സീനിയോറിറ്റിയല്ല യുവത്വമാണ് നാടിന്റെ പുരോഗതിക്ക് ആവശ്യം

By Web TeamFirst Published Mar 20, 2019, 11:47 AM IST
Highlights

രാഷ്ട്രീയനേതാക്കളുടെ അവസരവാദപരമായ നിലപാടുകളോട് യോജിക്കാനാവില്ല. സീറ്റിന് വേണ്ടിയുള്ള വടംവലികളും കാലുമാറ്റങ്ങളും വോട്ടര്‍മാരെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്നോട്ട് വലിക്കുകയേ ഉള്ളു.
 

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഇനി ദിവസങ്ങള്‍ മാത്രം. പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളും ഒപ്പം സമ്മതിദായകരും തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ആര്‍ക്ക് വോട്ട് ചെയ്യണം, എന്തുകൊണ്ട് വോട്ട് ചെയ്യണം, ജനപ്രതിനിധികളില്‍ നിന്നും തങ്ങളെന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത് തുടങ്ങിയവയെക്കുറിച്ചെല്ലാം ഓരോരുത്തര്‍ക്കും വ്യക്തമായ ധാരണകളുണ്ട്. അവരുടെ ഇഷ്ടങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചും അവര്‍ തന്നെ സംസാരിക്കുന്നു...

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നാണ് ടെലിവിഷന്‍ അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്തിന്റെ അഭിപ്രായം. യുവസമൂഹത്തിന് പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. പുരോഗതിയുടെ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തിന് അതിന് സഹായകമാകുന്ന തരത്തിലുള്ള ആശയങ്ങളാണ് ആവശ്യം. യുവാക്കളുടെ ഊര്‍ജസ്വലത രാജ്യത്തിന് പുതിയ ഊര്‍ജം നല്‍കും.

രാഷ്ട്രീയനേതാക്കളുടെ അവസരവാദപരമായ നിലപാടുകളോട് യോജിക്കാനാവില്ല. സീറ്റിന് വേണ്ടിയുള്ള വടംവലികളും കാലുമാറ്റങ്ങളും വോട്ടര്‍മാരെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്നോട്ട് വലിക്കുകയേ ഉള്ളു. ജനങ്ങളോട് വിശ്വസ്തത പുലര്‍ത്തുന്നവരാകണം ജനപ്രതിനിധികളാകേണ്ടത്. സ്വന്തം കാര്യം നോക്കി തരംപോലെ പെരുമാറുന്നവരോട് എന്ത് രാഷ്ട്രീയനിലപാടിന്റെ പുറത്തായാലും യോജിപ്പില്ല. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയസാഹചര്യങ്ങളെ വിലയിരുത്താറുമുണ്ട്. എന്നാല്‍, അത് പരസ്യപ്പെടുത്തേണ്ട ഒന്നാണെന്ന് തോന്നിയിട്ടില്ലെന്നും അശ്വതി പറയുന്നു. ഇടുക്കിയാണ് അശ്വതിയുടെ മണ്ഡലം.


 

click me!