ശ്വാസം മുട്ടി ജീവിക്കുന്ന മനുഷ്യ  ജന്മങ്ങള്‍; ലയങ്ങളിലെ ജീവിതങ്ങള്‍

By Manu VargheseFirst Published Jun 7, 2021, 2:57 PM IST
Highlights

പെട്ടിമുടി ദുരന്തം കഴിഞ്ഞിട്ട് ഒരു വര്‍ഷം. ദുരന്തത്തെ ചര്‍ച്ചകളിലാകെ നിറഞ്ഞ് നിന്ന തോട്ടം തൊഴിലാളികളുടെ 'ലയ'ങ്ങളെ പറ്റി നമ്മള്‍ പിന്നീട് ഓര്‍ത്തിട്ടുണ്ടോ?  ലയങ്ങളിലെ കുടുസുമുറികളില്‍ ജീവിക്കുന്ന മനുഷ്യര്‍ കൊവിഡ് കാലം എങ്ങനെയാണ് കഴിച്ചുകൂട്ടുന്നത് എന്ന് ഓര്‍ക്കുന്നുണ്ടോ?  

ഒരൊറ്റ പരിഹാരമേ ഉള്ളൂ. മക്കളെ കൂടി തോട്ടം തൊഴിലാളികളാക്കുക. മുതിര്‍ന്നവര്‍ തൊഴില്‍ നിര്‍ത്തുമ്പോള്‍ അടുത്ത തലമുറ തൊഴിലാളികളായി വരിക. ലയവുമായി ബന്ധപ്പെട്ട അടിമ വ്യവസ്ഥ നിലനിന്നുപോവുന്നത് പാര്‍പ്പിടം എന്ന ആവശ്യത്തിനെ ചുറ്റിപ്പറ്റിയാണ്. എന്തു വിലകൊടുത്തും തൊഴില്‍ ഉറപ്പാക്കാന്‍ തൊഴിലാളികള്‍ തയ്യാറാവുന്നു. ഒരിക്കലുമവര്‍ തൊഴില്‍ ഉപേക്ഷിച്ചു പോവില്ല.  ഏതു അനീതിയും നിശ്ശബ്ദരായി സഹിക്കാന്‍ ഇതോടൊപ്പം അവര്‍ നിര്‍ബന്ധിതരാവുന്നു.  എത്ര മോശമായി കൈകാര്യം ചെയ്താലും തൊഴിലാളികള്‍ വിട്ടുപോവില്ല എന്ന ഉറപ്പാണ് ഇതുവഴി തൊഴിലുടമയായ കമ്പനിക്ക് കിട്ടുന്നത്. അജീവനാന്തം അടിമത്തം എന്ന ഉറപ്പ്. 

 

 

പെട്ടിമുടി ദുരന്തം കഴിഞ്ഞിട്ട് ഒരു വര്‍ഷം. ദുരന്ത കാലത്ത് ചര്‍ച്ചകളിലാകെ നിറഞ്ഞ് നിന്ന തോട്ടം തൊഴിലാളികളുടെ 'ലയ'ങ്ങളെ പറ്റി നമ്മള്‍ പിന്നീട് ഓര്‍ത്തിട്ടുണ്ടോ?  ലയങ്ങളിലെ കുടുസുമുറികളില്‍ ജീവിക്കുന്ന മനുഷ്യര്‍ കൊവിഡ് കാലം എങ്ങനെയാണ് കഴിച്ചുകൂട്ടുന്നത് എന്ന് ഓര്‍ക്കുന്നുണ്ടോ?  

കണ്ണന്‍ ദേവന്‍ മലനിരകളുടെ പശ്ചാത്തലത്തില്‍, മോഹന്‍ലാല്‍ ചായ കുടിച്ച് പറയുന്ന ഒരു പരസ്യഡയലോഗുണ്ട് -'ഉയരം കൂടുന്തോറും ചായയുടെ സ്വാദുകൂടും.' പരസ്യചിത്രം 'കളറാ'ണെങ്കിലും ആ മലനിരകളിലും പരിസരങ്ങളിലും ഉയരങ്ങളില്‍ താമസിക്കുന്ന തൊഴിലാളി ജീവിതങ്ങള്‍ക്ക് അത്ര കളറില്ല.   കണ്ണന്‍ ദേവന്‍ കമ്പനിയുടെ നെയ്മക്കാട് എസ്റ്റേറ്റില്‍ ഉള്‍പ്പെട്ടതാണ് പെട്ടിമുടി. ലയങ്ങളിലെ കുടുസുമുറികളില്‍ ജീവിച്ച മനുഷ്യരെയാണ് പെട്ടിമുടി ദുരന്തം പുറലോകത്തിന് കാട്ടിത്തരുന്നത്. രാജമലയിലെപ്പോലെ അപകടം മുമ്പില്‍ കണ്ടാണ്  ഇടുക്കി ജില്ലയിലെ മറ്റു ലയങ്ങളും കഴിയുന്നത്.

