ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ത്രീ സാന്നിദ്ധ്യങ്ങൾ

By Web TeamFirst Published Mar 20, 2019, 3:44 PM IST
Highlights

പതിനേഴാം ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ വിവിധ ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി ജനവിധി തേടുന്ന നാല് വനിതാ പൊതുപ്രവര്‍ത്തകര്‍. ശ്രീമതി ടീച്ചര്‍, ഷാനിമോള്‍ ഉസ്മാന്‍, വീണാ ജോര്‍ജ്ജ്, രമ്യ ഹരിദാസ്.

കണ്ണൂരിൽ ശ്രീമതി ടീച്ചർ

 അധ്യാപനത്തിൽ നിന്നുമാണ് പി. കെ. ശ്രീമതി ടീച്ചർ ആരോ​ഗ്യമന്ത്രിയിലേക്ക് എത്തുന്നത്. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നുമാണ് ശ്രീമതി ടീച്ചർ ജനവിധി തേടുന്നത്. അഞ്ച് വർഷത്തെ വികസനനേട്ടങ്ങളുമായാണ് ടീച്ചർ മത്സരത്തിലേക്കിറങ്ങുന്നത്. 2014 തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം നേടിയാണ് ശ്രീമതി ടീച്ചർ വിജയിച്ചത്. കണ്ണൂർ ന​​ഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടതും 35 വർഷത്തിന് ശേഷം കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ‌ എൽഡിഎഫ് ജയിച്ചതുമെല്ലാം ഈ അട്ടിമറി ജയത്തിന് ശേഷമായിരുന്നു. കോൺ​ഗ്രസിലെ കെ സുധാകരനാണ് ശ്രീമതി ടീച്ചറിന്റെ എതിർ സ്ഥാനാർത്ഥിയായി എത്തുന്നത്. 

പത്തനംതിട്ടയിൽ വീണാ ജോർജ്ജ്

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു വീണാ ജോർജ്ജിന്റേത്. ആറൻമുള മണ്ഡലത്തിൽ നിന്നുമാണ് മാധ്യമപ്രവര്‍ത്തകയായ വീണാ ജോര്‍ജ്ജ് നിയമസഭയിലെത്തിയത്. 7646 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വീണ ജോർജ്ജ് ആറൻമുളയിൽ വിജയിച്ചത്. പത്തനംതിട്ടയിൽ വീണയെ മത്സരിപ്പിക്കുന്നതിലൂടെ ആറൻമുളയിലെ വിജയം ആവർത്തിക്കാനാണ് എൽഡിഎഫിന്റെ തീരുമാനം. അധ്യാപികയും മാധ്യമപ്രവർത്തകയുമായി പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തുമായിട്ടാണ് വീണ ജോർജ്ജ് മത്സര രം​ഗത്തേയ്ക്ക് ഇറങ്ങുന്നത്. 

ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ

ആലപ്പുഴയിൽ ആരിഫിനെതിരെ ഇത്തവണ പോരിനിറങ്ങുന്നത് ഷാനിമോൾ ഉസ്മാനാണ്. ആലപ്പുഴ എസ് ഡി കോളേജിലെ പഠനകാലത്താണ് കെഎസ് യുവിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഷാനിമോൾ പൊതുപ്രവർത്തന രം​ഗത്തേയ്ക്ക് എത്തുന്നത്. അഭിഭാഷകയായ ഷാനിമോൾ ആലപ്പുഴ സ്വദേശിനി കൂടിയാണ്. ആദ്യമായി സ്വന്തം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നു എന്നതാണ് ഷാനിമോളുടെ സ്ഥാനാർത്ഥിത്വത്തിന്റെ പ്രത്യേകത. പന്ത്രണ്ട് വർഷത്തോളം കെ എസ്  യു സംസ്ഥാന ഭാരവാഹി, കേരള സർവ്വകലാശാല സെനറ്റ് അം​ഗം എന്നീ പദവി നേടി. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ‌ സിപിഎം സ്ഥാനാർത്ഥിയെ അട്ടിമറി വിജയത്തിലൂടെ തോൽപിച്ചു. 2000ത്തിൽ ആലപ്പുഴ ന​ഗരസഭാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ എഐസിസി സെക്രട്ടറി കൂടിയാണ് ഷാനിമോൾ ഉസ്മാൻ.

ആലത്തൂരിൽ രമ്യാ ഹരിദാസ്‌

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ വൈറലായ പ്രസം​ഗം രമ്യയുടേതായിരുന്നു. കോൺ​ഗ്രസിന്റെ സജീവപ്രവർത്തകയായിരുന്നെങ്കിലും അപ്രതീക്ഷിതമായിട്ടാണ് രമ്യ ഹരിദാസ് എന്ന പേര് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉയർന്നു വന്നത്. യൂത്ത് കോൺ​ഗ്രസിന്റെ അഖിലേന്ത്യാ കോർ‌ഡിനേറ്ററാണ് ഈ ഇരുപത്തൊൻപതുകാരി. രാഹുൽ‌ ​ഗാന്ധിയുടെ നേതൃത്വത്തിൽ ആറ് വർഷം മുമ്പ് ദില്ലിയിൽ നടന്ന ടാലന്റ് ഹണ്ടിൽ നിന്നാണ് രാഹുലിന്റെ പ്രത്യേക ടീമിൽ ഇടം നേടിയത്. ഇപ്പോൾ കോഴിക്കോട് കുന്ദമം​ഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ ഹരിദാസ്.   

ലോക്സഭാ തെരഞ്ഞെടുപ്പിലെ വനിതാ സ്ഥാനാർത്ഥികളുടെ പട്ടിക ഇപ്പോഴും അപൂർണ്ണമായി തുടരുകയാണ്. എൻഡിഎയുടെ ലിസ്റ്റ്  കൂടി പുറത്തുവരാനുണ്ട്. ഇതിൽ ശോഭാ സുരേന്ദ്രന്റെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനായിരിക്കും സ്ഥാനാർത്ഥിയെന്ന് ശക്തമായ സൂചനകളുണ്ട്. പാലക്കാട് സീറ്റാണ് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നത്. 

click me!