'അവൻ ആ കുളത്തിൽ കിടപ്പുണ്ട്', കുഞ്ഞുങ്ങളെ കൊന്ന ശേഷം സഫീർ എഴുതിയ കുറിപ്പ്, നടുങ്ങി നാട്

By Web TeamFirst Published Jan 2, 2021, 4:46 PM IST
Highlights

ഓട്ടോഡ്രൈവറായിരുന്ന സഫീർ കഴിഞ്ഞ കുറച്ചുകാലമായി ഭാര്യയിൽ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്. വിഷാദരോഗമുണ്ടായിരുന്ന സഫീറിനെ അച്ഛനും സഹോദരനും വന്ന് കൂട്ടിക്കൊണ്ടുപോയി ചികിത്സിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. ഭാര്യയെ സഫീർ ഉപദ്രവിച്ചിരുന്നെന്ന് നാട്ടുകാർ പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് അച്ഛൻ രണ്ട് മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തു. കുട്ടികളുടെ അച്ഛൻ സഫീറിനെ പിന്നീട് രണ്ടാമത്തെ മകനെ കൊലപ്പെടുത്തിയ അതേ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂത്ത മകൻ, പതിനൊന്ന് വയസ്സുകാരൻ അൽത്താഫിനെ കഴുത്തറുത്തും, രണ്ടാമത്തെ മകൻ ഒമ്പത് വയസ്സുകാരൻ അൻഷാദിനെ വീടിന് അടുത്തുള്ള ക്ഷേത്രക്കുളത്തിൽ എറിഞ്ഞുമാണ് ഇയാൾ കൊലപ്പെടുത്തിയത്. 

രാവിലെ 10 മണിക്കാണ് പതിനൊന്ന് വയസ്സുള്ള അൽത്താഫിനെ കഴുത്തറുത്ത നിലയിൽ നാവായിക്കുളത്തിനടുത്തുള്ള നൈനാൻകോണം കോളനിയിലെ വീട്ടിൽ കണ്ടെത്തിയത്. വീട്ടിലുണ്ടാവേണ്ടിയിരുന്ന അച്ഛൻ സഫീറിനെയും ഇളയ സഹോദരൻ അൻഷാദിനെയും കാണാനുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ വ്യാപകമായ തെരച്ചിലിലാണ് സഫീറിന്‍റെ മൃതദേഹം സ്ഥലത്തെ ഒരു ക്ഷേത്രക്കുളത്തിന്‍റെ കരയ്ക്ക് അടിഞ്ഞ നിലയിൽ കണ്ടെത്തിയത്. കുട്ടിയെയും ഇതേ കുളത്തിനടുത്ത് കൊണ്ടുവന്ന് കൊലപ്പെടുത്തിയിരിക്കാമെന്ന് കണക്കുകൂട്ടിയ പൊലീസ് മുങ്ങൽ വിദഗ്ധരെ അടക്കം കൊണ്ടുവന്ന് സ്ഥലത്ത് വിപുലമായ തെരച്ചിൽ നടത്തി. 

രണ്ട് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ ഇളയ കുട്ടിയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ക്ഷേത്രക്കുളത്തിന്‍റെ കരയ്ക്ക് സഫീറിന്‍റെ ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുന്നത് നാട്ടുകാർ കണ്ടു. അത് വിശദമായി പരിശോധിച്ചപ്പോൾ സഫീർ ഒരു കത്ത് എഴുതിവച്ചിരിക്കുന്നത് കണ്ടെത്തി. രണ്ടാമത്തെ കുഞ്ഞ് ആ കുളത്തിലുണ്ട് എന്നാണ് കത്തിൽ സഫീർ എഴുതിയിരിക്കുന്നത്. 

ഓട്ടോഡ്രൈവറായിരുന്ന സഫീർ കഴിഞ്ഞ കുറച്ചുകാലമായി ഭാര്യയിൽ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്. വിഷാദരോഗമുണ്ടായിരുന്ന സഫീറിനെ അച്ഛനും സഹോദരനും വന്ന് കൂട്ടിക്കൊണ്ടുപോയി ചികിത്സിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. ഭാര്യയെ സഫീർ സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ കുട്ടികളോട് വലിയ സ്നേഹമായിരുന്നു. 

ചികിത്സ കഴിഞ്ഞ് തിരികെ വന്ന ശേഷം സഫീർ ഭാര്യയുടെ ഒപ്പം താമസം മാറി. ഭാര്യയെ സഫീർ അപ്പോഴും ഉപദ്രവിക്കുന്നത് തുടർന്നിരുന്നുവെന്നും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പറയുന്നു. പട്ടാളം മുക്ക് എന്നയിടത്ത് ഓട്ടോ ഓടിച്ചാണ് സഫീർ ജീവിച്ചിരുന്നത്. എന്നാൽ ഓട്ടോ സ്റ്റാൻഡിൽ കൂടെയുണ്ടായിരുന്നവരും സഫീർ അവരുമായി സഹകരിക്കുകയോ സംസാരിക്കുകയോ ചെയ്യുമായിരുന്നില്ല എന്ന് പറയുന്നു. 

കത്ത് എഴുതി വച്ചതടക്കമുള്ള സാഹചര്യങ്ങൾ പരിശോധിച്ചാൽ സഫീർ തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നതെന്ന് പൊലീസും വ്യക്തമാക്കുന്നു. നാടിനെ നടുക്കിയ മൂന്ന് മരണങ്ങളിൽ ഊർജിതമായ അന്വേഷണത്തിന് തന്നെയാണ് പൊലീസ് ഒരുങ്ങുന്നത്.

click me!