പീരുമേടും, വണ്ടിപ്പെരിയാറും, ഉപ്പുതറയിലും, മൂന്നാറിലുമെല്ലാം ലയങ്ങള്‍ കാണാം. ഒരു വരാന്ത, മുറി, പിന്നില്‍ അടുക്കള എന്നിങ്ങനെയാണ് ലയത്തിലെ ഒരു വീട്.  ഇങ്ങനെ 6 മുതല്‍ 12 വീടുകള്‍ വരെ അടങ്ങുന്നതാണ് ഒരു ലയം. കൂടുതലും ബ്രിട്ടീഷുകാരുടെ കാലത്ത് പണിതവയാണ്. കാലപ്പഴക്കത്താല്‍ ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ നിലയിലാണ് മിക്ക വീടുകളും. മലിന ജലം ഒഴുകി പോകുന്നതിന് സംവിധാനമില്ല. മഴയത്ത് ചോര്‍ന്നൊലിക്കും.  നിന്നു തിരിയാന്‍ ഇടയില്ലാത്ത കുടുസുമുറി, ശ്വാസം മുട്ടുന്ന ജീവിതസാഹചര്യം. 

ഒരു റേഡിയോ, അല്ലെങ്കില്‍  ടെലിവിഷന്‍ സെറ്റ് -ലയങ്ങളിലെ ആകെ ആഡംബരം എന്ന് പറയുന്നത് ഇവയാണ്. കഷ്ടിച്ച് രണ്ട് പേര്‍ക്ക് കഴിയാവുന്ന മുറിയില്‍ മക്കളും കൊച്ചുമക്കളുമായി അഞ്ചും ആറും പേര്‍-പ്രായപൂര്‍ത്തിയായവരും ആകാത്തവരും കല്യാണം കഴിഞ്ഞവരും കഴിയാത്തവരും പെണ്‍കുട്ടികളും എല്ലാം- ആ കൊച്ചുമുറിയില്‍ കഴിഞ്ഞു കൂടണം. പത്ത് മുറികളുള്ള ഒരു ലയത്തില്‍ അത്ര തന്നെ കുടുംബങ്ങള്‍ ഉണ്ടാകും. വെളിയിട വിസര്‍ജ്ജന മുക്തമായ കേരളത്തിലെ തോട്ടം മേഖലയില്‍ നാമമാത്രമായ 'ശൗചാലയങ്ങള്‍' മാത്രമാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. 

കമ്പനികള്‍ക്ക് വേണ്ടി ചോര നീരാക്കി പണിയെടുക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്നതാണ് നിയമം. എന്നാല്‍, നിയമത്തിന് പുല്ലുവിലയാണ് ഇവിടെ.  ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്.  2015-ല്‍  തോട്ടം തൊഴിലാളിസമരത്തെ തുടര്‍ന്ന് സര്‍ക്കാരും തോട്ടം മാനേജ്‌മെന്റുകളും ലയങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഒന്നും നടന്നില്ല.  

 

 

കേരളത്തിലെ അടിമകള്‍

ബ്രിട്ടീഷ് കാലം മുതല്‍ തുടങ്ങിയ  അടിമജീവിതമാണ് തോട്ടങ്ങളിലെ പല തൊഴിലാളികളും  തുടരുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ പണി. കൂലിയാവട്ടെ, കേവലം 250-350 രൂപ. ഒപ്പം, ദുരിതങ്ങള്‍, കഷ്ടപ്പാടുകള്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇവിടത്തെ തൊഴിലാളികള്‍ക്കാര്‍ക്കും ഈ പണിവിട്ട് മറ്റൊരു ജോലിക്ക് പോവാനുള്ള അവസ്ഥയില്ല. അതിനു കാരണം ലയമാണ്. പരോക്ഷമായി, ഈ തൊഴിലാളികളെ അടിമകളായി നിലനിര്‍ത്തുന്ന കെണി ആണ് അത്. 

അതെങ്ങനെയാണ് എന്ന് പറയാം. പല കാലങ്ങളില്‍ തമിഴ്‌നാട്ടില്‍നിന്നും മറ്റുമെത്തിയ തൊഴിലാളികളാണ് ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികള്‍. അന്നുമുതല്‍ ഇവര്‍ താമസിക്കുന്ന ഇടങ്ങളാണ് ലയങ്ങള്‍. തൊഴില്‍ ചെയ്യുന്ന കാലത്തോളം മാത്രമേ ലയങ്ങളില്‍ താമസിക്കാനാവൂ. തൊഴിലില്‍നിന്ന് വിട്ടുപോവുമ്പോള്‍ ലയത്തില്‍നിന്ന് ഇറങ്ങണം എന്നാണ് ഇതിന്റെ മറ്റൊരു അര്‍ത്ഥം. ചെറിയ കൂലിക്ക് പണിയെടുക്കുന്ന, സ്വന്തമായി ഭൂമി വാങ്ങുകയും വീടു വെക്കുകയും ചെയ്യുന്നത് സ്വപ്നം മാത്രമായ ഇവര്‍ അപ്പോള്‍ എന്ത് ചെയ്യും? എവിടെ താമസിക്കും? 

