ഒരു ഭഗവദ്ഗീതയുടെ കഥ; കുറേ മലകളുടെയും ഒരു ഭൂതത്താന്റെയും കഥ

By പ്രശോഭ് പ്രസന്നന്‍First Published Dec 27, 2016, 5:32 PM IST
Highlights

മലദൈവമായ എള്ളുമലഭൂതത്താനും മാധവകവിയുടെ വാക്കുകള്‍ ബാധകമായിരിക്കുമോ എന്നു ചിന്തിച്ചു. കൗതുകം കലര്‍ന്ന വേദന തോന്നി. പിന്നെ ഭൂതത്താന്‍ മനുഷ്യനല്ലല്ലോ എന്നോര്‍ത്ത് സമാധാനിച്ചു. അപ്പോള്‍ അങ്ങകലെ മരണമടുത്തൊരു മല കണ്ണിലുടക്കി; വാര്‍ത്തകളില്‍ പേരുകേട്ട മൂക്കുന്നിമല. വീണ്ടും സമാധാനം കെട്ടു. മൂക്കുന്നി മലയ്ക്കുമപ്പുറം അറബിക്കടലിന്റെ ഇരമ്പം കേട്ടു. മലയിന്‍കീഴ് മാധവന്‍ തന്നെയാണ് നിരണം കവികളായ കണ്ണശ്ശന്മാരിലെ മാധവപ്പണിക്കരെന്ന വാദവും അപ്പോഴോര്‍ത്തു.

ലോക പര്‍വ്വതദിനത്തിനു രണ്ടുനാലുദിനം മുമ്പൊരുദിനത്തിലാണ് മലകളുടെ നാടായ മലയിന്‍കീഴില്‍ ബസിറങ്ങുന്നത്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരം. മൂക്കുന്നിമലയ്ക്കും എള്ളുമലയ്ക്കും മാങ്കുന്നു മലയ്ക്കുമൊക്കെ ഇടയില്‍ പേരിനെ അന്വര്‍ത്ഥമാക്കുന്ന താഴ്‌വാരം. സുഹൃത്തും മാധ്യമപ്രവര്‍ത്തകനും പ്രദേശവാസിയുമായ ജെ ജെ വിഷ്ണുവായിരുന്നു മലകളിലേക്കും കഥകളിലേക്കുമൊക്കെയുള്ള വഴികാട്ടി.

ഭൂതത്താനെയും തേടി എള്ളുമലയിലേക്കായിരുന്നു ആദ്യയാത്ര. ഒരുകാലത്ത് എള്ളിന്റെ കാടായിരുന്നു എള്ളുമലയെന്ന് പ്രദേശവാസിയായ സതീഷ്. അത്യപൂര്‍വ്വ സസ്യങ്ങളാല്‍ സമ്പന്നമായിരുന്ന ഇടം. എന്നാല്‍ ഇന്നിവിടം മുഴുവന്‍ അക്കേഷ്യാക്കാടാണ്.

ഇപ്പോള്‍ നാട്ടുകാര്‍ ആനപ്പാറയെന്നു വിളിക്കുന്ന എള്ളുമല ഇന്നൊരു വിദ്യാഭ്യാസ ഹബ്ബാണ്. നാലോളം സ്‌കൂളുകളും അങ്കന്‍വാടിയും വ്യാവസായിക പരിശീലന സ്ഥാപനവും ആര്‍ട്‌സ് കോളേജും ഉള്‍പ്പെടെ മലഞ്ചെരിവുകളില്‍ നിറയെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍.

സ്‌കൂളിലേക്കുള്ള നടവഴിയുടെ അരികില്‍ ആഴമൊളിപ്പിച്ചു കിടക്കുന്ന പഴയൊരു കരിങ്കല്‍ ക്വാറി കണ്ട് നടുങ്ങി. അങ്ങുതാഴെ പായല്‍ നിറഞ്ഞ വെള്ളം. എത്തിനോക്കിയപ്പോള്‍ തലകറങ്ങി. നിരവധി മരണങ്ങള്‍ നടന്ന ഇടം. ഇത്തരം ഉപേക്ഷിക്കപ്പെട്ട വേറെയും രണ്ടുമൂന്നു കുഴികള്‍ കൂടിയുമുണ്ട് മലയില്‍. ഭൂതത്താന്റെ നിലവിളി നെഞ്ചെരിച്ചു.

