നോട്ട് നിരോധനം തൊഴിലില്ലായ്മക്ക് കാരണമായിട്ടില്ലെന്ന് മോദി

By Web TeamFirst Published Apr 26, 2019, 11:26 PM IST
Highlights

മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയ എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട് പ്രകാരം 2017-18 വര്‍ഷത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണ്.
45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ദില്ലി: നോട്ട് നിരോധിച്ചതിനാല്‍ രാജ്യത്ത്  തൊഴിലില്ലായ്മ വര്‍ധിച്ചെന്ന ആരോപണം നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനമെന്ന വലിയ തീരുമാനത്തെ ഇടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നവരുടെ വാദമാണിതെന്നും മോദി കുറ്റപ്പെടുത്തി. ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യമായി മോദി തൊഴിലില്ലായ്മ വിഷയത്തില്‍ പ്രതികരിച്ചത്. 

സ്ഥിതിവിവര കണക്കുകളുടെ പിന്‍ബലമില്ലാതെയാണ് ചിലര്‍ ഈ വാദമുന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ നീക്കമായിരുന്നില്ല നോട്ട് നിരോധനം. എതിരാളികള്‍ നോട്ട് നിരോധനം ഉയര്‍ത്തിക്കാട്ടിയായിരുന്നു ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനം അവരുടെ മുഖത്തടിച്ചു. ഇപ്പോഴും നോട്ട് നിരോധനനം കാരണം ഞങ്ങള്‍ക്കെല്ലാം നഷ്ടപ്പെട്ടെന്ന് അവര്‍ കരയുകയാണ്. കള്ളപ്പണത്തിന്‍റെ ഒഴുക്ക് നോട്ട് നിരോധനം തടഞ്ഞു. ആളുകളുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. 50000 കോടിയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തത്. മൂന്ന് ലക്ഷം കടലാസ് കമ്പനികള്‍ പൂട്ടിക്കുകയും ചെയ്തു. ബിസിനസ് രംഗം ശുദ്ധമായെന്നും നികുതി വരുമാനം വര്‍ധിച്ചെന്നും മോദി പറഞ്ഞു. 

എന്നാല്‍,  അസിം പ്രേംജി സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ സസ്റ്റൈനബിള്‍ എംപ്ലോയ്മെന്‍റ് നടത്തിയ പഠനത്തില്‍ 2016ലെ നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി വ്യക്തമാക്കിയിരുന്നു.  2018ല്‍ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് ആറ് ശതമാനമായി ഉയര്‍ന്നുവെന്നുംപാര്‍ശ്വവ്തകരിക്കപ്പെട്ടവര്‍ക്കും അനൗദ്യോഗിക തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് കൂടുതല്‍ ജോലി നഷ്ടമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

2000-2010 ദശകത്തില്‍ ഉണ്ടായ നിരക്കിന്‍റെ ഇരട്ടിയാണ് തൊഴിലില്ലായ്മ വര്‍ധന. 
മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയ എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട് പ്രകാരം 2017-18 വര്‍ഷത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണ്. 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. 
 

click me!