അറബ് സംസ്‌കൃതിയുടെ ആഴങ്ങള്‍ ഇപ്പോഴൊരു മലയാളം പുസ്തകം

By വി. മുസഫര്‍ അഹമ്മദ്First Published Apr 18, 2016, 9:25 AM IST
Highlights

മനുഷ്യ കഥായാത്രയുടെ പുസ്തകം
വി. മുസഫര്‍ അഹമ്മദ്
1999 ജൂണ്‍ മുതല്‍ 2012 ഒക്‌ടോബര്‍ വരെ, പതിമൂന്ന വര്‍ഷങ്ങള്‍ ഞാന്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളം ന്യൂസ് പത്രമോഫീസില്‍ തൊഴിലെടുത്ത് ജീവിച്ചു. അറബ് ലോകത്ത് ജീവിക്കുമ്പോഴും മലയാളികള്‍ അറബ് ലോകത്തെ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് പ്രത്യേകിച്ചും രാഷ്ട്രീയവും സാംസ്‌കാരികവുമായ വിഷയങ്ങളില്‍ നിന്ന് അകന്ന് ജീവിക്കാനാണ് ശ്രമിക്കുക. ആ വിഷയങ്ങളുമായി അടുക്കുന്നത് പലപ്പോഴും വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകാം എന്നതു കൊണ്ടു തന്നെയാണിത്. എന്നാല്‍ അറബ് ലോകം ഇക്കാലത്ത് പല വിധത്തിലുള്ള പ്രക്ഷുബ്ധതകളാല്‍ ആടിയുലയുകയായിരുന്നു. എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും അവരുടെ നാടുകളിലെ പ്രശ്‌നങ്ങളെക്കുറിച്ച് പുറം ലോകവുമായി വിനിമയം നടത്താനുണ്ടായിരുന്നു. അറബ് ലോകത്ത് എത്തിപ്പെട്ട, അറബികളല്ലാത്ത, മനുഷ്യ സര്‍ഗാത്മകതയില്‍ വിശ്വസിക്കുന്നവര്‍ക്കും ലോകത്തോട് പലതും പങ്കുവെക്കാനുണ്ടായിരുന്നു.

ഇക്കാലത്താണ് ഞാന്‍ ഡെന്നിസ് ജോണ്‍സണ്‍ ഡേവിസ് എന്ന വിഖ്യാത അറബ് ഇംഗ്ലീഷ് വിവര്‍ത്തകനെ പരിചയപ്പെടുന്നത്. ഇന്റര്‍നെറ്റ് തുറന്നു തന്ന സാധ്യതയായിരുന്നു അത്. ഞങ്ങള്‍ ഇതുവരേയും നേരില്‍ കണ്ടിട്ടില്ല. അദ്ദേഹം ആധുനിക അറബ് സാഹിത്യം വായിക്കാന്‍ നിര്‍ദേശിച്ചു. അറബിയില്‍ അത് വായിച്ച് മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്ന് ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ബനിപല്‍ ചതുര്‍മാസികയുടെ പ്രസാധക മാര്‍ഗരറ്റ് ഒബാങ്കിനേയും ഇതേ പോലെ അടുത്തറിഞ്ഞു. ബനിപല്‍ അറിയാത്ത അറബ് ലോകങ്ങളെ അടുത്തറിയാന്‍ സഹായിച്ചു. ഇവര്‍ രണ്ടു പേരുടേയും സഹായത്തോടെ അറബ് ലോകത്തെ പ്രമുഖരെ അഭിമുഖം നടത്താന്‍ സാധിച്ചു. ആ അഭിമുഖങ്ങളാണ് 'അറബ് സംസ്‌കൃതി: വാക്കുകള്‍, വേദനകള്‍' എന്ന പുതിയ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഡെന്നിസുമായുള്ള അഭിമുഖം ഈ പുസ്തകത്തിലുണ്ട്.

