'മഹാമാരിയെടുത്ത സ്വപ്‍നങ്ങള്‍'; ഇന്ത്യന്‍ ഗ്രാമങ്ങളിലെ നെയ്‍ത്തുകാര്‍ക്ക് കൈത്താങ്ങാവാന്‍ മലയാളി സംരംഭക

By Web TeamFirst Published Aug 17, 2020, 3:23 PM IST
Highlights

അഞ്ജലിയുടെ ഹാന്‍ഡ്‍ലൂം ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതുവഴി തന്നാലാവും വിധം താങ്ങാവുകയാണ് നെയ്‍ത്തുകാര്‍ക്ക് ഈ സംരംഭക. 

അപ്രതീക്ഷിതമായി കടന്നുവന്ന കൊവിഡ് 19 മഹാമാരിയും ലോക്ക് ഡൗണുമെല്ലാം അനേകം ജീവിതങ്ങളുടെ താളം തെറ്റിച്ചിരിക്കുകയാണ്. അതില്‍, ഇന്ത്യന്‍ ഗ്രാമങ്ങളിലെ നെയ്‍ത്തുകാരുടെ ജീവിതവും പെടുന്നു. ഭംഗിയുള്ള തുണികള്‍ നെയ്‍തെടുത്തിട്ടും അവരുടെ സ്വപ്‍നങ്ങള്‍ നിറം മങ്ങിപ്പോവുകയാണ്. അതില്‍ നാമുലായിലെ സുശീലാക്കയുടെയും ഭര്‍ത്താവിന്‍റെയും, ആന്ധ്രപ്രദേശിലെ നാരായണയുടെയുമെല്ലാം സ്വപ്‍നങ്ങളും പ്രതീക്ഷകളുമുണ്ട്. 

സാധാരണക്കാരായ ഈ നെയ്‍ത്തുകാരെല്ലാം നെയ്‍തുകൂട്ടിയ പതിനായിരക്കണക്കിന് മീറ്റർ കൈത്തറിത്തുണികളാണ് മാസ്റ്റർ വീവർമാരുടെയും നെയ്ത്തുകാരുടെയും വീടുകളിൽ കെട്ടിക്കിടക്കുന്നത്. പലരുടെയും ഏക ഉപജീവനമാര്‍ഗം കൂടിയാണ് നെയ്‍ത്ത് എന്നതും മറ്റൊരു പ്രതിസന്ധിയാകുന്നു. ആ പ്രതിസന്ധികളില്‍ അവര്‍ക്ക് ചെറിയൊരു കൈത്താങ്ങെങ്കിലുമാവാന്‍, വളരെ ചെറുതാണെങ്കില്‍പ്പോലും ഒരു വരുമാനമാര്‍ഗം ഈ ലോക്ക് ഡൗണ്‍ കാലത്ത് അവരിലേക്കെത്തിക്കാന്‍ ശ്രമിക്കുകയാണ് അഞ്ജലി എന്ന മലയാളി സംരംഭകയുടെ ഇംപ്രസ. 

