എര്‍ട്ടിഗ; കുടുംബങ്ങളുടെ പ്രിയ വാഹനം

By Web TeamFirst Published Jan 17, 2019, 2:56 PM IST
Highlights

ഇന്ത്യയുടെ പ്രിയപ്പെട്ട 7 സീറ്റർ മൾട്ടിപർപ്പസ് വാഹനമായ മാരുതി സുസുക്കി എർട്ടിഗയുടെ പുതിയ മോഡൽ നിരവധി മാറ്റങ്ങളോടെ അടുത്തിടെയാണ് വിപണിയിലെത്തിയത്. ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഉൾപ്പടെയുള്ള പുതുമകളോടെ എത്തിയ വാഹനം 2018 ഡിസംബര്‍ മാസത്തിലെ എംപിവി സെഗ്മെന്‍റില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. മുഖ്യ എതിരാളികളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയെയും മഹീന്ദ്രയുടെ മരാസോയെയും  പിന്നിലാക്കിയാണ് എര്‍ട്ടിഗയുടെ നേട്ടം. 7155 യൂണിറ്റുകളാണ് ഇക്കാലയളവില്‍ മാരുതി വിറ്റഴിച്ചത്. പുത്തന്‍ എര്‍ട്ടിഗയെക്കുറിച്ച് ബൈജു എന്‍ നായര്‍ എഴുതുന്നു.

ഇന്ത്യയിൽ വെന്നിക്കൊടി പാറിച്ച മാരുതിയുടെ ആദ്യ 7 സീറ്റർ മൾട്ടിപർപ്പസ് വാഹനമാണ് എർട്ടിഗ. 2012 ലാണ് എർട്ടിഗ വിപണിയിലെത്തിയത്. ആറുവർഷം കൊണ്ട് 4 ലക്ഷത്തിലേറെ എർട്ടിഗകൾ മാരുതിക്കു വിറ്റഴിക്കാൻ കഴിഞ്ഞു. എർട്ടിഗയ്ക്കു ശേഷം ഇതേ ജനുസ്സിൽപ്പെട്ട നിരവധി എംപിവികൾ നിരത്തിലെത്തിയെങ്കിലും ഒന്നിനും എർട്ടിഗയുടെ വിൽപന നേടാനായില്ല. 7 സീറ്ററാണെങ്കിലും ഒരു ചെറിയ സെഡാന്റെ ക്യാരക്‌ടേഴ്‌സാണ് എർട്ടിഗയ്ക്കുണ്ടായിരുന്നത്. അതുകൊണ്ടു തന്നെയാവാം, ഈ വാഹനം കുടുംബങ്ങളുടെ പ്രിയ വാഹനമായി മാറിയതും. ആറു വർഷത്തിനു ശേഷം നിരവധി പുതുമകളോടെ എർട്ടിഗയ്ക്ക് പുനർജന്മം നൽകിയിരിക്കുകയാണിപ്പോൾ മാരുതി. എഞ്ചിനടക്കം മാറിയിരിക്കുകയാണ്. രണ്ടാം അങ്കത്തിന് എർട്ടിഗ സുസജ്ജം എന്നു ചുരുക്കം.

കാഴ്ച
ഇഗ്‌നിസ്, ബലേനോ, സ്വിഫ്റ്റ്, ഡിസയർ എന്നിവയൊക്കെ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഹാർട്ട്‌ടെക്ക് 5 എന്ന പ്ലാറ്റ്‌ഫോമിലാണ് പുതിയ എർട്ടിഗയുടെ ജനനം. അതുകൊണ്ട് ഭാരത്തിൽ 20 കിലോയോളം കുറവു വന്നിട്ടുണ്ട്. എന്നു തന്നെയുമല്ല പുതിയ പ്ലാറ്റ്‌ഫോം കാരണം എർട്ടിഗ മൊത്തത്തിൽ ഒന്നു വലുതാവുകയും ചെയ്തു. 90 മി.മീ. നീളവും 40 മി.മീ വീതിയും 5 മി.മീ ഉയരവുമാണ് വർദ്ധിച്ചത്. ബൂട്ട് സ്‌പേസും 50 ശതമാനത്തോളം വർദ്ധിച്ചു. എന്നാൽ വീൽബെയ്‌സിൽ മാറ്റമുണ്ടായിട്ടില്ല. 2740 മീ.മീറ്ററായി വീൽബെയ്‌സ് തുടരുന്നു.