മഹമൂദ് ദര്‍വിഷ് പറഞ്ഞത്
വിഖ്യാത ഫലസ്തീന്‍ കവി മഹമൂദ് ദര്‍വിഷിനെ അഭിമുഖം നടത്താന്‍ പലപ്പോഴായി ശ്രമിച്ചു. ഒടുവില്‍ പാരീസില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ടെലഫോണില്‍ കിട്ടി. അഭിമുഖങ്ങളില്‍ ഒട്ടും താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിവായ അദ്ദേഹം, ഫലസ്തീന്‍ ജനതയെക്കുറിച്ച് ഇങ്ങിനെ മാത്രം പറഞ്ഞു, മരിച്ചവര്‍ ഭൂമിയില്‍ ജീവിക്കുന്നത് എങ്ങനെയെന്ന് ചോദിച്ചാല്‍, അത് ഞങ്ങള്‍ ഫലസ്തീനികള്‍ ഈ ഭൂമിയില്‍ ജീവിക്കുന്നത് പോലെയാണ് സുഹൃത്തെ, എനിക്ക് കൂടുതല്‍ സംസാരിക്കാനില്ല. കവിത എഴുതിയും സംസാരിച്ചും പോരാടിയും ഞാന്‍ തളര്‍ന്നിരിക്കുന്നു, മറ്റൊന്നും തോന്ന്ണ്ട, മരണവും മടുപ്പും ഞങ്ങള്‍ക്ക് ഒരേ പോലെയായിരിക്കുന്നു, നമുക്ക് സംസാരം അവസാനിപ്പിക്കാം. ഒരു പക്ഷെ അറബ് ലോകത്ത് വെച്ച് നടത്തിയ ഏറ്റവും പ്രധാനപ്പെട്ട അഭിമുഖം ഇതായിരുന്നുവെന്ന് ഇന്ന് നിസ്സംശയം പറയാം. ദര്‍വിഷ് മരിച്ചതിനു ശേഷം അദ്ദേഹത്തെക്കുറിച്ച് ആറ് ലേഖനങ്ങള്‍ എഴുതി. മരണാനന്തരം പുറത്തു വന്ന 'എ റിവര്‍ ഡൈസ് ഓഫ് തേഴ്സ്റ്റ്' എന്ന പുസ്തകത്തിന് റൂത്ത് പാഡില്‍ എഴുതിയ ആമുഖം വിവര്‍ത്തനം ചെയ്തു. ആ ലേഖനങ്ങളില്‍ പ്രധാനപ്പെട്ടതെന്ന് തോന്നിയത്  ഈ പുസ്തകത്തിലുണ്ട്. 

മനുഷ്യന്‍ മനുഷ്യനെ തിന്നുന്ന നാട്ടില്‍നിന്നുള്ള വാക്കുകള്‍ 
സിറിയന്‍ മഹാകവി അഡോണിസ് (ഒരു പക്ഷെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും തലയെടുപ്പുള്ള വിശ്വമഹാകവി) 2015 മേയില്‍ കായിക്കരയില്‍ ആശാന്‍ വേള്‍ഡ് പ്രൈസ് വാങ്ങാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ അഭിമുഖം നടത്താന്‍ കഴിഞ്ഞു. ദര്‍വിഷ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞതിനെ അദ്ദേഹം തന്റേതായ നിലയില്‍ ഈ അഭിമുഖത്തില്‍ പൂരിപ്പിക്കുകയാണെന്ന് ഞാന്‍ കരുതുന്നു. ആശാന്‍ പുരസ്‌കാരം ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തില്‍ സമകാലിക സിറിയയെ പരാമര്‍ശിച്ച് അദ്ദേഹം ഇങ്ങിനെ പറഞ്ഞു ഞാന്‍ വരുന്നത് മനുഷ്യന്‍ മനുഷ്യനെ തിന്നുന്ന നാട്ടില്‍ നിന്നാണ് അഡോണിസ് അഭിമുഖമാണ് ഇത്തരമൊരു പുസ്തകത്തിലേക്ക് നയിച്ചതെന്ന് ഇന്ന് തോന്നുന്നു. അഡോണിസിന്റെ ഇംഗ്ലീഷ് വിവര്‍ത്തകന്‍ ഖാലിദ് മത്താവയുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ അഭിമുഖവും ഇതിലുണ്ട്.