ഹാന്‍ഡ്‍ലൂം ചലഞ്ച്

ഒരു യുവസംരംഭക എന്ന നിലയില്‍ അഞ്ജലി ചന്ദ്രന്‍ കേരളത്തിന് സുപരിചിതമായ പേരാണ്. സാധാരണ സംരംഭക എന്നതിലുപരി ഇന്ത്യന്‍ ഗ്രാമങ്ങളിലെ സാധാരണക്കാരായ നെയ്‍ത്തുകാരുടെ ഇടയില്‍ നിന്നും ശേഖരിക്കുന്ന കൈത്തറിയാണ് അഞ്ജലി അവരുടെ 'ഇംപ്രസ' -യിലൂടെ ആളുകളിലെത്തിക്കുന്നത്. എട്ടു വർഷം മുൻപ് അപ്രതീക്ഷിതമായി പരിചയപ്പെട്ട ഒരു മാസ്റ്റർ വീവറിൽ നിന്നാണ് തന്‍റെ ജീവിതം ഗതി മാറി ഒഴുകിയതെന്ന് അഞ്ജലി തന്നെ പറയുന്നു. ഇന്നും അതേ മാസ്റ്റർ വീവറിന്‍റെ ഉപദേശങ്ങൾ കേട്ട് വളരെ ചെറിയ രീതിയിൽ കൈത്തറിയെ പ്രമോട്ട് ചെയ്‍ത് തുടങ്ങിയതാണ് ഇംപ്രസ എന്ന സംരംഭം. എട്ട് വര്‍ഷങ്ങള്‍ക്കുശേഷവും പഴയതിനേക്കാള്‍ ആവേശത്തോടെതന്നെ ആളുകള്‍ കൈത്തറിയെ ചേര്‍ത്തുപിടിക്കുന്നുവെന്നതിന്‍റെ അഭിമാനം അഞ്ജലി മറച്ചുവെക്കുന്നില്ല. എന്നാല്‍, കൊറോണ എല്ലാം ജീവിതങ്ങളും നിശ്ചലമാക്കിയപ്പോഴാണ് ഇംപ്രസ നെയ്‍ത്തുകാര്‍ക്ക് താങ്ങാവാന്‍ ഒരു ചെറിയ പരിശ്രമം നടത്തിയിരിക്കുന്നത്.

ഹാന്‍ഡ്‍ലൂം ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന പരിശ്രമത്തിന് ഇപ്പോള്‍ത്തന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. 'ഈ നെയ്‍ത്തുകാര്‍ക്കായി 550 രൂപ മാറ്റി വെക്കാൻ തയ്യാറാവുമോ' എന്നാണ് ഇംപ്രസ ചോദിക്കുന്നത്. 'നെയ്‍ത്തുകാരുടെ കഷ്‍ടപ്പാടുകള്‍ കണ്ട് അവര്‍ക്ക് ചാരിറ്റി ചെയ്യാന്‍ ആരും തയ്യാറാവേണ്ട, പകരം 550 രൂപ കൊടുത്താല്‍ രണ്ടര മീറ്റര്‍ തുണി ഇംപ്രസ വഴി വാങ്ങാം. ആ പണം നെയ്‍ത്തുകാരിലേക്കെത്തും. ഇംപ്രസയുടെ വെബ്സൈറ്റിലെ ഹോം പേജിലുള്ള (impresa.in) ഹാന്‍ഡ്‍ലൂം ചലഞ്ച് എന്ന ലിങ്കിൽ കയറി 550 രൂപ നിങ്ങളയച്ചാൽ രണ്ടര മീറ്റർ കൈത്തറിത്തുണി ഇന്ത്യ പോസ്റ്റ് വഴി നിങ്ങളുടെ കയ്യിലെത്തിക്കുന്നതാണ്. ഇല്ലെങ്കില്‍ ഈ ലിങ്കിലും ചലഞ്ചില്‍ പങ്കെടുക്കാം- wa.me . പുറംരാജ്യങ്ങളിലേയ്ക്ക് കൊറിയർ ചാർജ്ജടക്കം അയച്ച് തുണി വാങ്ങിക്കാം. 550 -ന്‍റെ ഗുണിതങ്ങൾക്ക് തതുല്യമായ തുണി ലഭ്യമാക്കും. ഉദാഹരണത്തിന് Rs 1100-5 മീറ്റർ , Rs 1650-7.5 മീറ്റര്‍ ,2200- 10 മീറ്റര്‍ എന്നിങ്ങനെ.' അഞ്ജലി പറയുന്നു. 