കള്ളിമുള്‍ച്ചെടികള്‍. കരിഞ്ഞുണങ്ങിയ അക്കേഷ്യമരങ്ങള്‍. പൊട്ടിച്ചു തീര്‍ത്ത കരിങ്കല്‍പ്പാളികള്‍ക്കിടയില്‍ പുത്തന്‍ റോഡുകള്‍. തലയുയര്‍ത്തി നില്‍ക്കുന്ന പുത്തന്‍ വീടുകള്‍. തകരം കൊണ്ടു മറച്ച ചെറിയ ഷെഡുകളില്‍ മാധവകവി മെമ്മോറിയല്‍ കോളേജിന്റെ കെട്ടിട നിര്‍മ്മാണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍. കാഴ്ചകള്‍ നീളുന്നു. എന്നിട്ടും ഭൂതത്താനെ മാത്രം എങ്ങും കണ്ടില്ല.

ഭൂതത്താന്‍. മലദേവത. ഒരുകാലത്ത് ഘോരവനമായിരുന്ന എള്ളുമലയുടെ അധിപന്‍. 'എള്ളുത്തേരി ഭൂതത്താനെ'ന്നു വിളിപ്പേരുള്ളവന്‍. മനുഷ്യദേഹങ്ങളില്‍ നിന്നും വരേണ്യ ദൈവം തല്ലിയൊഴിപ്പിക്കുന്ന ബാധകള്‍ക്ക് കുടികിടക്കാന്‍ ഇടംനല്‍കിയവന്‍.

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ ഭഗവാന്‍ എള്ളുമലയിലേക്ക് നോക്കി കൂവും. കൂട്ടുകാരനെ അഭിവാദ്യം ചെയ്യുന്നതാണ്. അപ്പോള്‍ ഭൂതത്താന്‍ തിരിച്ചും കൂവും. എന്നാല്‍ ഈ മറുകൂവല്‍ മനുഷ്യന്‍ കേള്‍ക്കരുത്. കേട്ടാല്‍ ചെവി പൊട്ടും. അതിനാല്‍ ഭഗവാന്റെ കൂവല്‍ കഴിഞ്ഞയുടന്‍ ക്ഷേത്രാങ്കണത്തില്‍ നിന്നും നിരവധി കതിനകളും ഗുണ്ടുകളുമൊക്കെ ഒരുമിച്ചു പൊട്ടും. ചെണ്ടയും ചേങ്ങിലയും ഉച്ചസ്ഥായിയില്‍ മുഴങ്ങും. ആ ബഹളത്തില്‍ ഭൂതത്താന്റെ ശബ്ദം മുങ്ങിപ്പോകും. അത്രകരുത്തന്‍. അവര്‍ണ്ണന്റെ ദൈവം. ഒന്നു കാണാതെ മലയിറങ്ങാന്‍ തോന്നിയില്ല.

പഴയ ക്വാറിയുടെ ബാക്കിയെന്നോണം കുത്തനെ പരന്നു കിടക്കുന്ന ഒരു പടുകൂറ്റന്‍ പാറ. ചെരിഞ്ഞു കിടന്നുറങ്ങുന്ന ആനയെ ഓര്‍മ്മിപ്പിക്കുന്ന കരിമ്പാറ. അതില്‍ ചാരുകസേര പേലൊരു കുഴി. 'ഭീമന്റെ കസേര' എന്നാണ് നാട്ടുകാര്‍ അതിനെ വിളിക്കുന്നത്. വനവാസക്കാലത്ത് സാക്ഷാല്‍ ഭീമസേനന്‍ ഇവടെത്തിയെന്നാണ് കഥ. പാറയില്‍ ചിലയിടങ്ങളില്‍ ചങ്ങലവലിച്ച മാതിരി കീറലുകള്‍. ഒന്നുകില്‍ കാളവണ്ടിച്ചക്രങ്ങള്‍ ഉരഞ്ഞുണ്ടായത്. അല്ലെങ്കില്‍ ഏതോകാലത്തെ നീരോഴുക്കുകളുടെ ബാക്കിപത്രമാവണം. എന്നാല്‍ ഈ അടയാളങ്ങള്‍ പ്രദേശവാസികള്‍ക്ക് 'ഭീമന്റെ ചങ്ങല'യാണ്. കരിമ്പാറയുടെ കീഴറ്റവും നോക്കി ഭീമന്റെ കസേരയില്‍ വെറുതെയിരുന്നു. അപ്പോള്‍ അങ്ങു താഴെ ചെറിയൊരു ക്ഷേത്രത്തിന്റെ മേലറ്റം കണ്ടു. താഴേക്കിറങ്ങി. മതില്‍ക്കെട്ടിനുള്ളില്‍ ഒരു കുഞ്ഞു ക്ഷേത്രം. ഒരപാടുനേരമായി തേടി നടക്കുന്ന ഭൂതത്താന്റെ ഇരിപ്പിടം. കവി ഭാഷാ ഭഗവദ്ഗീതയുടെ സന്യാസയോഗത്തില്‍ പാടിയ പോലെ