അഭിമുഖങ്ങളില്‍ ഒട്ടും താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിവായ അദ്ദേഹം, ഫലസ്തീന്‍ ജനതയെക്കുറിച്ച് ഇങ്ങിനെ മാത്രം പറഞ്ഞു, മരിച്ചവര്‍ ഭൂമിയില്‍ ജീവിക്കുന്നത് എങ്ങനെയെന്ന് ചോദിച്ചാല്‍, അത് ഞങ്ങള്‍ ഫലസ്തീനികള്‍ ഈ ഭൂമിയില്‍ ജീവിക്കുന്നത് പോലെയാണ് സുഹൃത്തെ, എനിക്ക് കൂടുതല്‍ സംസാരിക്കാനില്ല. കവിത എഴുതിയും സംസാരിച്ചും പോരാടിയും ഞാന്‍ തളര്‍ന്നിരിക്കുന്നു, മറ്റൊന്നും തോന്ന്ണ്ട, മരണവും മടുപ്പും ഞങ്ങള്‍ക്ക് ഒരേ പോലെയായിരിക്കുന്നു, നമുക്ക് സംസാരം അവസാനിപ്പിക്കാം. ഒരു പക്ഷെ അറബ് ലോകത്ത് വെച്ച് നടത്തിയ ഏറ്റവും പ്രധാനപ്പെട്ട അഭിമുഖം ഇതായിരുന്നുവെന്ന് ഇന്ന് നിസ്സംശയം പറയാം.

അറബ് പെണ്‍ ജീവിതം
വിഖ്യാത ഈജിപ്ഷ്യന്‍ ഫെമിനിസ്റ്റ് നവാല്‍ അല്‍ സഅ്ദാവിയുമായി നടത്തിയ ടെലഫോണ്‍ ഇന്റര്‍വ്യൂ അറബ് ലോകത്തെ പെണ്‍ ജീവിതത്തിലേക്കുള്ള ഒരു വാതിലായി.(എനിക്ക് വയസ്സായി, എന്നെ സംസാരിപ്പിച്ച് ക്ഷീണിപ്പിക്കരുത് എന്നവര്‍ ആവര്‍ത്തിച്ചു).

സൗദി അറേബ്യയിലെ ബദു ജീവിതവും അവരുടെ കവിതകളും വലിയ താല്‍പര്യമുള്ള വിഷയമായിരുന്നു. ആ മേഖലയില്‍ പതിറ്റാണ്ടുകളായി ഗവേഷണം നടത്തുന്ന ഡോ. സഅദ് അല്‍ അബ്ദുല്ല അല്‍സുവയാനുമായുള്ള ദീര്‍ഘസംഭാഷണം തീര്‍ത്തും അപരിചിതമായ ലോകത്തേക്കുള്ള സഞ്ചാരമായി.

ജീന്‍സാസണ്‍  അറബ് ലോകത്തെ അധികാരവും പെണ്‍ ജീവിതവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അടുത്തറിയാന്‍ ശ്രമിച്ച എഴുത്തുകാരിയാണ്. അറബ് ലോകത്തെ സ്ത്രീജീവിതത്തിന്റെ സഹനങ്ങള്‍ അവര്‍ പല നിലയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അവരും ഈ പുസ്തകത്തിന്റെ താളുകളില്‍ ഉണ്ട്.

വി. മുസഫര്‍ അഹമ്മദ്

അക്ഷര യാത്രയുടെ ഉന്‍മാദം 
ഇറാഖി എഴുത്തുകാരനായ മഹ്മൂദ് സഈദ് (2014ല്‍ അദ്ദേഹം കേരളം സന്ദര്‍ശിച്ചു. കേരള സാഹിത്യ അക്കാദമിയില്‍ നട അറബ് സാഹിത്യ സമ്മേളനത്തിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച അറബ് സിനിമാ സെമിനാറിലും അദ്ദേഹം പ്രസംഗിച്ചു) സംസാരത്തില്‍ പറഞ്ഞ ഞെട്ടിക്കുന്ന കാര്യങ്ങളേക്കാള്‍ തീക്ഷ്ണമായ യാഥാര്‍ഥ്യങ്ങളിലൂടെ ഇന്ന് സമകാലിക ഇറാഖ് കടന്നു പോകുന്നു. ഐ.എസ് ഇറാഖിന്റെ തകര്‍ച്ചയുടെ ഉല്‍പ്പന്നം കൂടിയാണ്.

