Latest Videos

കൊറോണക്കാലത്തെ പ്രണയം

By Abdul SalamFirst Published May 20, 2020, 4:25 PM IST
Highlights

അബ്ദുല്‍സലാം എഴുതുന്നു: മുഖാവരണം മനുഷ്യന്റെ ശീലമായിക്കഴിഞ്ഞു. പാതിമുഖംകൊണ്ട് വികാരങ്ങളെ പ്രകടിപ്പിക്കേണ്ട, വ്യക്തിത്വത്തെ പ്രകാശിപ്പിക്കേണ്ട, മുഖസംബന്ധിയായ ഭാഷാപ്രയോഗങ്ങള്‍പോലും അപനിര്‍മിക്കപ്പെടേണ്ട അവസ്ഥ. 

നിന്റെ ചുണ്ടുകള്‍ കാണുമ്പോള്‍ കാട്ടുഞാവല്‍പ്പൂക്കള്‍ ഓര്‍മവരുന്നുവെന്ന് എങ്ങനെ എഴുത്തുകാരന്/ കാരിക്ക് എഴുതാന്‍ കഴിയും. തൊട്ടടുത്തിരുന്ന കാമുകിയോട് നിന്റെ തേന്‍ചുണ്ടുകളില്‍ ഞാനൊന്ന് ചുംബിച്ചോട്ടേ എന്ന് ഏതു കാമുകന് പറയാന്‍ കഴിയും? ഇനി അഥവാ പറഞ്ഞാലും കൊറോണയെ പേടിച്ച് ഏതു കാമുകി അതിന് സമ്മതിക്കും?

 

 

ഉദയനാണ് താരം എന്ന സിനിമയില്‍ പച്ചാളം ഭാസി (ജഗതിശ്രീകുമാര്‍) രാജപ്പനെ (ശ്രീനിവാസന്‍) നവരസങ്ങള്‍ പഠിപ്പിക്കുന്ന രംഗം മലയാളികള്‍ മറക്കാന്‍ ഇടയില്ല. ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ വിവരിക്കുന്ന നവരസങ്ങള്‍ രാജപ്പനെ പഠിപ്പിക്കുകയാണ് പച്ചാളം ഭാസി. 'മംഗളശീലേ രസവിസ്തൃതിക്കംഗം മുഴുവന്‍ തുണയ്ക്കുവേണ്ട' എന്ന് പച്ചാളം പറയുന്നുണ്ട്. മുഖങ്ങള്‍ കൊണ്ടാണ് രസഭാവങ്ങളെ ഉദ്ദീപിപ്പിക്കേണ്ടത് എന്നര്‍ത്ഥം. 

എന്നാല്‍ കാലം മാറി. നമ്മുടെ മുഖങ്ങള്‍ക്കിപ്പോള്‍ രസഭാവങ്ങള്‍ ഉദ്ദീപിക്കുക പഴയതുപോലെ എളുപ്പമല്ല. മുഖങ്ങള്‍ പാതി മറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് നാം. നോവല്‍ കൊറോണ വൈറസ് നമ്മുടെ സാമൂഹിക സാംസ്‌കാരിക ശീലങ്ങളെ അല്പകാലത്തേക്കെങ്കിലും മാറ്റിയിട്ടുണ്ട്്. നാലാം ലോക്ഡൗണും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനിയും എത്രനാള്‍ കൊറോണയെ ഭയക്കേണ്ടി വരുമെന്നറിയാത്ത അവസ്ഥ. ഏകാന്തതയെ അതിജീവിക്കാനും കൂട്ടായ്മകളില്‍നിന്ന് മെയ്യകലം പാലിക്കാനും നാം ജാഗരൂകമായ കാലം. മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് ആദ്യാനുഭവം. 