ഉറവൊടു പൂകും തൊഴിലിവയെന്ന ബോധത്തോടെ ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ മതിലിനകത്ത് ചലനമേതുമില്ലാതെ ഭൂതത്താന്‍ ഇരുന്നു.

ഭാഷാഭഗവദ്ഗീത
പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന കൃതി. ഭക്തിപ്രസ്ഥാനത്തെ സാമാന്യ ജനങ്ങളുടെ ഭാഷയിലേക്കു പരിചയപ്പെടുത്തിയ പാട്ടെന്ന സാഹിത്യപ്രസ്ഥാനത്തിലെ നാഴികക്കല്ലുകളിലൊന്ന്. 700 ശ്ലോകങ്ങള്‍ അടങ്ങുന്ന വ്യാസന്റെ ഭഗവദ്ഗീതയെ മഹാകവി മലയിന്‍കീഴ് മാധവന്‍ അഥവാ മാധവപ്പണിക്കര്‍ 328 പാട്ടുകളായി കാച്ചിക്കുറുക്കി. ആദ്യകാലമലയാളമായ മിശ്രമലയാളത്തിലായിരുന്നു കവിയുടെ മൊഴിമാറ്റം. ഏകദേശം 600 വര്‍ഷം മുമ്പ് മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ നടയില്‍ വച്ചായിരുന്നു കാവ്യരചനയെന്നാണ് വിശ്വാസം.

ക്ഷേത്രത്തെയും കവിയെയും ചുറ്റിപ്പറ്റി ഒരുപാട് ഐതിഹ്യങ്ങളുണ്ട്. ഈ കഥകളിലെയെല്ലാം കേന്ദ്രബിന്ദു പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണെന്നതും കൗതുകം. വില്വമംഗലം സ്വാമിയാണ് മലയിന്‍കീഴില്‍ പ്രതിഷ്ഠ നടത്തിയതെന്നാണ് ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളിലൊന്ന്. ദ്വാരകയില്‍ സാത്യകി പൂജിച്ചിരുന്ന കൃഷ്ണ വിഗ്രഹം വെള്ളത്തിലുണ്ടെന്ന സ്വപനദര്‍ശനത്തിനനുസരിച്ച് തിരുവല്ലയില്‍ സ്വാമിയാരൊരു ക്ഷേത്രം പണിതു. എന്നാല്‍ പ്രതിഷ്ഠയ്‌ക്കെത്തിയപ്പോള്‍ വിഗ്രഹം മലയിന്‍കീഴില്‍ പ്രതിഷ്ഠിക്കാന്‍ അരുളപ്പാടുണ്ടായി. അങ്ങനെ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിതെന്നാണ് കഥ.