വലുപ്പം വർദ്ധിച്ചതൊന്നും ഒറ്റനോട്ടത്തിൽ വ്യക്തമല്ലെങ്കിലും പുതുമകൾ നിരവധി കണ്ടെത്താം, എർട്ടിഗയുടെ എക്സ്റ്റീരിയറിൽ. കാലഘട്ടത്തിന് അനുയോജ്യമാക്കുന്നതിന്റെ ഭാഗമായി ഗ്രില്ലിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ക്രോമിയം സ്റ്റഡുകളാണ് ഇപ്പോൾ ഗ്രില്ലിൽ കാണുന്നത്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകളുടെ രൂപം മാറി. ഇരട്ടക്കുഴൽ ഹെഡ്‌ലാമ്പ് ഇപ്പോൾ അതിമനോഹരമാണ്. ബമ്പർ പാടേ മാറിയിട്ടുണ്ട്. ചെറിയൊരു എയർഡാമും കറുത്ത ഫൈബർ സ്ലോട്ടുകൾ ഉൾക്കൊള്ളുന്ന ഫോഗ്‌ലാമ്പുമാണിപ്പോൾ ബമ്പറിൽ ഉള്ളത്. ‘വി’ ഷേപ്പുള്ള വരകളോടു കൂടിയ ഫ്‌ളാറ്റ് ബോണറ്റു കൂടിയാകുമ്പോൾ മുൻഭാഗത്തെ മാറ്റങ്ങൾ പൂർണ്ണമാകുന്നു.

വശക്കാഴ്ചയിൽ ആകെയൊന്ന് റിഫ്രഷ്ഡ് ആയിട്ടുണ്ട്, എർട്ടിഗ. ഷോൾഡർലൈനും റണ്ണിങ് ബോർഡിനു മേലെ കാണുന്ന ലൈനും മസിൽ പവർ സമ്മാനിക്കുന്നു ‘സി’ പില്ലറിന്റെ രൂപവും മാറിയിരിക്കുന്നു. അതിനു ചുറ്റും കറുപ്പിന്റെ പശ്ചാത്തല ഭംഗിയുണ്ട്. അതുമൂലം റൂഫിന് ഫ്‌ളോട്ടിങ് റൂഫിന്റെ ഭംഗി ലഭിച്ചിട്ടുണ്ട്. അലോയ് വീലുകളുടെ ഡിസൈനുകളും മാറ്റി, സുന്ദരമാക്കി.

പിൻഭാഗത്ത് ശ്രദ്ധിക്കുക. വോൾവോയുടെ കാറുകളിലേതു പോലെ തോന്നിക്കുന്ന എൽ ഷെയ്പ്പുള്ള എൽഇഡി ടെയ്ൽ ലാമ്പുകളാണ്. ടെയ്‌ലാമ്പുകളുടെ ഇടയിൽ അവയെ ബന്ധിപ്പിക്കുന്നതു പോലെ തടിച്ച ക്രോമിയം സ്ട്രിപ്പുണ്ട്. ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലർ, തടിച്ച ലൈനുകളുള്ള ബമ്പർ എന്നിവയാണ് പിൻഭാഗത്തെ മറ്റ് പ്രത്യേകതകൾ.

ഉള്ളിൽ
മാരുതിയുടെ മോഡലാണ് എന്ന് തോന്നിക്കാത്തവിധത്തിൽ മോഡേണാണ് എർട്ടിഗയുടെ ഡാഷ്‌ബോർഡ് ഡിസൈൻ. പല തട്ടുകളിലായി ഭംഗിയോടെ രൂപകല്പന ചെയ്ത ഡാഷ്‌ബോർഡിലെ എസി വെന്റുകൾ ഓഡിയുടെ ചില ഇന്റീരിയറുകളെ ഓർമ്മിപ്പിക്കും. ഡാഷിലെ വുഡ്ഫിനിഷ് എനിക്കിഷ്ടമായില്ലെങ്കിലും ഫ്‌ളാറ്റ്‌ബോട്ടം സ്റ്റിയറിങ് വിലും ഗയിർ ലിവറിലെ ലെതർ കവറും സ്വിച്ചുകളുമെല്ലാം ഒന്നാന്തരമാണ്. സ്ലൈഡിങ് ഫ്രണ്ട് ആംറെസ്റ്റ്, വാഹനത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അറിയാൻ കഴിയുന്ന മീറ്റർ കൺസോളിലെ ടിഎഫ്ടി സ്‌ക്രീൻ, എസി വെന്റുകൾ നൽകിയിരിക്കുന്ന ചിൽഡ് കപ്‌ഹോൾ ഡറുകൾ എന്നിവയൊക്കെ പുതുമയാണ്.

