സുരക്ഷ ഉറപ്പാക്കി വോള്‍വോ എക്‌സ് സി 40

By Web TeamFirst Published Aug 5, 2018, 12:45 PM IST
Highlights
  • വോൾവോയുടെ ഓരോ വാഹനവും സുരക്ഷാ സന്നാഹങ്ങളുടെ പ്രദർശനശാലയാണ്
  • മറ്റ് വാഹനനിർമ്മാതാക്കൾക്കാകട്ടെ, അവ പാഠപുസ്തകങ്ങളാണ്
  • ബൈജു എന്‍ നായര്‍ എഴുതുന്നു

വോൾവോയുടെ ഓരോ വാഹനവും സുരക്ഷാ സന്നാഹങ്ങളുടെ പ്രദർശനശാലയാണ്. മറ്റ് വാഹനനിർമ്മാതാക്കൾക്കാകട്ടെ, അവ പാഠപുസ്തകങ്ങളാണ്. ഓരോ പുതിയ മോഡൽ വരുമ്പോഴും പുതിയതായി എന്തെങ്കിലും സുരക്ഷാസംവിധാനം ഇണക്കിച്ചേർത്തിട്ടുണ്ടാവും, വോൾവോ. എന്നാൽ ഇന്ത്യാക്കാർ വോൾവോയെ എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമുണ്ട്. പ്രീമിയം വാഹനങ്ങൾ വാങ്ങുന്നവരിൽ പലരും വോൾവോയെ ഇപ്പോഴും പരിഗണിച്ചു തുടങ്ങിയിട്ടില്ല. എന്നാൽ ഒരിക്കലെങ്കിലും യൂറോപ്പ് സന്ദർശിച്ചിട്ടുള്ളവർ വോൾവോയുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ടാവും.

ഇന്ത്യയിൽ പ്രീമിയം ബസുകളുമായാണ് വോൾവോ രംഗപ്രവേശം ചെയ്തത്. പിന്നീടാണ് കാറുകളും എസ്‌യുവികളും എത്തിച്ചത്. ഇപ്പോഴും വോൾവോയ്ക്ക് ഇന്ത്യയിൽ പൂർണമായ തോതിലുള്ള നിർമ്മാണ പ്ലാന്റില്ല. പല മോഡലുകളും ഇവിടെ അസംബിൾ ചെയ്യുകയാണ്.  അങ്ങനെ വാഹനഘടകങ്ങൾ വലിയ നികുതി നൽകി ഇറക്കുമതി ചെയ്തിട്ടും വില പിടിച്ചുനിർത്താൻ കഴിയുന്നതെങ്ങനെ എന്നുള്ളത് വാഹനമേഖലയിലെ പലരും പരസ്പരം ചോദിക്കുന്ന ചോദ്യമാണ്.

എക്‌സ് സി 40
എക്‌സ്‌സി 90, എക്‌സ് സി 60 എന്നീ എസ്‌യുവികൾക്കു ശേഷം വോൾവോ ഇന്ത്യയിൽ അവതരിപ്പിക്കുന്ന 'ബേബി എസ്‌യുവി'യാണ് എക്‌സ്‌സി 40. ബെൻസ് ജിഎൽഎ, ബി എം ഡബ്ല്യു എക്‌സ്1, ഓഡി ക്യൂ3 എന്നിവയാണ് പ്രധാന എതിരാളികൾ. 42-44 ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാവുന്ന എക്‌സ് സി 40 യുടെ ഹൈദരാബാദിൽ നടന്ന ടെസ്റ്റ്‌ഡ്രൈവിൽ നിന്നും...

കാഴ്ച
കോംപാക്ട് മോഡുലാർ ആർക്കിടെക്ചർ എന്ന പുതിയ പ്ലാറ്റ്‌ഫോമിലാണ് എക്‌സ്‌സി 40 നിർമ്മിച്ചിരിക്കുന്നത്. വോൾവോയുടെ ഉടമകളായ ചൈനയിലെ ഗീലി ഓട്ടോ തങ്ങളുടെ പ്രീമിയം മോഡലുകൾക്കുവേണ്ടി നിർമ്മിച്ച പ്ലാറ്റ്‌ഫോമാണിത്. വലിപ്പം താരതമ്യപ്പെടുത്തിയാൽ ക്യു3 യെക്കാൾ നീളവും വീതിയും ഉയരവും വീൽബെയ്‌സുമുണ്ട്. കാഴ്ചയിൽ എക്‌സ് സി 60, 90 എന്നിവയുടെ ഛായയുണ്ട്. വലിയ കറുത്ത ഗ്രില്ലും അതിന്മേലെ കാണുന്ന വോൾവോ ലോഗോയുമാണ് ജ്യേഷ്ഠ സഹോദരന്മാരുടെ ഛായ തോന്നിക്കാൻ കാരണം. 'തോർസ് ഹാമർ' എന്ന് വോൾവോ വിളിക്കുന്ന എൽഇഡി ഡേ ടൈം റണ്ണിങ്‌ലാമ്പും എക്‌സ്‌സി 40യിലുണ്ട്.