എന്നാല്‍ ക്ഷേത്രനടയില്‍ വച്ച് പരിചയപ്പെട്ട രാമചന്ദ്ര പണിക്കര്‍ എന്ന വയോധികന്‍ പങ്കുവച്ചത് മറ്റൊരുകഥ. തിരുവല്ലായില്‍ പ്രതിഷ്ഠിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും വിഗ്രഹം കൊണ്ടു വരികയായിരുന്നു ചിലര്‍. യാത്ര മലയിന്‍കീഴിലെത്തിയപ്പോള്‍ നേരം രാത്രിയായി. വിശ്രമിക്കാനുറച്ചവര്‍ വിഗ്രഹമിറക്കി വച്ചു. പിറ്റേന്ന് യാത്രാനേരം വിഗ്രഹമെടുക്കാന്‍ നോക്കി. പൊങ്ങിയില്ല. അപ്പോള്‍ അവിടെയെത്തിയ വില്വമംഗലം സ്വാമി പ്രതിഷ്ഠ നടത്തിയെന്നാണ് പണിക്കര്‍ പറഞ്ഞ കഥ. തിരുവല്ലയിലും മലയിന്‍കീഴിലും ഒരേസമയത്താണ് പ്രതിഷ്ഠ നടന്നതെന്ന് മറ്റൊരു കഥയുമുണ്ട്.

ഭാഷാഭഗവദ്ഗീതാകാരനും ഇങ്ങനെ നിരവധി കഥകളുടെ ഉടമയാണ്. ഒരു നൂറ്റാണ്ടു മുമ്പ് 1915ല്‍ ഉള്ളൂരാണ് പുസ്തകത്തിന്റെ ഒന്നാംപതിപ്പ് പുറത്തിറക്കുന്നത്. അന്നുമുതല്‍ ഗ്രന്ഥകാരനെക്കുറിച്ചുള്ള തര്‍ക്കവും തുടങ്ങി. മാധവ കവിയുടെ ജന്മഭൂമി നിരണവും കര്‍മ്മഭൂമി മലയിന്‍കീഴുമാണെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ ജന്മഭൂമിയും കര്‍മ്മഭൂമിയും മലയിന്‍കീഴാണെന്നാണ് മറ്റൊരുകൂട്ടരുടെ വാദം.

നിരണം സ്വദേശിയായ മാധവപ്പണിക്കര്‍ തിരുവല്ലാക്കാരായ പത്തില്ലത്തില്‍ പോറ്റിമാരുടെ കാര്യസ്ഥനായിട്ടാണ് മലയിന്‍കീഴിലെത്തിയതെന്നു വാദിക്കുന്നവര്‍ മണപ്പുറത്തെ ഇളമണ്‍മഠത്തിലായിരുന്നു മാധവപ്പണിക്കരുടെ താമസമെന്നും പറയുന്നു. ഈ മഠവും ദേവീക്ഷേത്രവും ഇപ്പോഴുമുണ്ട്. കവി കണ്ണശപ്പണിക്കരുടെ പുത്രനായിരുന്നു മാധവനെന്നത് മറ്റൊരു പാഠാന്തരം.

എന്നാല്‍ മഹാകവി മാധവന്‍ നിരണംകാരനല്ലെന്നും മലയിന്‍കീഴ് സ്വദേശി തന്നെയാണെന്നു വാദിക്കുന്നവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് പുസ്തകത്തിന്റെ 18-ആം അധ്യായത്തിലെ ഒരു ശ്ലോകമാണ്. 'ഉരചേര്‍ന്ന് അമരാവതി സമമായേ, ഉറ്റന ചെല്വമെഴും മലയിന്‍കീഴ്' എന്നാണ് ആ പ്രയോഗം. മലയിന്‍കീഴിനെ ഇന്ദ്രലേകമായ അമരാവതിയോട് ഉപമിക്കുകയാണ് കവി. ഒരാള്‍ പിറന്ന ദേശത്തെയല്ലാതെ അന്യദേശത്തെ ഒരിക്കലും ഇങ്ങനെ പ്രശംസിക്കുകയില്ല എന്നാണ് മലയിന്‍കീഴ് വാദികളുടെ ഭാഷ്യം. അതിന് കണ്ണശ്ശ രാമപ്പണിക്കരുടെ രാമായണത്തിലെ നിരണം വര്‍ണ്ണനയും അവര്‍ ഉദാഹരിക്കുന്നു.