ധാരാളം ഇന്റീരിയർ സ്‌പേസുണ്ട്. വീതികൂടിയതോടെ ഷോൾഡർ റൂമും എല്ലാ നിര സീറ്റുകളിലും വർദ്ധിച്ചിട്ടുണ്ട്. മികച്ച കുഷ്യനിങ്ങാണ് സീറ്റുകൾക്ക്. ഡാഷ്‌ബോർഡിൽ കാണുന്ന ടച്ച് സ്‌ക്രീൻ സ്മാർട്ട് പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റുകളുണ്ട്. നാവിഗേഷൻ, റിവേഴ്‌സ് പാർക്കിങ് ക്യാമറ എന്നിവയും ഈ സ്‌ക്രീനിൽ ദർശിക്കാം.

മൂന്നുനിര സീറ്റുകളും അല്പം പിന്നിലേക്ക് ചാരാം എന്നുള്ളതാണ് മറ്റൊരു പുതുമ. മൂന്നാം നിര സീറ്റിലും തരക്കേടില്ലാത്ത ലെഗ്‌സ്‌പേസുണ്ട്. പഴയ മോഡലിനെക്കാൾ 70 മി.മീ അധിക ലെഗ്‌സ്‌പേസാണ് മൂന്നാം നിരയിൽ നൽകിയിരിക്കുന്നത്. ഒരു ലിവർ മൃദുവായി വലിച്ച് മൂന്നാം നിര സീറ്റിൽ കയറാം. വലിയ ക്വാർട്ടർ ഗ്ലാസും എസി വെന്റുകളും ഉള്ളതിനാൽ മൂന്നാം നിര സീറ്റ് പൊതുവേ കംഫർട്ടബിൾ ആണെന്നു പറയാം.

എഞ്ചിൻ
മുൻ മോഡലിലെ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ കൂടാതെ, പുതിയ 1.5 ലിറ്റർ ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ കൂടിയുണ്ട്. എർട്ടിഗയിൽ. ഈ 1462 സിസി, 105 ബിഎച്ച്പി മോഡലാണ് സ്മാർട്ട് ഡ്രൈവ് ടെസ്റ്റ് ഡ്രൈവ് ചെയ്തത്. പഴയ 1.4 ലിറ്റർ പെട്രോൾ എഞ്ചിനെക്കാൾ 13 ബിഎച്ച്പി പവറും 8 ന്യൂട്ടൺ മീറ്റർടോർക്കും ഈ എഞ്ചിന് കുടുതലുണ്ട്. പുതിയ എഞ്ചിൻ സിയാസിൽ കണ്ടിട്ടുള്ളതു തന്നെ. രണ്ട് ബാറ്ററികളാണ് എഞ്ചിനെ സഹായിക്കാൻ പിന്നിലുള്ളത്. ഇതിലെ ലിത്തിയം അയൺ ബാറ്ററി എഞ്ചിന്റെ പവർ അല്പം കുറയുമ്പോൾ വേണ്ട ബായ്ക്കപ്പ് നൽകുന്നുണ്ട്. കൂടാതെ ട്രാഫിക്കിൽ എഞ്ചിൻ നിൽക്കുകയും സ്റ്റാർട്ടാവുകയും ചെയ്യുന്നതും ഹൈബ്രിഡ് സെറ്റപ്പിന്റെ പ്രത്യേകതയാണ്. പുതിയ എഞ്ചിന് മൈലേജും വർദ്ധിച്ച് 19.34 കി.മീ./ലിറ്ററായി.

പെട്രോൾ എഞ്ചിന് 4 സ്പീഡ് ടോർക്ക് കൺവർട്ടർ ടൈപ്പ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് കൂടിയുണ്ട്. കൂടാതെ 2 എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇഎസ് പി, ഹിൽ അസിസ്റ്റ് എന്നിവയൊക്കെ സുരക്ഷാ സന്നാഹങ്ങളായി കൂടെയുണ്ട്. കംഫർട്ട്, സ്ഥലസൗകര്യം, ഹൈബ്രിഡ് എഞ്ചിൻ, മൈലേജ് എന്നിങ്ങനെ എല്ലാ കാര്യങ്ങളുടെയും സൂപ്പർമാർക്കറ്റാണ് എർട്ടിഗ എന്നു പറയാം. ഒരു യഥാർത്ഥ 7 സീറ്ററാണ് ഈ വാഹനംവില: 7.44 ലക്ഷം-10.90 ലക്ഷം രൂപ.

click me!