ഓണ്‍ലൈന്‍ ഷോപ്പിങിന് മുമ്പ് സിവിവിയും ഒടിപിയും അറിയണം!

By Web DeskFirst Published Dec 1, 2016, 1:12 PM IST
Highlights

ഓണ്‍ലൈന്‍ പര്‍ച്ചേസിങിന്റെ കാലമാണിത്. കോടിക്കണക്കിനു രൂപ ഓരോ ദിവസവും ഓണ്‍ലൈന്‍ വ്യാപാരം വഴി ഇന്ത്യയില്‍ വിനിമയം ചെയ്യപ്പെടുന്നെന്നാണു കണക്ക്. കറന്‍സി നോട്ടില്ലാതെ തീര്‍ത്തും ഡിജിറ്റല്‍ രൂപത്തില്‍ നടക്കുന്ന ഈ ഇടപാടിന്റെ സുരക്ഷിതത്വം സംബന്ധിച്ചു നിരവധി ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ പണമിടപാടിന്റെ സുരക്ഷ ഉറപ്പിക്കാന്‍ തീര്‍ത്തും പര്യാപ്തമാണ്. ഓണ്‍ലൈന്‍ പണമിടപാടിനു ബാങ്ക് ഇടപാടുകാരനില്‍നിന്ന് ആവശ്യപ്പെടുന്ന ഓരോ വിവരങ്ങളും സുരക്ഷ ഉറപ്പിക്കുന്ന ഓരോ ഘട്ടങ്ങളാണ്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് സിവിവിയും ഒടിപിയുമാണ് ഇതില്‍ ഏറെ പ്രധാനം. ഇതേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ...

സിവിവി എന്തെന്നറിയാമോ?

ഡെബിറ്റ് കാര്‍ഡിന്റെയും ക്രെഡിറ്റ് കാര്‍ഡിന്റെയും പിന്‍വശത്തുള്ള മൂന്നക്ക നമ്പറാണു സിവിവി അഥവാ കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യൂ കോഡ്. കാര്‍ഡിന്റെ മാഗ്നറ്റിക് സ്ട്രിപ്പിനോടു ചേര്‍ന്നാണ് ഇതുള്ളത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ സിവിവി നമ്പര്‍ നല്‍കേണ്ടതുണ്ട്. പണമിടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലാണു വെരിഫിക്കേഷന്‍ വാല്യൂ കോഡ് ഓരോ കാര്‍ഡിനും നല്‍കിയിരിക്കുന്നത്.

മുന്‍പ് കാര്‍ഡ് നമ്പറും സിവിവിയും ഉപയോഗിച്ച് ഏതു കാര്‍ഡ് ട്രാന്‍സാക്ഷനും നടത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒടിപിയും(വണ്‍ ടൈം പാസ്‌വേഡ്) 3ഡി സെക്യുര്‍പിന്‍ എന്‍ട്രിയും ഉപയോഗിച്ചു കൂടുതല്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. സിവിവി ഒരു 3ഡി സെക്യുര്‍ കോഡ് അല്ല. വിസ കാര്‍ഡിനു വേരിഫൈഡ് ബൈ വിസ പാസ്‌വേഡ് എന്നും മാസ്റ്റര്‍ കാര്‍ഡിന് സെക്യുര്‍കോഡ് എന്നുമുള്ള പ്രത്യേക പാസ്‌വേഡ് ഇപ്പോള്‍ ഉണ്ട്.
ഓണ്‍ലൈന്‍ ഷോപ്പിങിന് ഇത്തരം പാസ്‌വേഡുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം പുറത്തിറങ്ങിയതോയെടാണു സിവിവിക്കൊപ്പം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ എത്തിയത്.

എന്താണ് ഒടിപി?

ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഇടപാടുകാരന് ബാങ്ക് നേരിട്ടു നല്‍കുന്ന സുരക്ഷാ പാസ്‌വേഡ് ആണ് ഒടിപി അഥവാ വണ്‍ ടൈം പാസ്‌വേഡ്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് ആയാണ് ഇതു നല്‍കുക. ഒടിപി ഉപയോഗിക്കാതെ ഇപ്പോള്‍ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ നടത്താന്‍ കഴിയില്ല.

നിങ്ങളുടെ എടിഎം കാര്‍ഡ് ആരെങ്കിലും മോഷ്ടിച്ച് ഇടപാടു നടത്താന്‍ ശ്രമിച്ചാല്‍ത്തന്നെ ഒടിപി ഉപയോഗിക്കാതെ പണമിടപാട് നടക്കില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള ഏറ്റവും ശക്തമായ സുരക്ഷാ മാര്‍ഗമാണ് ഒടിപി. തെറ്റായ ഒടിപി നല്‍കിയാല്‍ ട്രാന്‍സാക്ഷന്‍ റദ്ദാക്കപ്പെടും.

click me!