ഈ വാദങ്ങളിലെ ശരിതെറ്റുകളെന്തെന്നറിയില്ല. കഴമ്പുണ്ടോയെന്നും അറിയില്ല. പക്ഷേ 'ഞാനപ്പനുവല്‍' എന്ന് കവി വിളിച്ച ഭാഷാഭഗവദ്ഗീത കാച്ചിക്കുറുക്കിയ വാക്കുകളുടെ മഹാസാഗരമായി മലയാളിക്കു മുന്നിലുണ്ടെന്നത് സത്യം.

എഴുത്തച്ഛനും മുമ്പേ ഭാഷയെ സാധാരണക്കാരനു പരിചയപ്പെടുത്താന്‍ ശ്രമിച്ച കവി മുഴുവന്‍ മലയാളികള്‍ക്കും അഭിമാനമാകുമ്പോള്‍ ഇങ്ങനൊരു വാദകോലാഹലത്തില്‍ നിരര്‍ത്ഥകത തോന്നി. ശാസ്താംപാറയും മൂക്കുന്നിമലയും തേടി ബൈക്കിലിരിക്കുമ്പോള്‍ 'വിളക്കിനെ മറയ്ക്കാന്‍ ഇരുളിനു കഴിയുമോ' എന്ന് പതിനാലാം നൂറ്റാണ്ടിലിരുന്ന് കവി വിളിച്ചു ചോദിച്ചു.

ഹനുമാന്‍ മൂക്കൂന്നിയ മല
വിനോദസഞ്ചാര കേന്ദ്രമായ ശാസ്താംപാറയുടെ നെറുകില്‍ നില്‍ക്കുമ്പോഴും പേരുകേട്ട മൂക്കുന്നി അങ്ങകലങ്ങളില്‍ കൊതിപ്പിച്ചു നിന്നു. എള്ളുമലയില്‍ നിന്നും കണ്ടതിനേക്കാള്‍ മൂക്കുന്നിയുടെ മുറിവുകള്‍ ശാസ്താംപാറയില്‍ നിന്നും കൂടുതല്‍ അടുത്തു കണ്ടു.

മലയം വഴിയായിരുന്നു മൂക്കുന്നി മലയിലേക്കുള്ള യാത്ര. റോഡിനിരുവശവും തെങ്ങും കവുങ്ങും വാഴയും റബറുമൊക്കെ നിറഞ്ഞ പറമ്പുകള്‍. യാത്രക്കിടയില്‍ അകന്നും അടുത്തുമൊക്കെ മൂക്കുന്നി മാടിവിളിച്ചു. വളവുകള്‍ തിരഞ്ഞപ്പോള്‍ മല അരികിലെത്തി. മറ്റുചിലപ്പോള്‍ അകന്നുപോയി.

ഒരുകാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ശക്തി കേന്ദ്രങ്ങളായിരുന്നു മലയിന്‍കീഴുള്‍പ്പെടെയുള്ള ഈ പ്രദേശങ്ങള്‍. എന്നാല്‍ പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ നാമാവശേഷമായി. ഇന്ന് സിപിഐ എം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കാണ് പ്രാമുഖ്യം. ഒപ്പം ബിജെപിയും കരുത്താര്‍ജ്ജിക്കുന്നു. നാട്ടുകാരുടെ സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്നുള്ള ചിന്തകള്‍ക്കിടയില്‍ ടാര്‍ റോഡ് വിട്ട് ബൈക്ക് മലകയറിത്തുടങ്ങി.

കരിങ്കല്‍ച്ചീളുകള്‍ ചിതറി വീണ പാത. ഇരുവശവുമുള്ള കുറ്റിച്ചെടികള്‍ക്കും മരങ്ങള്‍ക്കുമൊക്കെ കരിങ്കല്‍പ്പൊടി പടര്‍ന്ന് ചാരനിറം. വഴിയില്‍ പലരും സംശയത്തോടെ നോക്കി. വഴി പാതിപിന്നിട്ടപ്പോള്‍ മുതല്‍ കൂറ്റന്‍ കരിങ്കല്‍ഗര്‍ത്തങ്ങള്‍ കണ്ടു തുടങ്ങി. എള്ളുമലയിലെ പോലെ ഒന്നും രണ്ടുമൊന്നുമല്ല. എണ്ണിയെണ്ണി വിരലുകള്‍ തീര്‍ന്നു. അങ്ങനെ എണ്ണുന്നത് നിര്‍ത്തി. നൂറുകണക്കിന് അടി ആഴമുള്ള ഭീകരഗര്‍ത്തങ്ങള്‍. അടിത്തട്ടില്‍ പിന്നെയും ആഴമൊളിപ്പിച്ച് പായല്‍പിടിച്ച വെള്ളം.

