ആ തൂക്കിക്കൊല തെറ്റായിരുന്നോ, മരിച്ച് നൂറ്റാണ്ടുകള്‍ക്കിപ്പുറവും ചര്‍ച്ചയാവുന്ന ഒരു വധശിക്ഷ!

By Web TeamFirst Published Oct 12, 2022, 7:08 PM IST
Highlights

ആരായിരുന്നു മേരി സുറാറ്റ്?  എന്തുകൊണ്ടാണ് അവളുടെ മരണം ഇത്രയധികം വിവാദങ്ങളിലേക്ക് നയിച്ചത്?

150 വര്‍ഷത്തിലേറെയായി, കൊലപാതക ഗൂഢാലോചനയില്‍ മേരി സുറാറ്റിന്റെ പങ്കാളിത്തം ഇപ്പോഴും ആവര്‍ത്തിച്ച് ചോദ്യം ചെയ്യപ്പെടുന്നു. സുറാറ്റിന്റെ വധശിക്ഷയ്ക്ക് തൊട്ടുപിന്നാലെയുള്ള വര്‍ഷങ്ങളില്‍, സ്ത്രീകള്‍ക്കുള്ള വധശിക്ഷ ഗണ്യമായി കുറഞ്ഞു.  ഒരു വര്‍ഷത്തിനുള്ളില്‍, 1866 ഏപ്രിലില്‍, സൈനിക കമ്മീഷനുകള്‍ക്ക് മുമ്പാകെ പൗരന്മാരെ വിചാരണ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു.

 

 

1865 ജൂലൈ 7. വാഷിംഗ്ടണ്‍ ഡിസിക്ക് പുറത്തുള്ള ഓള്‍ഡ് ആഴ്‌സണല്‍ പെനിറ്റന്‍ഷ്യറിയുടെ മുറ്റം ആയിരക്കണക്കിനാളുകളാല്‍ നിറയപ്പെട്ടു. ആ ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് കൈകളും കണങ്കാലുകളും ബന്ധിപ്പിക്കപ്പെട്ട നിലയില്‍ അവര്‍ നാലുപേരും കടന്നുവന്നു. കറുത്ത വസ്ത്രവും ബോണറ്റും മൂടുപടവും ആയിരുന്നു അവരുടെ വേഷം. ആ നാലുപേരില്‍ ഏറ്റവും മുന്‍പിലായി നടന്നിരുന്നത് അവളായിരുന്നു മേരി സുറാറ്റ്. തനിയെ നടക്കാന്‍ കഴിയാത്തതിനാല്‍ രണ്ടു തടവുകാരും രണ്ടു പുരോഹിതന്മാരും അവളെ അനുഗമിച്ചിരുന്നു. തൂക്കുമരത്തിന് മുന്‍പില്‍ എത്തിയതും അവരുടെ തലകള്‍ താഴ്ന്നു. തൂക്കുമരത്തിനു മുന്‍പില്‍ എത്തിയതും ഓരോ തടവുകാരും അവര്‍ക്കായി നിയോഗിച്ചിരുന്ന ഇരിപ്പിടങ്ങളില്‍ ഇരുന്നു. അപ്പോള്‍ അവരില്‍ ഒരു തടവുകാരന്‍ എഴുന്നേറ്റു നിന്ന് ഇങ്ങനെ പറഞ്ഞു : 'മിസ്സിസ് സുറാറ്റ് നിരപരാധിയാണ് ഞങ്ങളോടൊപ്പം മരിക്കേണ്ടവളല്ല അവള്‍.'

20 മിനിറ്റുകള്‍ക്കു ശേഷം നാല് നിര്‍ജീവ ശരീരങ്ങള്‍ തൂക്കുമരത്തില്‍ തൂങ്ങിയാടി. ലൂയിസ് പവല്‍, ഡേവിഡ് ഹെറോള്‍ഡ്, ജോര്‍ജ്ജ് അറ്റ്സെറോഡ് പിന്നെ മേരി സുറാറ്റും.  അബ്രഹാം ലിങ്കണിന്റെ കൊലപാതകത്തില്‍ ജോണ്‍ വില്‍ക്‌സ് ബൂത്തിന്റെ സഹഗൂഢാലോചനക്കാര്‍.

