ജീവനക്കാർക്ക് ദീപാവലിക്ക് ഇലക്ട്രിക് സ്‍കൂട്ടറുകൾ സമ്മാനിച്ച് ഈ കമ്പനി

By Web TeamFirst Published Nov 6, 2021, 4:32 PM IST
Highlights

ഇന്ധനവിലയും മറ്റ് ഘടകങ്ങളും കണക്കിലെടുത്താണ് തങ്ങളുടെ ജീവനക്കാർക്ക് ഇലക്ട്രിക് വാഹനങ്ങൾ സമ്മാനിക്കാൻ തീരുമാനിച്ചതെന്ന് കമ്പനി..

പെട്രോള്‍ (Petrol) ഉള്‍പ്പെടെയുള്ള പരമ്പരാഗത ഇന്ധനങ്ങളുടെ വില കുതിച്ചുയരുകയും മലിനീകരണം കൂടുകയും ചെയ്യുമ്പോൾ പലരും ഇലക്ട്രിക്ക് വാഹനങ്ങളുടെ (Electric Vehicles) പാതയിലേക്കാണ് ചേക്കേറുന്നത്. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ഒരു വേറിട്ട സമ്മാനം നല്‍കിയിരിക്കുകയാണ് സൂറത്ത് ആസ്ഥാനമായുള്ള ഈ കമ്പനി. ഇത്തരമൊരു മികച്ച ദീപാവലി (Diwali) സമ്മാനത്തെക്കുറിച്ച് കുറച്ച് പേർക്ക് മാത്രമേ ചിന്തിക്കാൻ കഴിയൂ. അതെന്താണെന്നല്ലേ? ഓരോ ഇലക്ട്രിക്ക് സ്‍കൂട്ടറുകള്‍ വീതമാണ് ജീവനക്കാര്‍ക്ക് കമ്പനിയുടെ സമ്മാനം.

എംബ്രോയ്ഡറി മെഷീനുകളുടെ ബിസിനസ് നടത്തുന്ന കമ്പനിയായ അലയൻസ് ഗ്രൂപ്പാണ് ഈ വർഷം ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ഇലക്ട്രിക് സ്‍കൂട്ടറുകൾ നൽകിയതെന്ന് ഹിന്ദുസഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒകിനാവ പ്രെയ്‌സ്‌പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി ജീവനക്കാര്‍ക്കായി വിതരണം ചെയ്‍തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 76,848 രൂപയോളം എക്‌സ്-ഷോറൂം വില വരുന്ന ഈ സ്‍കൂട്ടറുകള്‍ കമ്പനിയിലെ 35 ജീവനക്കാർക്കാണ് ദീപാവലി പ്രമാണിച്ച് സമ്മാനിച്ചത്.

ഇന്ധനവിലയും മറ്റ് ഘടകങ്ങളും കണക്കിലെടുത്താണ് തങ്ങളുടെ ജീവനക്കാർക്ക് ഇലക്ട്രിക് വാഹനങ്ങൾ സമ്മാനിക്കാൻ തീരുമാനിച്ചതെന്ന് അലയൻസ് ഗ്രൂപ്പ് ഡയറക്ടർ സുഭാഷ് ദവാർ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ധനച്ചെലവ് ലാഭിക്കുക മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തിനും ഹരിതഭംഗിയ്ക്കും സംഭാവന നൽകുക എന്നതു കൂടി കമ്പനിയുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറയുന്നു.

പരിസ്ഥിതിയുടെ നന്മയിൽ താൻ എന്നും വിശ്വസിക്കുന്ന ആളാണെന്നും പ്രകൃതിയോട് ചേർന്ന് ജീവിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും സുഭാഷ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നത് തന്റെ അഭിനിവേശമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

1000 വാട്ട്, BLDC മോട്ടോറിനെ വാഹനം ചലിപ്പിക്കാൻ സഹായിക്കുന്ന 2.0 kWh ലിഥിയം-അയൺ ബാറ്ററി പാക്കാണ് ഒകിനാവ പ്രെയ്‌സ്‌പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ വാഗ്ദാനം ചെയ്യുന്നത്. ഇതിന് 2500 വാട്ടിന്റെ പീക്ക് പവർ ഉത്പാദിപ്പിക്കാൻ കഴിയും. മണിക്കൂറിൽ 58 കിലോമീറ്റർ വേഗതയില്‍ വരെ സഞ്ചരിക്കാനും ഈ സ്‍കൂട്ടറിന് സാധിക്കും.  മൂന്ന് മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ ഓട്ടോ കട്ട് ഫംഗ്‌ഷനുള്ള മൈക്രോ ചാർജറിലൂടെ പൂർണ്ണമായി റീചാർജ് ചെയ്യാനും ഒറ്റ ചാർജിൽ 88 കിലോമീറ്റർ വരെ റേഞ്ച് വാഗ്‍ദാനം ചെയ്യാനും കഴിയും.
 

click me!