ഒരുകൂട്ടം കുരങ്ങന്മാര്‍ മലയിറങ്ങി വന്നു. ഒരുകാലത്ത് മൃഗങ്ങളും പക്ഷികളുമൊക്കെ നിറഞ്ഞാടിയ ഇടമാണ്. ചുണ്ടുകള്‍ മുറിഞ്ഞ ഒരു കുരങ്ങന്‍ ചോരയൊലിപ്പിച്ച് ദയനീയമായി ഒന്നു നോക്കി കാട്ടില്‍ മറഞ്ഞു. രാമരാവണ യുദ്ധകഥയോര്‍ത്തു. മൃതസജ്ജീവനിയടങ്ങിയ പര്‍വ്വതവുമായി ലങ്കയിലേക്കു പറക്കുന്നതിനിടയില്‍ ഹനുമാന്റെ മൂക്കു തട്ടി കൈയ്യിലിരുന്ന മലയുടെ ഒരു ഭാഗമടര്‍ന്ന് താഴെ വീണു. അതാണ് മൂക്കൂന്നിമലയെന്ന് ഐതിഹ്യം.

പള്ളിച്ചല്‍, വിളവൂര്‍ക്കല്‍, മലയിന്‍കീഴ് പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന മൂക്കുന്നിമല കരിങ്കല്‍ ഖനനത്തോടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്. വിരമിച്ച സൈനകര്‍ക്ക് സര്‍ക്കാര്‍ റബര്‍ പ്ലാന്റേഷനു പതിച്ചു നല്‍കിയ ഭൂമി നിറയെ ക്വാറികള്‍ മുളച്ചുപൊങ്ങി. സര്‍ക്കാര്‍ഭൂമി കൈയ്യേറിയും വ്യാജരേഖ ചമച്ചും ക്വാറികള്‍ തുടങ്ങിയെന്നും ആരോപണമുയര്‍ന്നു. എതിര്‍ത്തും അനുകൂലിച്ചുമൊക്കെ പലരും രംഗത്തെത്തി. സമരങ്ങളും നിയമപോരാട്ടങ്ങളുമൊക്കെ നടക്കുന്നതിനിടയില്‍ പല കരിങ്കല്‍ കഷ്ണങ്ങളായി മല ടിപ്പറുകളിലേറി ഇറങ്ങി വന്നു. റോഡുകള്‍ക്കും പാലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമൊക്കെ മല ബലം പകര്‍ന്നു. പ്രദേശത്തിന്റെ സാമ്പത്തിക സിരാകേന്ദ്രമായി മല വളര്‍ന്നു. മൂക്കുന്നിയുടെ ഒരുഭാഗം എയര്‍ഫോഴ്‌സിന്റെ ബേസ് സ്‌റ്റേഷനാണ്. ആ പ്രദേശത്തെ കല്ലുകള്‍ മാത്രം ഉഗ്രസ്‌ഫോടനങ്ങളില്‍ നിന്നും രക്ഷപ്പെട്ടു.

മണ്‍റോഡ് പലയിടങ്ങളിലും പലതായി പിരിഞ്ഞു പോകുന്നതു കണ്ടു. ഓരോന്നും ഓരോരോ ക്വാറികളിലേക്കുള്ള പാതകളാണ്. കൂറ്റന്‍ ഗര്‍ത്തങ്ങളുടെ വിളുമ്പിലൂടെപ്പോലും റോഡുകള്‍. കഷ്ടിച്ച് ഒരു മിനി ലോറിക്കു കടന്നുപോകാന്‍ മാത്രം വീതിയുള്ളവ. ഒരുവശത്ത് മണ്‍തിട്ടയും മറുവശം അഗാധഗര്‍ത്തവും. ഒന്നുപിഴച്ചാല്‍ നേരെ പതിക്കുന്നത് അഗാധതയിലേക്കാവും. ആ വഴികളിലൂടെ ലോറിയോടിക്കുന്ന ഡ്രൈവര്‍മാരെക്കുറിച്ചോര്‍ത്തു. സ്‌നേഹവും ബഹുമാനവും തോന്നി.