സാമൂഹിക, സാംസ്‌കാരികശീലങ്ങളെപ്പോലെത്തന്നെ ആരോഗ്യശീലവും ഇനിമുതല്‍ ഉടച്ചുവാര്‍ക്കേണ്ടിവരുമെന്ന് നമുക്കറിയാം. ആരോഗ്യപ്രവര്‍ത്തകരെ അനുസരിക്കാന്‍ നാം പഠിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി മുഖാവരണം മനുഷ്യന്റെ ശീലമായിക്കഴിഞ്ഞു. അലര്‍ജിയുള്ളവരിലും ഓപറേഷന്‍ തിയേറ്ററുകളിലുമാണ് നാം കൊറോണയ്ക്ക് മുമ്പ് മുഖാവരണം ധരിച്ചവരെ കണ്ടെങ്കില്‍ ഇന്ന് പുറത്തിറങ്ങുമ്പോള്‍ മൊബൈലോ പേഴ്സോ എടുക്കുന്നതുപോലെ, ഒരുപക്ഷേ അതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധയോടെ  ഓര്‍ത്തുവെച്ച് മുഖാവരണവും എടുക്കുന്ന ശീലത്തിലേക്ക് നാമെത്തിച്ചേര്‍ന്നു. മുഖാവരണം ധരിച്ചില്ലെങ്കില്‍ പിഴയൊടുക്കേണ്ടിവരുമെന്ന നിയമംപോലുമായി. നമ്മള്‍ സ്വപ്നത്തില്‍പോലും പ്രതീക്ഷിക്കാത്തത്.  

കോവിഡാനന്തര ജീവിതത്തില്‍ പലശീലങ്ങളെയും മാറ്റിപ്പണിയാന്‍ മനുഷ്യന്‍ തയ്യാറാകുമെന്നത് പരമയാഥാര്‍ത്ഥ്യം. ഒരുകാലത്ത് മുഖാവരണമണിഞ്ഞവര്‍ എങ്ങനെ ശ്വസിക്കുമെന്നോര്‍ത്ത് സങ്കടപ്പെട്ടിരുന്നുവെങ്കില്‍, ഇന്ന് മുഖാവരണമണിഞ്ഞില്ലെങ്കില്‍ ശ്വാസം പോകുന്നമെന്ന സ്ഥിതി വന്നിരിക്കുന്നു. പാതിമുഖംകൊണ്ട് വികാരങ്ങളെ പ്രകടിപ്പിക്കേണ്ട, വ്യക്തിത്വത്തെ പ്രകാശിപ്പിക്കേണ്ട, മുഖസംബന്ധിയായ ഭാഷാപ്രയോഗങ്ങള്‍പോലും അപനിര്‍മിക്കപ്പെടേണ്ട അവസ്ഥ. 

 


മുഖവും മനസ്സും

ഒരാളുടെ വ്യക്തിത്വം തെളിഞ്ഞുകാണുന്നത് മുഖങ്ങളിലാണ്. ഇതുകൊണ്ടാവണം മുഖം മനസ്സിന്റെ കണ്ണാടിയെന്ന പ്രയോഗം. മുഖത്തുതെളിയുന്ന ഭാവങ്ങളെ അടിസ്ഥാനമാക്കിയാണ് പലപ്പോഴും മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് നാം നിരൂപിക്കുന്നത്. മുഖം മനസ്സിന്റെ കണ്ണാടി/മന്ദസ്മിതം കിനാവിന്റെ പൂവാടി/ സ്വരം വികാരത്തിന്‍ തരംഗിണി/പ്രാണസഖി നീയെന്‍ പ്രേമസ്വരൂപിണി എന്ന് വയലാര്‍. ചില കമ്പനികള്‍ ഇമോഷണല്‍ ഡിറ്റക്ഷന്‍ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചുപോലും തൊഴിലാളികളുടെ മുഖഭാവങ്ങളെ നിരീക്ഷിച്ച് അതുവഴി അവരുടെ വികാരങ്ങളെ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. 

