പ്രാദേശിക പ്രശ്നങ്ങള്‍ തീര്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്-ലീഗ് നേതൃത്വം

By Web TeamFirst Published Jan 14, 2019, 8:44 AM IST
Highlights

പി.കെ. കുഞ്ഞാലിക്കുട്ടിയുടേയും ആര്യാടന്‍ മുഹമ്മദിന്‍റേയും നേതൃത്വത്തിലാണ് ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 

മലപ്പുറം:ലോക്സഭാ തെര‌ഞ്ഞെടുപ്പിന് മുൻപായി മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് – ലീഗ് പ്രാദേശിക തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ സജീവമായി. പി.കെ. കുഞ്ഞാലിക്കുട്ടിയുടേയും ആര്യാടന്‍ മുഹമ്മദിന്‍റേയും നേതൃത്വത്തിലാണ് ഇക്കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ 13 പഞ്ചായത്തുകളില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും രണ്ട് വഴിക്കായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിച്ച ലോക്സഭാ ഉപതെര‌ഞ്ഞെടുപ്പോടെ തര്‍ക്കങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ സാധിച്ചതാണ്. പലസ്ഥലങ്ങളിലും വീണ്ടും പ്രശ്നങ്ങളുണ്ടായി. ഇതോടെയാണ് ലീഗിലെയും കോണ്‍ഗ്രസിലെയും മുതിര്‍ന്ന നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഒത്തുചേര്‍ന്നത്.

നിലവില്‍ വാഴക്കാട്, പറപ്പൂര്‍ പഞ്ചായത്തുകളിലാണ് മുന്നണി സംവിധാനം തീര്‍ത്തും ഇല്ലാത്തത്. വാഴക്കാട് സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നുള്ള വികസന മുന്നണിയായിരുന്നു ഭരിച്ചിരുന്നത്. തര്‍ക്കം മൂലം ഇരുകൂട്ടരും വേര്‍പിരിഞ്ഞതോടെ വരുന്ന വ്യാഴാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇവിടെ ലീഗും കോണ്‍ഗ്രസും ഒന്നിച്ചുനില്‍ക്കാന്‍ ധാരണയായി. ശേഷിക്കുന്ന സ്ഥലങ്ങളില്‍ പ്രാദേശിക തലത്തില്‍ ചര്‍ച്ചകള്‍
തുടരും.

മലപ്പുറത്ത് വീണ്ടും മത്സരിക്കാനിരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞ തവണ കിട്ടിയ ഭൂരിപക്ഷത്തില്‍ ഇടിവുണ്ടാകാതെ നോക്കേണ്ടതുണ്ട്. ഒപ്പം LDF വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതുന്ന പൊന്നാനിയില്‍ കാര്യങ്ങള്‍ എളുപ്പമാക്കേണ്ടതുമുണ്ട്. ഈ സാഹചര്യത്തിലാണ് ലീഗ് നേതാക്കള്‍ മുന്‍കൈയ്യെടുത്തുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍.

click me!