അത്തം പത്തിന് പൊന്നോണം, അത്തപ്പൂക്കളത്തിനുമുണ്ട് കഥകൾ

By Web TeamFirst Published Aug 30, 2022, 12:02 PM IST
Highlights

പൂക്കളം ഇട്ടുതുടങ്ങുന്ന ആദ്യനാളിൽ അതായത് അത്തം ഒന്നിന് ഒരു നിര പൂ മാത്രമാണ് ഇടുന്നത്. പിന്നീട് വരുന്ന ഓരോ ദിവസവും ഓരോ നിര കൂടും, പൂക്കളുടെ ഇനവും.

ഓണത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് അത്തപൂക്കളം. വീടുകളിലും ജോലിസ്ഥലങ്ങളിലും തുടങ്ങി നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാ ഇടങ്ങളിലും നാം പൂക്കളമിടാറുണ്ട്. റെഡിമെയ്ഡ് പൂക്കളുടെയും പൂക്കളങ്ങളുടെയുമൊക്കെ കാലത്തേയ്ക്ക് നാം മാറിയെങ്കിലും പൂവിറുക്കലും പൂക്കളമൊരുക്കലുമൊക്കെ ഇന്നും ഓണക്കാലത്തെ സമ്പന്നമാക്കുന്നവയാണ്.

ഓണത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങൾ നിലനിൽക്കുന്നതുപോലെ തന്നെ അത്തപൂക്കളത്തെക്കുറിച്ചുമുണ്ട് നിരവധി കഥകൾ. പത്തുനാൾ നീണ്ടുനിൽക്കുന്ന ഓണഘോഷം ആരംഭിക്കുന്നത് ചിങ്ങമാസത്തിലെ അത്തം നാളിലാണ്. അത്തം ഒന്നു മുതൽ അത്തപൂക്കളം അഥവാ ഓണപൂക്കളം ഇട്ടു തുടങ്ങും. പൂക്കളം ഒരുക്കുന്നതിനുമുണ്ട് ചില ചിട്ടവട്ടങ്ങൾ ഒക്കെ. ചാണകം മെഴുകി ഒരുക്കിയ പ്രത്യേക സ്ഥലത്തായിരുന്നു പണ്ട് പൂക്കളം ഇട്ടിരുന്നത്. ഇപ്പോഴത് മാറി വിമാനത്തിൽ വരെ പൂക്കളമിടും. കാരണം ആചാരങ്ങളെക്കാൾ ഉപരി നമുക്ക് ഇന്നത് ഒരു ആഘോഷമാണ്.

പൂക്കളം ഇട്ടുതുടങ്ങുന്ന ആദ്യനാളിൽ അതായത് അത്തം ഒന്നിന് ഒരു നിര പൂ മാത്രമാണ് ഇടുന്നത്. പിന്നീട് വരുന്ന ഓരോ ദിവസവും ഓരോ നിര കൂടും, പൂക്കളുടെ ഇനവും. ഉത്രാടം നാളിലാണ് പൂക്കളം ഏറ്റവും വലിപ്പത്തിൽ ഒരുക്കുക. മൂലം നാളിൽ ഒരുക്കുന്ന പൂക്കളത്തിന് ചതുരാകൃതി ആയിരിക്കും. തീർന്നില്ല അത്തം നാളിലെ ആദ്യപൂക്കളത്തിൽ ചുവന്ന പൂക്കൾ ഉപയോഗിക്കാൻ പാടില്ല എന്നുമുണ്ടത്രെ. പൂക്കളത്തിൽ നിന്ന് അങ്ങനെ ഒരുപൂക്കളെയും മാറ്റി നിർത്താറില്ലെങ്കിലും ചോതി നാൾ മുതലേ ചെമ്പരത്തിപ്പൂവ് ഇട്ടു തുടങ്ങൂ.

പൂക്കളം ഒരുക്കുന്നതിന് പിന്നിലും ഒരു ഐതിഹ്യമുണ്ട്. തൃക്കാക്കര വരെപ്പോയി തൃക്കാക്കരയപ്പനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും കഴിയാതെ വന്നപ്പോൾ എല്ലാവരും സ്വന്തം വീട്ടുമുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളാൻ തൃക്കാക്കരയപ്പൻ അനുവാദം നൽകി എന്നാണ് ഐതിഹ്യം. അതു പ്രകാരം തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണത്രെ പൂക്കളം ഒരുക്കുന്നത്. 

ഐതിഹ്യം ഇങ്ങനെയൊക്കെയാണെങ്കിലും ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്. ജാതി മത ഭേദമന്യേ എല്ലാവരും പൂക്കളം ഒരുക്കുകയും ഓണം ആഘോഷിക്കുകയും ചെയ്യുന്നു. 

click me!