പവലും ഹെറോള്‍ഡും അറ്റ്സെറോഡും ലിങ്കണിന്റെ മരണം ആസൂത്രണം ചെയ്യുന്നതില്‍ തീര്‍ച്ചയായും ഏര്‍പ്പെട്ടിരുന്നുവെങ്കിലും മേരി സുറാറ്റിന്റെ പങ്കാളിത്തം വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ തൂക്കുമരത്തില്‍ അവള്‍ തൂങ്ങിയാടുന്ന കാഴ്ച പലര്‍ക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു

അപ്പോള്‍ പിന്നെ ആരായിരുന്നു മേരി സുറാറ്റ്?  എന്തുകൊണ്ടാണ് അവളുടെ മരണം ഇത്രയധികം വിവാദങ്ങളിലേക്ക് നയിച്ചത്?

മേരിലാന്‍ഡിലെ ഒരു പുകയില കര്‍ഷകന്റെയും ഭാര്യയുടെയും മകളായി ആണ് മേരി എലിസബത്ത് ജെങ്കിന്‍സ് ജനിച്ചത്. അവരുടെ ഉടമസ്ഥതയില്‍ ഒരുപാട് അടിമകള്‍ ഉണ്ടായിരുന്നു. അവള്‍ക്ക് 17 വയസ്സുള്ളപ്പോള്‍, സ്വന്തമായി ഏഴ് പേരെ അടിമകളാക്കിയ മറ്റൊരു കര്‍ഷകനായ ജോണ്‍ ഹാരിസണ്‍ സുറാറ്റിനെ അവള്‍ വിവാഹം കഴിച്ചു. 

അപ്രതീക്ഷിതമായി സുറാറ്റ്സിന്റെ ഫാമിന് തീ പിടിച്ചതോടെ അവരുടെ പ്രതാപകാലം അവസാനിച്ചു. തുടര്‍ന്ന് മേരിയും ജോണ്‍ സുറാറ്റും ചേര്‍ന്ന്  മേരിലാന്‍ഡിലെ ക്ലിന്റണില്‍ ഒരു ഭക്ഷണശാല തുറന്നു . അവരുടെ വീടും അതുതന്നെയായിരുന്നു. പക്ഷേ ഇതിനിടയില്‍ കടുത്ത മദ്യപാനിയായി തീര്‍ന്ന ജോണ്‍ ആ കുടുംബത്തിന്മേല്‍ വലിയൊരു കടക്കണി വരുത്തിവച്ചു.

ജോണിന്റെയും മേരി സുറാട്ടിന്റെയും മൂത്ത മകന്‍ ഐസക്ക് കോണ്‍ഫെഡറേറ്റ് ആര്‍മിയില്‍ ചേര്‍ന്നു, അവരുടെ ഇളയ മകന്‍ ജോണ്‍ സറാട്ട് ജൂനിയര്‍ കോണ്‍ഫെഡറേറ്റ് സീക്രട്ട് സര്‍വീസില്‍ ജോലി ചെയ്യാന്‍ തുടങ്ങി. 

ഇതിനിടയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധം  ജോണ്‍ സുറാറ്റിനെ സാമ്പത്തികമായി തളര്‍ത്തി, ഇത് അവരെ കൂടുതല്‍ കടത്തിലേക്ക് തള്ളിവിട്ടു.

വടക്കന്‍-തെക്ക് സംഘര്‍ഷത്തില്‍ മേരിലാന്‍ഡ് ഒരു പ്രധാന സംസ്ഥാനമായിരുന്നു - രണ്ട് ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് ലിങ്കനെ അനുകൂലിച്ചത്, എന്നിട്ടും ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സംസ്ഥാനം യൂണിയന്റെ ഭാഗമായി തുടര്‍ന്നു.