വഴിയുടെ ഇരുവശങ്ങളിലും ഭൂമി വേലി കെട്ടിത്തിരിച്ചിരിക്കുന്നു. അകത്ത് കുറ്റിക്കാടെന്നോ തരിശ്ശെന്നോ ഭേദമില്ലാതെ കമ്പിവേലികള്‍ക്കും കന്മതിലുകള്‍ക്കുമൊക്കെ കൂറ്റന്‍ ഗെയിറ്റുകള്‍. താഴുകള്‍. അതിലൊക്കെ 'പ്രൈവറ്റ് പ്രോപ്പര്‍ട്ടി', 'അതിക്രമിച്ചു കടക്കരുത്', 'പട്ടിയുണ്ട്', 'സ്വകാര്യ ഭൂമി', 'അനുവാദമില്ലാതെ കയറിയാല്‍ ശിക്ഷിക്കപ്പെടും' തുടങ്ങിയ വലിയ ബോര്‍ഡുകള്‍ തൂങ്ങിക്കിടന്നു. ചുവന്ന ചായം പൂശിയ ആ ബോര്‍ഡുകളിലൊക്കെ ഭീഷണിയുടെ സ്വരം ഒളിഞ്ഞിരിന്നു. ചിലയിടങ്ങളില്‍ കറവ വറ്റിയ റബര്‍ മരങ്ങള്‍.

സോഷ്യലിസ്റ്റ് പാര്‍ട്ടികളെക്കുറിച്ച് വീണ്ടുമോര്‍ത്തു. മലയിലെ ഭൂമി കൈയ്യേറ്റങ്ങളെക്കുറിച്ച് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പത്രത്തില്‍ വായിച്ച വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടോര്‍ത്തു.

ഞായറാഴ്ചയായതിനാല്‍ ക്രഷറുകളും ക്വാറികളുമൊക്കെ നിശബ്ദമാണ്. കുറ്റിക്കാടുകള്‍ക്കിടയില്‍ തളര്‍ന്നു മയങ്ങുന്ന ജെസിബിയും ഹിറ്റാച്ചിയും ടിപ്പര്‍ ലോറികളുമുള്‍പ്പെടുന്ന യന്ത്രജന്തുജാലങ്ങള്‍. ചിലയിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നു. ബൈക്കിന്റെ ശബ്ദം കേട്ട് ആരൊക്കെയോ എത്തി നോക്കി.

മലയ്ക്ക് അവസാനമില്ലെന്നു തോന്നി. പരിക്കുകളുമായി അതിന്റെ തല പിന്നെയും ഉയര്‍ന്നു നിന്നു. വഴി അവസാനിക്കാറായി എന്നു തോന്നിച്ച ഇടത്ത്, വെള്ളം നിറഞ്ഞ കൂറ്റനൊരു കരിങ്കല്‍ക്കുഴിയുടെ അടുത്തു നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു.

'ആരാദ്?'

വാഹനങ്ങള്‍ക്കും കരിങ്കല്‍പ്പാളികള്‍ക്കും ഇടയില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നു. പാന്റും കോട്ടും വേഷം. സംശയത്തോടെയുള്ള നോട്ടം. ക്രഷര്‍ തൊഴിലാളിയോ ക്വാറി മാനേജ്‌മെന്റിന്റെ ആളോ ആണ്. ക്യാമറ പെട്ടെന്ന് ഒളിപ്പിച്ചു.

'ചോദിച്ചതു കേട്ടില്ലേ? ആരാ? എന്തുവേണം?' ചോദ്യം കനത്തു.

