വെടിക്കെട്ട് സെഞ്ചുറി; കപിലിന്‍റെ 36 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് പാക് താരം!

By Web TeamFirst Published May 15, 2019, 6:46 PM IST
Highlights

1983 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ കപില്‍ നേടിയ 175 റണ്‍സാണ് പിന്നിലായത്. ഇരുപത്തിനാല് വയസ് പ്രായമുള്ളപ്പോഴായിരുന്നു അന്ന് കപിലിന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്. 

ബ്രിസ്റ്റോള്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ ഭാവി വാഗ്‌ദാനങ്ങളില്‍ ഒരാളായി വിശേഷിപ്പിക്കുന്ന താരമാണ് ഓപ്പണര്‍ ഇമാമുള്‍ ഹഖ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏദിനത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടി ഇമാമുള്‍ ഈ വിശേഷണം ഉറപ്പിക്കുന്നു. തകര്‍പ്പന്‍ ഇന്നിംഗ്‌സോടെ ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവിന്‍റെ 36 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ക്കാനും പാക് ഓപ്പണര്‍ക്കായി.

ഇംഗ്ലണ്ടില്‍ ഏകദിനത്തില്‍ 150ലേറെ സ്‌കോര്‍ ചെയ്യുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലാണ് ഇമാമുള്‍ ഹഖ് എത്തിയത്. 1983 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ കപില്‍ നേടിയ 175 റണ്‍സാണ് പിന്നിലായത്. ഇരുപത്തിനാല് വയസ് പ്രായമുള്ളപ്പോഴായിരുന്നു കപിലിന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്. എന്നാല്‍ ബ്രിസ്റ്റോള്‍ ഏകദിനത്തില്‍ 131 പന്തില്‍ 151 റണ്‍സ് നേടുമ്പോള്‍ 23 വയസാണ് ഇമാമുളിന്‍റെ പ്രായം. തകര്‍പ്പന്‍ ഇന്നിംഗ്‌സുമായി ഇമാമുള്‍ തിളങ്ങിയെങ്കിലും മത്സരം പാക്കിസ്ഥാന്‍ തോറ്റു.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഇമാമുള്‍ ഹഖിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സടിച്ചപ്പോള്‍ ജോണി ബെയര്‍ സ്റ്റോയുടെ സെഞ്ചുറിയിലൂടെ തിരിച്ചടിച്ച ഇംഗ്ലണ്ട് 44.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ബെയര്‍സ്റ്റോ 93 പന്തില്‍ 15 ഫോറും അഞ്ച് സിക്സറും പറത്തി 128 റണ്‍സടിച്ചപ്പോള്‍ സഹ ഓപ്പണറായ ജേസണ്‍ റോയ് 55 പന്തില്‍ 76 റണ്‍സടിച്ചു. ജോ റൂട്ട്(43), ബെന്‍ സ്റ്റോക്സ്(38), മോയിന്‍ അലി(46 നോട്ടൗട്ട്), ഓയിന്‍ മോര്‍ഗന്‍(17 നോട്ടൗട്ട്) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് സ്കോറര്‍മാര്‍.

click me!