എന്തായാലും കോവിഡാനന്തര കാലത്ത്  ഇനി സമൂഹത്തില്‍ ഇടപെടുമ്പോള്‍ നവരസങ്ങളില്‍ ചിലതിനെ പ്രകടിപ്പിക്കാനാവാതെ നാം പ്രയാസപ്പെടുമെന്ന് തീര്‍ച്ച. 
അപരനോട് അനിഷ്ടം തോന്നുമ്പോള്‍ മുഖാവരണമണിഞ്ഞ നാമെങ്ങനെ ദേഷ്യം പ്രകടിപ്പിക്കും? മുഖം ചുവപ്പിച്ചാലും അയാള്‍ക്കെങ്ങനെ മനസ്സിലാകും? നിന്റെ വായടപ്പിക്കുമെന്ന് ശത്രുവിനോടുപോലും പറയാതിരിക്കാന്‍ ഭാവിയില്‍ നാം ശ്രദ്ധിക്കില്ലേ? മുഖം ചുവപ്പിക്കുക, ഇരുണ്ട മുഖം തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് വാച്യാര്‍ത്ഥത്തിനപ്പുറം മറ്റര്‍ത്ഥം പ്രകടിപ്പിക്കാനാവാത്തതായി വരും. വാ മൂടിക്കെട്ടുക എന്നത് പച്ചപ്പരമാര്‍ത്ഥമാവും. മുഖം കാണിക്കുക എന്ന വാക്കിന് രാജഭരണത്തില്‍നിന്ന് ജനാധിപത്യവ്യവസ്ഥയിലെത്തിയപ്പോള്‍ സംഭവിച്ച മാറ്റം മുഖത്തെ സംബന്ധിച്ച പല വാക്കുകള്‍ക്കും തത്ക്കാലത്തേക്ക് സംഭവിക്കും. ഓര്‍മയുണ്ടോ ഈ മുഖം എന്ന ചോദ്യത്തിന് പ്രസക്തി നഷ്ടപ്പെടും. മുഖം നോക്കാതെയുള്ള നടപടി അര്‍ത്ഥംമാറാതെ അപ്പടി കിടക്കും.  

വയലാര്‍ എഴുതിയതുപോലെ  മന്ദസ്മിതം പൊഴിച്ചാല്‍ അപരന്‍ അതെങ്ങനെ കാണാനാണിന്ന്? കഠിനമായ ദേഷ്യത്തില്‍ പല്ലിറുക്കിയുള്ള ദേഷ്യത്തിനു പകരം എന്താണ് പ്രകടിപ്പിക്കുക? മുഖഭാവത്തോളം കഠിനമാക്കാനാവുമോ വാക്കുകളെ? പഞ്ചാരച്ചിരിയോ ആക്കിച്ചിരിയോ പൊട്ടിച്ചിരിയോ കൊലച്ചിരിയോ മുഖാവരണത്തില്‍ നിന്ന് എങ്ങനെ പുറത്തുകടന്ന് അപരനുമായി സംവേദനം ചെയ്യും? ഒരര്‍ത്ഥത്തില്‍ നമ്മുടെ വൈകാരികാനുഭൂതി പ്രകടിപ്പിക്കുന്ന ഭാഷയുടെ ആശയവിനിമയത്തെക്കൂടിയല്ലേ ഈ കൊറോണ ആക്രമിച്ചിരിക്കുന്നത്? വികാരങ്ങള്‍ പ്രകടിപ്പിക്കാനാവാതെ മുഖത്തെ മാംസപേശികളുടെ ചലനം നിലച്ചു നാം പേശീവേദന അനുഭവപ്പെടേണ്ടിവരുമോ?  

 

 