1862-ല്‍ ജോണ്‍ സുറാറ്റ് മരിച്ചു, ഇത് മേരിയെ അത്യധികം പ്രതിസന്ധിയിലാക്കി.  39-ാം വയസ്സില്‍, മേരിലാന്‍ഡ് ഫാമും ഭക്ഷണശാലയും വാടകയ്ക്കെടുക്കാന്‍ അവള്‍ തീരുമാനിക്കുകയും രണ്ട് ആണ്‍മക്കള്‍ക്കും മകള്‍ അന്നയ്ക്കുമൊപ്പം വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു ചെറിയ ടൗണ്‍ഹൗസിലേക്ക് താമസം മാറുകയും ചെയ്തു. മേരി വീടിന്റെ മുകളിലത്തെ നില ഒരു ചെറിയ ബോര്‍ഡിംഗ് ഹൗസാക്കി മാറ്റി, അത് വാടകയ്ക്ക് കൊടുത്ത് മിതമായ രീതിയില്‍ ജീവിതം പുനരാരംഭിച്ചു. പക്ഷേ അവളുടെ ജീവിതത്തിലെ കറുത്ത ഏടായി  മാറിയതും ആ ബോര്‍ഡിങ് ഹൗസ് തന്നെയായിരുന്നു

ഇതിനിടയില്‍ അവളുടെ മകന്‍ ജോണ്‍ ഒരു പ്രമുഖ നടനുമായി നല്ല സൗഹൃദത്തിലായി. ജോണ്‍ വില്‍ക്‌സ് ബൂത്ത് എന്നായിരുന്നു ആ നടന്റെ പേര്. ഇരുവരും പലപ്പോഴും ബോര്‍ഡിംഗ് ഹൗസില്‍ കണ്ടുമുട്ടുമായിരുന്നു.

വൈറ്റ് ഹൗസില്‍ നിന്ന് ഒരു മൈലില്‍ താഴെയുള്ള തെരുവില്‍ സ്ഥിതിചെയ്യുന്നത്  മേരിയുടെ ബോര്‍ഡിംഗ് ഹൗസ് കാലക്രമേണ കോണ്‍ഫെഡറേറ്റ് വിമത ഏജന്റുമാര്‍ക്കും ചാരന്മാര്‍ക്കും ഒരു സുരക്ഷിത ഭവനമായി മാറി.  ഏറ്റവും പ്രധാനമായി, ബൂത്തും അദ്ദേഹത്തിന്റെ സഹ-ഗൂഢാലോചനക്കാരും ആഭ്യന്തരയുദ്ധത്തിന്റെ അവസാനത്തില്‍ എബ്രഹാം ലിങ്കനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി ആവിഷ്‌കരിച്ചത് ഇവിടെയാണ്.

കോണ്‍ഫെഡറേറ്റ് യുദ്ധത്തടവുകാര്‍ക്ക് പകരമായി അബ്രഹാം ലിങ്കനെ  റിച്ച്മണ്ടിലേക്ക് തട്ടികൊണ്ടുപോകുക എന്നതായിരുന്നു ജോണ്‍ വില്‍ക്‌സ് ബൂത്തിന്റെ യഥാര്‍ത്ഥ പദ്ധതി.

 

 

തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്യുമ്പോള്‍, ബൂത്തും ജോണ്‍ സുറാറ്റ്  ജൂനിയറും കൂടുതല്‍ സഹ-ഗൂഢാലോചനക്കാരെ റിക്രൂട്ട് ചെയ്യുകയും മേരി സുറാട്ടിന്റെ ബോര്‍ഡിംഗ് ഹൗസില്‍ മീറ്റിംഗുകള്‍ നടത്തുകയും ചെയ്തു.  മേരിലാന്‍ഡിലെ അവളുടെ ഭക്ഷണശാലയില്‍ അവര്‍ തോക്കുകളും വെടിക്കോപ്പുകളും സൂക്ഷിച്ചു. എന്നാല്‍ 1865 ഏപ്രില്‍ 9-ന് കോണ്‍ഫെഡറസിയുടെ കീഴടങ്ങലോടെ, ബൂത്തും അദ്ദേഹത്തിന്റെ ഗൂഢാലോചനക്കാരും തട്ടിക്കൊണ്ടുപോകലില്‍ നിന്ന് കൊലപാതകത്തിലേക്ക് അവരുടെ പദ്ധതി തിടുക്കത്തില്‍ മാറ്റി. 