'ആർ ഡിസൈൻ' എന്ന ടോപ് എൻഡ് മോഡലിൽ മാത്രമേ എക്‌സ് സി 40 ലഭ്യമാകൂ. അതുകൊണ്ടു തന്നെ ക്രോമിയത്തിന്റെ ധാരാളിത്തം ഒരിടത്തും കാണാനില്ല. ബ്ലാക്ക് ഫിനിഷാണ് കൂടുതൽ. വിശാലമായ ബോണറ്റും ബ്ലാക്ക് ഫിനിഷുള്ള എയർഡാമും കറുത്ത പശ്ചാത്തലത്തിലെ ഫോഗ്‌ലാമ്പുമെല്ലാം ആർ ഡിസൈന്റെ തനത് രൂപം നൽകുന്നുണ്ട് വോൾവോ എക്‌സ് സി 40യ്ക്ക്.

സൈഡ് പ്രൊഫൈലിൽ വീണ്ടും കറുപ്പു തന്നെയാണ് കണ്ണിൽ പെടുക. റൂഫ് ബ്ലാക്ക് ഫിനിഷിലാണ്. അതുപോലെ കനത്ത ബ്ലാക്ക് ക്ലാഡിങ് റണ്ണിങ് ബോർഡിനു മേലെയുമുണ്ട്. അതുപോലെ വീതിയുള്ളത് 'സി' പില്ലറും കറുപ്പിൽ മുക്കിയെടുത്തിട്ടുണ്ട്. 18 ഇഞ്ച് വീലുകളിൽ വീൽ ആർച്ച് നിറഞ്ഞു നിൽക്കുകയാണ് പിരെലി ടയറുകൾ. ഓപ്ഷണലായി 20 ഇഞ്ച് വീലുകൾ വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട് വോൾവോ.

പിൻഭാഗം യാതൊരു സംശയവുമില്ലാതെ, വോൾവോയാണെന്നു പറയാം. അതിനുകാരണം ബുമറാങ് ഷെയ്പുള്ള ടെയ്ൽലാമ്പാണ്. കറുത്ത റൂഫിന്റെ തുടർച്ചപോലെ റിയർ സ്‌പോയ്‌ലറുണ്ട്. താഴെ, കറുത്ത ബമ്പറിൽ ക്രോമിയത്തിൽ പൊതിഞ്ഞ രണ്ട് ചതുരവടിവുള്ള എക്‌സ്‌ഹോസ്റ്റുകൾ.
ഈ കക്ഷിയെ 'ബേബി വോൾവോ' എന്നു വിളിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് പറയാതെ വയ്യ!

ഉള്ളിൽ
ഇതുവരെ ഒരു കാറിലും കണ്ടിട്ടില്ലാത്ത ഒരു ഓറഞ്ച് നിറമാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. ലാവ എന്നാണ് ഈ നിറത്തെ വോൾവോ വിളിക്കുന്നത്. ഡോർപാഡിലും ഫ്‌ളോറിലും സെന്റർ കൺസോളിന്റെ വശങ്ങളിലുമെല്ലാം ഓറഞ്ച് പ്രഭ പടർത്തി നിൽക്കുന്നു. വെളുപ്പ് നിറമുള്ള കാറിലാണ് ഓറഞ്ച് നിറമുള്ള ഇന്റീരിയറുള്ളത്. ചുവപ്പ് നിറമുള്ള കാറുകളിൽ ഫുൾബ്ലാക്കാണ് കളർ തീം.

ഡാഷ് ബോർഡിൽ നമ്മൾ എക്‌സ് സി 90യിലൊക്കെ കണ്ടിട്ടുള്ള വലിയ 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഉയർന്നു നിൽപ്പുണ്ട്. 13 സ്പീക്കറുള്ള അതുല്യമായ ശബ്ദം നൽകുന്ന ഹാർമൻ കാർഡൻ മ്യൂസിക് സിസ്റ്റവും ഇതിൽ ഇണക്കിച്ചേർത്തിട്ടുണ്ട്. ഇതും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമൊക്കെ വോൾവോ എക്‌സ് സി 90യിൽ നിന്നും കടം കൊണ്ടതാണ്.