'വെറുതെ മല കാണാന്‍ വന്നതാണ്..' അയാളുടെ മുഖം അയയുന്നതു കണ്ടു. അത്രയേയുള്ളോ എന്ന ഭാവത്തില്‍ അയാള്‍ സാകൂതം ഞങ്ങളെ നോക്കി. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണിതെന്നും വേണമെങ്കില്‍ കുറച്ചുകൂടി മുകളിലേക്കു പോകാമെന്നും അയാള്‍ പറഞ്ഞു. താല്‍പര്യമില്ലെന്ന മട്ടില്‍ ഞങ്ങള്‍ തിരികെ ബൈക്കില്‍ കയറി. ഇറക്കമിറങ്ങിത്തുടങ്ങി. പിന്നിലിരുന്ന് പതിയെ തിരിഞ്ഞു നോക്കി. അയാള്‍ ഞങ്ങളെയും നോക്കി അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.

കയറിയതിനെക്കാള്‍ ദുഷ്‌കരമായിരുന്നു ഇറക്കം. ലോറിച്ചക്രങ്ങള്‍ മാത്രം കണ്ടു ശീലിച്ച പാറക്കഷ്ണങ്ങള്‍ ബൈക്കിനെ ഉരുട്ടിയിടാന്‍ ശ്രമിച്ചു. ഒന്നുരണ്ട് തവണ നിരങ്ങി വീഴാന്‍ തുടങ്ങി. വിഷ്ണുവിനെ ബൈക്കോടിക്കാന്‍ വിട്ട് പിന്നാലെ പതിയെ നടക്കുമ്പോള്‍ പതിനാലാം നൂറ്റാണ്ടില്‍ നിന്നും മഹാകവി മലയിന്‍കീഴു മാധവന്‍ ഓര്‍മ്മകളിലേക്കു വീണ്ടും പാട്ടും പാടിയെത്തി.

വാര്‍ദ്ധ്യകത്തിലൊരു ദിനം മലയിന്‍കീഴു നിന്നും വിഴിഞ്ഞത്തിനടുത്തുള്ള ആവാടുതുറയിലേക്കു (അമ്പലത്തറയിലേക്കെന്നും പാഠാന്തരം) നടന്നു പോകുകയായിരുന്നു മാധവന്‍. മൂക്കുന്നിയുടെ പ്രാന്തപ്രദേശങ്ങളിലൂടെയായിരുന്നു കാല്‍നടയാത്ര. സുഹൃത്തും രാമകഥാപ്പാട്ടിന്റെ ഉപജ്ഞേതാവുമായ അയ്യപ്പനാശാന്റെ അരികിലേക്കുള്ള ആ യാത്രാമധ്യേ മലയുടെ അടിവാരത്തിലെവിടെയോ വച്ച് മാധവ കവിക്ക് അപമൃത്യു സംഭവിച്ചു. പെട്ടെന്നുണ്ടായ ഒരസഖുത്തെ തുടര്‍ന്നാണ് കവിയുടെ മരണമെന്നും മൃതദേഹം അവിടെത്തന്നെ അടക്കിയെന്നുമാണ് കഥ.

കരിങ്കല്‍ഗര്‍ത്തങ്ങള്‍ നിറഞ്ഞ മൂക്കുന്നിമല മാധവകവിയിലെ ദീര്‍ഘദര്‍ശി മുമ്പേ കണ്ടിരുന്നുവെന്നതിന് ഭാഷാഭഗവദ്ഗീത തന്നെ തെളിവ്. ചാരനിറമുള്ള ധൂളികളായി പൊടിഞ്ഞു തീരുന്ന മലയെ നോക്കി, ഇവിടെവിടെങ്കിലുമൊക്കെയിരുന്ന് മഹാകവിയുടെ ആത്മാവ് ഇങ്ങനെ പാടുന്നുണ്ടാവും.

ഉണ്ടാംനാളിലുമഴിയും നാളിലു-
മുണ്‍മകള്‍ അറി കാരണമായങ്കല്‍
തണ്ടാരണിമാര്‍വ്വാ! തടയാവഴി
താനവികാരമരൂപവുമായേ..

ഓരോ കാരണം ഉണ്ടാകുമ്പോള്‍ ഭൂമിയില്‍ ഓരോ പദാര്‍ത്ഥം ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. അര്‍ജ്ജുനാ, അത് തടയാന്‍ ആര്‍ക്കും കഴിയില്ല…


 

click me!