ഓണ്‍ലൈന്‍ പണമിടപാട് സുരക്ഷിതമാക്കാന്‍ 5 വഴികള്‍

By Web DeskFirst Published Dec 6, 2016, 5:10 PM IST
Highlights

പണം പിന്‍വലിക്കല്‍ മൂന്ന് ആഴ്‌ച പിന്നിട്ടതോടെയാണ് ക്യാഷ്‌ലെസ്‌ എക്കണോമി എന്ന വാദം ശക്തമാകുന്നത്. അതായത്, ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡോ, നെറ്റ് ബാങ്കിംഗോ വഴിയുള്ള പണമിടപാടാണ് ക്യാഷ്‌ലെസ് എക്കണോമി. എന്നാല്‍ ഓണ്‍ലൈന്‍ വഴിയുള്ള പണമിടപാട് സുരക്ഷിതമാണോ? ഇതുസംബന്ധിച്ച നിരവധി തട്ടിപ്പുകള്‍ പുറത്തുവരുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പണമിടപാട് സുരക്ഷിതമാക്കാന്‍ 5 വഴികള്‍ പറഞ്ഞുതരാം.

1, ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ സേവ് ചെയ്യരുത്-

മൊബൈല്‍ ആപ്പിലോ, പ്രത്യേകം വെബ്സൈറ്റുകളിലോ, എന്തെങ്കിലും ഓണ്‍ലൈന്‍ ഇടപാട് ചെയ്യുന്നതിനായി, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ സേവ് ചെയ്യാറുണ്ട്. ഇടപാട് എളുപ്പമാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇത് ഒഴിവാക്കണം. ഒരുകാരണവശാലും നിങ്ങളുടെ ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ സേവ് ചെയ്യരുത്.

2, പണം അടയ്‌ക്കുന്നത് ഒടിപി ഉപയോഗിച്ചുമതി

ഓണ്‍ലൈന്‍ വഴി എന്തെങ്കിലും വാങ്ങുകയോ, ഏതെങ്കിലും സേവനം ആവശ്യപ്പെടുകയോ ചെയ്യുന്നതിനുള്ള പണമിടപാട് ഒടിപി(വണ്‍ടൈം പാസ്‌വേഡ്) ഉപയോഗിച്ചുമാത്രമേ ചെയ്യാവു. രജിസ്റ്റേഡ് മൊബൈല്‍ നമ്പരിലേക്ക് ബാങ്ക് ഒടിപി അയയ്‌ക്കും. അതുപയോഗിച്ച് മാത്രം പണമിടപാട് നടത്തുക.

3, പണമിടപാടിന് മുമ്പ് വെബ് അഡ്രസ് പരിശോധിക്കുക-

നിങ്ങള്‍ പണമിടപാട് നടത്തുന്ന വെബ്സൈറ്റിന്റെ അഡ്രസ് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ മറക്കരുത്. അതായത്, നമ്മള്‍ ആമസോണിലോ ഫ്ലിപ്പ്കാര്‍ട്ടിലോ പേമെന്റ് നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വെക്കുക. ആ സൈറ്റിന്റെ അഡ്രസ് എച്ച്ടിടിപിഎസ് എന്നു തുടങ്ങുന്നുവെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം അതൊരു വ്യാജ വെബ്സൈറ്റാണെന്ന് ഉറപ്പിക്കാം.

4, പാസ്‌വേഡായി വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കരുത്-

നെറ്റ് ബാങ്കിംഗ് പാസ്‌വേഡായി സ്വന്തം പേരോ, ജന്മദിനമോ ഫോണ്‍ നമ്പരോ ഉപയോഗിക്കരുത്. ഇങ്ങനെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചാല്‍, ആ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

5, ഡെലിവറി സമയത്ത് കാര്‍ഡ് പേമെന്റ് വേണ്ട-

ഇപ്പോള്‍ പുതിയ ചില ഓണ്‍ലൈന്‍ റിട്ടെയ്‌ലേഴ്‌സ്, സാധനം തരുന്ന സമയത്ത് കാര്‍ഡ് സ്വൈപ്പിങ് വെച്ചുള്ള ഡെലിവറി ഓപ്ഷന്‍ നല്‍കുന്നുണ്ട്. ഇത് ഒഴിവാക്കുക. പകരം ക്യാഷ് ഓണ്‍ ഡെലിവറിയോ, മൊബൈല്‍ വാലറ്റ് ഓപ്‌ഷനോ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. 

click me!