കണ്ണുകള്‍ക്കു കിട്ടുമോ ഡബിള്‍ ഡ്യൂട്ടി?
എതിരേ വരുന്ന പരിചയക്കാരനെ/കാരിയെ കാണുമ്പോള്‍ ചുണ്ടില്‍ പുഞ്ചിരി വിരിഞ്ഞത് പുറത്തുകണ്ടില്ലല്ലോയെന്ന് അയാള്‍ കടന്നുപൊയ്ക്കഴിഞ്ഞശേഷമാകും ഓര്‍ക്കുക. എങ്ങനെ അതിജീവിക്കുമിതിനെ? കണ്ണില്‍ ചിരിയുടെ പൂത്തിരിയെന്ന് കവികള്‍ കാല്പനികരാകുന്ന ആ വിദ്യ തന്നെ പുറത്തെടുക്കേണ്ടിവരും. കണ്ണാടിക്കു മുന്നില്‍ നിന്ന്, കണ്ണിലേക്ക് ചിരി വിരിക്കുന്നതെങ്ങനെ എന്ന് സാധകം ചെയ്യേണ്ടിവരും. മനസ്സിലുള്ള വികാരങ്ങളെ കൂടുതല്‍ ശുദ്ധവും സത്യസന്ധവുമാക്കാന്‍ പഠിക്കേണ്ടിവരും. മനസ്സു പറയുന്ന വാക്കുകളുടെ വിവര്‍ത്തകരായി കണ്ണുകള്‍ മാറട്ടെ. മിഴിയില്‍നിന്നും മിഴിയിലേക്ക് വര്‍ത്തമാനങ്ങള്‍ തോണിതുഴഞ്ഞു പോകട്ടെ. 

പ്രിയപ്പെട്ട ഷെയ്ഡുള്ള ലിപ്‌സ്റ്റിക്ക്, ട്രിം ചെയ്ത് സുന്ദരക്കുട്ടപ്പനാക്കിയ താടിമീശകള്‍, മൂക്കുത്തി, ഫൗണ്ടേഷന്‍ തുടങ്ങി സകലമാന അല്‍ക്കുല്‍ത്തുകള്‍ക്കും കുറച്ചുകാലത്തേക്ക് ഗ്ലാമര്‍ നഷ്ടമാകുമെന്നുറപ്പ്. കട്ടത്താടിബുള്ളറ്റ് എന്നിങ്ങനെ ഫ്രീക്കന്മാരുടെ സൗന്ദര്യത്തെ നിര്‍വ്വചിച്ച കാലത്തിനും ഒരു ചെറിയ ബ്രേക്ക്. മുഖത്തിന്റെ മുകള്‍ഭാഗത്തിനുമാത്രമായി പുതിയ സ്‌റ്റൈലുകള്‍ വരുമോ? സൗന്ദര്യശാസ്ത്രപരമായി നാമെങ്ങനെ അഭിമുഖീകരിക്കും ഈ കാലത്തെ?

 

 

പ്രണയത്തിന്റെ പാതിമുഖങ്ങള്‍
നിന്റെ ചുണ്ടുകള്‍ കാണുമ്പോള്‍ കാട്ടുഞാവല്‍പ്പൂക്കള്‍ ഓര്‍മവരുന്നുവെന്ന് എങ്ങനെ എഴുത്തുകാരന്/ കാരിക്ക് എഴുതാന്‍ കഴിയും. തൊട്ടടുത്തിരുന്ന കാമുകിയോട് നിന്റെ തേന്‍ചുണ്ടുകളില്‍ ഞാനൊന്ന് ചുംബിച്ചോട്ടേ എന്ന് ഏതു കാമുകന് പറയാന്‍ കഴിയും? ഇനി അഥവാ പറഞ്ഞാലും കൊറോണയെ പേടിച്ച് ഏതു കാമുകി അതിന് സമ്മതിക്കും? പ്രണയത്തിന്റെ മാധുര്യമൂറുന്ന വാക്കുകള്‍ക്ക് മുഖാവരണത്തില്‍പ്പെട്ട് അതിന്റെ മധുരം നഷ്ടമാകുമോ? മെയ്യകലത്തിന്റെ കാലത്ത് ലോകത്തെ തോല്‍പ്പിക്കാനെന്നവണ്ണം അവരെങ്ങനെ കൈകോര്‍ത്തു നടക്കും? സിനിമയില്‍ എങ്ങനെയായിരിക്കും ചുംബനസീന്‍ ചിത്രീകരിക്കുക? കെട്ടിപ്പിടിച്ച് പ്രകടിപ്പിക്കേണ്ട ബന്ധങ്ങള്‍ ഏത് ശാരീരിക ഭാഷകൊണ്ടായിരിക്കും അടയാളപ്പെടുത്തുക? 