ഒരൊറ്റ പരിഹാരമേ അതിനുള്ളൂ. മക്കളെ കൂടി തോട്ടം തൊഴിലാളികളാക്കുക. മുതിര്‍ന്നവര്‍ തൊഴില്‍ നിര്‍ത്തുമ്പോള്‍ അടുത്ത തലമുറ തൊഴിലാളികളായി വരിക. ലയവുമായി ബന്ധപ്പെട്ട അടിമ വ്യവസ്ഥ നിലനിന്നുപോവുന്നത് പാര്‍പ്പിടം എന്ന ആവശ്യത്തിനെ ചുറ്റിപ്പറ്റിയാണ്. എന്തു വിലകൊടുത്തും തൊഴില്‍ ഉറപ്പാക്കാന്‍ തൊഴിലാളികള്‍ തയ്യാറാവുന്നു. ഒരിക്കലുമവര്‍ തൊഴില്‍ ഉപേക്ഷിച്ചു പോവില്ല.  ഏതു അനീതിയും നിശ്ശബ്ദരായി സഹിക്കാന്‍ ഇതോടൊപ്പം അവര്‍ നിര്‍ബന്ധിതരാവുന്നു.  എത്ര മോശമായി കൈകാര്യം ചെയ്താലും തൊഴിലാളികള്‍ വിട്ടുപോവില്ല എന്ന ഉറപ്പാണ് ഇതുവഴി തൊഴിലുടമയായ കമ്പനിക്ക് കിട്ടുന്നത്. അജീവനാന്തം അടിമത്തം എന്ന ഉറപ്പ്. 

 

 

'മടുത്തു സാറെ....
മഴ പെയ്താല്‍ വീട് നിറയെ വെള്ളമാണ്, ഭിത്തിയിലാകെ വിള്ളലാണ്, ഏത് നിമിഷവും വീഴും. ആരും ഞങ്ങളെ സഹായിക്കാനില്ലാ'

ചീന്തലാര്‍ ഒന്നാം ഡിവിഷനിലെ തോട്ടം തൊഴിലാളി രാജയുടെ വാക്കുകളാണിവ. 20 വര്‍ഷത്തിലധികമായി പീരുമേട് ടീ കമ്പനിയുടെ രണ്ടു ഡിവിഷനുകളും അടഞ്ഞുകിടക്കുകയാണ്. ഉടമകള്‍ തോട്ടം ഉപേക്ഷിച്ച് പോയതില്‍ പിന്നെ ലയങ്ങളുടെ അറ്റകുറ്റപണികള്‍ നടന്നിട്ടില്ല. ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന ലയങ്ങളിലാണ് തൊഴിലാളികള്‍ കഴിയുന്നത്. മഴക്കാലം ഇവര്‍ക്ക് ഭീതിയുടെ കാലം കൂടിയാണ്. തേയില തോട്ടങ്ങള്‍ പ്രതിസന്ധിയിലായതോടെ ആശുപത്രി സേവനമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇവര്‍ക്ക് ലഭിക്കുന്നില്ല. തൊഴിലാളി സംഘടനകള്‍ വീതം വച്ചു നല്‍കിയിരിക്കുന്ന തേയില ചെടികളിലെ കിളുന്ത് എടുത്താണ് തൊഴിലാളികള്‍ നിത്യ ചെലവിനുള്ള പണം കണ്ടെത്തുന്നത്. 

വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ഇവിടുത്തെ തൊഴിലാളികള്‍. ഇതേ ആശങ്കയിലും ഭയത്തിലുമാണ് ലയങ്ങളിലെ മനുഷ്യര്‍ ജീവിക്കുന്നത്.  

ഒരു അപകടം നടക്കുമ്പോള്‍ പ്രഖ്യാപിക്കുന്ന സഹായധനങ്ങള്‍ക്കുമപ്പുറം, അവരുടെ ജീവിതം എങ്ങനാണെന്ന് നോക്കുവാന്‍ മാറിമാറി വരുന്ന നമ്മുടെ ഭരണകേന്ദ്രങ്ങള്‍  തയ്യാറാവണം. മെച്ചപ്പെട്ട ജീവിതവും അടിമത്തത്തില്‍ നിന്നുള്ള മേചനവും ലയങ്ങളിലെ മനുഷ്യ ജീവിതങ്ങള്‍ക്ക് ഉറപ്പാക്കണം. 

 

click me!