'കിംഗ് മേക്കര്‍' ക്യാബിനറ്റ് മന്ത്രി? അമിത് ഷാ മന്ത്രിസഭയിലേക്കെന്ന് അഭ്യൂഹങ്ങള്‍ സജീവം

By Web TeamFirst Published May 24, 2019, 8:15 AM IST
Highlights

അമിത് ഷാ കേന്ദ്രമന്ത്രിസഭയിലെ നിര്‍ണായക വകുപ്പ് കൈകാര്യം ചെയ്തേക്കുമെന്ന് സൂചനകള്‍. 

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തിച്ച അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയിലെത്തുമോ എന്ന ചര്‍ച്ചകള്‍ സജീവം. ക്യാബിനറ്റ് പദവിയുള്ള നിര്‍ണായകമായ റോളില്‍ ബിജെപിയുടെ 'കിംഗ് മേക്കര്‍' എത്താന്‍ സാധ്യതയുണ്ട് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അമിത് ഷാ മന്ത്രിസഭയിലെത്തിയാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് പകരക്കാരനായി ആരെത്തും എന്നതും ആകാംക്ഷ ജനിപ്പിക്കുന്നു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 12 വര്‍ഷക്കാലം മോദി മന്ത്രിസഭയിലെ വിശ്വസ്തനായിരുന്നു അമിത് ഷാ. 2002ല്‍ മോദി മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രിയായി അമിത് ഷാ. മോദി മന്ത്രിസഭയിലെ ആഭ്യന്തരം, നിയമം, എക്‌സൈസ്, ഗതാഗതം തുടങ്ങി 12 വകുപ്പുകളാണ് അമിത് ഷാ ഒരേസമയം കൈകാര്യം ചെയ്തത്. കേന്ദ്രത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണ മോദി സര്‍ക്കാര്‍ അധികാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അമിത് ഷായുടെ സാധ്യതകള്‍ തുറക്കുന്നതും ഈ അനുഭവപരിചയമാണ്.

ഒറ്റയ്‌ക്ക് വന്‍ ഭൂരിപക്ഷം നേടിയ സ്ഥിതിക്ക് സഖ്യകക്ഷികള്‍ക്ക് ബിജെപി എന്തെങ്കിലും സ്ഥാനങ്ങള്‍ നല്‍കുമോ എന്നതും ദേശീയ തലത്തില്‍ ആകാംക്ഷ സൃഷ്ടിക്കുന്നു. ഒന്നാം മോദി സര്‍ക്കാറില്‍ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്തത് ബിജെപിയായിരുന്നു. 

click me!