അധിക സീറ്റ്: ഘടകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന സൂചന നല്‍കി ബെന്നി ബെഹന്നാന്‍

By Web TeamFirst Published Feb 17, 2019, 11:36 AM IST
Highlights

പൊന്നാനിയിലെ സിറ്റിംഗ് എംപി ഇടി മുഹമ്മദ് ബഷീറിനെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പടയൊരുക്കം നടത്തുന്നതിനെതിരെ കര്‍ശന താക്കീതാണ് ബെന്നി ബെഹന്നാന്‍ നല്‍കിയത്. ഇടിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു. 

കൊച്ചി: അധികസീറ്റിനായി മുസ്ലീലീഗും കേരള കോണ്‍ഗ്രസും സമ്മര്‍ദ്ദം ചെലുത്തുന്നതിനിടയില്‍ നിലപാട് വ്യക്തമാക്കി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍. 2014-ല്‍ മത്സരിച്ച സീറ്റുകളില്‍ ഒന്നും വച്ചു മാറുന്ന കാര്യം ഇതുവരെ മുന്നണിയോ പാര്‍ട്ടിയോ ആലോചിച്ചിട്ടില്ലെന്ന് ബെന്നി ബെഹന്നാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഐക്യജനാധിപത്യമുന്നണിയില്‍ സീറ്റ് പിടിച്ചെടുക്കാനോ തട്ടിപ്പറിക്കാനോ ആരും ശ്രമിച്ചിട്ടില്ല, പക്വമായ രീതിയിൽ ചർച്ച മുന്നോട്ട് പോകും. യഥാർത്ഥ്യബോധത്തോടെ ജനാധിപത്യമര്യാദ പാലിക്കുന്നവരാണ് യുഡിഎഫിലെ നേതാക്കൾ. അധിക സീറ്റിനായുള്ള അവകാശവാദങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. 

പൊന്നാനിയിലെ സിറ്റിംഗ് എംപി ഇടി മുഹമ്മദ് ബഷീറിനെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പടയൊരുക്കം നടത്തുന്നതിനെതിരെ കര്‍ശന താക്കീതാണ് ബെന്നി ബെഹന്നാന്‍ നല്‍കിയത്. ഇടിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു. 

ഘടകക്ഷികള്‍ക്ക് അലോട്ട് ചെയ്യുന്ന സീറ്റില്‍ കോണ്‍ഗ്രസ് അഭിപ്രായം പറയാറില്ല. ഇക്കാര്യത്തില്‍ ഘടകക്ഷികള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.  ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് ഇതിനെതിരെ അഭിപ്രായ പ്രകടനം നടത്തുന്നത് അംഗീകരിക്കില്ലെന്നും അവരെ പാര്‍ട്ടി വിലക്കുമെന്നും ബെന്നി പറഞ്ഞു. സീറ്റ് വിഭജനകള്‍ ചര്‍ച്ചകള്‍ യുഡിഎഫ് നാളെ തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
click me!