ഉപ്പിട്ട ചായയും ഇറച്ചി പൊടിച്ചിട്ട ചായയും!

By Web TeamFirst Published Sep 1, 2020, 4:18 PM IST
Highlights

എത്രയെത്ര ചായകളാണ് ഈ ജീവിതത്തില്‍ രുചിച്ചു നോക്കിയത്. സാധാരണ ചായ, ഗ്രീന്‍ ടീ, യെല്ലോ ടീ, വൈറ്റ് ടീ, ഉലോംഗ് ടീ മുതല്‍ പുരാതന സംസ്‌കൃത ഗ്രന്ഥങ്ങളില്‍ പറയുന്ന ചായകള്‍ വരെ ജീവിതത്തിന്റെ ഭാഗമായി.

പഞ്ചസാരക്ക് പകരം ഉപ്പിട്ട ചായ ആയിരുന്നു അത്. ആദ്യം ഛര്‍ദ്ദിക്കാന്‍ തോന്നിയെങ്കിലും ഞാന്‍ അത് സാവധാനം കുടിച്ചു തീര്‍ത്തു. എന്നെ സംബന്ധിച്ച് ചായ ബാക്കി വയ്ക്കുക എന്നത് വല്ലാത്തൊരു വേദനയാണ്. പാലില്‍ തേയില, നെയ്യ്, ഉപ്പ് ഇവ ചേര്‍ത്തു ഉണ്ടാക്കുന്ന ചായ ആണ് അവിടെ ഉണ്ടായിരുന്നത്. ഉപ്പ് ചേര്‍ക്കുന്നത്  തണുപ്പിനെ പ്രതിരോധിക്കാന്‍ നല്ലതാണ് എന്ന് പറയപ്പെടുന്നു. ഉണങ്ങിയ മാംസം പൊടിച്ചു ചേര്‍ത്ത ചായയും അവിടെ ചിലയിടങ്ങളില്‍ കിട്ടിയിരുന്നു.

 

 

പല നാടുകളിലെ ജീവിതത്തിനിടയില്‍ അറിയാതെ വന്നു ചേര്‍ന്നൊരു ശീലമാണ് ചായകുടി. ചായക്കടയില്‍ പോയിരുന്ന് ചായ കുടിച്ച് ആളുകളെ പരിചയപ്പെടാനും പഠിക്കാനും അവിടെ കൂടുതല്‍ നേരം ചിലവഴിക്കണമായിരുന്നു. അതിനു വേണ്ടി ഒന്നിലധികം ചായ കുടിച്ച് അതൊരു ശീലമായി . പരിചയക്കാരായ ചായക്കടക്കാരൊക്കെ ഒന്നിലധികം ചായ പറയാതെ തന്നെ തന്നു തുടങ്ങി. 

പതിയെ എപ്പോഴോ ചായയുടെ ചരിത്രം തിരയാനും പലതരം ചായകള്‍ കുടിക്കാനുള്ള അവസരങ്ങള്‍ കിട്ടുകയും ചെയ്തു. പിന്നെ എന്റെ ചായ കുടി അറിയാവുന്ന സുഹൃത്തുക്കളും പരിചയക്കാരും പറയാതെ തന്നെ പലതരം ചായപ്പൊടികള്‍ അയച്ചു തരാന്‍ തുടങ്ങി. പ്രിയ ചങ്ങാതി ക്രിസ്റ്റി പലതരം ചായകളുടെ വലിയൊരു പെട്ടി വിദേശത്തു നിന്നും അയച്ചു തന്നു ഒരിക്കല്‍. പിന്നെ എത്രയോ പേര്‍...

ഈയിടെ ഒരു ചങ്ങാതി അയച്ച  ചായപ്പൊടിയുടെ വില കിലോയ്ക്ക്  അഞ്ചക്ക സംഖ്യ ആയിരുന്നു. 

ഉപ്പിട്ട ചായ

ഹിമാചല്‍ പ്രദേശിലെ ബുദ്ധ സന്യാസിമാരുടെ ആശ്രമത്തിലെ ബുദ്ധ സന്യാസ പഠിതാക്കളുടെ കൂടെയുള്ള ജീവിതം ധാരാളം പുതിയ അനുഭവങ്ങള്‍ നല്‍കി.
ആശ്രമത്തിലെ പ്രധാന ഭക്ഷണം കട്ടിയുള്ള ഒരു തരം റൊട്ടിയും ഉപ്പിട്ട ചായയും ആയിരുന്നു. ചിലപ്പോഴൊക്കെ വേവിക്കാത്തതും പകുതി വേവിച്ചതുമായ പേരറിയാത്ത ചച്ചക്കറികളും തിബത്തന്‍, ചൈനീസ് ഭക്ഷണങ്ങളും  ഉണ്ടായിരുന്നുറ. ചില വിശേഷ അവസരങ്ങളില്‍ ഗംഭീരമായ ഭക്ഷണങ്ങളും ഉണ്ടായിരുന്നു. 