ആലോചിക്കുമ്പോള്‍ രസം തോന്നുമെങ്കിലും അനുഭവിക്കേണ്ടിവരുന്നവരുടെ കഷ്ടപ്പാട് ഭീകരമായിരിക്കും. ജനിച്ച് ആദ്യനോട്ടത്തില്‍ത്തന്നെ കുഞ്ഞുമുഖം നോക്കി അച്ഛനെപ്പോലെയോ അമ്മയെപ്പോലെയോ എന്ന് അടയാളപ്പെടുത്തുന്ന ഒരു ജനതയാണ് പാതിമുഖംകൊണ്ട് വികാരങ്ങളെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കേണ്ടത് എന്നത് വലിയൊരു വൈപരീത്യം തന്നെ. 

 

 

പാവം സെയില്‍സ്പേഴ്സണ്‍

പുഞ്ചിരിച്ചുകൊണ്ട് കസ്റ്റമറെ സ്വീകരിക്കുകയെന്ന മാര്‍ക്കറ്റിങ് മാനേജ്മെന്റ് ബാലപാഠം എങ്ങനെയായിരിക്കും സെയില്‍സ്പേഴ്സണുകള്‍ ആവിഷ്‌ക്കരിക്കുക? സിലബസുകള്‍ എങ്ങനെയായിരിക്കും ഇതിനെ അപനിര്‍മിക്കുക? അയാള്‍ ഒരു പുഞ്ചിരിക്കു പകരമായി എത്ര വാക്കുകള്‍ ചെലവഴിക്കേണ്ടിവരും? ആ വാക്കുകളുടെ ഈണത്തിന്റെ ഉയര്‍ച്ച, വാങ്ങാന്‍ വന്നവര്‍ എങ്ങനെ ഉള്‍ക്കൊള്ളും? കുറ്റം ചെയ്ത വിദ്യാര്‍ഥിയോട് 'മുഖത്തുനോക്കി പറയെടാ' എന്ന് മുഖാവരണം ധരിച്ച അധ്യാപകന്‍ പറയുമ്പോള്‍ അതിലെന്തോ പന്തുകേടുണ്ടെന്ന് അടുത്ത സെക്കന്റില്‍തന്നെ അധ്യാപകനു തോന്നില്ലേ? കോപ്പിയടിച്ച് പിടിക്കപ്പെടുമ്പോള്‍ തുണ്ടുപേപ്പര്‍ വായിലിട്ടുചവക്കാന്‍ പാവം വിദ്യാര്‍ഥി എത്ര കഷ്ടപ്പെടേണ്ടിവരും. 

ഹോട്ട് സ്പോട്ടുകളല്ലാത്ത പ്രദേശങ്ങളില്‍ സ്‌കൂള്‍ ബേഗുകളും യൂണിഫോമുകളും വില്‍ക്കുന്ന ചെറുകിട കടകള്‍ തുറന്നു കഴിഞ്ഞിട്ടുണ്ട്. അത്തരം കടകളില്‍ ഇപ്പോള്‍ തൂങ്ങിനില്‍ക്കുന്നത് പലതരം മുഖാവരണങ്ങളാണ്. ഇനി വസ്ത്രങ്ങളുടെ കൂടെ അതിന് യോജിച്ച തരത്തില്‍ മുഖാവരണങ്ങള്‍ ലഭിച്ചേക്കാം. പലതരം വിലകളില്‍ പല വിഭാഗങ്ങള്‍ക്കും ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ളവ. മുഖാവരണം നോക്കി സാമ്പത്തികവിഭാഗങ്ങളെ തരംതിരിക്കാന്‍ പറ്റിയേക്കാം.

 എന്തായാലും കോവിഡ് കാലം മുഖത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും സ്ഥാനചലനം വരുത്തിയിട്ടുണ്ട്. ക്രമേണ അത് ഭാഷയിലേക്കും സാഹിത്യത്തിലേക്കുംകൂടി സംക്രമിക്കും.

click me!