ഡാഷ്‌ബോർഡിൽ ഉടനീളം കാണുന്ന ചതുരവടിവുള്ള ക്രോമിയം ഡിസൈനും പുതുമയാണ്. അതുപോലെ എസി വെന്റുകളുടെ വെർട്ടിക്കൽ സ്ലോട്ടുകളും പുതുമ തന്നെ.
വളരെ ചെറിയ ഗിയർലിവർ കാണാൻ രസമുണ്ട്. അതിനടുത്ത് സ്റ്റോറേജ് സ്‌പേസുമുണ്ട്. സ്റ്റിയറിങ് വീലിൽ കൺട്രോളുകൾ, ഡാഷ്‌ബോർഡിൽ ഡ്രൈവ് മോഡിന്റെ സ്വിച്ചുകൾ എന്നിവ കാണാം. ഡ്രൈവർ സീറ്റ് ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. ലെഗ്‌സ്‌പേസും ഹെഡ്‌സ്‌പേസും ധാരാളമുണ്ട്. സീറ്റുകൾ ലെതറിലും മാറ്റ് ഫിനിഷുള്ള അൽക്കാന്റരയിലുമാണ് അപ്‌ഹോൾസ്റ്ററി ചെയ്തിരിക്കുന്നത്. പിൻസീറ്റിലും സ്‌പേസിന് കുറവൊന്നുമില്ല. എസി വെന്റുകളും സ്റ്റോറേജ് സ്‌പേസുകളും പിന്നിലുമുണ്ട്.

ഡ്രൈവ്
2 ലിറ്റർ, 4 സിലിണ്ടർ, 190 ബിഎച്ച്പി ഡീസൽ എഞ്ചിൻ മോഡൽ മാത്രമേ തൽക്കാലം ഇന്ത്യയിലുള്ളൂ. 400 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. 4600 ആർപിഎം വരെ പവർ നിലനിൽക്കുന്ന ഈ എഞ്ചിന് നൂറു കിലോമീറ്റർ വേഗതയെടുക്കാൻ 8 സെക്കന്റിൽ താഴെ മതി. വളരെ റിഫൈൻഡും ടർബോലാഗ് ലവലേശമില്ലാത്തതുമാണ് ഈ തകർപ്പൻ എഞ്ചിൻ. 8 സ്പീഡ് ഗിയർബോക്‌സ് വളരെ സ്മൂത്ത് ഷിഫ്റ്റുകൾ പ്രദാനം ചെയ്യുന്നു. പാഡ്ൽ ഷിഫ്‌റ്റേഴ്‌സുമുണ്ട്. ഡ്രൈവ് മോഡുകൾ മാറ്റിയിട്ടാൽ പെർഫോമൻസ് മാറുന്നത് രസകരമായ അനുഭവമാണ്.

എയർ സസ്‌പെൻഷനൊന്നുമല്ലെങ്കിലും അഡ്ജസ്റ്റബിൾ ഡാമ്പറുകളും സ്റ്റീൽ സസ്‌പെൻഷനും ഒട്ടും മോശമല്ലാത്ത റൈഡ് കംഫർട്ട് സമ്മാനിക്കുന്നുണ്ട്. സുരക്ഷയുടെ കാര്യത്തിൽ നമ്പർ വൺ ആണ് എക്‌സ് സി 40, റഡാർ ബേസ്ഡ് സേഫ്റ്റി സംവിധാനങ്ങളിൽ ലെയ്ൻ കീപ്പിങ് അസിസ്റ്റ്, ബ്ലൈൻഡ് സ്‌പോട്ട് വാണിങ്, അഡാപ്ടീവ് ക്രൂയിസ് കൺട്രോൾ, പൈലറ്റ് അസിസ്റ്റ്, എമർജൻസി ബ്രേക്കിങ് എന്നിവ പെടുന്നു. ഇഎസ്പി ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഓട്ടോ പാർക്കിങ് എന്നിവയും എടുത്തു പറയാം.

ഈ സെഗ്‌മെന്റിലെ മറ്റു മോഡലുകളിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത പല ആഢംബരങ്ങളും സുരക്ഷോപാധികളും വോൾവോ എക്‌സ് സി 40 യിലുണ്ട്. കോംപാക്ട് രൂപവും ഈ മോഡലിന് ആരാധകരെ സൃഷ്ടിക്കും.

click me!