എന്തായാലും സൂര്യന്‍ അസ്തമിച്ചതിന് ശേഷം അവിടെ ഭക്ഷണം ഉണ്ടായിരുന്നില്ല. വിശപ്പു തോന്നുന്ന രാത്രികളില്‍ ആശ്രമത്തിന് പുറത്തു വന്ന് സമീപത്തുള്ള ഇറ്റാലിയന്‍ റെസ്‌റ്റോറന്റില്‍ നിന്ന് പിസ കഴിച്ചിരുന്നു. അവിടെ കിട്ടുന്നതില്‍ വില കുറഞ്ഞതും വയറു നിറയുന്നതുമായ ഭക്ഷണം അതായിരുന്നു.

അവിടെ എത്തിയ ആദ്യ ദിവസങ്ങളിലൊന്നില്‍  മഞ്ഞു നിറഞ്ഞ ഒരു പുലര്‍ച്ചയില്‍ ആശ്രമത്തിലെ അടുക്കളയില്‍ എത്തിയ ഞാന്‍ കണ്ടത് വലിയ പാത്രത്തില്‍ ചൂടുപറക്കുന്ന ചായ ആണ്. സന്യാസിമാര്‍ വന്ന് ഭംഗിയുള്ള കോപ്പകളില്‍ ചായ പകര്‍ന്ന് മാറിയിരുന്ന് കുടിക്കുന്നു. എനിക്ക് സന്തോഷമായി. ഞാന്‍ ചെന്ന് ചിത്രപ്പണികളുളള ഒരു കോപ്പയെടുത്ത് വലിയ പാത്രത്തില്‍ നിന്ന് ചായ പകര്‍ന്നെടുത്തു.

ഒരൊഴിഞ്ഞ മൂലയില്‍ പോയി ഇരുന്ന്, ദൂരെയുള്ള പൈന്‍ മരങ്ങളേയും മഞ്ഞും നോക്കി ചായ ഊതി കോപ്പ ചുണ്ടോടടുപ്പിച്ചു. 

പഞ്ചസാരക്ക് പകരം ഉപ്പിട്ട ചായ ആയിരുന്നു അത്. ആദ്യം ഛര്‍ദ്ദിക്കാന്‍ തോന്നിയെങ്കിലും ഞാന്‍ അത് സാവധാനം കുടിച്ചു തീര്‍ത്തു. എന്നെ സംബന്ധിച്ച് ചായ ബാക്കി വയ്ക്കുക എന്നത് വല്ലാത്തൊരു വേദനയാണ്.

പാലില്‍ തേയില, നെയ്യ്, ഉപ്പ് ഇവ ചേര്‍ത്തു ഉണ്ടാക്കുന്ന ചായ ആണ് അവിടെ ഉണ്ടായിരുന്നത്. ഉപ്പ് ചേര്‍ക്കുന്നത്  തണുപ്പിനെ പ്രതിരോധിക്കാന്‍ നല്ലതാണ് എന്ന് പറയപ്പെടുന്നു. ഉണങ്ങിയ മാംസം പൊടിച്ചു ചേര്‍ത്ത ചായയും അവിടെ ചിലയിടങ്ങളില്‍ കിട്ടിയിരുന്നു.

പതിയെ പതിയെ നെയ്യൊഴിച്ച, ഉപ്പിട്ട ആ ചായ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി.

പിന്നെ എത്രയെത്ര ചായകളാണ് ഈ ജീവിതത്തില്‍ രുചിച്ചു നോക്കിയത്. സാധാരണ ചായ, ഗ്രീന്‍ ടീ, യെല്ലോ ടീ, വൈറ്റ് ടീ, ഉലോംഗ് ടീ മുതല്‍ പുരാതന സംസ്‌കൃത ഗ്രന്ഥങ്ങളില്‍ പറയുന്ന ചായകള്‍ വരെ ജീവിതത്തിന്റെ ഭാഗമായി.

ഇപ്പൊ, കൂട്ടുകാരി പിങ്കിയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ പറയേണ്ട ആവശ്യമില്ല പല തരം ചായകളിലൊന്ന്  കിട്ടും.  അവള്‍ മുറ്റത്തിറങ്ങി ചെമ്പരത്തി, ശംഖുപുഷ്പം , പേരയുടെ തളിരില അല്ലെങ്കില്‍ തുളസിയില ഇതിലേതെങ്കിലും ഇത്തിരി നുളളിയെടുത്ത് അതുകൊണ്ട് ചായയുണ്ടാക്കിത്തരും. എന്റെ ചായപരീക്ഷണങ്ങളിലെ പങ്കാളികളിലൊരാളാണ് പിങ്കി.

ബംഗാളിനെ സംബന്ധിച്ചാണെങ്കില്‍ ടാഗോര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ പ്രിയപ്പെട്ട ബംഗാളികളൊക്കെ ചായ കുടിയന്‍മാരായിരുന്നു. സന്യാസികള്‍ക്ക് നിഷിദ്ധമാണ് ചായ എന്ന ധാരണ തന്നെ തിരുത്തിക്കുറിച്ചു സ്വാമി വിവേകാനന്ദന്‍. 

അങ്ങനെ എത്രയെത്ര ചായ കഥകള്‍ ആണ് ഈ ജീവിതത്തില്‍.

click me!