സാധാരണയായി ഈ കടന്നുപോകുന്ന മാസങ്ങളെല്ലാം ഏറ്റവുമധികം കൈത്തറിത്തുണികള്‍ വിറ്റുപോകുന്ന കാലമാണ്. എന്നാല്‍, ലോക്ക് ഡൗണും കൊറോണയുമെല്ലാം ചേര്‍ന്ന് നെയ്‍ത്തുകാരുടെ അവസ്ഥ കഷ്‍ടത്തിലാക്കിയിരിക്കുകയാണ്. നാമുലായിലെ തറിക്കടുത്ത് നിന്ന് സുശീലാക്കയും ഭര്‍ത്താവും പറയുന്ന സങ്കടങ്ങളെക്കുറിച്ച് അഞ്ജലി പറയുന്നു. ആഘോഷങ്ങളുടെ ഈ മാസങ്ങളില്‍ അവരുടെ പ്രതീക്ഷകള്‍ കൂടിയാണ് ഇരുളടഞ്ഞ് പോകുന്നതെന്നും വിശപ്പും കണ്ണീരുമാണ് ഇപ്പോഴവര്‍ക്ക് ബാക്കിയെന്ന് കൂടി അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പംതന്നെ ആന്ധ്രപ്രദേശിലുള്ള നാരായണയുടെ ജീവിതം കൂടി അഞ്ജലി ഉദാഹരണമായി കാണിച്ചുതരുന്നു. 'നാരായണ നെയ്യുന്ന തുണിയുടെ അത്ര നിറമോ തിളക്കമോ ഉള്ള ജീവിതമല്ല ഇപ്പോൾ അവർക്കുള്ളത്. ആന്ധ്രാപ്രദേശിന്‍റെ പുകൾപെറ്റ കൈത്തറിയാണ് ഇക്കത്ത്. നമ്മുടെ നാട്ടിലെ കൈത്തറിയിൽ നിന്നും ലേശം വ്യത്യസ്‍തമായ രീതിയാണ് ഇവർ അവലംബിക്കുന്നത്. 'ടൈ, ഡൈ, വീവ്' എന്ന മൂന്നു പ്രക്രിയകളിൽ കൂടി കടന്നു പോയിട്ടാണ് പോച്ചംപള്ളി കൈത്തറി ഉണ്ടാവുന്നത്. പ്രത്യേക രീതിയിൽ ടൈ ചെയ്യുന്ന നൂല് ഡൈ ചെയ്‍തശേഷം തറികളിൽ നെയ്യാൻ തുടങ്ങും. ഇത് ശരിക്കും ഒരു ടീം വർക്കാണ്. ഒരു മാസ്റ്റർ വീവറും ഡൈയിങ്ങ് ജോലിക്കാരും നെയ്ത്തുകാരും അടങ്ങിയ വലിയൊരു നെറ്റ് വർക്കിലൂടെയാണ് ഓരോ മീറ്റർ തുണിയും നെയ്ത്തു കഴിഞ്ഞ് വരുന്നത്. ഇത്രയും പേരുടെ അന്നമാണ് മുടങ്ങിയിരിക്കുന്നതെ'ന്നും അഞ്ജലി വിശദീകരിക്കുന്നു. 

അങ്ങനെയൊരവസ്ഥയിലാണ് ഇങ്ങനെ ഒരു ചലഞ്ചിലൂടെ അവര്‍ക്ക് കൈത്താങ്ങാവുന്നതിനെ കുറിച്ച് അഞ്ജലി ചിന്തിച്ചത്. നെയ്‍ത്തുകാരുടെ അടുത്ത് പോയി ആ ജീവിതം നേരിട്ട് കണ്ടറിഞ്ഞവള്‍ എന്ന നിലയില്‍ അവരുടെ ജീവിതത്തെ കുറിച്ച് വ്യക്തമായ ധാരണയും അഞ്ജലിക്കുണ്ട്. ഏതായാലും അഞ്ജലിയുടെ ഹാന്‍ഡ്‍ലൂം ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതുവഴി തന്നാലാവും വിധം താങ്ങാവുകയാണ് നെയ്‍ത്തുകാര്‍ക്ക് ഈ സംരംഭക. 