എസ്സാം അല്‍ഗാലിബ് എന്ന സൗദി മാധ്യമപ്രവര്‍ത്തകന്‍, വേഷപ്രച്ഛന്നനായി നടത്തിയ മാധ്യമ പ്രവര്‍ത്തനം ഒരു പക്ഷെ സമാനതകളില്ലാത്തതാണ്. അദ്ദേഹവും ഈ വായനയില്‍ ഉണ്ട്. അറബ്ഇംഗ്ലീഷ് വിവര്‍ത്തകന്‍ അന്തോണി കാള്‍ഡര്‍ ബാങ്ക്, യെമന്‍യു.എ.ഇ കവി ശിഹാബ് ഘാനിം, അറബ് ബുക്കര്‍ സമ്മാന ജേതാവ് സൗദ് അല്‍ സനൂസി എന്നിവരുടെ നിരീക്ഷണങ്ങളും ഈ താളുകളില്‍ സമാഹരിച്ചിട്ടുണ്ട്. വലുപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മരുഭൂമിയായ എംറ്റി ക്വാര്‍ട്ടര്‍ മുറിച്ചു കടന്ന ആദ്യ വനിത സിംഗപ്പൂര്‍ സ്വദേശി ഹാജര്‍ അലിയുമായി നടത്തിയ സംസാരം യാത്രയുടെ ഉന്‍മാദം ഒരിക്കല്‍ കൂടി നല്‍കി.

മനുഷ്യ കഥായാത്രയുടെ പുസ്തകം
അഭിമുഖങ്ങള്‍ക്ക് അനുബന്ധമായി വിഖ്യാത സുഡാനീസ് നോവലിസ്റ്റ് ത്വയ്യിബ് സാലിഹിനെക്കുറിച്ചുള്ള അനുസ്മരണ ലേഖനവുമുണ്ട്. ത്വയ്യിബ് സാലിഹ് അഭിമുഖത്തിന് അനുമതി നല്‍കിയെങ്കിലും അത് പല കാരണങ്ങളാല്‍ നടക്കാതെ പോയി. ഫിക്ഷന് അറബ് ബുക്കര്‍ സമ്മാനം ലഭിച്ച സൗദി എഴുത്തുകാരന്‍ അബ്ദു ഖാലിനെക്കുറിച്ചുള്ള ലേഖനവും അനുബന്ധത്തില്‍ ഒരു അധ്യായമായി ചേര്‍ത്തിട്ടുണ്ട്. സിറിയ ഇന്നെത്തി നില്‍ക്കുന്ന പ്രതിസന്ധിയുടെ തുടക്കനാളുകളില്‍ സമര്‍ യാസ്ബക്ക് എഴുതിയ ഡയറിക്കുറിപ്പുകളെക്കുറിച്ചുള്ള ലേഖനം മിഡിലീസ്റ്റിന്റെ ഇന്നത്തെ അവസ്ഥയിലേക്കുള്ള കണ്ണാടിയാണ്. സൗദി ചിത്രകാരന്‍ അഹമ്മദ് മതാറിനെക്കുറിച്ചുള്ള ലേഖനവും അനുബന്ധ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വിഖ്യാത ലിബിയന്‍ നോവലിസ്റ്റ് ഇബ്രാഹിം അല്‍ഖൂനിയെക്കുറിച്ചുള്ള ചെറുകുറിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫുട്ബാള്‍ എങ്ങിനെ അറബ് ലോകത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ ഉള്‍വഹിക്കുന്നു എന്നന്വേഷിക്കുന്ന ലേഖനം, സൗദി സ്ത്രീ ജീവിതത്തെ ചിത്രീകരിച്ചിട്ടുള്ള യൂസുഫ് മുഹൈമീദിന്റെ മുനീറയുടെ കുപ്പി എന്ന നോവലിനെക്കുറിച്ചുള്ള ചെറുകുറിപ്പ്, അറബ് സിനിമയുടെ സമീപകാല ചരിത്രം അന്വേഷിക്കുന്ന ലേഖനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓ, മോജോ എന്ന ചെറുകുറിപ്പ് സൗദി ബദു മഹാകവി അബ്ദുറഹിമാന്‍ അദ്ദിദ്ദാനെക്കുറിച്ചുള്ളതാണ്. അഭിമുഖങ്ങളുടേയും അനുബന്ധ ലേഖനങ്ങളുടേയും ഒരു പുസ്തകമാണിത്. അറബ് ലോകത്തെക്കുറിച്ചറിയാന്‍ നടത്തിയ മനുഷ്യ കഥാ യാത്രയുടെ പുസ്തകം കൂടിയാണിത്. 

മലയാളം ആഴത്തില്‍ ചര്‍ച്ച ചെയ്യാനിരിക്കുന്ന ഈ പുസ്തകം തൃശൂരിലെ സമത ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. സമത ബുക്‌സുമായി ബന്ധപ്പെടാനുള്ള നമ്പര്‍  9447771946. 

click me!