്ങളൊന്നുമില്ല. ഡാഷ്‌ബോർഡിനു മേലെ കാണുന്ന വലിയ 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീൻ കാര്യങ്ങളെല്ലാം നടത്തിക്കൊള്ളും.

സീറ്റുകളുടെ കുഷ്യനിങ്ങും തുടസപ്പോർട്ടുമൊക്കെ ഒന്നാന്തരം തന്നെയുമല്ല, ഈ സെഗ്‌മെന്റിൽ ആദ്യമായി ഹീറ്റഡ്-കൂൾഡ് സീറ്റും ഹ്യുണ്ടായ്, വെർനയ്ക്ക് നൽകിയിട്ടുണ്ട്. പിന്നിലെ സീറ്റിലെ സ്ഥലസൗകര്യം വർദ്ധിച്ചിട്ടുണ്ട്. വീൽബെയ്‌സ് 30മി.മീ., ഹെഡ്‌റൂം 3 മി.മീ, ലെഗ്‌റൂം 44 മി.മീ എന്നിങ്ങനെ വർദ്ധിച്ചിട്ടുണ്ട്. കൂടാതെ പിൻഭാഗത്ത് ഇപ്പോൾ എസി വെന്റുകൾ വന്നിട്ടുണ്ട്. പിൻവിൻഡ് ഷീൽഡിൽ മാനുവലായി ഉയർത്താവുന്ന സൺകർട്ടനും വന്നു.

മറ്റൊരു കാര്യം, ഐബ്ലൂ എന്ന ആപ്പ് ഉപയോഗിച്ച് പിന്നിൽ ഇരിക്കുന്നവർക്കും മ്യൂസിക് സിസ്റ്റത്തെ കൺട്രോൾ ചെയ്യാം എന്നുള്ളതാണ്. ഇലക്ട്രിക് സൺറൂഫ് വന്നു എന്നതും എടുത്തുപറയാം. അതുപോലെ തന്നെ, മ്യൂസിക് സിസ്റ്റത്തിൽ ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയുമുണ്ട്. വോയ്‌സ് കമാൻഡ് സിസ്റ്റവും കൊടുത്തിട്ടുണ്ട്. 'ആർക്കമീസ്' സൗണ്ട് മൂഡ് സിസ്റ്റമാണ് മറ്റൊന്ന്. ഇത് വാഹനത്തിനുള്ളിൽ എവിടെയും ഒരേ സൗണ്ട് ക്വാളിറ്റി ഉറപ്പ് നൽകുന്നു.

ഇനി പറയേണ്ടത് പുതിയ വെർനയിലെ ഏറ്റവും ഗംഭീര 'സംഭവ'ത്തെക്കുറിച്ചാണ്. ഹ്യുണ്ടായ് ഓട്ടോ ലിങ്ക് ആപ്പ് ആണ് ആ സംഭവം.  ടോപ്പ് എൻഡ് മോഡലിലെ കാറിന്റെ കൂടെ ഒരു ആൻഡ്രോയ്ഡ് ഫോൺ നൽകുന്നുണ്ട്. ഇതിലൂടെ ഈ ആപ്പുമായി ഡ്രൈവറുടെ മൊബൈൽ ഫോൺ ബന്ധിക്കപ്പെടുന്നു. എഞ്ചിൻ ആർപിഎം, കാറിന്റെ വേഗത, സഞ്ചരിച്ച ദൂരം, സമയം, ഡ്രൈവിങ് റൂട്ട്, സർവീസ് ചെയ്യേണ്ട സമയം, സഡൻബ്രേക്കിട്ടതെപ്പോൾ തുടങ്ങി എല്ലാ കാര്യങ്ങളും ഈ ആപ്പ് പറഞ്ഞുതരും.!

ഒടുവിൽ നിങ്ങൾ എത്ര നല്ല ഡ്രൈവറാണെന്നു പോലും ആപ്പ് മാർക്കിട്ട്, മനസ്സിലാക്കിത്തരും!