ബൂത്ത് ലിങ്കനെ വധിക്കും, ജോര്‍ജ്ജ് അറ്റ്സെറോഡ് അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സണെ കൊല്ലും, ലൂയിസ് പവലും ഡേവിഡ് ഹെറോള്‍ഡും സ്റ്റേറ്റ് സെക്രട്ടറി വില്യം എച്ച്. സെവാര്‍ഡിനെ കൊല്ലും.  ഇങ്ങനെയായിരുന്നു അവരുടെ പദ്ധതി. ഇതിലൂടെ യുഎസ് ഗവണ്‍മെന്റിനെ തളര്‍ത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷേ അതില്‍ വിജയിച്ചത്‌ േജാണ്‍ വില്‍ക്‌സ് ബൂത്ത് മാത്രമാണ്.  1865 ഏപ്രില്‍ 14-ന് ഫോര്‍ഡ്‌സ് തിയേറ്ററില്‍ വെച്ച് എബ്രഹാം ലിങ്കണ്‍ വധിക്കപ്പെട്ടു. ലിങ്കണ്‍ മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കൊളംബിയ പോലീസ് മേരി സുറാറ്റിന്റെ  ബോര്‍ഡിംഗ് ഹൗസില്‍ പരിശോധനയ്ക്കായി എത്തി. പക്ഷേ അപ്പോഴേക്കും ബൂത്തും കൂട്ടരും അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.

ഒറിജിനയിലേക്ക് രക്ഷപ്പെടുന്നതിന് തൊട്ടുമുന്‍പായി ആയുധങ്ങള്‍ ശേഖരിക്കാന്‍ മേരിലാന്‍ഡിലെ സുറാറ്റിന്റെ ഭക്ഷണശാലയില്‍ എത്തിയപ്പോള്‍ ബൂത്തിനെ  സൈനികര്‍ കൊലപ്പെടുത്തി.  കാനഡയിലേക്ക് രക്ഷപ്പെട്ട ജോണ്‍ അവിടെ നിന്ന്  യൂറോപ്പിലേക്ക് എത്തുകയും കനേഡിയന്‍ പൗരനായി ഇറ്റാലിയന്‍ ഏകീകരണ സമയത്ത് വത്തിക്കാനെ പ്രതിരോധിക്കാന്‍ രൂപീകരിച്ച പാപ്പല്‍ സൂവസ് എന്ന സന്നദ്ധ സേനയില്‍ ചേരുകയും ചെയ്തു. ഒടുവില്‍ ഈജിപ്തില്‍ വച്ച് യുഎസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പിടികൂടി, എന്നാല്‍ ജോണ്‍ സുറാട്ട് ജൂനിയറിനെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി. 

എന്നാല്‍ വധ ഗൂഢാലോചനയ്ക്ക് അവസരം ഒരുക്കി കൊടുത്തതിന് മേരി സുറാറ്റിനെ അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.  ഇത്തരത്തില്‍ ഒരു വധഗൂഢാലോചന നടക്കുന്നതായി തനിക്ക് യാതൊരു അറിവും ഇല്ലായിരുന്നുവെന്ന് മേരി  കോടതിയില്‍ പറഞ്ഞു. പക്ഷേ അവളുടെ മേല്‍ ചുമത്തപ്പെട്ട കുറ്റത്തില്‍ നിന്ന് അത് അവളെ രക്ഷിച്ചില്ല. ഗൂഢാലോചനയെ കുറിച്ച് ചെറിയൊരു സൂചന എങ്കിലും മേരിയ്ക്ക് ലഭിച്ചിട്ടുണ്ടായിരിക്കണം എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

 

 

ഇതിനെല്ലാം പുറമേ മേരിയുടെ ജോലിക്കാരനായ ജോണ്‍ ലോയ്ഡ്, കൊലപാതകത്തിന് ശേഷം അവിടെ ഒത്തുകൂടാന്‍ ഉദ്ദേശിച്ചിരുന്ന ബൂത്തിനും ഹെറോള്‍ഡിനും തോക്കുകള്‍ തയ്യാറാക്കാന്‍ മേരി  വധം നടന്ന ദിവസം തന്നോട് പറഞ്ഞതായി  കോടതിയില്‍ മൊഴി നല്‍കി. 

