ശബരിമല പ്രശ്നത്തെ വിവിധ ജാതി, മത വിഭാഗങ്ങൾ എങ്ങനെ കാണുന്നു? അഭിപ്രായ സ‍ർവേ ഫലം

By Web TeamFirst Published Feb 13, 2019, 8:40 PM IST
Highlights

ശബരിമല പ്രശ്നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന് സർവേയിൽ പങ്കെടുത്ത 75% ഈഴവ സമുദായ അംഗങ്ങളും 63% നായർ സമുദായക്കാരും പ്രതികരിച്ചു.

തിരുവനന്തപുരം: ശബരിമല പ്രശ്നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന് സർവേയിൽ പങ്കെടുത്ത 75% ഈഴവ സമുദായ അംഗങ്ങളും 63% നായർ സമുദായക്കാരും പ്രതികരിച്ചു. ധീവര സമുദായത്തിൽ നിന്ന് സർവേയിൽ പങ്കെടുത്ത 75% പേരും ശബരിമലയെ പ്രധാന വിഷയമായി കാണുന്നു. 

അതേസമയം പട്ടികജാതി വിഭാഗത്തിൽനിന്ന് ചർച്ചയിൽ പങ്കെടുത്ത 44% പേർ മാത്രമാണ് ശബരിമലയെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി കണ്ടത്. എന്നാൽ പട്ടിക വിഭാഗത്തിൽപ്പെട്ട 62% പേർ ശബരിമല പ്രധാന പ്രശ്നമായി കാണുന്നു.

48% ബ്രാഹ്മണ സമുദായ അംഗങ്ങൾ മാത്രമേ ശബരിമല തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി കാണുന്നുള്ളൂ. സർവേയിൽ പങ്കെടുത്ത 32% മുസ്ലീങ്ങളും 49% ക്രിസ്ത്യൻ ജനവിഭാഗങ്ങളും ശബരിമലയെ പ്രധാന പ്രശ്നമായി കാണുന്നു. മറ്റ് സാമുദായിക വിഭാഗങ്ങളിൽ പെട്ടവരിൽ 65% പേരാണ് ശബരിമലയെ പ്രധാന പ്രശ്നമായി കാണുന്നത്.

ജാതീയ വേർതിരിവുണ്ടാക്കാൻ മാർക്സിസ്റ്റ് പാർട്ടി ശ്രമിച്ചുവെങ്കിലും അത് ഫലം കണ്ടില്ലെന്നാണ് സർവേ വ്യക്തമാക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി മുരളീധരൻ പറഞ്ഞു. പട്ടികജാതി വിഭാഗത്തിലെ 44% പേർ മാത്രം ശബരിമല പ്രധാന പ്രശ്നമായി കാണുന്നത് മാർക്സിസ്റ്റ് പാർട്ടിക്ക് ഇപ്പോഴും ആ വിഭാഗത്തിലുള്ള സ്വാധീനം കൊണ്ടാണെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.

ആചാരം സംരക്ഷിക്കണം എന്ന് എത്ര ശതമാനം പേർ പറയുന്നതിലും തർക്കമില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത സിപിഎം സംസ്ഥാന സമിതിയംഗം എം വി ഗോവിന്ദൻ പറഞ്ഞു. സുപ്രീം കോടതി വിധി അനുസരിച്ച് സർക്കാർ മുന്നോട്ടുപോകും. ഇടതുപക്ഷം ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഒപ്പമാണ് നിൽക്കുന്നതെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പിൽ ക്ഷീണമുണ്ടാകുമെന്ന ഒരു തെറ്റിദ്ധാരണയും ഇടതുപക്ഷത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 

click me!