 

എഞ്ചിൻ
പഴയ 1.4 ലിറ്റർ എഞ്ചിനുകളും 4 സ്പീഡ് ഓട്ടോമാറ്റിക് -5 മാനുവൽ ട്രാൻസ്മിഷനുകളും നിർത്തിലാക്കി. ഇപ്പോൾ 1.6 ലിറ്റർ പെട്രോൾ/ഡീസൽ എഞ്ചിനുകളാണുള്ളത്. ട്രാൻസ്മിഷനാകട്ടെ 6 സ്പീഡ് ഓട്ടോമാറ്റിക്/6 സ്പീഡ് മാനുവൽ ആക്കി മാറ്റി.

ആദ്യം ഡീസൽ എഞ്ചിനെക്കുറിച്ച് പറയാം. ഈ 1582 സിസി, 128 ബിഎച്ച്പി എഞ്ചിന്റെ ടോർക്ക് 260 ന്യൂട്ടൺ മീറ്ററാണ്. മുമ്പ് മാക്‌സിമം ടോർക്ക് ലഭിച്ചിരുന്നത് 1900 -2750 ആർപിഎമ്മിലായിരുന്നെങ്കിൽ, ഇപ്പോൾ അത് 1500-3000 ആർപിഎമ്മാക്കി മാറ്റി. അങ്ങനെ ടോർക്ക് ബാൻഡ് നീട്ടുകയും കുറേക്കൂടി നേരത്തെ ആക്കുകയും ചെയ്തു. അത് പെർഫോമൻസ് വർദ്ധിപ്പിച്ചു. 1200 ആർപിഎം മുതൽ 4500 ആർപിഎം വരെ പവറിന്റെ കൂടാണ് ഈ എഞ്ചിൻ.

പെട്രോൾ എഞ്ചിൻ സിൽക്കിസ്മൂത്താണ്. 159 സിസി, 123 ബിഎച്ച്പി എഞ്ചിനാണിത്. 151 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. വളരെ ചെറിയ വേഗതയിൽ 5-ാം ഗിയറിലും ഓടിക്കാം, ഈ എഞ്ചിൻ. ഇത്രയും ശബ്ദരഹിതമാ യ ഒരു പെട്രോൾ  എഞ്ചിൻ അടുത്ത കാലത്തൊന്നും ഓടിച്ചിട്ടില്ല. മികച്ച ബ്രേക്കിങ്ങും സസ്‌പെൻഷനുമാണ് എടുത്തുപറയേണ്ട മറ്റു കാര്യങ്ങൾ. ഹമ്പുകളൊന്നും ചാടിയാൽ യാത്രികർ ആ ബുദ്ധിമുട്ട് അറിയുന്നില്ല. ഫീച്ചേഴ്‌സിന്റെ കാര്യത്തിൽ എതിരാളികളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് വെർന. സെഗ്‌മെന്റിൽ പുതിയ 9 ഫീച്ചേഴ്‌സ് അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ വിലയാകട്ടെ, 8 ലക്ഷത്തിൽ ആരംഭിച്ച് 13 ലക്ഷത്തിൽ അവസാനിക്കുന്നു. 20-25 ലക്ഷം രൂപ വില വരുന്ന വാഹനങ്ങളുമായാണ് വെർന ഫീച്ചേഴ്‌സിന്റെ കാര്യത്തിൽ മത്സരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്.

ഈ പംക്തിയിലെ മറ്റ് വാഹന വിശേഷങ്ങള്‍ വായിക്കാം

ഇന്ത്യയില്‍ അദ്ഭുതങ്ങള്‍ സൃഷ്‍ടിക്കാന്‍ ജീപ്പ് കോംപസ്

ടിഗ്വാന്‍; കുറഞ്ഞ വിലയില്‍ ഒരു ജര്‍മ്മന്‍ ആഢംബര വാഹനം

ഇതാ അടിമുടി മാറി പുതിയ ഡിസയര്‍

ഇസുസു എംയുഎക്സ്; ഇന്ത്യന്‍ നിരത്തുകളിലെ നാളത്തെ താരം

തീയ്യില്‍ കുരുത്ത നെക്സോണ്‍

എസ്റ്റേറ്റ് തരംഗവുമായി വോള്‍വോ വി 90 ക്രോസ് കൺട്രി

click me!