അപ്രതീക്ഷിതമായി ബിസിനസിലേക്ക്

കോഴിക്കോട് തിരുവങ്ങൂരാണ് അഞ്ജലിയുടെ സ്വദേശം. എഞ്ചിനീയറിംഗില്‍നിന്നും മാസ്റ്റര്‍ ബിരുദം നേടി വിപ്രോയിലെ സീനിയര്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായി നല്ല ശമ്പളത്തില്‍ ജോലി. എന്നാല്‍, യാന്ത്രികമായ ആ ജോലിയോട് വലിയ ഇഷ്‍ടമൊന്നും തോന്നിയിരുന്നില്ല അഞ്ജലിക്ക്. ബംഗളൂരുവില്‍ ജോലി ചെയ്‍തിരുന്ന അഞ്ജലി മകളുടെ ജനനത്തോടെയാണ് നാട്ടിലേക്ക് തിരികെ വരുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ നേരം കുറച്ച് കൈത്തറി മെറ്റീരിയലുകളും വാങ്ങി. അന്നാണ് ആദ്യമായി കൈത്തറിക്കാരുടെ ഉപജീവനത്തിനുള്ള പെടാപ്പാട് അഞ്ജലി കാണുന്നത്. ഒടുവില്‍, കൈത്തറിയെന്ന മികച്ച തുണിത്തരങ്ങളുടെ മേഖലയിലേക്ക് തന്നെ അഞ്ജലി കാലെടുത്തുവച്ചു. കൈത്തറി വസ്ത്രങ്ങളുടെ സ്വീകാര്യത, വില്‍പന സാധ്യത എന്നിവയെല്ലാം പഠിച്ച് ഇംപ്രസ എന്ന സ്ഥാപനം തുടങ്ങി. 

ആന്ധ്രപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നെല്ലാം നെയ്‍ത്തുകാരെ നേരില്‍ക്കണ്ട് പരസ്‍പരസഹകരണത്തോടെയുള്ള പ്രവര്‍ത്തനമാണ് ഇംപ്രസ ചെയ്യുന്നത്. അതിനാല്‍ത്തന്നെ അഞ്ജലിക്കാവശ്യമുള്ള രീതിയില്‍ അവരും തുണിത്തരങ്ങള്‍ നല്‍കുന്നു. ചുരിദാര്‍ മെറ്റീരിയലുകള്‍, സാരികള്‍, ദുപ്പട്ടകളെന്നിവയാണ് ഇംപ്രസ വഴി വില്‍ക്കുന്നത്. കോഴിക്കോട് പാറോപ്പടിയില്‍ ഒരു ഷോപ്പും ഇവര്‍ക്കുണ്ട്. സാധാരണയായി കൈത്തറിയില്‍ നിന്നും വില്‍പ്പനക്കാര്‍ക്ക് കിട്ടുന്നതില്‍ എത്രയോ കുറവ് പണമാണ് നെയ്‍ത്തുകാര്‍ക്ക് കിട്ടുന്നത്. അത് മനസിലാക്കിയ അഞ്ജലി കിട്ടുന്ന ലാഭത്തിന്‍റെ അര്‍ഹമായ പങ്ക് തന്നെ നെയ്‍ത്തുകാരിലെത്തിക്കുന്നു.

വനിതാ സംരംഭകയെന്ന നിലയില്‍ പാരിസിലടക്കം സഞ്ചരിക്കാനും വ്യവസായ മേഖലയിലെ സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തത്തെ കുറിച്ച് പറയാനും അഞ്ജലിക്ക് അവസരം ലഭിച്ചിട്ടുണ്ട്. 'സംരംഭകത്വ മേഖലയില്‍ സ്ത്രീകള്‍' എന്ന വിഷയത്തെ മുന്‍നിര്‍ത്തി യു എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് സംഘടിപ്പിച്ച ഐവിഎല്‍പി (International Visitor Leadership Program) -ല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 52 പേര്‍ക്കൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ജലിയും പങ്കെടുക്കുകയുണ്ടായി.

'ഈ സമയത്ത് താന്‍ ഇടപെടുന്ന മേഖലയോടും തനിക്കേറെ അടുപ്പവും അറിവുമുള്ള മനുഷ്യരോടും ചെയ്യാനാവുന്ന ചെറുതെങ്കിലും ഒരു കരുതല്‍' എന്നാണ് അഞ്ജലി തന്‍റെ ചലഞ്ചിനെ കുറിച്ച് വിശദീകരിക്കുന്നത്. 

click me!