ലോയിഡിന്റെ ആരോപണവും  ഗൂഢാലോചനക്കാരുടെ  ഭൂവുടമയെന്ന നിലയിലുള്ള മേരിയുടെ പദവിയും കൂടിച്ചേര്‍ന്ന് അവളെ അറസ്റ്റിലേക്ക് നയിക്കുകയും അറ്റ്‌സെറോഡ്, ഹെറോള്‍ഡ്, പവല്‍ എന്നിവരോടൊപ്പം അവളെ വിചാരണ ചെയ്യുകയും ചെയ്തു.

വിചാരണ വേളയില്‍ ഉടനീളം മേരി തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. നിരവധി സുഹൃത്തുക്കളും പുരോഹിതന്മാരും അവള്‍ക്കൊപ്പം നിലകൊണ്ടു.  അവളുടെ ഏറ്റവും വലിയ പിന്തുണക്കാരില്‍ അവളുടെ മകള്‍ അന്നയും ഉള്‍പ്പെടുന്നു. അവസാനം, ട്രിബ്യൂണല്‍  കൊലപാതകം ആസൂത്രണം ചെയ്യാന്‍ സഹായിച്ചതിന് മേരിയെ വധശിക്ഷയ്ക്ക് വിധിച്ചു.

അങ്ങനെ 1865 ജൂലൈ 7 ന്  മേരി സുറാറ്റ് അമേരിക്കന്‍ ഐക്യനാടുകളിലെ സര്‍ക്കാര്‍ തൂക്കിലേറ്റിയ ആദ്യത്തെ സ്ത്രീയായി.

എന്നാല്‍ വധശിക്ഷയ്ക്ക് ശേഷം - പ്രത്യേകിച്ച് അവളുടെ തൂക്കുമരത്തില്‍ തൂങ്ങിക്കിടക്കുന്ന ഫോട്ടോ കണ്ടതിന് ശേഷം - വിധി ന്യായമാണോ എന്ന് പല അമേരിക്കക്കാരും സംശയിച്ചു.  വാസ്തവത്തില്‍, 150 വര്‍ഷത്തിലേറെയായി, കൊലപാതക ഗൂഢാലോചനയില്‍ മേരി സുറാറ്റിന്റെ പങ്കാളിത്തം ഇപ്പോഴും ആവര്‍ത്തിച്ച് ചോദ്യം ചെയ്യപ്പെടുന്നു. സുറാറ്റിന്റെ വധശിക്ഷയ്ക്ക് തൊട്ടുപിന്നാലെയുള്ള വര്‍ഷങ്ങളില്‍, സ്ത്രീകള്‍ക്കുള്ള വധശിക്ഷ ഗണ്യമായി കുറഞ്ഞു.  ഒരു വര്‍ഷത്തിനുള്ളില്‍, 1866 ഏപ്രിലില്‍, സൈനിക കമ്മീഷനുകള്‍ക്ക് മുമ്പാകെ പൗരന്മാരെ വിചാരണ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു.

മേരിലാന്‍ഡിലെ ക്ലിന്റണിലെ ഏറ്റവും പഴക്കമേറിയ വീടായി സുറാറ്റ് ഹൗസും ഭക്ഷണശാലയും ഇന്നും നിലനില്‍ക്കുന്നു.  ഇത് ഒരു മ്യൂസിയമായും ചരിത്രപരമായ നാഴികക്കല്ലായും സുറാറ്റ് സൊസൈറ്റി പരിപാലിക്കുന്നു. വാഷിംഗ്ടണ്‍ ഡിസിയിലെ മേരി സുറാട്ടിന്റെ ബോര്‍ഡിംഗ് ഹൗസ്  ഇപ്പോള്‍ വോക്ക് ആന്‍ഡ് റോള്‍ എന്ന ചൈനീസ് റെസ്റ്റോറന്റാണ്.
 

click me!